വാര്‍ത്തകള്‍

സമഗ്രവും മാതൃകാപരവുമായ പ്രവർത്തന മികവ്: കുടുംബശ്രീയുടെ 607 സി.ഡി.എസുകൾക്ക് ഐ.എസ്.ഒാ അംഗീകാരം

Posted on Friday, September 19, 2025

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 607 സി.ഡി.എസുകൾക്ക്  പ്രവർത്തന സംവിധാനത്തിന്റെ ഗുണമേൻമയ്ക്കുള്ള ഐ.എസ്.ഒാ (ഇന്റർ നാഷണൽ ഒാർഗനൈസേഷൻ ഫോർ സ്റ്റാൻഡർഡൈസേഷൻ) സർട്ടിഫിക്കേഷൻ അംഗീകാരം. സി.ഡി.എസുകളുടെ പ്രവർത്തനങ്ങളിൽ സമ്പൂർണ ഗുണമേൻമ ഉറപ്പു വരുത്തിക്കൊണ്ട് പൊജുജനങ്ങൾക്ക് സംതൃപ്തിയോടെയുള്ള സേവനങ്ങൾ ലഭ്യമാക്കിയതിനാണ് അംഗീകാരം. ഇതോടെ സി.ഡി.എസുകൾക്ക് ഐ.എസ്.ഒാ അംഗീകാരം ലഭ്യമാക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. ഈ സാമ്പത്തിക വർഷം ബാക്കിയുള്ള 463 സി.ഡി.എസുകൾക്കു കൂടി ഐ.എസ്.ഒാ അംഗീകാരം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.  

കാര്യക്ഷമതയും ഗുണനിലവാരവുമുള്ള ഒാഫീസ് സംവിധാനം, സർക്കാർ അംഗീകൃത ബൈലോ പ്രകാരമുള്ള പ്രവർത്തനങ്ങളുടെ സമയബന്ധിതമായ പൂർത്തീകരണം, സി.ഡി.എസുകൾ മുഖേന നൽകുന്ന സേവനങ്ങളുടെ  മികവ്,  ഉയർന്ന പശ്ചാത്തല സൗകര്യങ്ങളോടു കൂടിയ സുസ്ഥിരവും സമഗ്രവുമായ ഒാഫീസ് മികവ് എന്നിവ കൈവരിച്ചു കൊണ്ടാണ് സി.ഡി.എസുകൾ ഐ.എസ്.ഒാ അംഗീകാരം നേടിയത്. സ്ത്രീകൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, വയോജനങ്ങൾ, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർ എന്നിവർക്കുള്ള സേവനങ്ങളും  ലഭ്യമാക്കി.  

ഗുണമേൻമാ നയരൂപീകരണം, സി.ഡി.എസ് ഒാഫീസിലെ സാമ്പത്തിക ഇടപാടുകളുടെയും രജിസ്റ്റ്റുകളുടെ സൂക്ഷിപ്പിലെയും കൃത്യത, ഇവയുടെ ശാസ്ത്രീയമായ പരിപാലനം, അയൽക്കൂട്ടങ്ങളുടെ വിവരങ്ങൾ, ഫണ്ടുകളുടെ വിനിയോഗം,  കൃത്യമായ അക്കൗണ്ടിങ്ങ് സിസ്റ്റം, കാര്യക്ഷമമായ ഒാഡിറ്റിങ്ങ് സംവിധാനം, കുടുംബശ്രീയുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിലെ കൃത്യത, സി.ഡി.എസുകൾക്ക് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയിലടക്കം കൈവരിച്ച മികവ് പരിഗണിച്ചാണ് സി.ഡി.എസുകൾക്ക് അംഗീകാരം.  

ഫയൽ സംവിധാനം കാര്യക്ഷമമാക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും  കിലയുടെയും അതത് പഞ്ചായത്ത് ഭരണസമിതിയുടെയും പൂർണ പിന്തുണയും സി.ഡി.എസുകൾക്ക് ലഭിക്കുന്നുണ്ട്.

സ്ഥാപനത്തിൽ ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കുന്നതു വഴി സി.ഡി.എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായരീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഐ.എസ്.ഒാ 9001-2015 സംവിധാനം വഴി ഉദ്ദേശിക്കുന്നത്. ഇതുവഴി സി.ഡി.എസ് പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനും സി.ഡി.എസിന്റെ വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും കഴിയും. മാതൃകാപരമായ പ്രവർത്തന മികവിന് വയനാട് ജില്ലയിലെ വെങ്ങപ്പള്ളി സി.ഡി.എസിനാണ് സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഒാ സർട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ചത്. മൂന്നു വർഷമാണ് ഒരു സർട്ടിഫിക്കേഷന്റെ കാലാവധി.

 

 

Content highlight
ISO certification for kudumbshree cds

വിവിധ ബാങ്കിങ്ങ് സേവനങ്ങൾ കുടുംബശ്രീ ബി.സി സഖിമാർ മുഖേന താഴെതട്ടിലേക്ക്

Posted on Thursday, September 18, 2025

കാനറാ ബാങ്ക് നൽകുന്ന വിവിധ സേവനങ്ങൾ ഇനി മുതൽ കുടുംബശ്രീ ബിസിനസ് കറസ്പോണ്ടന്റ്മാർ മുഖേന വാതിൽപ്പടിയിൽ എത്തും. കാനറാ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്കാണ് ഇവർ മുഖേന വിവിധ സേവനങ്ങൾ ലഭ്യമാവുക. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവർക്കും പെൻഷൻ വാങ്ങുന്നതടക്കമുള്ള ആവശ്യങ്ങൾക്കായി ബാങ്കിൽ പോകേണ്ടി വരുന്ന ശാരീരിക അവശത അനുഭവിക്കുന്നവരുമായ വ്യക്തികൾക്ക് ബി.സി സഖിമാരുടെ സേവനം ഏറെ സഹായകമാകും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ കാനറാ ബാങ്കിന്റെ കോർപ്പറേറ്റ് ബിസിനസ് കറസ്പോണ്ടന്റ് ഏജൻസിയായ മാഗ്നോട്ടിന്റെ സോണൽ മേധാവി കാർത്തികേയൻ എസ് എന്നിവർ ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.
 
 ബാങ്ക് അക്കൗണ്ട് തുറക്കൽ, പണം നിക്ഷേപിക്കലും പിൻവലിക്കലും ഉൾപ്പെടെയുള്ള പണം ഇടപാടുകൾ, അക്കൗണ്ട് ബാലൻസ് പരിശോധന, വായ്പാ തിരിച്ചടവ്, റെക്കറിങ്ങ് ഡെപ്പോസിറ്റ്, ഇൻഷുറൻസ് എന്റോൾമെന്റും ക്ളെയിമും തുടങ്ങി വിവിധ സേവനങ്ങൾ ബി.സി സഖിമാർ മുഖേന ലഭിക്കും.

സാധാരണക്കാർക്ക് ബാങ്കിങ്ങ് സേവനങ്ങൾ വാതിൽപ്പടിയിൽ എത്തിക്കുന്നതിന് "ഒരു സി.ഡി.എസിൽ ഒരു ബി.സി സഖി'  എന്ന കുടുംബശ്രീ പദ്ധതിയാണ് നടപ്പാക്കുന്നത്.
 കാനറാ ബാങ്കുമായി ചേർന്നു പ്രവർത്തിക്കുന്നതോടെ സംസ്ഥാനത്ത് നിലവിൽ വിവിധ ബാങ്കുകൾക്കായി  പ്രവർത്തിച്ചു വരുന്ന 760 ബി.സി സഖിമാർക്ക് പുറമേ പുതുതായി 350 പേർക്ക് കൂടി തൊഴിൽ ലഭ്യമാകും.

കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നു തന്നെ തിരഞ്ഞെടുത്ത അംഗങ്ങളാണ് ബി.സി സഖിമാർ. ബാങ്കിങ്ങ് സേവനങ്ങൾ നൽകുന്നതിന് കമ്മീഷൻ വ്യവസ്ഥയിലാണ് ഇവരുടെ വരുമാനം. ബാങ്കുകളാണ് ഇതു നൽകുന്നത്. കൂടാതെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നവർക്ക് കുടുംബശ്രീ മുഖേനയുള്ള സാമ്പത്തിക സഹായവും ലഭിക്കും.

കുടുംബശ്രീ ചീഫ് ഓ പ്പറേറ്റിങ്ങ് ഓഫീസർ സി.നവീൻ, പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ലിബിൻ ജി, മാഗ്നോട്ട് കൺസൾട്ടൻസി സർവീസ് ക്ളസ്റ്റർ എക്സിക്യൂട്ടീവ് സുമിത എന്നിവർ ധാരണാപത്രം കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു. 

 

Content highlight
BANKING SERVICE

കുടുംബശ്രീ ഓണം വിപണന മേള: വനിതാ കർഷകർക്കും സംരംഭകർക്കും ലഭിച്ചത് ഓണ"ക്കോടി'കൾ

Posted on Tuesday, September 16, 2025

ഇക്കുറിയും ഓണവിപണിയിൽ കൈ നിറയെ നേട്ടവുമായി കുടുംബശ്രീ. വിവിധ ഇനങ്ങളിലായി 40.44 കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ സ്വന്തമാക്കിയത്.   ജില്ലാതല വിപണന മേളകൾ, സി.ഡി.എസ്തല വിപണന മേളകൾ എന്നിവയ്ക്കു പുറമേ ഓണദ്യയും ഒാണം ഗിഫ്റ്റ് ഹാമ്പറും കൂടി ഒരുക്കിയതു വഴിയാണ് സംരംഭകർക്ക് ഇത്രയും വരുമാനം നേടാനായത്. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള കർഷക സംഘങ്ങൾക്കും സൂക്ഷ്മസംരംഭകർക്കുമാണ് ഈ വരുമാനമത്രയും ലഭിക്കുക.

സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച 1943 ഓണം വിപണന മേളകളിലൂടെ മാത്രം ആകെ 31.9 കോടി രൂപ നേടാനായി. സൂക്ഷ്മസംരംഭ മേഖലയിൽ നിന്നുള്ള ഉൽപന്നങ്ങളുടെയും കാർഷികോൽപന്നങ്ങളുടെയും  വിറ്റുവരവാണ് ഇതിൽ ഉൾപ്പെടുക.  കാർഷിക വിഭാഗത്തിൽ "ഒാണക്കനി',"നിറപ്പൊലിമ' പദ്ധതികളുടെ ഭാഗമായി പച്ചക്കറികളും പൂക്കളും വിറ്റഴിച്ചതിലൂടെ ലഭിച്ച 7,29,78,138 രൂപയും കൂടാതെ സ്ഥിരം കൃഷിയിനങ്ങളായ വാഴ, കപ്പ തുടങ്ങിയ കാർഷികോൽപന്നങ്ങളുടെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും വിപണനത്തിലൂടെ നേടിയ 3,02,55,115 രൂപയുടെ വിറ്റുവരവും ഇതിൽ ഉൾപ്പെടും. ഒാണവിപണി ലക്ഷ്യമിട്ടു കുടുംബശ്രീ നടപ്പാക്കുന്ന ഒാണക്കനിയും നിറപ്പൊലിമയും  ഇക്കുറി കർഷകർക്ക് മികച്ച വരുമാനത്തിന്റെയും വിളവെടുപ്പായി.

കുടുംബശ്രീ പോക്കറ്റ്മാർട്ട് ഇ-കൊമേഴ്സ് ആപ്ളിക്കേഷൻ വഴിയും സി.ഡി.എസുകൾ വഴിയും 98910 ഒാണം ഗിഫ്റ്റ് ഹാമ്പറുകൾ വിപണനം ചെയ്തു കൊണ്ട് കച്ചവടത്തിന്റെ പുത്തൻ ട്രെൻഡിനൊപ്പം നിൽക്കാനും കുടുംബശ്രീക്കായി. ഇതിലൂടെ മാത്രം 6.3 കോടി രൂപയുടെ വിറ്റുവരവ് ലഭിച്ചു. സംസ്ഥാനമെമ്പാടും മലയാളിക്ക് ഒാണസദ്യ നൽകുന്നതിനായി 1,22,557 ഒാർഡറുകളും നേടി.  2.24 കോടി രൂപയാണ് ഈയിനത്തിൽ നേടിയത്.

ഒാണം വിപണന മേളകളുടെ എണ്ണത്തിലും സംഘാടനത്തിലും ഇത്തവണയും കുടുംബശ്രീ മികവ്  കാട്ടി.  സംസ്ഥാനമൊട്ടാകെ 1068 സി.ഡി.എസുകളിലായി 1925 വിപണന മേളകളും പതിനെട്ട് ജില്ലാതല മേളകളുമാണ് സംഘടിപ്പിച്ചത്. 24378 കർഷക സംഘങ്ങളുടെയും 48952 സംരംഭകരുടെയും പങ്കാളിത്തവും ഒാണ വിപണിയിൽ ഉറപ്പിക്കാനായി. കാർഷികോൽപാദനത്തിലും ഇക്കുറി ഗണ്യമായ വർധനവ് ഉണ്ടായി. ഒാണക്കനി പദ്ധതിയുടെ ഭാഗമായി 8913 ഏക്കറിൽ പച്ചക്കറികൾ കൃഷി ചെയ്ത് ആകെ 977631.6 കി.ഗ്രാം പച്ചക്കറികളും നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി 1820 ഏക്കറിൽ പൂക്കൃഷി ചെയ്ത് 75715.25 കി.ഗ്രാം പൂക്കളും വിപണിയിലെത്തിച്ചു.  ഒാണാഘോഷത്തിന് ഗുണമേൻമയുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പൊതുവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാനും കുടുംബശ്രീ ഒാണം വിപണന മേളകൾ സഹായകമായി.

Content highlight
Kudumbashree Onam Marketing Fair: 40.44 crore sales turnover recorded

സംരംഭങ്ങളുടെ സുസ്ഥിര വളർച്ചയ്ക്കും പുരോഗതിക്കും ക്രിയാത്മക നിർദേശങ്ങളുമായി കുടുംബശ്രീ-എൻ.ആർ.എൽ.എം ദേശീയ ശിൽപശാല

Posted on Friday, September 12, 2025

ഉൽപാദനം മുതൽ വിപണനം വരെയുളള വിവിധ ഘട്ടങ്ങളിൽ പിന്തുണ നൽകിക്കൊണ്ട് സംരംഭങ്ങളെ ഗ്രോത്ത് എന്റർപ്രൈസുകളാക്കി രൂപപ്പെടുത്താൻ സഹായിക്കുന്ന നിരവധി മാർഗനിർദേശങ്ങളുമായി കുടുംബശ്രീ-എൻ.ആർ.എൽ.എം റൂറൽ എന്റർപ്രൈസ് ഇൻക്യുബേറ്റേഴ്സ് -ദേശീയതല ശിൽപശാലയുടെ രണ്ടാം ദിനം. പ്രവർത്തന വിജയം നേടാൻ കഴിയാത്ത ഗ്രാമീണ സംരംഭങ്ങളെയാണ് ഇൻക്യുബേറ്റർ പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, രാജ്യത്തെ വിവിധ സ്റ്റേറ്റ് റൂറൽ ലൈവിലിഹുഡ് മിഷനുകൾ, രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളായ ബിറ്റ്സ് പിലാനി, ഐ.ഐ.ടി ഭുവനേശ്വർ, ഐ.ഐ.എം ഉദയ്പൂർ, ഐ.ഐ.എം ഇൻഡോർ, ഐ.ഐ.എം കാശിപൂർ, ഐ.ഐ.എം കോഴിക്കോട് എന്നിവ കൂടാതെ മറ്റ് പ്രമുഖ  സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും അക്കാദമിക് വിദഗ്ധരും പങ്കെടുത്ത ശിൽപശാലയിലാണ് പ്രവർത്തനമികവിൽ പിന്നാക്കം നിൽക്കുന്ന സംരംഭങ്ങളുടെ സമഗ്രപുരോഗതിക്കായുള്ള ആശയരൂപീകരണം.

സുസ്ഥിര വരുമാന ലഭ്യതയ്ക്ക് പ്രാദേശിക വിപണികളിലടക്കം അവസരം കണ്ടെത്തുന്നതിനൊപ്പം ഡിജിറ്റൽ പ്ളാറ്റുഫോമുകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നതാണ് ശിൽപശാലയിൽ മുന്നോട്ടു വച്ച പ്രധാന നിർദേശങ്ങളിലൊന്ന്. ഇതിനായി സംരംഭകരെ തൊഴിൽപരമായും സാങ്കേതികമായും സജ്ജമാക്കണം. ഇൻക്യുബേറ്റർ പദ്ധതിയിൽ ഉൾപ്പെടുന്ന സംരംഭങ്ങൾക്ക് ബ്രാൻഡിങ്ങും മാർക്കറ്റിങ്ങും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പിന്തുണ ലഭ്യമാക്കുകയാണ് മറ്റൊന്ന്.  സംരംഭകരിൽ ആത്മവിശ്വാസവും അഭിരുചിയും വളർത്തുന്നതിനായി രാജ്യത്തെ വൻകിട സംരംഭങ്ങൾ സന്ദർശിക്കുന്നതിനും ഏറ്റവും മികച്ച സംരംഭകരുമായി അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിനുമുള്ള അവസരങ്ങൾ ലഭ്യമാക്കണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഇതിനായി രാജ്യമൊട്ടാകെയുള്ള കാർഷിക കാർഷികേതര മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണം തേടാനാകും. സംരംഭകർക്ക് സമയബന്ധിതമായ സാമ്പത്തികപിന്തുണയും തൊഴിൽ നൈപുണ്യ പരിശീലനവും ലഭ്യമാക്കണം.

ദേശീയ ശിൽപശാലയിൽ ലഭ്യമായ മികച്ച ആശയങ്ങളും നിർദേശങ്ങളും എൻ.ആർ.എൽ.എമ്മിന്റെ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് ഇൻക്യുബേറ്റർ പദ്ധതി പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരുമെന്നും ഗ്രാമീണ സംരംഭ മേഖലയെ നവീകരിക്കുന്നതിന് നൂതന ആശയങ്ങൾ ലഭ്യമാകുന്നതിന് ദേശീയ ശിൽപശാല സഹായകമായെന്നും  കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അഡീഷണൽ സെക്രട്ടറി ടി.കെ അനിൽ കുമാർ  സമാപന സമ്മേളനത്തിൽ ഒാൺലൈനായി പങ്കെടുത്തു കൊണ്ട് പറഞ്ഞു.

സംരംഭകരുടെ ഉൽപന്നങ്ങൾക്ക് ഫലപ്രദമായ വിപണനവേദിയൊരുക്കാൻ 48 ലക്ഷം വനിതകൾ അംഗങ്ങളായുള്ള കുടുംബശ്രീ ശൃംഖലയ്ക്ക് കഴിയുമെന്ന് കേരള മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പറഞ്ഞു.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ജോയിന്റ് ഡയറക്ടർ സ്വാതി ശർമ എസ്.എം വിജയാനന്ദിന് മെമന്റോ സമ്മാനിച്ചു. ഡയറക്ടർ രാജശ്വരി എസ്.എം, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ എന്നിവർ പങ്കെടുത്തു. ചീഫ് ഒാപ്പറേറ്റിങ്ങ് ഒാഫീസർ സി നവീൻ നന്ദി പറഞ്ഞു.  

ദേശീയ ശിൽപശാലയുടെ രണ്ടാം ദിനമായ ഇന്നലെ(11-9-2025)"സുസ്ഥിര ഗ്രാമീണ സംരംഭങ്ങൾക്ക് സാമ്പത്തിക പിന്തുണ', "പഠനവും പ്രതിഫലനവും-സ്വയംസഹായ സംഘങ്ങളുടെ സംരംഭങ്ങൾക്ക് ഇൻക്യുബേറ്റർമാർ', "സംയോജനവും പങ്കാളിത്തവും', "സ്റ്റേറ്റ് റൂറൽ ലൈവ്ലിഹുഡ് മിഷനുകൾക്കു വേണ്ടി ഇൻക്യുബേറ്റർ മോഡലുകളെ കണ്ടെത്തൽ', "മുന്നോട്ടുള്ള വഴികൾ-സംസ്ഥാന പദ്ധതികളും പ്രതിബദ്ധതയും' എന്നീ വിഷയങ്ങളിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. രാമകൃഷ്ണ എൻ.കെ, പോൾ ബേസിൽ, ദിഗ് വിജയ് ചൗധരി, ഇമ്മാനുവൽ മുറേ, മാർക്ക് ഡിസൂസ, ഡോ. സുബ്രാങ്ങ്സു സന്യാൽ, ഇന്ദ്രജിത്ത് ദാസ്, ആനന്ദ് ബി.വി, മധുമിത പൻഹരി, നിർമ്മല മെഹ്തോ, സുബ്രഹ്മണ്യ ശാസ്ത്രി സി.എസ്, ശാന്താമണി ചാറ്റർജീ, രഘു കച്ചിഭാട്ടിയ, ഡോ. സുരേഷ് സാക്ഹരേ, മദൻ പദകി, പ്രഫ.പുണ്യശ്ളോക് ദ്വിവേദി, വിഘ്നേഷ് വി, ബിദ്യുത് ബികാഷ് രാജ്കാൻവാർ, അജിത്ത് ചാക്കോ, ഡോ.ദുഖാബന്ധു സഹോ, നിതിഷ് കുമാർ സിൻഹ, പ്രഫ.റിഷി കുമാർ പ്രഫ. അഭിയുദയ ഗോയൽ, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ഷാനവാസ് എസ് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, രാജ്യത്തെ വിവിധ സ്റ്റേറ്റ് റൂറൽ ലൈവിലിഹുഡ് മിഷനുകൾ, രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളായ ബിറ്റ്സ് പിലാനി, ഐ.ഐ.ടി ഭുവനേശ്വർ, ഐ.ഐ.എം ഉദയ്പൂർ, ഐ.ഐ.എം ഇൻഡോർ, ഐ.ഐ.എം കാശിപൂർ, ഐ.ഐ.എം കോഴിക്കോട് എന്നിവ കൂടാതെ മറ്റ് പ്രമുഖ  സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും അക്കാദമിക് വിദഗ്ധരും ശിൽപശാലയിൽ പങ്കെടുത്തു. ഇൻക്യുബേറ്റർ പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ  നിന്നുളള അനുഭവങ്ങൾ പാനൽ ചർച്ചയിൽ പങ്കു വച്ചു.  ശിൽപശാലയുടെ അവസാന ദിനമായ ഇന്ന് (12-9-2025) പ്രതിനിധികൾ തിരുവനന്തപുരത്തെ പ്രീമിയം കഫേ, ഷീ ഹബ്, വെങ്ങാനൂരിലെ ന്യൂട്രിമിക്സ് യൂണിറ്റ്, കോട്ടുകാലിലെ കുടുംബശ്രീ ഹരിതകർമ സേന, മെറ്റീരിയൽ കളക്ഷൻ സെന്റർ എന്നിവിടങ്ങൾ സന്ദർശിക്കും.

 

*ഇൻക്യുബേറ്റർ പദ്ധതി വഴി കുടുംബശ്രീ* *പിന്തുണയ്ക്കുന്നത്*
   *150 സംരംഭങ്ങളെ**

വിവിധ കാരണങ്ങളാൽ വിപണിയിൽ വിജയം നേടാൻ കഴിയാത്ത ഗ്രാമീണ സംരംഭങ്ങളെ തിരഞ്ഞെടുത്ത് അവയെ സ്കെയിൽ അപ് ചെയ്ത് സുസ്ഥിര വരുമാനലഭ്യത കൈവരിക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഇൻക്യുബേറ്റർ. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന എസ്.വി.ഇ.പി അംബ്രല്ല പദ്ധതിക്ക് കീഴിൽ വരുന്ന സംരംഭകത്വ വികസന പദ്ധതികളിലെ ഒരു ഉപപദ്ധതിയാണിത്.
തിരഞ്ഞെടുക്കുന്ന സംരംഭങ്ങൾക്ക്  മികച്ച രീതിയിൽ പ്രവർത്തിക്കാനാവശ്യമായ അന്തരീക്ഷം ഒരുക്കി ഉയർന്ന തോതിലുള്ള ഉൽപാദനത്തിനും വിപണനത്തിനും സംരംഭകരുടെ തൊഴിൽനൈപുണ്യത്തിനും ആവശ്യമായ പിന്തുണകൾ ലഭ്യമാക്കുകയാണ് ഇൻക്യുബേറ്റർമാർ വഴി ചെയ്യുന്നത്.

മൂന്നു വർഷമാണ് ഒരു ഇൻക്യുബേറ്റ്റിന്റെ കാലാവധി. ഒാരോ വർഷവും സംരംഭത്തിന്റെ വാർഷിക വരുമാനവും പ്രവർത്തനപുരോഗതിയും വിലയിരുത്തും. നിലവിൽ കുടുംബശ്രീയുടെ കീഴിലുളള 150 സംരംഭങ്ങളെ സഹായിക്കുന്നതിനായി കോഴിക്കോട് ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റി(ഐ.ഐ.എം)നെ ഇൻക്യുബേറ്റ്റായി തിരഞ്ഞെടുത്തിട്ടുണ്ട്. 2024 മെയ് മുതൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്.  150 സംരംഭങ്ങളെയും ഗ്രോത്ത് എന്റർപ്രൈസുകളാക്കി മാറ്റുന്നതിന് ഒാരോ വർഷവും 10.7 കോടി രൂപ വീതം എൻ.ആർ.എൽ.എം അനുവദിച്ചിട്ടുണ്ട്.

Content highlight
Kudumbashree-NRLM National Workshop with Creative Suggestions for Sustainable Growth and Progress of Enterprises

കുടുംബശ്രീ-എൻ.ആർ.എൽ.എം റൂറൽ എന്റർപ്രൈസ് ഇൻക്യുബേറ്റർ- ത്രിദിന ദേശീയ ശിൽപശാലയ്ക്ക്  തുടക്കം

Posted on Thursday, September 11, 2025

മധ്യവർഗ വരുമാന രാജ്യങ്ങളുടെ നിരയിലേക്ക് കേരളത്തെ ഉയർത്തുകയാണ് അടുത്ത ലക്ഷ്യമെന്നും ഇതിൽ കുടുംബശ്രീക്ക് നിർണായക പങ്കു വഹിക്കാനാവുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീ, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹോട്ടൽ ഹൈസിന്തിൽ സംഘടിപ്പിക്കുന്ന റൂറൽ എന്റർപ്രൈസ് ഇൻക്യുബേറ്റർ -ത്രിദിന ദേശീയ ശിൽപശാലയുടെ  ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം അംബ്രല്ല പദ്ധതിയുടെ കീഴിൽ വരുന്ന സംരംഭകത്വ വികസന പദ്ധതികളിൽ ഉൾപ്പെട്ട ഒരു ഉപപദ്ധതിയാണ് ഇൻക്യുബേറ്റർ. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് നിലവിൽ ഇൻക്യുബേറ്റർ പദ്ധതി നടപ്പാക്കുന്നത്.

 

വിപണിയിൽ വിജയിക്കാൻ പ്രയാസം നേരിടുന്ന ഉൽപാദന സേവന മേഖലകളിലെ സംരംഭങ്ങൾക്ക് ഇൻക്യുബേറ്റർ പദ്ധതി വഴി ആവശ്യമായ പിന്തുണകൾ ലഭ്യമാക്കും.  ഇങ്ങനെ ഒാരോ കാലഘട്ടത്തിലും നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിച്ചു കൊണ്ട് സ്വയം ആധുനികവൽക്കരിച്ചു കൊണ്ടാണ് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ. എല്ലാവരേയും ഉൾക്കൊണ്ടു കൊണ്ട് മുന്നോട്ടു പോകുന്ന സമീപനമാണ് കുടുംബശ്രീയുടേത്. സ്ത്രീകൾക്ക് സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാംസ്കാരിക ശാക്തീകരണം നേടിക്കൊടുക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. ഇനി വരുമാന വർധനവാണ് ലക്ഷ്യം. ഇതിനായി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഇരുപതിൽ നിന്നും അമ്പത് ശതമാനമാക്കി ഉയർത്തും. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ വളർച്ചയ്ക്ക് ഇത് ഏറെ സഹായകമാകും. വേതനാധിഷ്ഠിത  തൊഴിൽ മേഖലകളിലും സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ നടപ്പാക്കി വരികയാണ്.  നിലവിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒാണത്തിനു മുമ്പ് ഒരു ലക്ഷം പേർക്ക് തൊഴിൽ എന്ന ലക്ഷ്യം കുടുംബശ്രീ കൈവരിച്ചു.

 

സംസ്ഥാനത്ത് അതിദാരിദ്ര്യനിർമാർജന പദ്ധതി വിജയകരമായി നടപ്പാക്കുന്നതിലും കുടുംബശ്രീ നിർണായക പങ്കു വഹിക്കുന്നു. പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ 64006 അതിദരിദ്ര കുടുംബങ്ങളിൽ 95 ശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുന്നതിൽ വലിയ പങ്കാണ് കുടുംബശ്രീ വഹിച്ചത്. വരുന്ന നവംബർ ഒന്നിന് മുമ്പായി ബാക്കി കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുമെന്നു പറഞ്ഞ മന്ത്രി കുടുംബശ്രീ റൂറൽ എന്റർപ്രൈസ് ഇൻക്യുബേറ്റർ- ത്രിദിന ദേശീയ ശിൽപശാല സംരംഭകത്വ വികസനത്തിന് പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നതിനും അതുവഴി സ്ത്രീകൾക്ക് സുസ്ഥിര വരുമാനലഭ്യതയ്ക്ക് അവസരമൊരുക്കുമെന്നും പറഞ്ഞു.  
ഗ്രാമീണ മേഖലയിലെ സംരംഭകർക്ക് സുസ്ഥിര ഉപജീവന മാർഗമൊരുക്കുന്നതിന്റെ ഭാഗമായി ഉൽപാദനം മുതൽ വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളിൽ ആവശ്യമായ പിന്തുണകൾ ലഭ്യമാക്കി ശക്തവും വിപുലവുമായ സംരംഭക ശൃംഖല സൃഷ്ടിക്കാനാവുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി ശൈലേഷ് കുമാർ സിങ്ങ് ഒാൺലൈനായി പങ്കെടുത്തു കൊണ്ട് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.

ഇൻക്യുബേറ്റർ പദ്ധതിക്കായി തിരഞ്ഞെടുക്കുന്ന സംരംഭങ്ങൾക്ക് വളരുന്നതിനാവശ്യമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും ഇതിനായി നവീനമായ ആശയങ്ങൾ, അറിവുകൾ,  അനുഭവ പരിജ്ഞാനം  എന്നിവ പങ്കു വയ്ക്കാനും വെല്ലുവിളികൾ മനസിലാക്കുന്നതിനും ശിൽപശാല സഹായകമാകുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടർ രാജേശ്വരി എസ്.എം പറഞ്ഞു.

 

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. ആസാം കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബിദ്യുത് സി.ദേഖ ആശംസിച്ചു. കുടുംബശ്രീ ചീഫ് ഒാപ്പറേറ്റിങ്ങ് ഒാഫീസർ സി.നവീൻ നന്ദി പറഞ്ഞു.

ശിൽപശാലയോടനുബന്ധിച്ച് ഇന്നലെ(10-9-2025) ആറ് വിഷയങ്ങളിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. "ദീൻ ദയാൽ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം -യാത്രയും മുന്നോട്ടുള്ള വഴിയും', "ഇൻക്യുബേറ്റർ  മാർഗരേഖ-കടമയും ഉത്തരവാദിത്തങ്ങളും', "ഗ്രാമീണ സംരംഭങ്ങൾക്ക് വിപണി ലഭ്യത', സംരംഭങ്ങളുടെ സ്കെയിൽ അപ്', "നൂതനാശയ മേഖലകളെ കാര്യക്ഷമമാക്കാൻ സാങ്കേതികവിദ്യ' തുടങ്ങി വിഷയങ്ങളിലായിരുന്നു ചർച്ച. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടർ രാജേശ്വരി എസ്.എം, റാമിന്ദർ സിങ്ങ് രേഖി, ദിഗ് വിജയ് ചൗധരി, ശശാങ്ക് കുമാർ, വിജയ് പ്രതാപ് സിങ്ങ് ആദിത്യ, മധുബൻ പാണ്ഡെ, പ്രഫ.അഭിഉദയ് ഗോയൽ, പ്രഫ.രാംകുമാർ, പ്രഫ. റിഷി കുമാർ, ലിജോ, പ്രഫ. പി യോഗീശ്വരി, ഡോ.രൂപാലി ഖനോൽക്കർ, ഡോ.തപസ് രഞ്ജാങ്കർ, ഡോ.ഡുഖാബന്ദു സഹൂ, ഡോ.നേത്രാപൽ സിങ്ങ്,  എന്നിവർ പങ്കെടുത്തു. ഇൻക്യുബേറ്റർ പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ  നിന്നുളള അനുഭവങ്ങൾ പാനൽ ചർച്ചയിൽ പങ്കു വച്ചു.

 

മൂന്നു ദിവസങ്ങളായി സംഘടിപ്പിക്കുന്ന ദേശീയ ശിൽപശാലയിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, രാജ്യത്തെ വിവിധ സ്റ്റേറ്റ് റൂറൽ ലൈവിലിഹുഡ് മിഷനുകൾ, രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളായ ബിറ്റ്സ് പിലാനി, ഐ.ഐ.ടി ഭുവനേശ്വർ, ഐ.ഐ.എം ഉദയ്പൂർ, ഐ.ഐ.എം ഇൻഡോർ, ഐ.ഐ.എം കാശിപൂർ, ഐ.ഐ.എം കോഴിക്കോട് എന്നിവ കൂടാതെ മറ്റ് പ്രമുഖ  സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും അക്കാദമിക് വിദഗ്ധരുമാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്.  ശിൽപശാലയിൽ വിവിധ വിഷയങ്ങളിലായി ആകെ പത്തോളം  സെഷനുകൾ ഉണ്ടാകും.

Content highlight
Kudumbashree's National Workshop on Rural Enterprise Incubators starts

കുടുംബശ്രീയും ധനലക്ഷ്മി ബാങ്കും ധാരണാപത്രത്തില്‍ ഒപ്പിട്ടു

Posted on Wednesday, September 10, 2025

കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വിവിധ ബാങ്കിങ് സേവനങ്ങള്‍ എത്തിക്കുന്നതിനായി കുടുംബശ്രീയും ധനലക്ഷ്മി ബാങ്കും ധാരണാപത്രം ഒപ്പുവച്ചു. ഇന്ന് തിരുവനന്തപുരത്ത് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസും ധനലക്ഷ്മി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ബിസിനസ് ഡെവലപ്പ്‌മെന്റ് & പ്ലാനിങ്) ബിജുകുമാര്‍ പി.എച്ചും ധാരണാപത്രം കൈമാറി.

  ധാരണപ്രകാരം സേവിങ്‌സ്, കറന്റ് ബാങ്ക് അക്കൗണ്ടുകള്‍,  അയല്‍ക്കൂട്ടങ്ങള്‍ക്ക് ലിങ്കേജ് വായ്പാ സേവനങ്ങള്‍, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ മുതലായവ ധനലക്ഷ്മി ബാങ്ക് കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാക്കും.

  ചടങ്ങില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ സി. നവീന്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍, ധനലക്ഷ്മി ബാങ്ക് ചീഫ് മാനേജര്‍ രാജേഷ് കെ. അലക്‌സ്, കുടുംബശ്രീ സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ലിബിന്‍. ജി എന്നിവര്‍ പങ്കെടുത്തു.

 

Content highlight
Kudumbashree signs MoU with Dhanalakshmi bank

ഹരിതകർമസേനാംഗങ്ങൾ കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാർ കോസ്റ്റൽ വൊളണ്ടിയർമാർ എന്നിവർക്ക് സർക്കാരിന്റെ ഒാണ സമ്മാനം

Posted on Monday, September 8, 2025

കുടുംബശ്രീ ഹരിതകർമസേനാംഗങ്ങൾ,  കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാർ
കോസ്റ്റൽ വൊളണ്ടിയർമാർ എന്നിവർക്ക് സർക്കാരിന്റെ ഒാണ സമ്മാനം. ഒാണം അലവൻസ് ആയിരം രൂപയിൽ നിന്നും 1250 രൂപയായി വർധിപ്പിച്ചു കൊണ്ടാണ് കേരളത്തിന്റെ ശുചിത്വസേനയ്ക്കുള്ള സർക്കാരിന്റെ കരുതൽ. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 36438 അംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഒാണത്തിനു മുമ്പായി എല്ലാവർക്കും ഒാണം അലവൻസ് വിതരണം പൂർത്തിയാക്കാനാണ് നിർദേശം. ഇതിന്റെ ഭാഗമായി  അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി തുക വിതരണം ചെയ്തു വരികയാണ്.

  ഇതു കൂടാതെ കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസ്അധ്യക്ഷമാർ, 82 കോസ്റ്റൽ വൊളണ്ടിയർമാർ എന്നിവർക്കും ഈ ഒാണം സന്തോഷിക്കാനുള്ള അവസരമാകും. ഇവരുടെ ഒാണം അലവൻസ് ആയിരത്തി ഇരുനൂറിൽ  നിന്നും 1450 ആയി വർധിപ്പിച്ചു. 250 രൂപയുടെ വർധനവാണ് ഇവർക്കും ലഭിക്കുക. ഹരിതകർമ സേനാംഗങ്ങൾ, സി.ഡി.എസ് അധ്യക്ഷ അധ്യക്ഷമാർ, കോസ്റ്റൽ വൊളണ്ടിയർമാർ എന്നിവർ ഉൾപ്പെടെ ആകെ 37590 പേർക്കാണ് ഇക്കുറി 250 രൂപ വർധനവോടെ ഒാണം അലവൻസ് ലഭിക്കുക.

Content highlight
onam bonus

കുടുംബശ്രീ സ്വാദ് ഇനി സൊമാറ്റോ വഴിയും ....

Posted on Thursday, August 28, 2025

കുടുംബശ്രീ വനിതാ സംരംഭകര്‍ തയ്യാറാക്കുന്ന രുചികരമായ ഭക്ഷ്യ വിഭവങ്ങള്‍ ഇനി മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംവിധാനമായ സൊമാറ്റോയിലൂടെയും ലഭ്യമാകും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റുകള്‍, കുടുംബശ്രീ കാന്റീനുകള്‍, ജനകീയ ഹോട്ടലുകള്‍, കാറ്ററിങ്ങ് സര്‍വീസ് യൂണിറ്റുകള്‍ എന്നിവയാണ് സൊമാറ്റോയില്‍ ഉള്‍പ്പെടുത്തുക. സെക്രട്ടറിയേറ്റ് ശ്രുതി ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി  എം.ബി. രാജേഷിന്റെ സാന്നിധ്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, സൊമാറ്റോ കേരള പ്രോഗ്രാം മാനേജര്‍ അല്‍ അമീന്‍ എന്നിവര്‍ കൈമാറി.

 സൊമാറ്റോയുമായി സഹകരിക്കുന്നതിലൂടെ കുടുംബശ്രീയുടെ കീഴിലുള്ള പ്രീമിയം റെസ്റ്റോറന്റുകള്‍, കാന്റീന്‍ കാറ്റ്‌റിങ്ങ് യൂണിറ്റുകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവയ്ക്ക് ഭക്ഷ്യവിഭവങ്ങളുടെ വിപണനം  ഊര്‍ജിതമാക്കുന്നതിനും അതുവഴി കൂടുതല്‍ വരുമാന ലഭ്യതയ്ക്കും അവസരമൊരുങ്ങും. കുടുംബശ്രീ നല്‍കിയ ലിസ്റ്റ് പ്രകാരം സൊമാറ്റോയുടെ പ്രതിനിധികള്‍ നേരിട്ടെത്തി ഹോട്ടലുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് ഇവയെ ഓണ്‍ബോര്‍ഡ് ചെയ്യാനുള്ള തീരുമാനം. ഒരിക്കല്‍ ഓണ്‍ബോര്‍ഡ് ചെയ്താല്‍ ഈ റെസ്റ്റൊറന്റുകള്‍ക്ക് സൊമാറ്റോ മര്‍ച്ചന്റ് ഡാഷ്‌ബോര്‍ഡിലേക്ക് പ്രവേശിക്കാനാകും.  

സൊമാറ്റോയില്‍ ഉള്‍പ്പെടുത്തുന്ന കുടുംബശ്രീ പ്രീമിയം കഫേ റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള ഹോട്ടലുകളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശീലനം നല്‍കും. ഇതില്‍ ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോം വഴി ഓര്‍ഡര്‍ സ്വീകരിക്കുന്നത് കൂടാതെ ഭക്ഷണം പായ്ക്കു ചെയ്യുന്നതിലും സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കുന്നതിലും സൊമാറ്റോയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.  

 ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, അസിസ്റ്റൻ്റ് സെക്രട്ടറി ജോണ്‍ വി. സാമുവല്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നവീന്‍. സി, പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. അഞ്ചല്‍ കൃഷ്ണ കുമാര്‍, കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേശ്. ജി, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ മുഹമ്മദ് ഷാന്‍ എസ്.എസ്, സുചിത്ര. എസ്, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ അഖിലേഷ് എ, അഞ്ജിമ സുരേന്ദ്രന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ നവജിത്, സൊമാറ്റോ പ്രതിനിധികളായ രവിശങ്കര്‍ (അക്വിസിഷന്‍ കീ അക്കൗണ്ട്‌സ് മാനേജര്‍), ചാള്‍സ് (ഫീല്‍ഡ് ഓപ്പറേഷന്‍സ് മാനേജര്‍) എന്നിവര്‍ പങ്കെടുത്തു.  
 

Content highlight
Kudumbashree and Zomoto signed MoU

ഇന്നു മുതൽ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ ഒാണം വിപണന മേള

Posted on Tuesday, August 26, 2025

ഇന്നു (26-8-2025) മലയാളിക്ക് ഒാണം ആഘോഷിക്കാനുള്ള പച്ചക്കറികളും പഴങ്ങളും പൂക്കളും മറ്റ് ഭക്ഷേ്യാൽപന്നങ്ങളുമായി സംസ്ഥാനമെമ്പാടും കുടുംബശ്രീയുടെ ഒാണം വിപണന മേളകളൊരുങ്ങുന്നു. സെപ്റ്റംബർ നാല് വരെയാണ് വിപണന മേളകൾ. തൃശൂർ ഒഴികെ ബാക്കി ജില്ലകളിലായി പതിമൂന്ന് ജില്ലാതല വിപണന മേളകളും ഒരു സി.ഡി.എസിൽ രണ്ടു വീതം രണ്ടായിരത്തിലേറെ വിപണന മേളകളും ഇക്കുറി സംഘടിപ്പിക്കും. 30 കോടി രൂപയാണ് വിപണന മേളകൾ വഴി പ്രതീക്ഷിക്കുന്ന വിറ്റുവരവ്.  കുടുംബശ്രീ ഒാണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ടൗൺ ഹാളിൽ ആഗസ്റ്റ് 28-ന് നാല് മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും.    

കുടുംബശ്രീ കർഷക സംഘങ്ങൾ ഉൽപാദിപ്പിക്കുന്ന കാർഷികോൽപന്നങ്ങളും സൂക്ഷ്മ സംരംഭകർ തയ്യാറാക്കുന്ന ഭക്ഷ്യ-ഭക്ഷേ്യതര ഉൽപന്നങ്ങളുമാണ് ഒാണവിപണിയിലെത്തുക. ബ്രാൻഡ് ചെയ്ത ഉൽപന്നങ്ങൾ ഉൾപ്പെടെയാണിത്. കുടുംബശ്രീയുടെ കാർഷിക പദ്ധതി "നിറപ്പൊലിമ'യുടെ ഭാഗമായി വിളവെടുക്കുന്ന പൂക്കളും സംരംഭകർ വിപണിയിലെത്തിക്കും. സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന സി.ഡി.എസ് വിപണന മേളകളിൽ അയ്യായിരത്തിലേറെ സംരംഭകരുടെ പങ്കാളിത്തവും ഉറപ്പു വരുത്തും. അതത് സി.ഡി.എസുകളും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാകും മേളയുടെ നടത്തിപ്പ്.  

ഇക്കുറി ഒാണസദ്യയുടെ വിപണനവും എല്ലാ ജില്ലകളിലും പുരോഗമിക്കുകയാണ്. പതിനാല് ജില്ലകളിലും വിവിധ ബ്ളോക്കുകളിലും ഒരുക്കിയിട്ടുള്ള കോൾ സെന്റർ നമ്പർ മുഖേനയാണ് ഒാണസദ്യയുടെ ബുക്കിങ്ങ്.  രണ്ടിനം പായസം ഉൾപ്പെടെ ഇരുപതിലേറെ വിഭവങ്ങളടങ്ങുന്നതാണ് കുടുംബശ്രീ സംരംഭകർ ഒരുക്കുന്ന ഒാണസദ്യ. സർക്കാർ അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്കൂളുകൾ, മാധ്യമ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ നിന്നാണ് ബുക്കിങ്ങ് ഏറെയും. വീടുകളിൽ നിന്നുള്ള ഒാർഡറുകളും സ്വീകരിക്കുന്നുണ്ട്.

ഇത്തവണ ഒാണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ഒാൺലൈൻ പ്ളാറ്റ്ഫോമായ പോക്കറ്റ്മാർട്ട് വഴി  വിപണിയിലെത്തിച്ച ഒാണം ഗിഫ്റ്റ് ഹാമ്പറിനും ഉപഭോക്താക്കൾക്കിടയിൽ ഏറെ സ്വീകാര്യത ലഭിക്കുന്നുണ്ട്.  അയ്യായിരത്തിലേറെ ഗിഫ്റ്റ് ഹാമ്പറുകളാണ് ഇതിനകം വിറ്റഴിഞ്ഞത്. സെപ്റ്റംബർ മൂന്നിനകം അയ്യായിരം ഗിഫ്റ്റ് ഹാമ്പറുകൾ വിപണനം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. വിപണനം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യം മറി കടന്നു. ഇതു കൂടാതെ സംസ്ഥാനമൊട്ടാകെ സി.ഡി.എസുകൾ വഴി അമ്പതിനായിരത്തിലേറെ ഗിഫ്റ്റ് ഹാമ്പറുകളും വിറ്റഴിഞ്ഞു. കുടുംബശ്രീ സംരംഭകർക്കാണ് ഈ വരുമാനമത്രയും ലഭിക്കുക.

 

 

Content highlight
Kudumbashree Onam fairs starts

കുടുംബശ്രീ "പോക്കറ്റ് മാർട്ട്'വഴി ഒാണം ഗിഫ്റ്റ് ഹാമ്പർ ബമ്പർ ഹിറ്റ് സംരംഭകരുടെ വരുമാനം 48 ലക്ഷം രൂപ

Posted on Monday, August 25, 2025

ഒാണത്തോടനുബന്ധിച്ച് കുടുംബശ്രീ പോക്കറ്റ്മാർട്ട് വഴി വിപണനം ചെയ്തത് 5400 ഒാണം ഗിഫ്റ്റ് ഹാമ്പറുകൾ. സെപ്റ്റംബർ മൂന്നിനകം 5000 ഗിഫ്റ്റ് ഹാമ്പറുകൾ വിപണനം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ബുക്കിങ്ങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷ്യം മറി കടക്കാനായി. 48 ലക്ഷം രൂപയാണ് ഇതിലൂടെ ലഭിച്ച വിറ്റുവരവ്. ഇതു കൂടാതെ സംസ്ഥാനമൊട്ടാകെ സി.ഡി.എസുകൾ വഴി അമ്പതിനായിരത്തിലേറെ ഗിഫ്റ്റ് ഹാമ്പറുകളും വിറ്റഴിഞ്ഞു. 3.5 കോടി രൂപയാണ് ഇതിലൂടെ ലഭിച്ച വിറ്റുവരവ്. കുടുംബശ്രീ സംരംഭകർക്കാണ് ഈ വരുമാനമത്രയും ലഭിക്കുക.

250 ഗ്രാം ചിപ്സ്. 250 ഗ്രാം ശർക്കരവരട്ടി, 100 ഗ്രാം സാമ്പാർ മസാല, 250 ഗ്രാം പായസം മിക്സ് സേമിയ, 250 ഗ്രാം പായസം മിക്സ് പാലട, 250 ഗ്രാം മുളക് പൊടി, 250 ഗ്രാം മല്ലിപ്പൊടി, 100 ഗ്രാം മഞ്ഞൾപ്പൊടി, 100 ഗ്രാം വെജിറ്റബിൾ മസാല തുടങ്ങി ഒമ്പത് ഇനം ഉൽപന്നങ്ങൾ ഉൾപ്പെടെ 799 രൂപയുടെ   ഗിഫ്റ്റ് ഹാമ്പറാണ് വിപണനത്തിനായി സജ്ജീകരിച്ചത്. പ്രിയപ്പെട്ടവർക്ക് ഒാണസമ്മാനമായി ഗിഫ്റ്റ് ഹാമ്പറുകൾ നൽകാനായത് വിപണനത്തെ സഹായിച്ചു. സമ്മാനം ലഭിക്കേണ്ട വ്യക്തിയുടെ ഫോട്ടോയും ആശംസയും ഉൾക്കൊള്ളുന്ന കസ്റ്റമൈസ്ഡ് ആശംസാ കാർഡുകൾ നൽകാനുള്ള സൗകര്യവും  ഒരുക്കിയിരുന്നു. പോക്കറ്റ്മാർട്ട് ആപ് പ്ളേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്. കുടുംബശ്രീ ഉൽപന്നങ്ങളും വിവിധ പദ്ധതികൾ വഴിയുള്ള സേവനങ്ങളും പോക്കറ്റ് മാർട്ട് വഴി ലഭ്യമാകും.

Content highlight
Kudumbashree's Onam gift hampersa bumper hit