പിഎംഎവൈ-ലൈഫ് പദ്ധതി: കേരളത്തിലെ നഗരങ്ങളില്‍ സ്വന്തം ഭൂമിയുള്ള ഭവനരഹിതര്‍ക്കെല്ലാം വീടുകള്‍ നിര്‍മ്മിക്കാന്‍ അനുമതി
തിരുവനന്തപുരം: 'എല്ലാവര്‍ക്കും ഭവനം' എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ-നഗരം) പദ്ധതിയുടെ ഭാഗമായി കേരളത്തിലെ നഗരങ്ങളില്‍ ഭൂമിയുള്ള എല്ലാ ഭവനരഹിതര്‍ക്കും വീടു നിര്‍മിച്ചു നല്‍കാന്‍ കേന്ദ്രാനുമതി ലഭിച്ചു. ലൈഫ് പദ്ധതിയുടെ ഭാഗമായി പി.എം.എ.വൈ(നഗരം) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീടു നിര്‍മിച്ചു നല്‍കുന്നത്. ഇതു പ്രകാരം സംസ്ഥാനത്ത് 82487 ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പി.എം.എ.വൈ-ലൈഫ് പദ്ധതിയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.
പി.എം.എ.വൈ-ലൈഫ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 32 നഗരസഭകളിലായി 5073 വീടുകള്‍ കൂടി നിര്‍മിക്കാന്‍ 203 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 26ന് ഡല്‍ഹിയില്‍ നടന്ന കേന്ദ്ര സാങ്ക്ഷനിങ് ആന്‍ഡ് മോണിറ്ററിങ് സമിതിയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. ഇതോടെ കേരളത്തിലെ 93 നഗരസഭകളില്‍ സ്വന്തമായി സ്ഥലമുള്ള ഏല്ലാവര്‍ക്കും വീടുകളാകും. 82,487 ഗുണഭോക്താക്കളുടെ വീടുകള്‍ക്കുള്ള അനുമതിയാണ് ആകെ ലഭ്യമായത്. ഇതിനായി 2525 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് നിലവില്‍ 2023 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 23891 വീടുകളുടെ നിര്‍മാണം നടന്നു വരികയാണ്.
ലൈഫ് പദ്ധതിയുടെ ഭാഗമായി പി.എം.എ.വൈ (നഗരം) പദ്ധതി പ്രകാരം നഗരപ്രദേശങ്ങളില്‍ സ്ഥലമുള്ള ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനുള്ള ധനസഹായം ലൈഫ് പദ്ധതിയുടെ യൂണിറ്റ് നിരക്കു പ്രകാരം നാലുലക്ഷം രൂപയായി ഉയര്‍ത്തിക്കൊണ്ട് കഴിഞ്ഞ ഫെബ്രുവരി 28ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം 2017 ഏപ്രില്‍ ഒന്നിനു ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട് കരാര്‍ വച്ച എല്ലാ ഗുണഭോക്താക്കള്‍ക്കും മുന്‍കാല പ്രാബല്യത്തോടെ നാലു ലക്ഷം രൂപ വീതം ധനസഹായം ലഭിക്കും. ഇത് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഏറെ സഹായകമാകും. ധനസഹായമായ നാലു ലക്ഷം രൂപയില്‍ ഒന്നരലക്ഷം രൂപ കേന്ദ്രം നല്‍കും. ശേഷിച്ച തുകയില്‍ 50,000 രൂപ സംസ്ഥാന വിഹിതവും രണ്ടു ലക്ഷം രൂപ നഗരസഭാ വിഹിതവുമാണ്. ഗുണഭോക്തൃ വിഹിതം നല്‍കേണ്ടതില്ല എന്നതും ഗുണഭോക്താക്കള്‍ക്ക് സഹായകരമാണ്.
ചേരിവികസനം, ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി, അഫോര്‍ബിള്‍ ഹൗസിങ്ങ് സ്കീം, വ്യക്തിഗത നിര്‍മാണം എന്നീ നാല് വ്യത്യസ്ത ഘടകങ്ങള്‍ സംയോജിപ്പിച്ചു കൊണ്ടാണ് ഗുണഭോക്തൃ കേന്ദ്രീകൃത ഭവനിര്‍മാണം എന്ന ഘടകത്തിലുള്ള ഈ പദ്ധതി നടപ്പാക്കുന്നത.്