നഗരസഭാ പ്രദേശത്തെ അര്‍ഹരായ എല്ലാവരിലേക്കും കുടുംബശ്രീ; സ്പര്‍ശം കാമ്പെയ്ന്‍ മുന്നേറുന്നു

Posted on Thursday, March 15, 2018

തിരുവനന്തപുരം:  അര്‍ഹരായ എല്ലാവരിലേക്കും കുടുംബശ്രീയെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച 'സ്പര്‍ശം'-നഗരതല കാമ്പെയ്ന്‍ വിജയകരമായി മുന്നേറുന്നു. ഫെബ്രുവരി 20ന് ആരംഭിച്ച കാമ്പെയ്ന്‍ ഇതിനകം പരമാവധി നഗരദരിദ്രരിലേക്കെത്തിക്കഴിഞ്ഞു. നഗരദാരിദ്ര്യം ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് അര്‍ഹരായ എല്ലാവര്‍ക്കും ഉപജീവനത്തിന് അവസരമൊരുക്കുന്നതിന് നഗരസഭകളും കുടുംബശ്രീയും ഒറ്റക്കെട്ടായി നിന്നു കൊണ്ടാണ് ക്യാമ്പെയ്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. നഗരപ്രദേശങ്ങളിലെ കുടുംബശ്രീ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുകയും അതോടൊപ്പം സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി സംരംഭം തുടങ്ങാനുള്ള സഹായം ലഭ്യമാക്കുക എന്നതുമാണ് കാമ്പെയ്ന്‍റെ പ്രധാന ലക്ഷ്യങ്ങള്‍. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണം കുടുബശ്രീ ഉറപ്പുവരുത്തിയിട്ടുണ്ട്.

 അയല്‍ക്കൂട്ട ഗ്രേഡിങ്ങ്, ലിങ്കേജ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക, നഗരപ്രദേശങ്ങളിലെ അയല്‍ക്കൂട്ടങ്ങളുടെ ലിങ്കേജ് വായ്പാ പ്രവര്‍ത്തനങ്ങള്‍ നൂറു ശതമാനമാക്കുക, കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ ഉള്‍പ്പെടാത്തവരെ ഉള്‍ക്കൊള്ളിച്ച് സാധ്യതയ്ക്കനുസരിച്ച് അയല്‍ക്കൂട്ടങ്ങള്‍ പുതുതായി രൂപീകരിക്കുക, നഗരപ്രദേശങ്ങളിലെ പ്രവര്‍ത്തനരഹിതമായ അയല്‍ക്കൂട്ടങ്ങളെ കണ്ടെത്തി പ്രവര്‍ത്തനക്ഷമമാക്കുക, നഗരപ്രദേശങ്ങളില്‍ നടപ്പാക്കുന്ന എന്‍.യു.എല്‍.എം, പി.എം.എ.വൈ പദ്ധതികള്‍ അയല്‍ക്കൂട്ട ഭാരവാഹികള്‍ക്കു പരിചയപ്പെടുത്തുക, അയല്‍ക്കൂട്ടാംഗങ്ങളെ വികസന പ്രക്രിയയില്‍ പങ്കാളികളാക്കുക  എന്നിവ ക്യാമ്പെയ്ന്‍റെ പ്രധാന ലക്ഷ്യങ്ങളാണ്.

  സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി സംരംഭം ആരംഭിക്കുന്നതിനുള്ള സഹായം ലഭ്യമാക്കുക, പി.എം.എ.വൈ പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് എന്‍.യു.എല്‍.എം പദ്ധതിയുടെ കീഴിലുള്ള സ്വയംതൊഴില്‍, സ്കില്‍ പരിശീലനവും തൊഴിലും നല്‍കുന്ന ഘടകങ്ങള്‍ എന്നിവ വഴി തൊഴില്‍ അവസരം ലഭ്യമാക്കുന്നതിന്‍റെ സാധ്യത പരിചയപ്പെടുത്തുക, എസ്.ജെ.എസ്.ആര്‍വൈ, എന്‍.യു.എല്‍.എം ലിങ്കേജ് ലോണ്‍  വഴി നഗരപ്രദേശങ്ങളില്‍ സംരംഭം ആരംഭിച്ചിട്ടുള്ള വ്യക്തിഗത, ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് കുടുംബശ്രീ നല്‍കുന്ന ടെക്നോളജി ഫണ്ട്, ടെക്നോളജി അപ്ഗ്രഡേഷന്‍ ഫണ്ട്, റിവോള്‍വിങ്ങ് ഫണ്ട്, സെക്കന്‍ഡ് ഡോസ് അസിസ്റ്റന്‍സ്, ഇന്നവേഷന്‍ ഫണ്ട് എന്നിങ്ങനെയുള്ള അധിക ധനസഹായ പദ്ധതികളുടെ പ്രയോജനം പരിചയപ്പെടുത്തുക എന്നിവയും ക്യാംപെയ്ന്‍ വഴി നടപ്പാക്കി വരുന്നു.

ദേശീയ നഗര ഉപജീവന മിഷന്‍റെ കീഴിലുള്ള അറുപത് സിറ്റി മിഷന്‍ മാനേജര്‍മാര്‍, എഴുപത് സിറ്റി ടെക്നിക്കല്‍ സെല്‍ മാനേജര്‍മാര്‍, 93 മള്‍ട്ടി ടാസ്ക് പേഴ്സണ്‍സ്, നൂറോളം കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍, കൂടാതെ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, നഗരസഭാ സെക്രട്ടറിമാര്‍,പ്രോജക്ട് ഓഫീസര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.


     സ്പര്‍ശം ക്യാമ്പെയ്ന്‍റെ ഭാഗമായി ഇതിനകം 93 നഗരസഭകളിലെ 46000 ല്‍ പരം അയല്‍ക്കൂട്ടങ്ങളിലും അയല്‍ക്കൂട്ടയോഗങ്ങള്‍ നടന്നു വരികയാണ്.  കൂടാതെ നഗരസഭാപ്രദേശങ്ങളിലെ എ.ഡി.എസുകളില്‍ തദ്ദേശ സ്ഥാപന അധികൃതരുടെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട യോഗങ്ങള്‍ സംഘടിപ്പിക്കുകയും കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള വിശദീകരണവും അവയുടെ ആനുകൂല്യം ഇനിയും ലഭിക്കാത്തവരെ സംബന്ധിച്ചുള്ള വിവരശേഖരണവും നടന്നു വരികയാണ്. ഇപ്രകാരം ജില്ലകളില്‍ നിന്നു ലഭിക്കുന്ന സ്ഥിതി വിവര കണക്കുകള്‍ സംസ്ഥാനതലത്തില്‍ ക്രോഡീകരിച്ചു വരുന്നു. മാര്‍ച്ച് 20ന് മുമ്പായി ഇതു സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബശ്രീ സംവിധാനത്തില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളെ കണ്ടെത്തി അവരെയും അയല്‍ക്കൂട്ടങ്ങളിലേക്ക് ഉള്‍പ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

    നഗരദാരിദ്ര്യ നിര്‍മാജനത്തിനായി ദേശീയ നഗര ഉപജീവന മിഷന്‍, നഗരങ്ങളിലെ ഭവനരഹിതര്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള പ്രധാന മന്ത്രി ആവാസ് യോജന-(നഗരം) എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കുടുംബശ്രീ വഴിയാണ് നടപ്പാക്കി വരുന്നത്. ഈ പദ്ധതികളുടെ ഗുണഫലങ്ങള്‍ നഗരപ്രദേശങ്ങളിലെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും എത്തിക്കുക എന്നതും കാമ്പെയ്ന്‍ വഴി ലക്ഷ്യമിടുന്ന പ്രധാനപ്പെട്ട കാര്യമാണ്. നഗര അയല്‍ക്കൂട്ടങ്ങളില്‍ ഇപ്പോള്‍ 7,38,704 കുടുംബങ്ങളുണ്ട്. എങ്കിലും ഏകദേശം ഒരു ലക്ഷം നഗരദരിദ്രര്‍ ഇപ്പോഴും അയല്‍ക്കൂട്ട പരിധിയില്‍ നിന്നും പുറത്താണ്. ഇങ്ങനെയുള്ളവരെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലേക്ക് എത്തിക്കുന്നതിനാണ് കാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്.

   അര്‍ഹതയുണ്ടായിട്ടും ഗുണഭോക്തൃപട്ടികയില്‍ ഇടം ലഭിക്കാത്തവരുണ്ടെങ്കില്‍ അവരെയും ഭവന പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടാന്‍ സഹായിക്കും. ക്യാമ്പെയ്ന്‍ പൂര്‍ത്തിയാകുന്നതോടെ നഗരസഭാ പ്രദേശങ്ങളില്‍ കുടുംബശ്രീ സംവിധാനത്തില്‍ ഉള്‍പ്പെടാത്ത മുഴുവന്‍ പേരെയും കണ്ടെത്തി ഇതില്‍ ഉള്‍ച്ചേര്‍ക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.