പട്ടികജാതി വിഭാഗത്തിന്റെ സമഗ്ര വികസനത്തിന് കുടുംബശ്രീ 'സമുന്നതി' പദ്ധതി വഴിയൊരുക്കും: മന്ത്രി എം.ബി രാജേഷ്
കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമുന്നതി പദ്ധതി പട്ടികജാതി വിഭാഗത്തിന്റെ സമഗ്ര പുരോഗതിക്ക് വഴിയൊരുക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പാലക്കാട് ആനക്കര പഞ്ചായത്തിലെ ചോലക്കുളമ്പിൽ പദ്ധതിയുടെ ഉദ്ഘാടനവും അയൽക്കൂട്ടങ്ങൾ, സി.ഡി.എസുകൾ എന്നിവയ്ക്കുളള റിവോൾവിങ്ങ് ഫണ്ട്, കമ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട്, ബ്രിഡ്ജ് കോഴ്സ് നടത്തിപ്പ്, കാര്യശേഷി വികസന പരിശീലനം, സാമൂഹ്യ വികസനം എന്നിവയ്ക്കുള്ള വിവിധ ഫണ്ടുകളുടെ വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികൾ, യുവജനങ്ങൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്കെല്ലാം പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് സമുന്നതി പദ്ധതിയുടെ നടത്തിപ്പ്. കുടുംബശ്രീ അംഗങ്ങൾക്ക് കാര്യശേഷി വികസനം, കുട്ടികളുടെ വിദ്യാഭ്യാസത്തിന് ബ്രിഡ്ജ് കോഴ്സ്, സംരംഭ രൂപീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കുന്നതിനായി പദ്ധതി നടപ്പാക്കുന്ന എട്ടു സി.ഡി.എസുകൾക്ക് ഒാരോന്നിനും ഒമ്പത് ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. അയൽക്കൂട്ടങ്ങൾക്ക് 15000 രൂപ വീതവും സി.ഡി.എസുകൾക്ക് ഒരു ലക്ഷം രൂപ വീതവുമാണ് റിവോൾവിങ്ങ് ഫണ്ടായി ലഭിക്കുക. സി.ഡി.എസുകൾക്ക് വൾണറബിലിറ്റി റിഡക്ഷൻ ഫണ്ടും ലഭിക്കും. അയൽക്കൂട്ട സംവിധാനത്തെ പ്രവർത്തനക്ഷമമാക്കുന്നതിനും വിവിധ പരിശീലനത്തിനും പഠനയാത്ര നടത്തുന്നതിനുമെല്ലാമുളള സാമ്പത്തിക സഹായമായാണ് സി.ഡി.എസുകൾക്ക് ഒരു ലക്ഷം രൂപ നൽകുന്നത്. പട്ടികജാതി മേഖലയിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും ബ്രിഡ്ജ് കോഴ്സുകൾ നടപ്പാക്കുന്നതിന് ഒരു ലക്ഷം രൂപ വീതം ലഭിക്കും. വിവിധ സാമൂഹിക വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി സി.ഡി.എസുകൾക്കും ഒരു ലക്ഷം വീതം നൽകും. പദ്ധതി തുടങ്ങുന്നതിന്റെ ഭാഗമായാണ് ഈ വർഷം ഇത്രയും സാമ്പത്തിക പിന്തുണകൾ നൽകുന്നത്. സി.ഡി.എസുകളും അയൽക്കൂട്ടങ്ങളും കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വയ്ക്കുന്ന മുറയ്ക്ക് കൂടുതൽ ഫണ്ട് അനുവദിക്കും. പട്ടികജാതി വിഭാഗക്കാർക്കു വേണ്ടിയുള്ള സമുന്നതി പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് കുഴൽമന്ദത്താണ്. രണ്ടാമതായി നടപ്പാക്കുന്നത് തൃത്താലയിലാണ്. ഇനി പത്തനംതിട്ട ജില്ലയിൽ മൂന്നു പഞ്ചായത്തുകളിൽ നടപ്പാക്കും. തൃത്താലയിൽ പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എം.എൽ.എ അധ്യക്ഷനായി ജില്ലാതല കമ്മിറ്റിയും പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി പഞ്ചായത്ത്തല കമ്മിറ്റിയും രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തുടർന്ന് ഐ.എസ്.ഒാ അംഗീകാരം നേടിയ ആനക്കര, പട്ടിത്തറ, കപ്പൂർ, പരതൂർ, ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല സി.ഡി.എസുകൾക്കും വിവിധ മേഖലയിൽ പ്രതിഭ തെളിയിച്ച കലാകാരൻമാർക്കും കലാകാരികൾക്കുമുള്ള ആദരവും മന്ത്രി നൽകി.
തൃത്താല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി റജീന അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ എം പദ്ധതി വിശദീകരിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷറഫുദ്ദീൻ കളത്തിൽ, വി.വി ബാലചന്ദ്രൻ, പട്ടികജാതി വികസന വകുപ്പ് ജില്ലാ ഉപദേശകസമിതി അംഗവും വിജിലൻസ്, മോണിട്ടറിങ്ങ് സമിതി അംഗവുമായ കെ.പി ശ്രീനിവാസൻ, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചർ, ആനക്കര ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ പി.കെ ബാലചന്ദ്രൻ, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാരായ ലീനാ രവി, ബിന്ദു മുരളീധരൻ, സുജാത മനോഹരൻ, ലത സൽഗുണൻ, സുജിത ജയപ്രകാശ്, സൗമ്യ സതീശൻ, ബേനസീർ, വിവിധ പാർട്ടി പ്രതിനിധികളായ സലീം കെ, പി. വേണു മാസ്റ്റർ, സൂര മലമക്കാവ്, ശ്രീജി കടവത്ത്, ഗിരീഷ് കുമാർ പി എന്നിവർ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അനുരാധ എസ് നന്ദി പറഞ്ഞു.
കുടുംബശ്രീയുടെ നേതൃത്വത്തിൽ പട്ടികജാതി വിഭാഗത്തിനായി നടപ്പാക്കുന്ന പ്രതേ്യക ജീവനോപാധി പദ്ധതിയാണ് "സമുന്നതി'. നേരത്തെ പാലക്കാട് ജില്ലയിലെ കുഴൽമന്ദം ബ്ളോക്കിൽ 2023ലാണ്“പദ്ധതിക്ക് തുടക്കമിട്ടത്. ഇത് വിജയം കൈവരിച്ചതിനെ തുടർന്നാണ് തൃത്താലയിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. തൃത്താല മണ്ഡലത്തിൽ ഉൾപ്പെടുന്ന ചാലിശ്ശേരി, കപ്പൂർ, നാഗലശ്ശേരി, തിരുമിറ്റക്കോട്, പട്ടിത്തറ, തൃത്താല, ആനക്കര, പരതൂർ പഞ്ചായത്തുകളിലെ 477 ഉന്നതികളിലാണ് പദ്ധതി നടപ്പാക്കുന്നത്. 7875 പട്ടികജാതി കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.



