വാര്‍ത്തകള്‍

ദേശീയ നഗര ഉപജീവന ദൗത്യം: കുടുംബശ്രീക്ക് മികച്ച പ്രവര്‍ത്തനത്തിനുള്ള ആറു കോടി രൂപയുടെ ദേശീയ പുരസ്കാരം

Posted on Sunday, March 25, 2018

തിരുവനന്തപുരം: ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി കേരളത്തിലെ തൊണ്ണൂറ്റി മൂന്നു നഗരസഭകളില്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കിയതിനുള്ള ദേശീയ പുരസ്കാരം കുടുംബശ്രീക്ക് ലഭിച്ചു. ആറു കോടി രൂപയുടെ പുരസ്കാരം ഡല്‍ഹിയിലെ പ്രവാസി ഭാരതി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ്ങ് പുരിയില്‍ നിന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, അര്‍ബന്‍ പ്രോഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ്, സ്റ്റേറ്റ് മിഷന്‍ മാനേജര്‍മാരായ ജെയ്സണ്‍.പി.ജെ, സുധീര്‍.കെ.ബി, രാജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. മികച്ച പ്രവര്‍ത്തനത്തിനു കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍, കേന്ദ്ര പദ്ധതിയായ ദീന്‍ ദയാല്‍ ഉപധ്യായ ഗ്രാമീണ്‍ കൗശല്യ യോജന എന്നിവ ഉള്‍പ്പെടെ കുടുംബശ്രീക്ക് ഈ വര്‍ഷം ലഭിക്കുന്ന മൂന്നാമത്തെ ദേശീയ പുരസ്കാരമാണിത്.  Kudumbashree team recieving award

2017-18 വര്‍ഷം നഗരമേഖലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കിയ പദ്ധതികളുടെ മികവാണ് കുടുംബശ്രീക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. തെരുവോരകച്ചവടക്കാരുടെയും തെരുവില്‍ അന്തിയുറങ്ങുന്നവരുടെയും പുനരധിവാസം, അയല്‍ക്കൂട്ട രൂപവല്‍ക്കരണം, തൊഴില്‍ പരിശീലനം, സ്വയംതൊഴില്‍ പദ്ധതി, വായ്പ ലഭ്യമാക്കല്‍, പദ്ധതി ഗുണഭോക്താക്കളുടെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.

ദേശീയ നഗര ഉപജീവന ദൗത്യത്തിനു പുറമേ, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.

 

 

 

 

 

 

ശുചിത്വ മേഖലയിലെ പ്രവര്‍ത്തന മികവ്: കുടുംബശ്രീ നഗരസഭാ എ.ഡി.എസുകള്‍ക്ക് ദേശീയ അവാര്‍ഡ് സമ്മാനിച്ചു

Posted on Sunday, March 25, 2018

തിരുവനന്തപുരം: ശുചിത്വമേഖലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ നഗര ഉപജീവന മിഷന്‍ ഏര്‍പ്പെടുത്തിയ സ്വച്ഛത എക്സലന്‍സ് ദേശീയ അവാര്‍ഡ് കേന്ദ്ര ഭവന നഗരകാര്യവകുപ്പ് മന്ത്രി ഹര്‍ദീപ് സിങ്ങ് പുരിയിയില്‍ നിന്നും കുടുംബശ്രീ നഗരസഭാ എ.ഡി.എസുകളുടെ പ്രസിഡന്‍റമാരും സെക്രട്ടറിമാരും  ചേര്‍ന്ന് സ്വീകരിച്ചു. ഡല്‍ഹിയിലെ പ്രവാസി ഭാരതി കേന്ദ്രത്തില്‍ നടന്ന ചടങ്ങിലായിരുന്നു അവാര്‍ഡ് വിതരണം.

   അവാര്‍ഡ് വിതരണത്തിനു മുന്നോടിയായി നടത്തിയ ശില്‍പശാലയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ഒന്നാം സ്ഥാനം നേടിയ ജില്ലയിലെ കഴക്കൂട്ടം .എ.ഡി.എസിന് ഒന്നര ലക്ഷം രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും രണ്ടാം സ്ഥാനത്തെത്തിയ ജില്ലയിലെ കാലടി, മലപ്പുറം ജില്ലയിലെ താമരക്കുഴി, മൂന്നാംപടി എന്നീ എ.ഡി.എസുകള്‍ക്ക് ഒരു ലക്ഷം രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും മൂന്നാം സ്ഥാനം നേടിയ കൊടുങ്ങല്ലൂര്‍ ചാപ്പാര, തിരുവനന്തപുരം ജില്ലയിലെ പുന്നയ്ക്കാമുഗള്‍, കുളത്തൂര്‍ എ.ഡി.എസുകള്‍ക്ക്  അമ്പതിനായിരം രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന അവാര്‍ഡും ലഭിച്ചു.

    സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം കുടുംബശ്രീ എ.ഡി.എസുകള്‍ മുഖേന നഗരസഭാപ്രദേശങ്ങളിലെ ശുചിത്വമേഖലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദേശീയ അവാര്‍ഡ്. പബ്ളിക് ടോയ്ലെറ്റുകളുടെ നിര്‍മാണം, പ്ളാസ്റ്റിക് മാലിന്യത്തിന്‍റെ പുനരുപയോഗം, ജലസ്രോതസുകളുടെ ശുദ്ധീകരണം, പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനായി വെക്ടര്‍ കണ്‍ട്രോള്‍ പ്രോഗ്രാം, മഴക്കാല പൂര്‍വ ശുചീകരണം എന്നിങ്ങനെ ശുചിത്വവും പരിസ്ഥിതിയും ആരോഗ്യവും സംരക്ഷിക്കുന്നതിനായി നഗരസഭാ വാര്‍ഡുതലത്തില്‍ കുടുംബശ്രീ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ ദേശീയ  അംഗീകാരം ലഭിച്ചത്. എ.ഡി.എസ് പ്രതിനിധികള്‍ക്കൊപ്പം അതത് സിറ്റി മിഷന്‍ മാനേജ്മെന്‍റ് യൂണിറ്റിലെ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
 
   കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഹരിത.വി.കുമാര്‍, അര്‍ബന്‍ പ്രോഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ് എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് കേരളത്തിലെ വിവിധ നഗരസഭകളില്‍ നിന്നും ലഭിച്ച ഇരുനൂറ്റി ആറ് അപേക്ഷകളില്‍ നിന്നും ഇരുപത്തിയൊന്ന് എന്‍ട്രികള്‍  തിരഞ്ഞെടുത്ത് ഡല്‍ഹിയിലെ ഭവന നഗരകാര്യ മന്ത്രാലയത്തിലേക്ക് അവാര്‍ഡ് നിര്‍ണയത്തിനായി അയച്ചത്. തുടര്‍ന്ന് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിദഗ്ധര്‍ അവാര്‍ഡിനായി നിര്‍ദേശിക്കപ്പെട്ട ഇരുപത്തിയൊന്ന് എ.ഡി.എസുകളും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഭവന നഗരകാര്യ മന്ത്രാലയത്തിന്‍റെ ജോയിന്‍റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച കേരളത്തില്‍ നിന്നുളള എ.ഡി.എസുകളെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.   

 

കുടുംബശ്രീ 'നീതം 2018' ക്യാമ്പെയ്‌ന് സമാപനം

Posted on Friday, March 23, 2018


തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ അയല്‍ക്കൂട്ടതലത്തില്‍ സംഘടിപ്പിച്ച നീതം-2018 കാമ്പെയ്നോടനുബന്ധിച്ച് നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയ വിവരങ്ങളുടെ അടിസഥാനത്തില്‍ പുതുതലമുറയിലെ പെണ്‍കുട്ടികള്‍ക്കിടയിലും അതിക്രമങ്ങള്‍ സംബന്ധിച്ച വിവരശേഖരണം നടത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. നീതം കാമ്പെയ്ന്‍ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Minister Dr. K.T. Jaleel giving inagural address

   മുപ്പത്തിയെട്ടു ലക്ഷത്തിലേറെ കുടുംബശ്രീ അംഗങ്ങള്‍ നീതം കാമ്പെയ്നുമായി ബന്ധപ്പെട്ട സര്‍വേയില്‍ അവരുടെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇതില്‍  ഭൂരിഭാഗം പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള മോശമായ പെരുമാറ്റങ്ങള്‍ നേരിടേണ്ടി വന്നവരാണ്. ഒരു പെണ്‍കുട്ടിക്ക് സംരക്ഷണ കവചം തീര്‍ക്കേണ്ട ഉത്തരവാദിത്തമുളള കുടുംബത്തിലെ ആളുകള്‍തന്നെ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് കാമ്പെയ്ന്‍ വഴിയുള്ള വിവരശേഖരണ റിപ്പോര്‍ട്ടു സൂചിപ്പിക്കുന്നു. മതവിശ്വാസങ്ങള്‍ക്കു പ്രാമുഖ്യമുണ്ടായിട്ടും അതിന്‍റെ ധാര്‍മികമായ ഗുണഫലങ്ങള്‍ സമൂഹത്തിലെ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. കുടുംബത്തില്‍ പുലര്‍ത്തേണ്ട ധാര്‍മിക മൂല്യങ്ങള്‍ നഷ്ടപ്പെട്ടു എന്നതിന്‍റെ തെളിവാണ് നീതം കാമ്പെയ്നിലൂടെ കണ്ടെത്തിയിട്ടുള്ളത്.

    ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കുന്നതിനായി വളരെ ശക്തമായ ഇടപെടല്‍ നടത്തേണ്ടിയിരിക്കുന്നു. ഇതിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് കൗണ്‍സിലിങ്ങില്‍ വളരെ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു പഞ്ചായത്തില്‍ ഒന്നു വീതം കൗണ്‍സലിങ്ങ് സെന്‍ററുകള്‍ ആരംഭിച്ചാല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ പ്രശ്നങ്ങള്‍ അറിയാനും അതിന് പ്രതിവിധിയൊരുക്കാനും സാധിക്കും. അങ്ങനെ അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ സംവിധാനം കൊണ്ടുവരുന്നതിലൂടെ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരില്‍ ഭയം സൃഷ്ടിക്കാന്‍ കഴിയും. ഭയപ്പെടുത്തിക്കൊണ്ടല്ലാതെ ഇത്തരക്കാരെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. തങ്ങള്‍ ചെയ്യുന്ന അധാര്‍മികമായ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിക്കപ്പെടുന്നു എന്നു മനസിലാക്കുന്നതോടെ ഇത്തരക്കാര്‍ പിന്തിരിയും.  ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അതിക്രമങ്ങള്‍ തടയുന്നതിനായി പ്രാദേശിക സര്‍ക്കാരുകളുടെ സഹകരണത്തോടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്തു നടപ്പാക്കും. തങ്ങള്‍ക്കു നേരിട്ട അതിക്രമങ്ങള്‍ തുറന്നു പറയാന്‍ അയല്‍ക്കൂട്ട സഹോദരിമാര്‍ മുന്നോട്ടു വരാന്‍ തയ്യാറായത് നീതം കാമ്പെയ്ന്‍റെ വിജയമാണ്.

    ഇനി അടുത്തതായി കുടുംബശ്രീയുടെ സഹായത്താല്‍ സാമൂഹ്യവും സാമ്പത്തികവുമായി ഉയര്‍ന്നു വന്നവര്‍, പട്ടിണി കൂടാതെ കഴിയുന്നവര്‍, ഉപജീവന മാര്‍ഗം കണ്ടെത്താന്‍ പ്രാപ്തി ലഭിച്ചവര്‍ എന്നിവരെ കുറിച്ചുള്ള കൃത്യമായ കണക്കും ശേഖരിക്കണം. ഈ കണക്കുകളായിരിക്കും ഇനി കുടുംബശ്രീയെ മുന്നോട്ടു കൊണ്ടു പോവുക എന്നും മന്ത്രി പറഞ്ഞു. കാമ്പെയ്നുമായി ബന്ധപ്പെട്ട സംസ്ഥാനതല റിപ്പോര്‍ട്ടിന്‍റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

Minister Dr. K.T. Jaleel with NHG members

   ജെന്‍ഡര്‍ കാമ്പെയ്നിലൂടെ സ്ത്രീശാക്തീകരണ ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക എന്ന വലിയ ലക്ഷ്യമാണ് കുടുംബശ്രീക്കുള്ളതെന്ന് ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തിയ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കി കേരളത്തെ മാറ്റിയെടുക്കാനുള്ള ഒരു വലിയ ഉത്തരവാദിത്വം കൂടി കുടുംബശ്രീക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  നീതം കാമ്പെയ്നുമായി ബന്ധപ്പെട്ട ജില്ലാതല റിപ്പോര്‍ട്ടുകളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ജില്ലാതല ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് പ്രോഗ്രാം ഓഫീസര്‍ പ്രമോദ്.കെ.വി നേതൃത്വം നല്‍കി. ആസൂത്രണ ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, ജെന്‍ഡര്‍ അഡ്വൈസര്‍ ടി.കെ.ആനന്ദി, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ബേബി ബാലകൃഷ്ണന്‍, സേവ പ്രസിഡന്‍റ് സോണിയ ജോര്‍ജ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജെന്‍ഡര്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സോയ തോമസ് നന്ദി പറഞ്ഞു. തുടര്‍ന്ന് വയനാട് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

 

അതിജീവനത്തിന്‍റെ കരുത്തുറ്റ ശബ്ദമായി കുടുംബശ്രീ 'പ്രതിധ്വനി' ടോക് ഷോ

Posted on Thursday, March 22, 2018

Kadakampally Surendran inagurating Prathidhwani Talk showതിരുവനന്തപുരം: ദാരിദ്ര്യത്തിന്‍റെ ഇരുള്‍ക്കയങ്ങളില്‍ നിന്നും സാമൂഹ്യമായ അടിച്ചമര്‍ത്തലുകളില്‍ നിന്നും അതിജീവനത്തിന്‍റെ കരുത്തുറ്റ പോരാട്ടവുമായി ജീവിതത്തിന്‍റെ കനല്‍വഴികളില്‍ മുന്നേറിയ ഇരുപത്തിയെട്ടു സ്ത്രീകള്‍. അനുഭവങ്ങളുടെ ചൂടും ചൂരും നിറഞ്ഞ പ്രചോദനം പകരുന്ന അവരുടെ ഓരോ വാക്കുകള്‍ക്കും നിരഞ്ഞ കരഘോഷത്തോടെ സദസിന്‍റെ അനുമോദനം. കുടുംബശ്രീ മുഖേന നടത്തുന്ന ജെന്‍ഡര്‍ കാമ്പെയ്ന്‍-നീതം 2018 ന്‍റെ സംസ്ഥാനതല സമാപന പരിപാടികളുടെ ഭാഗമായി രണ്ടാം ദിവസം സംഘടിപ്പിച്ച പ്രതിധ്വനി ടോക് ഷോയിലാണ് പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കു കടന്നു വന്ന സാധാരണക്കാരായ സ്ത്രീകളുടെ വിജയനാനുഭവകഥകള്‍ അരങ്ങേറിയത്.

    സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത ഏറ്റവും മികച്ച രണ്ടു അനുഭവകഥകളാണ് വേദിയില്‍ അവതരിപ്പിച്ചത്. ഒരാള്‍ക്ക് പത്തു മിനിട്ടാണ് അനുവദിച്ചിരുന്ന സമയം. കുടുംബശ്രീയില്‍ വരുന്നതിനു മുമ്പുള്ള തങ്ങളുടെ ജീവിതവും അതിനു ശേഷം വ്യക്തിത്വവികസനവും വിദ്യാഭ്യാസവും ഉള്‍പ്പെടെ ജീവിതത്തില്‍ കൈവരിച്ച പുരോഗതിയും അതോടൊപ്പം സാമൂഹ്യവികസനവുമായി ബന്ധപ്പെട്ടു നടത്തി വരുന്ന മാതൃകാ പ്രവര്‍ത്തനങ്ങളും പച്ചയായ വാക്കുകളിലൂടെ അവര്‍ വിവരിച്ചപ്പോള്‍  പാനലിസ്റ്റുകള്‍ക്കു പോലും അത് വേറിട്ട ശബ്ദത്തിന്‍റെ പ്രതിധ്വനിയായി മാറുകയായിരുന്നു.  

    ജെ.രാധാമണി രവി, പ്രസന്നകുമാരി, അജി ബഷീര്‍, ബിന്ദു വില്‍സണ്‍, ഫറീന ഷാജഹാന്‍, എം.വി ഭാഗീരഥി, ചന്ദ്രാജനം രാധാകൃഷ്ണന്‍, പ്രസന്ന കുമാരി,  യാസ്മിന്‍, സക്കീന, ലക്ഷ്മി രാജന്‍, ഉഷാ ഉത്തമന്‍, ദീപാ നായര്‍, പത്മാവതി, അമ്പിളി ഭാസ്ക്കരന്‍, വത്സല എം, കലാമണി, കെ.താഹിറ, സിന്ധു.എസ്, ലിസി മാത്യു, മിനി കെ, സോനു എസ്.നായര്‍, പത്മിനി, അമ്പിളി നായര്‍, അനിതാ സോമന്‍, സലോമി റോബി, സ്മിതാ മോള്‍, മേഴ്സി ജോര്‍ജ്, ടി.ടി.റംല എന്നിവരാണ് കുടുംബശ്രീയിലൂടെ തങ്ങള്‍ കൈവരിച്ച സാമൂഹ്യവും സാമ്പത്തികവും ബൗദ്ധതികവുമായ വളര്‍ച്ചയുടെ കഥകള്‍ അവതരിപ്പിച്ചത്.  
 

Kadakampally Surendran


   കുടുംബശ്രീ കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങളുടെ സമഗ്രത വ്യക്തമാക്കുന്നതാണ്  പ്രതിധ്വനി ടോക് ഷോയെന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് ദേവസ്വം-ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  കുടുംബശ്രീ കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യ മുന്നേറ്റത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ്. കുടുംബശ്രീ മുഖേന കേരളത്തിലെ സാധാരണ സ്ത്രീകള്‍ കൈവരിച്ച സാമൂഹ്യമുന്നേറ്റത്തെ ഇന്ന് എല്ലാവരും അംഗീകരിക്കുന്നു. ഭരണരംഗത്ത് സ്ത്രീകള്‍ നേടിയെടുത്ത വലിയ പ്രാതിനിധ്യം ഈ വിജയകരമായ മുന്നേറ്റത്തിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

      സ്ത്രീശാക്തീകരണ രംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയിലാണ് കുടുംബശ്രീ അവശ്യ ഇടപെടല്‍ നടത്തേണ്ടതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ഇ.എസ്.ബിജിമോള്‍ എം.എല്‍.എ പറഞ്ഞു. സമൂഹത്തില്‍ ഒറ്റപ്പെടും എന്ന പേടി കൊണ്ട് സ്ത്രീകള്‍ അവര്‍ അനുഭവിക്കുന്ന പല പ്രയാസങ്ങളും ഉള്ളില്‍ അടിച്ചമര്‍ത്തുകയാണ്. സ്ത്രീകള്‍ ഇത്തരം അവസ്ഥകളെ മറികടന്നു മുന്നോട്ടു വന്ന് നീതിക്കായി പോരാടണമെന്നും അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള  ആര്‍ജവത്വം നേടണമെന്നും എം.എല്‍.എ പറഞ്ഞു.

A participant of Prathidwani talk show

    കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രമോദ്.കെ.വി സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ വിഷയാവതരണം നടത്തി. കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ സി.എസ്.സുജാത, എം.കെ.രമ്യ, കേരള കാര്‍ഷിക സര്‍വകലാശാല-സ്ത്രീ പഠന കേന്ദ്രം മേധാവി പ്രഫ.ഗീതക്കുട്ടി, കോഴിക്കോട് സര്‍വകലാശാല സ്ത്രീപഠന വിഭാഗം മേധാവി മിനി സുകുമാര്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ പാനല്‍ അംഗങ്ങളായി. സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ സുജിത.ടി നന്ദി പറഞ്ഞു.  

 

കുടുംബശ്രീ നീതം കാമ്പെയ്ന്‍; റിപ്പോര്‍ട്ട് അവതരണ ഉദ്ഘാടനം മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു

Posted on Tuesday, March 20, 2018

Minister V.S.Sunil Kumar inaguratiing Neetham report presentationതിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് കുടുംബശ്രീ ചാലകശക്തിയായെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. കുടുംബശ്രീ മുഖേന നടത്തുന്ന ജെന്‍ഡര്‍ കാമ്പെയ്ന്‍-നീതം 2018 ന്‍റെ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ചു നടത്തിയ റിപ്പോര്‍ട്ട് അവതരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

   സാധാരണക്കാരായ സ്ത്രീകള്‍ ലിംഗസമത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴാണ് സ്ത്രീശാക്തീകരണം യഥാര്‍ത്ഥ്യമാകുന്നത്. ലിംഗനീതിയെ കുറിച്ച് കേരളം ചിന്തിച്ചു തുടങ്ങിയത് കുടുംബശ്രീ പ്രസ്ഥാനത്തിന്‍റെ വരവോടെയാണ്. ഞാനും സമൂഹത്തിന്‍റെ ഭാഗമാണ്  എന്ന ആത്മബോധത്തോടെ സ്ത്രീകള്‍ മുഖ്യധാരയിലേക്കു കടന്നു വന്നതാണ് കുടുംബശ്രീയുടെ പുരോഗതി. വെല്ലുവിളി ഉയര്‍ത്തുന്ന പല തൊഴില്‍ മേഖലകളിലേക്കും കടന്നു ചെന്ന് വിജയം കൈവരിക്കുന്നതിലൂടെ സാധാരണക്കാരായ സ്ത്രീകള്‍ക്കും ഇതു സാധ്യമാകുമെന്ന ബോധം സമൂഹത്തില്‍  സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞതാണ് കുടുംബശ്രീയുടെ നേട്ടം. മാനസികമായ പിന്നാക്കാവസ്ഥയില്‍ നിന്നും മുന്നേറാന്‍ കഴിയുന്ന ഒരു സ്ത്രീസമൂഹത്തെ സൃഷ്ടിക്കാന്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് കുടുംബശ്രീ പ്രമുഖമായ പങ്കു വഹിച്ചിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള അമ്പതു ശതമാനം സീറ്റുകളില്‍ നല്ലൊരു ശതമാനം കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കു കടന്നു വന്നവരാണെന്നതും ഏറെ ശ്രദ്ധേയമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താഴേതട്ടില്‍ മുതല്‍ തന്നെ സുരക്ഷയൊരുക്കാന്‍ കഴിയുന്ന വിധം വലിയ തോതിലുള്ള ഒരു മാറ്റത്തിനു വഴിയൊരുക്കാന്‍ നീതം കാമ്പെയ്നു കഴിയണം.

    സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ ഏറ്റവും കൂടുതല്‍ സംഭവാന ചെയ്യുന്നത് കുടുംബശ്രീയാണ്. ഈ മേഖലയില്‍ പ്രഫഷണല്‍മികവ് കൈവരുത്തുന്നിന് കുടുംബശ്രീയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനമൊട്ടാകെ നടത്തുന്ന നാട്ടുചന്തകള്‍ ഇതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ്.   കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകള്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഫലപ്രദമായ വിപണനത്തിന് വിപണി നല്‍കുന്നതടക്കം എല്ലാ വിധ പിന്തുണയും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ഏറ്റെടുത്തു നടപ്പാക്കുന്ന തരത്തിലേക്ക് കുടുംബശ്രീ മാറുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. സംസ്ഥാനത്തെ ഇരുപത്തിയെട്ടു പഞ്ചായത്തുകളില്‍ നടത്തിയ വള്‍ണറബിലിറ്റി മാപ്പിങ്ങ് ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഫലമായി പ്രാദേശിക തലത്തില്‍ സ്ത്രീകളുടെയും കുട്ടികളും സുരക്ഷയ്ക്കും ഉപജീവന മാര്‍ഗത്തിനുമായി പതിനൊന്നു കോടി രൂപയുടെ പദ്ധതികളാണ് പഞ്ചായത്തുകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇത് കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് സൂചിപ്പിക്കുന്നത്. ഈ വര്‍ഷവും വള്‍ണറബിലിറ്റി മാപ്പിങ്ങ് നടത്തും. കൂടാതെ കമ്യൂണിറ്റി കൗണ്‍സലിങ്ങും കൂടുതല്‍ ശക്തിപ്പെടുത്തും. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബശ്രീയുടെ അഭയകേന്ദ്രമായ സ്നേഹിത പതിനാല് ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ കഴിഞ്ഞതും വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

    തുടര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും പ്രാദേശികമായി  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിന്‍റെയും ഭാഗമായി  അയല്‍ക്കൂട്ട തലത്തില്‍ നിശ്ചിത ഫോര്‍മാറ്റില്‍ ശേഖരിച്ചു ക്രോഡീകരിച്ച വിവരങ്ങള്‍, സംസ്ഥാനമൊട്ടാകെ അയല്‍ക്കൂട്ട സംഗമത്തിലൂടെ രൂപീകരിച്ച പ്രതിരോധ മാര്‍ഗങ്ങള്‍, കര്‍മപദ്ധതി എന്നിവ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് പതിനാല് ജില്ലകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അവതരിപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍.ഷൈജു സ്വാഗതം പറഞ്ഞു. ഡയറക്ടര്‍  റംലത്ത്.പി, പ്രോഗ്രാം ഓഫീസര്‍മാരായ പ്രമോദ് കെ.വി, ബിനു ഫ്രാന്‍സിസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സോയ തോമസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.  സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ പ്രിയ. ഇ നന്ദി പറഞ്ഞു.

കുടുംബശ്രീ നീതം കാമ്പെയ്ന്‍: റിപ്പോര്‍ട്ട് അവതരണ ഉദ്ഘാടനം ഇന്ന്

Posted on Tuesday, March 20, 2018

തിരുവനന്തപുരം:  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ തടയുക, പ്രാദേശികമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ സംഘടിപ്പിച്ച നീതം-2018 സംസ്ഥാനതല കാമ്പെയ്നോടനുബന്ധിച്ചുള്ള റിപ്പോര്‍ട്ട് അവതരണ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന്  ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. വി.എസ്.ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ശ്രീമതി ടീച്ചര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.

      സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും പ്രാദേശികമായി  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിന്‍റെയും ഭാഗമായി  അയല്‍ക്കൂട്ട തലത്തില്‍ നിശ്ചിത ഫോര്‍മാറ്റില്‍ വിവര ശേഖരണം നടത്തിയിരുന്നു.  ഈ വിവരങ്ങളും സംസ്ഥാനമൊട്ടാകെ അയല്‍ക്കൂട്ട സംഗമത്തിലൂടെ രൂപീകരിച്ച പ്രതിരോധ മാര്‍ഗങ്ങളും കര്‍മപദ്ധതിയും ഉള്‍പ്പെട്ട റിപ്പോര്‍ട്ടാണ് ഇന്ന് അവതരിപ്പിക്കുക. പതിനാല് ജില്ലകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അയല്‍ക്കൂട്ടതലം മുതല്‍ ജില്ലാതലം വരെ നടന്ന പ്രവര്‍ത്തനങ്ങളും കണ്ടെത്തലുകളും ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ അവതരിപ്പിക്കും.

      കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍.ഷൈജു സ്വാഗതം പറയും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം സി.എസ്.സുജാത, ഡയറക്ടര്‍  റംലത്ത്.പി, പ്രോഗ്രാം ഓഫീസര്‍മാരായ അമൃത ജി.എസ്, എന്‍.എസ്.നിരഞ്ജന, ബിനു ഫ്രാന്‍സിസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ പ്രിയ.ഇ നന്ദി പറയും.  

 

 

 

 

അതിക്രമങ്ങള്‍ക്കെതിരേ അയല്‍ക്കൂട്ടങ്ങളെ സജ്ജമാക്കി കുടുംബശ്രീ 'നീതം' ക്യാമ്പെയ്ന്‍ മുന്നേറുന്നു

Posted on Monday, March 19, 2018

തിരുവനന്തപുരം: അതിക്രമങ്ങള്‍ക്കെതിരേയുള്ള പ്രതിരോധവും പ്രതികരണവും അയല്‍ക്കൂട്ടങ്ങളില്‍ എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 10ന് കുടുംബശ്രീ ആരംഭിച്ച സംസ്ഥാനതല ക്യാമ്പെയ്ന്‍ വിജയകരമായി മുന്നേറുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണ് വ്യത്യസ്തവും വൈവിധ്യവുമായ നിരവധി പരിപാടികള്‍ അയല്‍ക്കൂട്ടതലം മുതല്‍ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്നത്. സമാപന സമ്മേളനം 20,21,22 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കും.

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ക്യാമ്പെയ്ന്‍റെ പ്രധാനലക്ഷ്യങ്ങളിലൊന്ന് സംസ്ഥാനത്ത് സ്ത്രീ ശിശു സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുക എന്നതാണ്. കൂടാതെ ലിംഗവിവേചനത്തിലധിഷ്ഠിതമായ അതിക്രമങ്ങളെ ചെറുക്കുകയും പ്രതിരോധിക്കുകയും ചെയ്യുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമത്തിനെതിരേ പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മയെ സൃഷ്ടിക്കുക, അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നവര്‍ക്ക് പിന്തുണാ സഹായം നല്‍കുകയും സംവിധാനങ്ങളെ കാര്യക്ഷമമാക്കുകയും ചെയ്യുക, അവകാശങ്ങളില്‍ അധിഷ്ഠിതമായി സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതില്‍ സ്ത്രീകളെ പ്രാപ്തരാക്കുക, പൊതുവിഭവങ്ങളിന്‍ മേലും സേവന സംവിധാനങ്ങളിലും സ്ത്രീയുടെ പ്രാപ്യത വര്‍ധിപ്പിക്കുക, നിലവിലെ നിയമങ്ങളെ കുറിച്ചും സഹായ സംവിധാനങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക, നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥകളെ കണ്ടെത്തിക്കൊണ്ട് അവ പരിഹരിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ പ്രാദേശിക സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പെയ്ന്‍ നടപ്പാക്കുന്നത്. കാമ്പെയ്ന്‍ വഴി ലഭ്യമാകുന്ന വിവരങ്ങള്‍ വിവിധ തലങ്ങളില്‍ ക്രോഡീകരിക്കുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന വ്യത്യസ്തങ്ങളായ അതിക്രമങ്ങള്‍ക്കും അരക്ഷിതാവസ്ഥകള്‍ക്കുമെതിരേ പൊതു സമൂഹത്തില്‍ വ്യക്തമായ കാഴിചപ്പാട് സൃഷ്ടിക്കുന്നതിനും അതുവഴി പ്രാദേശികമായും സംസ്ഥാന വ്യാപകമായും നടത്താന്‍ കഴിയുന്ന പദ്ധതികള്‍ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം തയ്യാറാക്കുകയും ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്.

   വളരെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് കാമ്പെയ്നുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ 2,53,906 അയല്‍ക്കൂട്ടങ്ങളിലും 906 സി.ഡി.എസുകളിലും കുടുംബസംഗമം സംഘടിപ്പിച്ചു. കുടുംബശ്രീ വനിതകള്‍ക്കൊപ്പം ഓരോ കുടുംബത്തിലെയും പുരുഷന്‍മാര്‍ പങ്കെടുത്ത കുടുംബസംഗമത്തില്‍ കുടുംബത്തിലെ ജനാധിപത്യം, അടിസ്ഥാന മാനുഷിക അവകാശങ്ങള്‍, അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവ യെ സംബന്ധിച്ച് ചര്‍ച്ചകളും സംഘടിപ്പിച്ചു. ഇപ്രകാരം അയല്‍ക്കൂട്ടങ്ങളില്‍ നടത്തിയ കുടുംബസംഗമങ്ങള്‍ സംബന്ധിച്ച പുര്‍ണ വിവരങ്ങള്‍ എ.ഡി.എസ്തലത്തില്‍ ക്രോഡീകരിച്ചിട്ടുണ്ട്.

   സി.ഡി.എസ്തലത്തില്‍ 'അതിക്രമങ്ങള്‍ക്കെതിരേ സഹയാത്രാ സംഗമം' എന്ന പേരില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളും സംഘടിപ്പിച്ചു. കൂടാതെ സംസ്ഥാനത്തെ എല്ലാ ബ്ളോക്കുകളിലും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ചലച്ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. സ്ത്രീകേന്ദ്രീകൃത സിനിമകള്‍, വനിതാ സംവിധായകരുടെ സിനിമകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സിനിമകള്‍ എന്നിവയാണ് കാമ്പെയ്നോടനുബന്ധിച്ച് ബ്ളോക്കുതലത്തില്‍ പ്രദര്‍ശിപ്പിച്ചു വരുന്നത്. ജില്ലാതലത്തില്‍ കുടംബശ്രീ വനിതകള്‍ക്കായി മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകളും തൊഴിലും, സ്ത്രീകളുടെ മുഖ്യധാരാവല്‍ക്കരണം കുടുംബശ്രീയിലൂടെ, സ്ത്രീയും ഭരണ നിര്‍വഹണവും എന്നീ വിഷയങ്ങളിലാണ് മത്സരം നടത്തുന്നത്.

   കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ ജെന്‍ഡര്‍ റിസോഴ്സ് പേഴ്സണ്‍മാര്‍, കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍, ഫെസിലിറ്റേറ്റര്‍മാര്‍, ജില്ലാമിഷന്‍ കോ-ഓര്ഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഡിസ്ട്രിക്ട് പ്രോജക്ട് മാനേജര്‍മാര്‍ എന്നിവര്‍ക്കാണ് കാമ്പെയ്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചുമതല.

 

കുടുംബശ്രീ 'അമൃതം ന്യൂട്രീമിക്‌സ്' ; 216 യൂണിറ്റുകള്‍ക്ക് എ ഗ്രേഡ്‌

Posted on Friday, March 16, 2018

തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബശ്രീ അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകളുടെ  പ്രവര്‍ത്തനമികവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ന്യൂട്രിമിക്സ് ഉല്‍പാദനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി നടത്തിയ ഗ്രേഡിംഗ് പൂര്‍ത്തിയായി. ഇതുപ്രകാരം സംസ്ഥാനത്തെ 241 യൂണിറ്റുകളില്‍ 216 എണ്ണത്തിനും 'എ' ഗ്രേഡ് ലഭിച്ചു. ഇരുപത് യൂണിറ്റുകള്‍ക്ക് ബി ഗ്രേഡും ലഭിച്ചു.

   യൂണിറ്റുകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം വളര്‍ത്തുന്നതിനും സ്വയംതൊഴില്‍ സംരംഭം എന്ന നിലയ്ക്ക് കൂടുതല്‍ പ്രഫഷണലിസം കൈവരുത്തുന്നതിനുമായാണ് ഗ്രേഡിങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയത്.   അടിസ്ഥാന സൗകര്യം, പരിസരശുചിത്വം, യൂണിറ്റിനുള്ളിലെ ശുചിത്വം, യൂണിറ്റില്‍ സ്ഥാപിച്ചിട്ടുള്ള യന്ത്രങ്ങളും അവയുടെ ശുചിത്വവും, ഇലക്ട്രിഫിക്കേഷന്‍, വ്യക്തിശുചിത്വം, രേഖകളും രജിസ്റ്ററുകളും, നിയമപരമായ രേഖകളും നടപടികളും, മൂല്യവര്‍ദ്ധനവ്, പ്രവര്‍ത്തന മികവ്, സംഘബോധം എന്നിവയാണ് ഗ്രേഡിങ്ങിനായി നിഷ്കര്‍ഷിച്ചിരുന്ന  സുപ്രധാന മാനദണ്ഡങ്ങള്‍.  

    കുടുംബശ്രീയിലെയും സാമൂഹ്യനീതി വകുപ്പിലെയും ഭക്ഷ്യസുരക്ഷാ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ റേറ്റിങ്ങ് നടപടികളില്‍ യൂണിറ്റുകള്‍ വാങ്ങുന്ന ഗോതമ്പിന്‍റെ അളവും ഉല്‍പാദിപ്പിക്കുന്ന ന്യൂട്രിമിക്സിന്‍റെ അളവും തമ്മിലുള്ള അനുപാതവും കൃത്യമായി പരിശോധിച്ചിരുന്നു.  റണ്ണിംഗ് ലൈസന്‍സ്, പാക്കിംഗ് ലൈസന്‍സ്, എഫ്.എസ്.എസ്.എ.ഐ.രജിസ്ട്രേഷന്‍, ടാക്സ് രജിസ്ട്രേഷന്‍, ഉല്‍പന്നത്തിലുള്ള നിയമപരമായ അറിയിപ്പുകള്‍, എല്ലാ അംഗങ്ങള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയ നിയമപരമായ രേഖകള്‍, കൂടാതെ  റോസ്റ്റര്‍, ബ്ളന്‍ഡര്‍, സ്വിഫ്റ്റര്‍, പള്‍വറൈസര്‍,ബാച്ച് കോഡിംഗ് മെഷീന്‍ തുടങ്ങി ന്യൂട്രിമിക്സ് നിര്‍മാണത്തിനാവശ്യമായ യന്ത്രങ്ങളും അവയുടെ സമ്പൂര്‍ണ ശുചിത്വവും ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളും റേറ്റിംഗില്‍ കര്‍ശനമായി വിലയിരുത്തി.  ഇതില്‍  എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ച യൂണിറ്റുകള്‍ക്കു മാത്രമാണ്  'എ'ഗ്രേഡ് നല്‍കിയിട്ടുള്ളത്.  മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണണം ചെയ്യുന്നതിനും ഈ യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

     കഴിഞ്ഞ ജനുവരിയില്‍ നടത്തിയ ആദ്യഘട്ട റേറ്റിംഗില്‍ 'ബി' 'സി' ഗ്രേഡുകള്‍ ലഭിക്കുന്ന യൂണിറ്റുകള്‍ക്ക് മികച്ച രീതിയില്‍ മാനദണ്ഡങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതു വഴി 'എ' ഗ്രേഡ് ലഭിക്കുന്നതിന് അവസരം നല്‍കിയിരുന്നു. തുടര്‍ന്ന് ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ കൂടി സമയം നല്‍കി. യൂണിറ്റുകള്‍ക്ക് 'എ' ഗ്രേഡ് നേടുന്നതിനായി ടെക്നോളജി ഫണ്ട്, തൊഴില്‍ വൈദഗ്ധ്യ പരിശീലനം, സാമ്പത്തിക സഹായം എന്നിവ ഉള്‍പ്പെടെയുള്ള പിന്തുണയും കുടുംബശ്രീ  നല്‍കിയിരുന്നു.

കേന്ദ്ര ഗവണ്‍മെന്‍റ് പദ്ധതിയായ ടേക്ക് ഹോം റേഷന്‍ സ്ട്രാറ്റജി (ടി.എച്ച്.ആര്‍.എസ് ) പ്രകാരം കേരള സര്‍ക്കാരിനു കീഴില്‍ സാമൂഹ്യക്ഷേമ വകുപ്പിന്‍റെ സഹായത്തോടെ ആറ് മാസം മുതല്‍ മൂന്നു വയസുവരെയുള്ള കുട്ടികള്‍ക്ക് അംഗന്‍വാടികള്‍ വഴി വിതരണം ചെയ്യുന്ന പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്. കുടുംബശ്രീയുടെ വിദഗ്ധ പരിശീനം നേടിയ അമൃതം ഫുഡ് സപ്ളിമെന്‍റ് യൂണിറ്റുകളാണ് ഈ പോഷകാഹാരം തയ്യാറാക്കുന്നത്. ഗോതമ്പ്, സോയ, പഞ്ചസാര, കപ്പലണ്ടി, കടലപ്പരിപ്പ്, എന്നിവ ചേര്‍ത്ത ഭക്ഷ്യമിശ്രിതം വികസിപ്പിച്ചെടുത്തത് കാസര്‍കോട് സെന്‍റര്‍ പ്ളാന്‍റേഷന്‍ ഫോര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിലാണ്. പദ്ധതി നടത്തിപ്പിനാവശ്യമായ ഫണ്ട് നല്‍കുന്നത് പഞ്ചായത്താണ്.  ആറു മാസം മുതല്‍ മൂന്നു മാസം വരെയുള്ള കുട്ടികളില്‍ തന്നെ വിവിധ പ്രായം തിരിച്ച് ഓരോ പ്രായത്തിലും ആവശ്യമായ പോഷകമൂല്യം എത്രയാണെന്നു കണ്ടെത്തുന്നതിനായി സമഗ്രവും ആധികാരികവുമായ ഒരു ശാസ്ത്രീയ പഠനം നടത്തുന്നതിന്‍റെ ഭാഗമായി വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്‍റെ നേതൃത്വത്തില്‍ നിലവിലെ ന്യൂട്രിമിക്സില്‍ ഫോര്‍ട്ടിഫിക്കേഷന്‍ നടത്തുന്ന കാര്യങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.   
    
   മാംസ്യം, കൊഴുപ്പ്, അന്നജം, കാല്‍സ്യം,  ഇരുമ്പ്, കരോട്ടിന്‍, തയാമിന്‍, റൈബോഫ്ളേവിന്‍, നിയാസിന്‍ തുടങ്ങിയ വിവിധ പോഷകങ്ങള്‍ അമൃതം ന്യൂട്രിമിക്സില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ വളര്‍ച്ചയുടെ പ്രായത്തില്‍ അവര്‍ക്ക് ഊര്‍ജം കൂടുതല്‍ നല്‍കുന്ന ഭക്ഷണങ്ങളും അന്നജവും ധാരാളം ആവശ്യമാണ്. കടലപ്പരിപ്പ്, വറുത്ത കപ്പലണ്ടി, സോയാപൊടി, പഞ്ചസാര എന്നിവ കുട്ടികള്‍ക്ക് ഊര്‍ജം നല്‍കുന്നതോടൊപ്പം ഊര്‍ജം കുറഞ്ഞാലുണ്ടാകുന്ന ക്വാഷിയോര്‍ക്കര്‍  എന്ന രോഗത്തില്‍ നിന്നും, മാംസ്യം കുറഞ്ഞാലുണ്ടാകുന്ന മരാസ്മസ് എന്ന രോഗത്തില്‍ നിന്നും പ്രതിരോധിക്കുകയും ചെയ്യുന്നു.  കടലപ്പരിപ്പ്, കപ്പലണ്ടി, കൊഴുപ്പ് കളഞ്ഞ സോയാപൊടി എന്നിവ എല്ലിന്‍റെയും പേശികളുടെയും ശക്തി വര്‍ധിപ്പിക്കുന്നതിനാവശ്യമായ മാംസ്യവും കാല്‍സ്യവും നല്‍കുക മാത്രമല്ല, ശരീരത്തിന്‍റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനാവശ്യമായ ആറ് വിവിധ പ്രതിരോധ-പോഷകങ്ങളും അമൃതം ന്യൂട്രിമിക്സില്‍ അടങ്ങിയിട്ടുണ്ട്. മസ്തിഷ്കത്തിന്‍റെ വളര്‍ച്ച, പ്രവര്‍ത്തനക്ഷകമത എന്നിവയ്ക്കും  ഹൃദയം, കണ്ണുകള്‍ എന്നിവയുടെ പരിരക്ഷണത്തിനും  നാഡീവ്യവസ്ഥ യുടെ ആരോഗ്യത്തിനും ആവശ്യമായ പോഷകങ്ങളും അമൃതം ന്യൂട്രിമിക്സില്‍ അടങ്ങിയിട്ടുണ്ട്.

നഗരസഭാ പ്രദേശത്തെ അര്‍ഹരായ എല്ലാവരിലേക്കും കുടുംബശ്രീ; സ്പര്‍ശം കാമ്പെയ്ന്‍ മുന്നേറുന്നു

Posted on Thursday, March 15, 2018

തിരുവനന്തപുരം:  അര്‍ഹരായ എല്ലാവരിലേക്കും കുടുംബശ്രീയെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച 'സ്പര്‍ശം'-നഗരതല കാമ്പെയ്ന്‍ വിജയകരമായി മുന്നേറുന്നു. ഫെബ്രുവരി 20ന് ആരംഭിച്ച കാമ്പെയ്ന്‍ ഇതിനകം പരമാവധി നഗരദരിദ്രരിലേക്കെത്തിക്കഴിഞ്ഞു. നഗരദാരിദ്ര്യം ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് അര്‍ഹരായ എല്ലാവര്‍ക്കും ഉപജീവനത്തിന് അവസരമൊരുക്കുന്നതിന് നഗരസഭകളും കുടുംബശ്രീയും ഒറ്റക്കെട്ടായി നിന്നു കൊണ്ടാണ് ക്യാമ്പെയ്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. നഗരപ്രദേശങ്ങളിലെ കുടുംബശ്രീ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുകയും അതോടൊപ്പം സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി സംരംഭം തുടങ്ങാനുള്ള സഹായം ലഭ്യമാക്കുക എന്നതുമാണ് കാമ്പെയ്ന്‍റെ പ്രധാന ലക്ഷ്യങ്ങള്‍. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണം കുടുബശ്രീ ഉറപ്പുവരുത്തിയിട്ടുണ്ട്.

 അയല്‍ക്കൂട്ട ഗ്രേഡിങ്ങ്, ലിങ്കേജ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക, നഗരപ്രദേശങ്ങളിലെ അയല്‍ക്കൂട്ടങ്ങളുടെ ലിങ്കേജ് വായ്പാ പ്രവര്‍ത്തനങ്ങള്‍ നൂറു ശതമാനമാക്കുക, കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ ഉള്‍പ്പെടാത്തവരെ ഉള്‍ക്കൊള്ളിച്ച് സാധ്യതയ്ക്കനുസരിച്ച് അയല്‍ക്കൂട്ടങ്ങള്‍ പുതുതായി രൂപീകരിക്കുക, നഗരപ്രദേശങ്ങളിലെ പ്രവര്‍ത്തനരഹിതമായ അയല്‍ക്കൂട്ടങ്ങളെ കണ്ടെത്തി പ്രവര്‍ത്തനക്ഷമമാക്കുക, നഗരപ്രദേശങ്ങളില്‍ നടപ്പാക്കുന്ന എന്‍.യു.എല്‍.എം, പി.എം.എ.വൈ പദ്ധതികള്‍ അയല്‍ക്കൂട്ട ഭാരവാഹികള്‍ക്കു പരിചയപ്പെടുത്തുക, അയല്‍ക്കൂട്ടാംഗങ്ങളെ വികസന പ്രക്രിയയില്‍ പങ്കാളികളാക്കുക  എന്നിവ ക്യാമ്പെയ്ന്‍റെ പ്രധാന ലക്ഷ്യങ്ങളാണ്.

  സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി സംരംഭം ആരംഭിക്കുന്നതിനുള്ള സഹായം ലഭ്യമാക്കുക, പി.എം.എ.വൈ പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് എന്‍.യു.എല്‍.എം പദ്ധതിയുടെ കീഴിലുള്ള സ്വയംതൊഴില്‍, സ്കില്‍ പരിശീലനവും തൊഴിലും നല്‍കുന്ന ഘടകങ്ങള്‍ എന്നിവ വഴി തൊഴില്‍ അവസരം ലഭ്യമാക്കുന്നതിന്‍റെ സാധ്യത പരിചയപ്പെടുത്തുക, എസ്.ജെ.എസ്.ആര്‍വൈ, എന്‍.യു.എല്‍.എം ലിങ്കേജ് ലോണ്‍  വഴി നഗരപ്രദേശങ്ങളില്‍ സംരംഭം ആരംഭിച്ചിട്ടുള്ള വ്യക്തിഗത, ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് കുടുംബശ്രീ നല്‍കുന്ന ടെക്നോളജി ഫണ്ട്, ടെക്നോളജി അപ്ഗ്രഡേഷന്‍ ഫണ്ട്, റിവോള്‍വിങ്ങ് ഫണ്ട്, സെക്കന്‍ഡ് ഡോസ് അസിസ്റ്റന്‍സ്, ഇന്നവേഷന്‍ ഫണ്ട് എന്നിങ്ങനെയുള്ള അധിക ധനസഹായ പദ്ധതികളുടെ പ്രയോജനം പരിചയപ്പെടുത്തുക എന്നിവയും ക്യാംപെയ്ന്‍ വഴി നടപ്പാക്കി വരുന്നു.

ദേശീയ നഗര ഉപജീവന മിഷന്‍റെ കീഴിലുള്ള അറുപത് സിറ്റി മിഷന്‍ മാനേജര്‍മാര്‍, എഴുപത് സിറ്റി ടെക്നിക്കല്‍ സെല്‍ മാനേജര്‍മാര്‍, 93 മള്‍ട്ടി ടാസ്ക് പേഴ്സണ്‍സ്, നൂറോളം കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍, കൂടാതെ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, നഗരസഭാ സെക്രട്ടറിമാര്‍,പ്രോജക്ട് ഓഫീസര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.


     സ്പര്‍ശം ക്യാമ്പെയ്ന്‍റെ ഭാഗമായി ഇതിനകം 93 നഗരസഭകളിലെ 46000 ല്‍ പരം അയല്‍ക്കൂട്ടങ്ങളിലും അയല്‍ക്കൂട്ടയോഗങ്ങള്‍ നടന്നു വരികയാണ്.  കൂടാതെ നഗരസഭാപ്രദേശങ്ങളിലെ എ.ഡി.എസുകളില്‍ തദ്ദേശ സ്ഥാപന അധികൃതരുടെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട യോഗങ്ങള്‍ സംഘടിപ്പിക്കുകയും കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള വിശദീകരണവും അവയുടെ ആനുകൂല്യം ഇനിയും ലഭിക്കാത്തവരെ സംബന്ധിച്ചുള്ള വിവരശേഖരണവും നടന്നു വരികയാണ്. ഇപ്രകാരം ജില്ലകളില്‍ നിന്നു ലഭിക്കുന്ന സ്ഥിതി വിവര കണക്കുകള്‍ സംസ്ഥാനതലത്തില്‍ ക്രോഡീകരിച്ചു വരുന്നു. മാര്‍ച്ച് 20ന് മുമ്പായി ഇതു സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബശ്രീ സംവിധാനത്തില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളെ കണ്ടെത്തി അവരെയും അയല്‍ക്കൂട്ടങ്ങളിലേക്ക് ഉള്‍പ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

    നഗരദാരിദ്ര്യ നിര്‍മാജനത്തിനായി ദേശീയ നഗര ഉപജീവന മിഷന്‍, നഗരങ്ങളിലെ ഭവനരഹിതര്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള പ്രധാന മന്ത്രി ആവാസ് യോജന-(നഗരം) എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കുടുംബശ്രീ വഴിയാണ് നടപ്പാക്കി വരുന്നത്. ഈ പദ്ധതികളുടെ ഗുണഫലങ്ങള്‍ നഗരപ്രദേശങ്ങളിലെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും എത്തിക്കുക എന്നതും കാമ്പെയ്ന്‍ വഴി ലക്ഷ്യമിടുന്ന പ്രധാനപ്പെട്ട കാര്യമാണ്. നഗര അയല്‍ക്കൂട്ടങ്ങളില്‍ ഇപ്പോള്‍ 7,38,704 കുടുംബങ്ങളുണ്ട്. എങ്കിലും ഏകദേശം ഒരു ലക്ഷം നഗരദരിദ്രര്‍ ഇപ്പോഴും അയല്‍ക്കൂട്ട പരിധിയില്‍ നിന്നും പുറത്താണ്. ഇങ്ങനെയുള്ളവരെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലേക്ക് എത്തിക്കുന്നതിനാണ് കാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്.

   അര്‍ഹതയുണ്ടായിട്ടും ഗുണഭോക്തൃപട്ടികയില്‍ ഇടം ലഭിക്കാത്തവരുണ്ടെങ്കില്‍ അവരെയും ഭവന പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടാന്‍ സഹായിക്കും. ക്യാമ്പെയ്ന്‍ പൂര്‍ത്തിയാകുന്നതോടെ നഗരസഭാ പ്രദേശങ്ങളില്‍ കുടുംബശ്രീ സംവിധാനത്തില്‍ ഉള്‍പ്പെടാത്ത മുഴുവന്‍ പേരെയും കണ്ടെത്തി ഇതില്‍ ഉള്‍ച്ചേര്‍ക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

 

 

 

 

കുടുംബശ്രീയുടെ 'ഭക്ഷ്യ സുരക്ഷയ്ക്ക് എന്റെ കൃഷി': കേരളത്തില്‍ 20 ലക്ഷം പച്ചക്കറി സ്വയംപര്യാപ്ത കുടുംബങ്ങള്‍

Posted on Tuesday, March 13, 2018

തിരുവനന്തപുരം: ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് കുടുംബശ്രീ വിത്തു പാകിയ 'ഭക്ഷ്യസുരക്ഷയ്ക്ക് എന്‍റെ കൃഷി'  പദ്ധതിക്ക് മികച്ച വളര്‍ച്ച. പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്ത എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കുടുംബശ്രീ സംസ്ഥാനത്ത് ആവിഷ്ക്കരിച്ച പദ്ധതി എല്ലാ ജില്ലകളിലും ഇതിനകം ശ്രദ്ധേയമായ വേരോട്ടം നേടിക്കഴിഞ്ഞു. അയല്‍ക്കൂട്ട വനിതകള്‍ ഏറ്റെടുത്തു വിജയിപ്പിച്ച പദ്ധതിയിലൂടെ ഇരുപത് ലക്ഷം കുടുംബശ്രീ കുടുംബങ്ങളാണ് ഇപ്പോള്‍ പച്ചക്കറികള്‍ കൃഷി ചെയ്തു സ്വയംപര്യാപ്തത നേടിയത്.   

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളെല്ലാം അവര്‍ക്കാവശ്യമുള്ള പച്ചക്കറികള്‍ സ്വയം ഉല്‍പാദിപ്പിക്കുന്നതിനും ആവശ്യക്കാരായ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനുമായി ആവിഷ്ക്കരിച്ച പദ്ധതിയാണിത്.  പദ്ധതിയില്‍ അംഗമാകുന്ന ഏവര്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി വാര്‍ഡുതലത്തില്‍ അമ്പതു പേര്‍ക്കു വീതമാണ് പരിശീലനം നല്‍കുന്നത്. പരിശീലനം നടത്തുന്ന ദിവസം തന്നെ ഓരോ അംഗത്തിനും മികച്ച ഇനം പച്ചക്കറി വിത്തുകളും വിതരണം ചെയ്യും.

 ഓരോ ഗ്രൂപ്പുകള്‍ക്കും മാസ്റ്റര്‍ കര്‍ഷകയും മാസ്റ്റര്‍ കര്‍ഷക പരിശീലകരുടെ കൂട്ടായ്മയായ ജീവ-ടീമുമാണ് പരിശീലനം നല്‍കുന്നത്, മാസ്റ്റര്‍ കര്‍ഷകയ്ക്ക് മാസ്റ്റര്‍ കര്‍ഷക പരിശീലകരും പരിശീലനം നല്‍കുന്നു. ഗ്രൂപ്പുകള്‍ക്ക് കുറഞ്ഞത് രണ്ട് മണിക്കൂര്‍ പരിശീലനം നല്‍കും. കൃഷി ചെയ്യേണ്ടതിന്‍റെ ആവശ്യകത, പച്ചക്കറി കൃഷി പരിപാലനം, അടുക്കള മാലിന്യസംസ്ക്കരണവും ജൈവവള നിര്‍മ്മാണവും തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. ഒരംഗത്തിന് 20 രൂപയുടെ വിത്തുകളാണ് നല്‍കുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍, വിഎഫ്പിസികെ (വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള), കേരള കാര്‍ഷിക സര്‍വ്വകലാശാല, മറ്റ് സര്‍ക്കാര്‍ സ്ഥാപ നങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗുണമേയുള്ള വിത്തുകളാണിത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് പഞ്ചായത്ത് തലത്തില്‍ ജനപ്രതിനിധികളുമായി സംയോജിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍. പദ്ധതിയ്ക്ക് കൂടുതല്‍ പ്രചാരം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി പരിശീലനം കഴിഞ്ഞ് കൃഷി ആരംഭിക്കുന്ന ഓരോ അംഗത്തിന്‍റെയും വീടുകളില്‍ 'കുടുംബശ്രീ ഭക്ഷ്യസുരക്ഷാ ഭവനം' എന്ന പേരിലുള്ള സ്റ്റിക്കര്‍ പതിക്കും. ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കാനുള്ള ചുമതല മാസ്റ്റര്‍കര്‍ഷകര്‍ക്കാണ്.  

പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ള അയല്‍ക്കൂട്ട അംഗങ്ങളെ നാലു പേരുള്ള ഗ്രൂപ്പായി തിരിക്കും. പരിശീലനത്തിന് മുമ്പ് ഗ്രൂപ്പുകള്‍ സിഡിഎസില്‍ പത്ത് രൂപ അടച്ച് രജിസ്ട്രര്‍ ചെയ്യുകയും വേണം. ഓരോ സീസണിലും രജിസ്ട്രേഷന്‍ പുതുക്കണം. കുറഞ്ഞത് മൂന്നു സെന്‍റ് സ്ഥലത്തെങ്കിലും ഓരോ ഗ്രൂപ്പും ആകെ കൃഷി ചെയ്യണം. 25 സെന്‍റ് സ്ഥലത്ത് വരെ കൃഷി ചെയ്യാം. ഗ്രോബാഗ് കൃഷിയാണെങ്കില്‍ ഗ്രൂപ്പിലെ ഒരംഗത്തിന് കുറഞ്ഞത് 20 ഗ്രോബാഗുകളെങ്കിലും വേണമെന്നതാണ് നിബന്ധന. ഓരോ അംഗവും അഞ്ച് ഇനം പച്ചക്കറികളെങ്കിലും സ്വന്തം വീട്ടില്‍ കൃഷി ചെയ്യുകയും വേണം.

2017 ഓഗസ്റ്റ് 17 (കര്‍ഷക ദിനം കൂടിയായ ചിങ്ങം1) നാണ് കേരളത്തിലാകെ പദ്ധതി ആരംഭിച്ചത്. തുടക്കത്തില്‍ ആറ് ലക്ഷം കുടുംബങ്ങളില്‍ നിന്നുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പരിശീലനവും വിത്തും നല്‍കി. ഇത്തരത്തില്‍ കൃഷി ആരംഭിച്ച കുടുംബങ്ങള്‍ പലവട്ടം വിളവെടുക്കുകയും ചെയ്തു. ഇപ്പോള്‍ ഇരുപതു ലക്ഷത്തിലേറെ കുടുംബങ്ങളില്‍ പദ്ധതിയനുസരിച്ച് കൃഷി നടത്തുന്നു. പദ്ധതിക്ക് കീഴില്‍ കൃഷി നടത്തി പച്ചക്കറി ഉല്‍പാദിപ്പിക്കുന്ന കുടുംബങ്ങളെ ഭക്ഷ്യസുരക്ഷാ ഭവനങ്ങളായാണ് കണക്കാക്കുന്നത്.  വയോജന അയല്‍ക്കൂട്ട അംഗങ്ങളും ബഡ്സ്-മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളും  ഈ പദ്ധതിയില്‍ അംഗങ്ങളായി പലവിധ പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്.