സമഗ്രവും മാതൃകാപരവുമായ പ്രവർത്തന മികവ്: കുടുംബശ്രീയുടെ 607 സി.ഡി.എസുകൾക്ക് ഐ.എസ്.ഒാ അംഗീകാരം

Posted on Friday, September 19, 2025

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 607 സി.ഡി.എസുകൾക്ക്  പ്രവർത്തന സംവിധാനത്തിന്റെ ഗുണമേൻമയ്ക്കുള്ള ഐ.എസ്.ഒാ (ഇന്റർ നാഷണൽ ഒാർഗനൈസേഷൻ ഫോർ സ്റ്റാൻഡർഡൈസേഷൻ) സർട്ടിഫിക്കേഷൻ അംഗീകാരം. സി.ഡി.എസുകളുടെ പ്രവർത്തനങ്ങളിൽ സമ്പൂർണ ഗുണമേൻമ ഉറപ്പു വരുത്തിക്കൊണ്ട് പൊജുജനങ്ങൾക്ക് സംതൃപ്തിയോടെയുള്ള സേവനങ്ങൾ ലഭ്യമാക്കിയതിനാണ് അംഗീകാരം. ഇതോടെ സി.ഡി.എസുകൾക്ക് ഐ.എസ്.ഒാ അംഗീകാരം ലഭ്യമാക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. ഈ സാമ്പത്തിക വർഷം ബാക്കിയുള്ള 463 സി.ഡി.എസുകൾക്കു കൂടി ഐ.എസ്.ഒാ അംഗീകാരം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.  

കാര്യക്ഷമതയും ഗുണനിലവാരവുമുള്ള ഒാഫീസ് സംവിധാനം, സർക്കാർ അംഗീകൃത ബൈലോ പ്രകാരമുള്ള പ്രവർത്തനങ്ങളുടെ സമയബന്ധിതമായ പൂർത്തീകരണം, സി.ഡി.എസുകൾ മുഖേന നൽകുന്ന സേവനങ്ങളുടെ  മികവ്,  ഉയർന്ന പശ്ചാത്തല സൗകര്യങ്ങളോടു കൂടിയ സുസ്ഥിരവും സമഗ്രവുമായ ഒാഫീസ് മികവ് എന്നിവ കൈവരിച്ചു കൊണ്ടാണ് സി.ഡി.എസുകൾ ഐ.എസ്.ഒാ അംഗീകാരം നേടിയത്. സ്ത്രീകൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, വയോജനങ്ങൾ, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർ എന്നിവർക്കുള്ള സേവനങ്ങളും  ലഭ്യമാക്കി.  

ഗുണമേൻമാ നയരൂപീകരണം, സി.ഡി.എസ് ഒാഫീസിലെ സാമ്പത്തിക ഇടപാടുകളുടെയും രജിസ്റ്റ്റുകളുടെ സൂക്ഷിപ്പിലെയും കൃത്യത, ഇവയുടെ ശാസ്ത്രീയമായ പരിപാലനം, അയൽക്കൂട്ടങ്ങളുടെ വിവരങ്ങൾ, ഫണ്ടുകളുടെ വിനിയോഗം,  കൃത്യമായ അക്കൗണ്ടിങ്ങ് സിസ്റ്റം, കാര്യക്ഷമമായ ഒാഡിറ്റിങ്ങ് സംവിധാനം, കുടുംബശ്രീയുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിലെ കൃത്യത, സി.ഡി.എസുകൾക്ക് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയിലടക്കം കൈവരിച്ച മികവ് പരിഗണിച്ചാണ് സി.ഡി.എസുകൾക്ക് അംഗീകാരം.  

ഫയൽ സംവിധാനം കാര്യക്ഷമമാക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും  കിലയുടെയും അതത് പഞ്ചായത്ത് ഭരണസമിതിയുടെയും പൂർണ പിന്തുണയും സി.ഡി.എസുകൾക്ക് ലഭിക്കുന്നുണ്ട്.

സ്ഥാപനത്തിൽ ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കുന്നതു വഴി സി.ഡി.എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായരീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഐ.എസ്.ഒാ 9001-2015 സംവിധാനം വഴി ഉദ്ദേശിക്കുന്നത്. ഇതുവഴി സി.ഡി.എസ് പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനും സി.ഡി.എസിന്റെ വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും കഴിയും. മാതൃകാപരമായ പ്രവർത്തന മികവിന് വയനാട് ജില്ലയിലെ വെങ്ങപ്പള്ളി സി.ഡി.എസിനാണ് സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഒാ സർട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ചത്. മൂന്നു വർഷമാണ് ഒരു സർട്ടിഫിക്കേഷന്റെ കാലാവധി.

 

 

Content highlight
ISO certification for kudumbshree cds