വാര്‍ത്തകള്‍

കുടുംബശ്രീ പോക്കറ്റ്മാർട്ട് ഉൽപന്ന വിപണനത്തിന് കരുത്തേകും: മന്ത്രി എം.ബി രാജേഷ്

Posted on Tuesday, August 5, 2025

കുടുംബശ്രീ പോക്കറ്റ്മാർട്ട് ഉൽപന്ന വിപണനത്തിന് കരുത്തേകുമെന്നും കുടുംബശ്രീ ഹോംഷോപ്പുകൾ പ്രാദേശിക സാമ്പത്തിക വികസനത്തിന് സഹായകമാകുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സംറ കൺവെൻഷൻ സെന്റ്റിൽ കുടുംബശ്രീ ഹോംഷോപ്പ് സംസ്ഥാനതല സംഗമം, പോക്കറ്റ്മാർട്ട് ആപ്ളിക്കേഷൻ, ഒാണം ഗിഫ്റ്റ് ഹാമ്പർ ലോഞ്ചിങ്ങ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  
 
ഹോംഷോപ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതും പുതുതായി രൂപകൽപന ചെയ്ത പോക്കറ്റ് മാർട്ട് ആപ്ളിക്കേഷനുമായി ഒാൺലൈൻ വ്യാപാര രംഗത്ത് സജീവമാകുന്നതും കുടുംബശ്രീയുടെ ഉൽപന്ന വിപണന മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുമെന്ന് മന്ത്രി പറഞ്ഞു. ഹോംഷോപ്പ് സംവിധാനം വഴി ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉൽപന്നങ്ങളാണ് ലഭ്യമാക്കുന്നത്. 19.5 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷം ഹോംഷോപ് വഴി നേടിയ വരുമാനം. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം പിന്നിടുമ്പോൾ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന വിവിധ ഹോംഷോപ്പുകൾ വഴി നേടിയ വരുമാനം 3.42 കോടി രൂപയാണ്. 2023--2024 സാമ്പത്തികവർഷം ബജറ്റിൽ പ്രഖ്യാപിച്ച കെ-ലിഫ്റ്റ് ഉപജീവന ക്യാമ്പയിൻ വഴി മൂന്നു ലക്ഷത്തിലേറെ പേർക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒാണ വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയുന്ന വിധം ഇതുവരെയില്ലാത്തെ പുതിയ ഇടപെടലാണ് കുടുംബശ്രീ നടത്തുന്നത്. ഇതിന്റെ ഭാഗമായി കുടുംബശ്രീ ഉൽപന്നങ്ങളുടെ അയ്യായിരം ഒാണം ഗിഫ്റ്റ് ഹാമ്പറുകൾ പോക്കറ്റ്മാർട്ട് വഴി വിപണനം ചെയ്യും. ഇതുകൂടാതെ സി.ഡി.എസ്തലത്തിൽ അമ്പതിനായിരം ഗിഫ്റ്റ് ഹാമ്പറുകൾ കൂടി വിപണനം ചെയ്യും. ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ നാല് വരെ തൃശൂരിൽ സംസ്ഥാനതല ഒാണം വിപണന മേള സംഘടിപ്പിക്കും. കൂടാതെ പതിമൂന്ന് ജില്ലകളിലായി ഇരുപത്തിമൂന്ന് ജില്ലാതല ഒാണം വിപണന മേളകളും സി.ഡി.എസ്തലത്തിൽ രണ്ടായിരത്തിലേറെ വിപണന മേളകളും സംഘടിപ്പിക്കും. ഒാണ വിപണി ലക്ഷ്യമിട്ട് പച്ചക്കറി കൃഷിയും പൂക്കൃഷിയും ഉൾപ്പെടെ 25000 ഏക്കറിൽ  കുടുംബശ്രീ ആരംഭിച്ചുകഴിഞ്ഞു.  പുതിയ കാലത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്ന പ്രവർത്തനങ്ങളാണ് കുടുംബശ്രീ നടത്തി വരുന്നത്. കേരളത്തെ മധ്യവരുമാന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒാണത്തിന് മുമ്പ് ഒരു ലക്ഷം വനിതകൾക്ക് തൊഴിൽ നൽകാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാണ്. കൂടാതെ വിജ്ഞാനകേരളവുമായി സഹകരിച്ച് ഒരുവർഷത്തിനുള്ളിൽ മൂന്നു ലക്ഷം പേർക്കും തൊഴിൽ ലഭ്യമാക്കും. തൊഴിൽദാതാവിന്റെ ആവശ്യമനുസരിച്ചുള്ള തൊഴിൽ നൈപുണ്യം സ്ത്രീകൾക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞ മന്ത്രി  സ്ഥലം മാറി പോകുന്ന എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷിന് കുടുംബശ്രീയുടെ ഉപഹാരവും ഒാണം ഗിഫ്റ്റ് ഹാമ്പറും സമ്മാനിച്ചു. പോക്കറ്റ്മാർട്ട് ആപ്ളിക്കേഷന്റെ പോസ്റ്റർ പ്രകാശനവും ഒാണം ഗിഫ്റ്റ് ഹാമ്പറുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.   
കുടുംബശ്രീ ഉൽപന്നങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് അവയുടെ ഏറ്റവും വലിയ നേട്ടമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു. ഹോംഷോപ്പ് ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണന സാധ്യതകളും സംരംഭകർക്കും ഹോംഷോപ്പ് ഒാണർമാർക്കും മെച്ചപ്പെട്ട വരുമാനലഭ്യതയും ഉറപ്പു വരുത്താനും  ഹോംഷോപ്പ് സംഗമം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.    

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. ജില്ലാ കലക്ടർ എൻഎസ്.കെ ഉമേഷ്, കളമശേരി നഗരസഭാധ്യക്ഷ സീമ കണ്ണൻ, തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷയും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ രമ സന്തോഷ്, വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ, കളമശേരി നഗരസഭ ഉപാധ്യക്ഷ സൽമഅബൂബക്കർ, കളമശേരി ഈസ്റ്റ് സി.ഡി.എസ് അധ്യക്ഷ സുജാത വേലായുധൻ,  മികച്ച സംരംഭകരായ രോഹിണി സതീഷ്, ഗ്രേസി ജോർജ് എന്നിവർ ആശംസിച്ചു.

കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ശ്രീകാന്ത് എസ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ സന്തോഷ് എം.ഡി, അമ്പിളി തങ്കപ്പൻ, രജിത കെ.ആർ, അനുമോൾ കെ.സി, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ മിഷൻ കോർഡിനേറ്റർ രജീന ടി.എം നന്ദി പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഹോംഷോപ്പ് ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ  അവതരിപ്പിച്ചു. തുടർന്ന് ഹോംഷോപ്പ് ഒാണർമാർ വിജയാനുഭവങ്ങൾ അവതരിപ്പിച്ചു. "ഡിജിറ്റൽ മാർക്കറ്റിങ്ങ്-കാഴ്ചപ്പാടുകളും നൈപുണ്യവും വിപണി വിജയത്തിന്' എന്ന വിഷയത്തിൽ ജീവൻ ഉത്തമൻ ക്ളാസ് നയിച്ചു.  

Content highlight
Kudumbashree Pocket Mart will strengthen product marketing: Minister M.B. Rajesh

കുടുംബശ്രീ ഹോംഷോപ്പ് സംസ്ഥാനതല സംഗമവും പോക്കറ്റ്മാർട്ട് വഴി ഒാണം ഗിഫ്റ്റ് ഹാമ്പർ ലോഞ്ചിങ്ങും ആഗസ്റ്റ് നാലിന്

Posted on Saturday, August 2, 2025

കുടുംബശ്രീ ഹോംഷോപ്പ് സംസ്ഥാനതല സംഗമവും പോക്കറ്റ്മാർട്ട് ആപ്ളിക്കേഷൻ ഒാൺലൈൻ ലോഞ്ചിങ്ങും ആഗസ്റ്റ് നാലിന് എറണാകുളം കളമശേരി സംറ കൺവെൻഷൻ സെന്റ്റിൽ രാവിലെ പത്തിന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ് എന്നിവർ വിശിഷ്ടാതിഥികളാകും.

കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ കുടുംബശ്രീ അംഗങ്ങൾ തന്നെ വീടുകളിൽ നേരിട്ടെത്തിച്ച് വിപണനം നടത്തുന്ന സംവിധാനമാണ് ഹോംഷോപ്പ്.  സംരംഭകരിൽ നിന്നും ഉൽപന്നങ്ങൾ ശേഖരിച്ച് വിപണനം നടത്തുന്ന അംഗങ്ങളാണ് ഹോംഷോപ്പ് ഒാണർമാർ. സംരംഭകരെയും ഉപഭോക്താക്കളെയും കോർത്തിണക്കുന്നതിനായി ഹോംഷോപ്പ് മാനേജ്മെന്റ് ടീമും ഇതോടൊപ്പം പ്രവർത്തിക്കുന്നു. നിലവിൽ എല്ലാ ജില്ലകളിലുമായി 51 മാനേജ്മെന്റ് ടീമുകളും ഇതിനു കീഴിൽ ഏഴായിരത്തിലധികം ഹോംഷോപ്പ് ഒാണർമാരും ആയിരത്തിലേറെ സംരംഭകരും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം 18.66 കോടി  രൂപയാണ് ഹോംഷോപ്പ് സംവിധാനം വഴിയുള്ള വിറ്റുവരവ്. കുടുംബശ്രീ അംഗങ്ങൾക്ക് മികച്ച വരുമാന ലഭ്യത ഉറപ്പു വരുത്തുന്ന മികച്ച ഹോംഷോപ്പ് മാതൃകകൾ സംഗമത്തോടനുബന്ധിച്ച് അവതരിപ്പിക്കും. ഇവ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.  

കുടുംബശ്രീ ഉൽപന്നങ്ങളും വിവിധ പദ്ധതികൾ വഴി ലഭ്യമാകുന്ന സേവനങ്ങളും ഇ-കൊമേഴ്സ് ആപ്ളിക്കേഷനിലൂടെ വിപണിയിലെത്തിക്കുന്നതിനായി കുടുംബശ്രീ രൂപീകരിച്ച പുതിയ സംവിധാനമാണ് പോക്കറ്റ്മാർട്ട് ആപ്ളിക്കേഷൻ. പോക്കറ്റ്മാർട്ട് ആപ് പ്ളേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്. ഇതുവഴി  ആഗസ്റ്റ് നാല് മുതൽ കുടുംബശ്രീ ഉൽപന്നങ്ങളുടെ  വിപണനം ആരംഭിക്കും. ഒാണത്തോടനുബന്ധിച്ച് കുടുംബശ്രീ ഉൽപന്നങ്ങളടങ്ങിയ ഗിഫ്റ്റ് ഹാമ്പറുകളുടെ ഒാൺലൈൻ വിപണനവും ഇതോടൊപ്പം ആരംഭിക്കും. ഉപഭോക്താക്കൾക്ക് തങ്ങൾക്കാവശ്യമുള്ള ഉൽപന്നങ്ങൾ പോക്കറ്റ് മാർട്ട് വഴി ഒാർഡർ ചെയ്യാനും ഉൽപന്നങ്ങൾ ഉപഭോക്താക്കളുടെ വീടുകളിൽ എത്തിക്കുന്നതിനുമുള്ള സംവിധാനമാണ് പോക്കറ്റ്മാർട്ട് വഴി ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെവിടെയും ഉൽപന്നങ്ങൾ കൊറിയർ വഴി എത്തിക്കുന്നതിനുളള സംവിധാനവും പൂർത്തിയായി.

കളമശേരി നഗരസഭാധ്യക്ഷ സീമ കണ്ണൻ, തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷയും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ രമ സന്തോഷ്, ചേമ്പർ ഒാഫ് മുനിസിപ്പൽ ചെയർമാൻ ജനറൽ സെക്രട്ടറി എം.ഒാ ജോൺ, വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ, കളമശേരി നഗരസഭ ഉപാധ്യക്ഷ സൽമഅബൂബക്കർ, കളമശേരി ഈസ്റ്റ് സി.ഡി.എസ് അധ്യക്ഷ സുജാത വേലായുധൻ എന്നിവർ ആശംസിക്കും.

കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ശ്രീകാന്ത് എസ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ സന്തോഷ് എം.ഡി, അമ്പിളി തങ്കപ്പൻ, രജിത കെ.ആർ, അനുമോൾ കെ.സി എന്നിവർ പങ്കെടുക്കും. ജില്ലാ മിഷന് കോർഡിനേറ്റർ രജീന ടി.എം നന്ദി പറയും.

Content highlight
Kudumbashree Homeshop state level meet and Onam gift hamper launch via PocketMart on August 4th

കുടുംബശ്രീ ഉൽപന്നങ്ങൾ ആഗസ്റ്റ് നാല് മുതൽ പോക്കറ്റ് മാർട്ട് വഴി ഒാൺലൈൻ വിപണിയിലെത്തും:മന്ത്രി എം.ബി രാജേഷ്

Posted on Friday, August 1, 2025

കുടുംബശ്രീ ഉൽപന്നങ്ങൾ കുടുംബശ്രീയുടെ ഒാൺലൈൻ പ്ളാറ്റ്ഫോമായ പോക്കറ്റ്മാർട്ട് ആപ്ളിക്കേഷനിലൂടെ ആഗസ്റ്റ് നാല് മുതൽ വിപണനം ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.  മാസ്ക്കോട്ട് ഹോട്ടലിൽ കുടുംബശ്രീ മാധ്യമശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  

ഇക്കുറി മലയാളിക്ക്  ഒാണം ആഘോഷിക്കാൻ ഗുണമേൻമയുള്ള കുടുംബശ്രീ ഉൽപന്നങ്ങളടങ്ങിയ ഗിഫ്റ്റ് ഹാമ്പറുകൾ പോക്കറ്റ്മാർട്ട് ആപ്ളിക്കേഷനിലൂടെ ഒാർഡർ ചെയ്തു വാങ്ങാനാകുമെന്ന് മന്ത്രി പറഞ്ഞു. 250 ഗ്രാം ചിപ്സ്. 250 ഗ്രാം ശർക്കരവരട്ടി, 100 ഗ്രാം സാമ്പാർ മസാല, 250 ഗ്രാം പായസം മിക്സ് സേമിയ, 250 ഗ്രാം പായസം മിക്സ് പാലട, 250 ഗ്രാം മുളക് പൊടി, 250 ഗ്രാം മല്ലിപ്പൊടി, 100 ഗ്രാം മഞ്ഞൾപ്പൊടി, 100 ഗ്രാം വെജിറ്റബിൾ മസാല തുടങ്ങി ഒമ്പത് ഇനം ഉൽപന്നങ്ങൾ ഉൾപ്പെട്ട പ്രതേ്യകമായി ഡിസൈൻ ചെയ്ത ഗിഫ്റ്റ് ഹാമ്പറിന് 799 രൂപയാണ് വില.  കുടുംബശ്രീയുടെ ഒാൺലൈൻ പ്ളാറ്റ്ഫോമായ പോക്കറ്റ്മാർട്ടിലൂടെ ഇക്കുറി 5000 ഗിഫ്റ്റ് ഹാമ്പറുകൾ വിപണനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതു കൂടാതെ സി.ഡി.എസുകൾ വഴി അമ്പതിനായിരം ഒാണക്കിറ്റുകൾ വിപണനം ചെയ്യാനും കുടുംബശ്രീ ലക്ഷ്യമിടുന്നു.

 തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒാണസമ്മാനമായും ഗിഫ്റ്റ് ഹാമ്പറുകൾ നൽകാനാകും. സമ്മാനം ലഭിക്കേണ്ട വ്യക്തിയുടെ ഫോട്ടോയും ആശംസയും ഉൾക്കൊള്ളുന്ന കസ്റ്റമൈസ്ഡ് ആശംസാ കാർഡുകൾ നൽകാനുള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. പോക്കറ്റ്മാർട്ട് ആപ് പ്ളേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്.

ഒാണത്തോടനുബന്ധിച്ച് ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ നാല് വരെ കുടുംബശ്രീയുടെ സംസ്ഥാനതല വിപണന മേള തൃശൂരിൽ സംഘടിപ്പിക്കും. ബാക്കി ജില്ലകളിൽ ജില്ലാതല വിപണന മേളകളും സംഘടിപ്പിക്കും. കൂടാതെ ഒരു സി.ഡി.എസിൽ രണ്ടു വീതം ആകെ രണ്ടായിരത്തിലേറെ ഒാണം വിപണന മേളകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കുറി ഒാണ സദ്യയുടെ ഒാർഡർ സ്വീകരിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള സംവിധാനവും എല്ലാ ജില്ലകളിലും ഒരുക്കുന്നുണ്ട്.  

Content highlight
Kudumbashree products will be available online through Pocket Mart from August 4th: Minister M.B. Rajesh

കുടുംബശ്രീ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു

Posted on Friday, August 1, 2025

കുടുംബശ്രീയുടെ വിപുലവും വ്യത്യസ്തവുമായ പദ്ധതികളെയും നേട്ടങ്ങളെയും സംബന്ധിച്ച് മാധ്യമങ്ങൾക്ക് അറിവ് പകരുന്നതിനായി കുടുംബശ്രീ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു. മാസ്കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച മാധ്യമ ശിൽപശാല തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി സുഭാഷ്, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ ഗീത നസീർ, സ്മിത സുന്ദരേശൻ, തിരുവനന്തപുരം പ്രസ് ക്ളബ് പ്രസിഡന്റ് പി.ആർ പ്രവീൺ എന്നിവർ മുഖ്യാതിഥികളായി.

അടുത്ത ഒരു വർഷത്തിനുളളിൽ മൂന്നു ലക്ഷം വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകി വേതനാധിഷ്ഠിത തൊഴിൽ ലഭ്യമാക്കുമെന്ന് മാധ്യമശിൽപശാല ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തൊഴിൽ അനേ്വഷകരായ സ്ത്രീകൾക്ക് തൊഴിൽദാതാക്കൾ ആവശ്യപ്പെടുന്ന നൈപുണ്യ പരിശീലനം ലഭ്യമാക്കിക്കൊണ്ട് തൊഴിൽ നേടിക്കൊടുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നിലവിൽ കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഇരുപത് ശതമാനമാണ്. ഇത് അമ്പതു ശതമാനമാക്കി ഉയർത്തും. ഇത് കേരളത്തിലെ സമ്പദ്ഘടനയിലും സാമൂഹ്യപുരോഗതിയിലും കുടുംബത്തിന്റെ അഭിവൃദ്ധിയിലും വലിയ പങ്കു വഹിക്കും. വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിച്ച് ഒാണത്തിന് ഒരു ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുകയാണ്. 2021-ലെ നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം കേരളത്തിലെ അതിദരിദ്രർ  0.71 ശതമാനമാണ്. 2024ൽ ഇത് 0.48 ശതമാനമായി കുറഞ്ഞു.

ദാരിദ്ര്യ നിർമാർജനം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ കുടുംബശ്രീ വഹിച്ച പങ്ക് സുപ്രധാനമാണ്. സംസ്ഥാനത്ത് കുടുംബശ്രീ സർവേയിലൂടെ കണ്ടെത്തിയ 64006 ദരിദ്ര കുടുംബങ്ങളിൽ 93 ശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞു. ഇതിൽ വീടില്ലാത്ത ഗുണഭോക്താക്കൾക്ക് ലൈഫ് മിഷനുമായി ചേർന്നു കൊണ്ട് വീടു നൽകുന്നതിനും ഭൂമിയില്ലാത്ത ഭവനരഹിതർക്ക് എത്രയും വേഗത്തിൽ ഭൂമി കണ്ടെത്തി വീട് ലഭ്യമാക്കുന്നതിനുള്ള  നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. നാലായിരത്തിലേറെ അതിദരിദ്ര കുടുംബങ്ങൾക്ക് "ഉജ്ജീവനം' പദ്ധതിയിലൂടെ വരുമാനം ലഭ്യമാക്കുന്നതിനും സാധിച്ചു. കുടുംബശ്രീയിൽ വനിതകളുടെ അംഗത്വം അമ്പത് ലക്ഷമാക്കി ഉയർത്തുകയാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

മാധ്യമ ശിൽപശാലയിൽ "കുടുംബശ്രീ-സ്ത്രീശാക്തീകരണത്തിന്റെ ലോക മാതൃക' എന്ന വിഷയത്തിൽ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സി.സി, കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം -കെ ടാപ് പദ്ധതി സംബന്ധിച്ച് കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ. എസ്. ഷാനവാസ് എന്നിവർ പ്രതേ്യക അവതരണം നടത്തി. ജില്ലയിലെ മികച്ച സംരംഭക ബിന്ദു പള്ളിച്ചൽ വിജയാനുഭവങ്ങൾ മാധ്യമപ്രവർത്തകരുമായി പങ്കുവച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതവും പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ നന്ദി പറഞ്ഞു.  

Content highlight
Kudumbashree organized a media workshop

ഓണത്തിന് ഒരു ലക്ഷം പേർക്ക് തൊഴിൽ: മന്ത്രി എം.ബി. രാജേഷ്

Posted on Tuesday, July 29, 2025

ഒാണത്തിന്  ഒരു ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കോഴിക്കോട്  മിയാമി കൺവെൻഷൻ സെന്റ്റിൽ  കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാരുടെ സംഗമം "ഒന്നായി നമ്മൾ'-സംസ്ഥാനതല ഉദ്ഘാടനവും സി.ഡി.എസ്തല പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും  നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിച്ച് അടുത്ത ഒരുവർഷത്തിനുള്ളിൽ മൂന്നു ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സ്ത്രീകൾക്ക് വരുമാനലഭ്യത നേടിക്കൊടുക്കുന്നതിന്റെ ഭാഗമായി സംരംഭ രൂപീകരണത്തിൽ ഏറെ മുന്നേറി കഴിഞ്ഞു. ഇനി വരുമാന വർധനവാണ് ലക്ഷ്യം. ഇതിനു വേണ്ടിയാണ് വിജ്ഞാനകേരളം പദ്ധതിയുമായി സഹകരിച്ച് വേതനാധിഷ്ഠിത തൊഴിലുകൾ ലഭ്യമാക്കുന്നത്. കുടുംബശ്രീയെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുളള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. നിലവിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഇരുപത് ശതമാനമാണ്. ഇത് അമ്പത് ശതമാനമായി ഉയർത്തുന്നതുവഴി കുടുംബത്തിലും സമൂഹത്തിലും വിപ്ളവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. കൂട്ടായ്മയിലൂടെ ആർജിച്ച കരുത്താണ് കുടുംബശ്രീയുടെ മൂലധനം. വിശ്വസിച്ച് ഏതു ദൗത്യവും ഏൽപ്പിക്കാൻ കഴിയുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറി കഴിഞ്ഞു. കേരളത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ സ്ത്രീകൾക്ക് കടന്നു വരാൻ അവസരമൊരുക്കിയത് കുടുംബശ്രീയാണ്. സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമാർജനത്തിനു വഴിയൊരുക്കിയതും ഈ പെൺകരുത്താണ്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഉജ്ജീവനം പദ്ധതി ഇതിന് ഏറെ സഹായകമായിട്ടുണ്ട്. നിരവധി മാതൃകാ പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്.1,26,000 ടൺ പാഴ്വസ്തുക്കൾ നീക്കം ചെയ്തു കൊണ്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഹരിതകർമസേന മാലിന്യസംസ്ക്കരണത്തിന് ഉത്തമമാതൃകയായി മാറിയിട്ടുണ്ട്. വയോജന രോഗീ പരിചരണ രംഗത്തെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ആവിഷ്ക്കരിച്ച കെ 4 കെയർ, സ്ത്രീകൾ നയിക്കുന്ന കൊച്ചി മെട്രോ വാട്ടർ മെട്രോ എന്നിവയെല്ലാം കുടുംബശ്രീയുടെ കാര്യപ്രാപ്തിക്ക് ഉദാഹരണമാണ്. സ്ത്രീധനം പോലുള്ള സാമൂഹിക പ്രശ്നങ്ങൾക്കെതിരേ ശക്തമായ ബോധവൽക്കരണം നടത്താൻ കുടുംബശ്രീ അംഗങ്ങൾ മുന്നോട്ടു വരണം.  കുടുംബശ്രീ പദ്ധതി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കുന്നതിലൂടെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നതിന് നേതൃത്വം നൽകുന്ന സി.ഡി.എസ് അധ്യക്ഷമാരെ അഭിനന്ദിച്ച മന്ത്രി പുതിയ കാലത്തിന് അനുസൃതമായി കുടുംബശ്രീക്ക് പുതിയ ഊർജ്ജവും ലക്ഷ്യവും കൈവരിക്കാൻ സി.ഡി.എസ് അധ്യക്ഷമാർക്ക് കഴിയട്ടെ എന്നും ആശംസിച്ചു.

കാൽ നൂറ്റാണ്ട് മുമ്പ് രൂപീകൃതമായ കുടുംബശ്രീയിലൂടെ   ദാരിദ്ര്യനിർമാർജനമെന്ന ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞ കുടുംബശ്രീ  കാലാനുസൃതമായി പുതിയ ലക്ഷ്യങ്ങൾ കൂടി പ്രവർത്തനങ്ങളിൽ ഉൾച്ചേർക്കണമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ജനകീയതയുടെ മുഖം നൽകി കൊണ്ട് സംഘടിപ്പിച്ച  സി.ഡി.എസ് അധ്യക്ഷമാരുടെ സംഗമം പുതിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായകമാകട്ടെയെന്നും മന്ത്രി ആശംസിച്ചു.

സമൂഹത്തിലെ ഒാരോ സ്ത്രീയുടെയും ആവശ്യങ്ങൾ അയൽക്കൂട്ട എ.ഡി.എസ്, സി.ഡി.എസ്തലത്തിൽ നിന്നും ഉയർന്നുവരണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ജെൻഡർ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തണം. സാമ്പത്തിക ശാക്തീകരണത്തിന് നിലവിലെ സംരംഭ രൂപീകരണത്തോടൊപ്പം മാർക്കറ്റിങ്ങ്, മാനേജ്മെന്റ്, നൈപുണ്യ പരിശീലനം എന്നീ മേഖലകളിലും മുന്നേറാൻ കഴിയണമെന്നും ടി.വി അനുപമ പറഞ്ഞു.

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്നുള്ള സി.ഡി.എസ് അധ്യക്ഷമാരാണ് കോഴിക്കോട് സംഘടിപ്പിച്ച സി.ഡി.എസ് സംഗമത്തിൽ പങ്കെടുത്തത്. രാവിലെ 9.30 മുതൽ 10 വരെ കുടുംബശ്രീ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സി.സി പ്രതേ്യക അവതരണം നടത്തി.

കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ നടത്തിയ കഴിഞ്ഞ  നാലു വർഷത്തെ പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും വിവരിക്കുന്നതാണ് പ്രോഗ്രസ് റിപ്പോർട്ട്.  നിലവിലെ സി.ഡി.എസ് അധ്യക്ഷമാർ 2022 ൽ ചുമതലയേറ്റ ശേഷം ഉപജീവന സാമൂഹ്യവികസന മേഖലകളിലും കേന്ദ്രാവിഷ്കൃത പദ്ധതികളിലും നടപ്പാക്കിയ പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളുമാണ് പ്രോഗ്രസ് റിപ്പോർട്ടിന്റെ ഉള്ളടക്കം.  ഒാരോ സി.ഡി.എസിലും നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾ മറ്റു സി.ഡി.എസുകൾക്കു കൂടി മനസിലാക്കാനും പ്രാവർത്തികമാക്കുന്നതിനുമുള്ള അവസരം ലഭ്യമാക്കുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.

ഉദ്ഘാടന സമ്മേളനത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ പി.സുരേന്ദ്രൻ മാസ്റ്റർ, ചേളന്നൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ, കുടുംബശ്രീ ഗവേണിങ്ങ് ബോഡി എക്സിക്യൂട്ടീവ് അംഗം കെ.കെ ലതിക, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ശ്യാം കുമാർ കെ.യു, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് അധ്യക്ഷ റീഷ്മ പി.കെ, സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇൻഡ്യ റീജിയണൽ മാനേജർ ബിജിത്ത് രാജഗോപാൽ എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കവിത പി.സി നന്ദി പറഞ്ഞു. സി.ഡി.എസ് അധ്യക്ഷമാരായ ചന്ദ്രമതി അമ്മ, കെ.പി ശ്യാമള, സൗമിനി സി.പി, രമണി എം.പി, ആർ.പി വത്സല, സുലോചന, യമുന രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

ഉദ്ഘാടന പരിപാടിക്കു ശേഷം 11.30 മുതൽ 3.30 വരെ ജില്ലകളുടെ വിഷയാവതരണവും 4.30 മുതൽ 5.30 വരെ ഒാപ്പൺ ഫോറവും സംഘടിപ്പിച്ചു.  

 

Content highlight
Employment for one lakh people for Onam: Minister M.B. Rajesh

പ്രമുഖ ദേശീയ മാധ്യമങ്ങളിലും കുടുംബശ്രീയുടെ പോക്കറ്റ്മാർട്ട്: രാജ്യത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള 'ദൈനിക് ഭാസ്ക്കറി'ലും കുടുംബശ്രീ വിശേഷം

Posted on Wednesday, July 23, 2025

കുടുംബശ്രീയുടെ പോക്കറ്റ് മാർട്ട് ആപ്ളിക്കേഷൻ വിശേഷങ്ങൾ രാജ്യത്തെ ഏറ്റവും കൂടുതൽ പ്രചാരമുള്ള പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കറിലും. കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന ആയിരത്തിലേറെ ഉൽപന്നങ്ങൾ ഒാൺലൈൻ വ്യാപാര രംഗത്തെത്തിക്കുന്നതിനായി രൂപകൽപന്ന ചെയ്ത പോക്കറ്റ്മാർട്ട് ആപ്ളിക്കേഷനും ഇതുവഴിയുള്ള വിപണനവും  സംബന്ധിച്ച വിവരങ്ങളാണ് വാർത്തയുടെ ഉള്ളടക്കം.

മധ്യപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിനപ്പത്രമാണ് ദൈനിക് ഭാസ്ക്കർ. 35 ലക്ഷത്തോളമാണ് പത്രത്തിന്റെ സർക്കുലേഷൻ. പ്രചാരത്തിൽ ലോകത്ത് നാലാം സ്ഥാനവുമുണ്ട്. ഒാൺലൈൻ വ്യാപാര രംഗത്ത് സജീവമാകുന്നതുൾപ്പെടെ കുടുംബശ്രീയുടെ വിവിധ മാതൃകാ പദ്ധതി പ്രവർത്തനങ്ങൾ രാജ്യത്തെ പ്രമുഖ ദേശീയ മാധ്യങ്ങളുടെ ശ്രദ്ധയാകർഷിച്ചു കൊണ്ട് മുന്നേറുന്നതിനിടെയാണ് ദൈനിക് ഭാസ്ക്കറിലും വാർത്ത ഇടം പിടിച്ചത്. 

 സ്ത്രീശാക്തീകരണവും ദാരിദ്ര്യ നിർമാർജനവും ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ ഏറ്റവും പുതിയ കാൽവയ്പ്പാണ് പോക്കറ്റ് മാർട്ട് ആപ്ളിക്കേഷൻ രൂപവൽക്കരണവും ഒാൺലൈൻ വ്യാപാരരംഗത്തേക്കുള്ള പ്രവേശനവും. ഇതു സംബന്ധിച്ച വാർത്ത ദൈനിക് ഭാസ്ക്കറിൽ ഇടം നേടിയത് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് ആഗോളതലത്തിൽ  പ്രചാരം ലഭിക്കാൻ സഹായകമാകും.

Content highlight
kudumbashree pocketmart news in dainik bhaskar

കുടുംബശ്രീ വ്‌ളോഗ്‌സ് ആന്‍ഡ് റീല്‍സ് മത്സരം സീസണ്‍ 2 ; വിജയികളെ പ്രഖ്യാപിച്ചു

Posted on Wednesday, July 23, 2025

കുടുംബശ്രീ സംഘടിപ്പിച്ച വ്‌ളോഗ്‌സ് ആന്‍ഡ് റീല്‍സ് മത്സരം രണ്ടാം സീസണ്‍ വിജയികളെ പ്രഖ്യാപിച്ചു. വ്‌ളോഗ്‌സ് മത്സരത്തില്‍ മലപ്പുറം ആക്കപ്പറമ്പ് ചരുവിളയില്‍ വീട്ടില്‍ രതീഷ്. ടി യും റീല്‍സ് മത്സരത്തില്‍ തൃശ്ശൂര്‍ വേലൂര്‍ കുറുമാലി വീട്ടില്‍ ജ്യോത്സന വിജിലും ഒന്നാം സ്ഥാനം സ്വന്തമാക്കി.

 വ്‌ളോഗ്‌സ് വിഭാഗത്തില്‍ രത്യുഷ്. ആര്‍ (വിജയലക്ഷ്മി നിലയം, വിളയന്നൂര്‍, പാലക്കാട്), സൗമ്യ എം.ടി.കെ (മലാപ്പറമ്പത്ത്, വടകര, കോഴിക്കോട്) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ . റീല്‍സ് വിഭാഗത്തില്‍ ഹാരിഫ ഹൈദര്‍ (പുല്ലൂര്‍ശ്ശങ്ങാട്ടില്‍, പുത്തനങ്ങാടി, മലപ്പുറം), ബീന രാജന്‍ (കൈപ്പട്ടൂര്‍ എ.ഡി.എസ്, എടയ്ക്കാട്ടുവയല്‍ സി.ഡി.എസ്, എറണാകുളം) എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.

  വ്‌ളോഗ്‌സ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് 50,000 രൂപ, രണ്ടാം സ്ഥാനത്തിന് 40,000 രൂപ, മൂന്നാം സ്ഥാനത്തിന് 30,000 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും. റീല്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 20,000 രൂപയും മൂന്നാം സ്ഥാനത്തിന് 15,000 രൂപയുമാണ് ക്യാഷ് അവാര്‍ഡ്. കൂടാതെ വിജയികള്‍ക്കെല്ലാം ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടത്തിയ മത്സരത്തില്‍ 50ലേറെ എന്‍ട്രികളാണ് ലഭിച്ചത്. 

 

Content highlight
KUDUMBAHREE VLOGS AND REELS CONTEST - WINNERS ANNOUNCED

കുടുംബശ്രീ 'മാ കെയർ സ്റ്റോർ' സംസ്ഥാനതല ഉദ്ഘാടനം 22ന്

Posted on Monday, July 21, 2025

കുടുംബശ്രീയുടെ 'മാ കെയർ സ്റ്റോർ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2025 ജൂലൈ 22ന് മൂന്നു മണിക്ക് കരമന ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി അധ്യക്ഷത വഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ വിശിഷ്ടാതിഥിയാകും. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് എന്നിവർ മുഖ്യാതിഥികളാകും. സംസ്ഥാനത്തെ  മുഴുവൻ ഹൈ സ്കൂളുകളിലും ഹയർ സെക്കണ്ടറി സ്കൂളുകളിലും മാ കെയർ സ്റ്റോറുകൾ ആരംഭിക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾ,  പാനീയങ്ങൾ,  സ്കൂൾ സ്റ്റേഷനറി ഐറ്റങ്ങൾ, സാനിട്ടറി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതാണ് മാ കെയർ പദ്ധതി. ഇവയെല്ലാം സ്കൂൾ കോമ്പൗണ്ടിനുളളിൽ തന്നെ ലഭ്യമാക്കിക്കൊണ്ട് കുട്ടികൾ പുറത്ത് പോകുന്നതും അപരിചിതരുമായി ഇടപെടുന്നത് ഒഴിവാക്കുന്നതിനും മാ കെയർ പദ്ധതി ലക്ഷ്യമിടുന്നു. സ്കൂൾ  കോമ്പൗണ്ടിനുള്ളിൽ തന്നെയാണ് സ്റ്റോറുകൾ പ്രവർത്തിക്കുക.  വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് ഇവിടെ  നിന്നും ഭക്ഷണ പാനീയങ്ങളും മറ്റു സാധനങ്ങളും മിതമായ നിരക്കിൽ വാങ്ങാനാകും. ലഘുഭക്ഷണങ്ങളും പാനീയങ്ങളും പഠന സഹായത്തിനാവശ്യമായ സ്റ്റേഷനറികളും ഉൾപ്പെടെ ലഭ്യമാക്കുന്നതു വഴി സ്കൂൾ സമയത്ത് കുട്ടികൾ പുറത്തു പോകുന്നത് ഒഴിവാക്കാനാകും. കൂടാതെ  സ്കൂളിനു വെളിയിലുളള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്ന സാഹചര്യങ്ങൾക്ക് തടയിടാനും കഴിയും.  

കുടുംബശ്രീ വനിതകൾക്ക് വരുമാനം ലഭ്യമാക്കുന്നതോടൊപ്പം ഉപജീവന മേഖലയെ ശക്തിപ്പെടുത്തുന്നതിനും   പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതി വഴി ആദ്യഘട്ടത്തിൽ കുറഞ്ഞത് 5000 വനിതകൾക്കെങ്കിലും മികച്ച ഉപജീവന മാർഗം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കണ്ണൂരിലും കാസർകോടും ആരംഭിച്ച പദ്ധതിക്ക് ഇതിനകം വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മാ കെയർ സ്റ്റോറുകൾ നടത്താൻ താൽപര്യമുള്ള സംരംഭകരെ സി.ഡി.എസിന്റെ പിന്തുണയോടെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളും നിലവിൽ ഊർജിതമാണ്. തിരഞ്ഞെടുക്കുന്നവർക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭ മാതൃകയിൽ സ്റ്റോർ നടത്തുന്നതിനാവശ്യമായ പരിശീലനം നൽകും. കുടുംബശ്രീയുടെ വിവിധ പദ്ധതികൾ, കമ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട്, ലിങ്കേജ് വായ്പ, ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹതം എന്നിവ വഴി സംരംഭം ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായവും ലഭ്യമാക്കും.

ഉദ്ഘാടന പരിപാടിയിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാർ, നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ ശരണ്യ എസ്.എസ്, ക്ളൈനസ് റോസാരിയോ, കരമന ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഷൈലമ്മ ടി.കെ, കരമന ജി.എച്ച്.എസ് ഹെഡ്മിസ്ട്രസ് ശ്രീജ പി, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ ഗീത നസീർ, സ്മിത സുന്ദരേശൻ, നഗരസഭാ വാർഡ് കൗൺസിലർ മഞ്ജു ജി.എസ്, തിരുവനന്തപുരം സി.ഡി.എസ്-3 അധ്യക്ഷ ഷൈന ടി, പി.ടി.എ പ്രസിഡന്റ് മാത്യു സി.ഡി എന്നിവർ ആശംസിക്കും. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി നന്ദി പറയും.  

Content highlight
Ma care store-state level inauguration on July 22

ഗോത്രകലാരൂപങ്ങൾ സംരംഭ മാതൃകയിലേക്ക്: 'ജന ഗൽസ' പദ്ധതിയുമായി കുടുംബശ്രീ

Posted on Thursday, July 17, 2025

തദ്ദേശീയ മേഖലയിൽ നിലവിലുളളതും അന്യം നിന്നു പോകുന്നതുമായ പാരമ്പര്യകലകൾക്ക് പുതുജീവൻ നൽകാൻ "ജന ഗൽസ' പദ്ധതിയുമായി കുടുംബശ്രീ. ജനങ്ങളുടെ ആഘോഷം എന്നാണ് ഇതിന്റെ അർത്ഥം. ഗോത്രകലാരൂപങ്ങൾ സംരംഭമാതൃകയിൽ രൂപീകരിച്ചു കൊണ്ട് തദ്ദേശീയ ജനതയ്ക്ക് മികച്ച തൊഴിലും വരുമാനവും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ഉദ്ദേശിക്കുന്നു. ഇതിന്റെ ആദ്യപടിയായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തദ്ദേശീയ മേഖലയിലെ മുഴുവൻ കലാകാരൻമാരെയും ഗോത്രകലാരൂപങ്ങളെ കുറിച്ചുമുള്ള സമഗ്രമായ ഡയറക്ടറി തയ്യാറാക്കും. പട്ടികവർഗ വിഭാഗത്തിലുള്ള അനിമേറ്റർമാരെ ഉപയോഗിച്ചുകൊണ്ടാകും സർവേ നടത്തുക. ആഗസ്റ്റ്ആദ്യവാരം സർവേ ആരംഭിച്ച് ഇരുപതിനകം പൂർത്തിയാക്കാനാണ് തീരുമാനം. ജനഗൽസയുമായി ബന്ധപ്പെട്ട മാർഗരേഖ തയ്യാറാക്കുന്നതിനും കർമപദ്ധതി ആവിഷ്ക്കരിക്കുന്നതിനുമായി തിരുവനന്തപുരത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു.  
 
നിലവിൽ തദ്ദേശീയ മേഖലയിൽ 38-ലേറെ വിഭാഗങ്ങളുണ്ട്. ഒാരോ വിഭാഗത്തിനും തനതായ കലാരൂപങ്ങളുമുണ്ട്. ഇവയെ പുനരുജ്ജീവിപ്പിച്ചു കൊണ്ട് അതിൽ നിന്നും വരുമാനദായക സംരംഭ രൂപീകരണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവിൽ കുടുംബശ്രീ നടപ്പാക്കുന്ന ട്രൈബൽ പദ്ധതിക്ക് കീഴിലെ അർഹരായ മുഴുവൻ ഗുണഭോക്താക്കളെയും ഇതിനായി കണ്ടെത്തും.  സംരംഭ മാതൃകയിൽ രൂപീകരിച്ച കലാരൂപങ്ങളെ ഉൾപ്പെടുത്തി സംസ്ഥാനതല കൺസോർഷ്യം രൂപീകരിക്കുന്നതിലൂടെ ഇവർക്ക് മെച്ചപ്പെട്ട ഉപജീവന മാർഗം തുറന്നു കിട്ടുമെന്നാണ് പ്രതീക്ഷ. ഗോത്രകലാരൂപങ്ങൾ ഉപയോഗിച്ചു കൊണ്ട് പാഠ്യപദ്ധതികളെ നവീകരിക്കുന്നതിനും ലക്ഷ്യമിടുന്നു.

ലഹരി അടക്കമുളള സാമൂഹ്യവിപത്തുകൾക്കെതിരേ സർക്കാരിന്റെ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും സംരംഭ മാതൃകയിൽ രൂപീകരിച്ച തദ്ദേശീയ കലാരൂപങ്ങൾ പ്രയോജനപ്പെടുത്തും. . കുടുംബശ്രീയുടെ തന്നെ കമ്യൂണിറ്റി തിയേറ്റർ ഗ്രൂപ്പായ രംഗശ്രീയുമായും സാംസ്കാരിക ടൂറിസം കേന്ദ്രങ്ങളുമായും  ചേർന്നു പ്രവർത്തിക്കും. ഫോക്ലോർ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കിർത്താഡ്സ് തുടങ്ങിയ സ്ഥാപനങ്ങളുമായും സഹകരിച്ചു കൊണ്ട് തദ്ദേശീയർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കും.
       
ജന ഗൽസയുടെ ഭാഗമായി കലയെ ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗോത്രകലകൾ, സംസ്ക്കാരം, ആചാര അനുഷ്ഠാനങ്ങൾ, തനതുഭക്ഷണം എന്നിവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ഇതിലൂടെ പുതുതലമുറ കുട്ടികൾക്കിടയിലേക്കും ഗോത്ര ജനതയുമായി ബന്ധപ്പെട്ട അറിവുകൾ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.   ഇതിനായി വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഗോത്രകലാരൂപങ്ങൾ സംബന്ധിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതടക്കമുളള കാര്യങ്ങൾ ആലോചിച്ച് നടപ്പാക്കും.  

രണ്ടു ദിവസങ്ങളിലായി നടന്ന ശിൽപശാലയിൽ കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത്, ഭാരത് ഭവൻ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, കേരള ഫോക്ലോർ അക്കാദമി പ്രോഗ്രാം ഒാഫീസർ വി.വി ലാവ്ലിൻ, മലയാളം സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് കെ.എം ഭരതൻ, എസ്,സി.ഇ.ആർ.ടി റിസർച്ച് അസോസിയേറ്റ് സതീഷ് കുമാർ കെ, കിർത്താഡ്സ് ലക്ചർ നീന വി, ഭാരത് ഭവൻ സോഷ്യൽ മീഡിയ എക്സ്പേർട്ട് ചന്ദ്രജിത്ത്, പാലക്കാട് ഡയറ്റ് സീനിയർ ലക്ചർ ഡോ.എം ഷഹീദ് അലി, ഡോ.എ മുഹമ്മദ് കബീർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ എം, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേർമാരായ ശാരിക എസ്, പ്രീത ജി നായർ എന്നിവർ നേതൃത്വം നൽകി. ജില്ലാ പ്രോഗ്രാം മാനേജർമാർ, തദ്ദേശീയ മേഖലയിൽ നിന്നും തിരഞ്ഞെടുത്ത കലാകാരൻമാർ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.

Content highlight
Kudumbashree to come up with 'Jana Galsa' Project

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരം, ഏഴാം സീസണ്‍- ഓഗസ്റ്റ് 15 വരെ എന്‍ട്രികള്‍ അയക്കാം

Posted on Wednesday, July 16, 2025

സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ സംഘടിപ്പിക്കുന്ന 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഏഴാം സീസണിലേക്ക് ചിത്രങ്ങള്‍ അയക്കാം. ഓഗസ്റ്റ് 15 ആണ് അവസാന തീയതി. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിലേക്ക് പരിഗണിക്കുക. പൊതുവിഭാഗത്തിനും അയല്‍ക്കൂട്ട/ഓക്‌സിലറി വിഭാഗത്തിനും പ്രത്യേകം സമ്മാനങ്ങളുണ്ട്.

  പൊതുവിഭാഗത്തില്‍ ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ അഞ്ച് പേര്‍ക്ക് 2000 രൂപവീതം പ്രോത്സാഹന സമ്മാനവുമുണ്ട്. അയല്‍ക്കൂട്ട/ഓക്‌സിലറി വിഭാഗത്തില്‍ ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപയും രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. അഞ്ച് പേര്‍ക്ക് 2000 രൂപവീതം പ്രോത്സാഹന സമ്മാന വുമുണ്ട്. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്‍ണ്ണരൂപം www.kudumbashree.org/photography2025 എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭിക്കും.

  കുടുംബശ്രീ അയല്‍ക്കൂട്ട യോഗങ്ങള്‍, അയല്‍ക്കൂട്ടാംഗങ്ങള്‍ നടത്തുന്ന വിവിധ സംരംഭ പ്രവര്‍ത്തനങ്ങളും കാര്‍ഷിക പ്രവര്‍ത്തനങ്ങളും, കുടുംബശ്രീ ബാലസഭകള്‍, ബഡ്‌സ് സ്ഥാപനങ്ങള്‍ എന്നിങ്ങനെ കുടുംബശ്രീയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആധാരമാക്കിയ ചിത്രങ്ങള്‍ എടുക്കാം.

  ഫോട്ടോകള്‍ kudumbashreephotocontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചു നല്‍കാം. ഫോട്ടോ പ്രിന്റുകളോ അല്ലെങ്കില്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാത്ത ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ സി.ഡി-യോ പെന്‍ഡ്രൈവോ 'പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ് (പി.ഒ), തിരുവനന്തപുരം- 695011 എന്ന വിലാസത്തിലേക്ക് അയച്ചു നല്‍കാം. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയി രിക്കണം.
                                                 

Content highlight
kudumbashree oru nerchithram photography competition season 7 starts