എറണാകുളം നോര്‍ത്ത് പരവൂറിലെ മദേഴ്‌സ് കിച്ചണില്‍ നിന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിലെ (കെഎംആര്‍എല്‍) ഉദ്യോഗസ്ഥര്‍ക്ക് ചോറ്റുപാത്രത്തില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു തുടങ്ങി. ഇതിനായി കെഎംആര്‍എല്ലുമായി ധാരണയിലെത്തുകയായിരുന്നു. നോര്‍ത്ത് പരവൂര്‍ സിറ്റി മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റിന് കീഴിലുള്ള മദേഴ്‌സ് കിച്ചണില്‍ നിന്ന് രുചികരമായ ഭക്ഷണം തയാറാക്കി ചോറ്റുപാത്രത്തിലാക്കി എത്തിക്കുകയാണ് ചെയ്യുക (ഡബ്ബ സംവിധാനം).
കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ (എന്‍യുഎല്‍എം) ഭാഗമായി സ്ത്രീകള്‍ക്ക് ഉപജീവന മാര്‍ഗ്ഗമെന്ന നിലയില്‍ സ്വയം തൊഴില്‍ കണ്ടെത്തി നല്‍കുന്നതിന് വേണ്ടിയാണ് മദേഴ്‌സ് കിച്ചണ് തുടക്കമിട്ടത്. നിലവില്‍ 100 ഓളം പേര്‍ക്ക് ഇത്തരത്തില്‍ ഭക്ഷണം വിതരണം ചെയ്തുവരുന്നു. ചോറും സാമ്പാറും മീന്‍കറിയും ഉള്‍പ്പെടെയുള്ള ഊണിന് 40 രൂപ മാത്രമാണ് ഈടാക്കുന്നത്. ചോറ്റുപാത്രങ്ങള്‍ പിന്നീട് ശേഖരിച്ച് മദേഴ്‌സ് കിച്ചണിലേക്ക് എത്തിക്കും. യൂണിറ്റ് അംഗങ്ങള്‍ക്ക് 8000 രൂപ മാസവരുമാനമായി ലഭിക്കുന്നു. മെട്രോ റെയില്‍ ക്യാന്റീനിലേക്കുള്ള ഭക്ഷണവും മദേഴ്‌സ് കിച്ചണാണ് തയാറാക്കി നല്‍കുന്നത്.
പരിസ്ഥിതി സൗഹൃപരമായ രീതിയിലാണ് കൊച്ചി മെട്രോ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഉദ്യോഗസ്ഥര്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡബ്ബാവാലാ സംവിധാനം ഏര്‍പ്പെടുത്തിയത്.
- 16 views