വാര്‍ത്തകള്‍

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണവും തുടര്‍പ്രവര്‍ത്തനങ്ങളും ചരിത്രപരമായ ദൗത്യം: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

Posted on Monday, October 4, 2021

* ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് നിര്‍വഹിച്ചു   

തിരുവനന്തപുരം: കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണവും തുടര്‍പ്രവര്‍ത്തനങ്ങളും ചരിത്രപരമായ ദൗത്യമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കളിപ്പാന്‍കുളത്ത് ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സാമ്പത്തികസ്വാതന്ത്ര്യം നേടാന്‍ കഴിയുമെന്ന ആത്മവിശ്വസം ഓരോ സ്ത്രീയിലും വളര്‍ത്തിയെടുക്കുകയെന്നതാണ് ഓക്സിലറി ഗ്രൂപ്പുകളുടെ പ്രഥമദൗത്യമെന്ന് മന്ത്രി പറഞ്ഞു. അഭ്യസ്തവിദ്യരായിട്ടും നിരവധി സ്ത്രീകള്‍ തൊഴില്‍രഹിതരുടെ പട്ടികയിലേക്ക് മാറുന്നു. ഈ അവസ്ഥ മാറണം. ഐടി, ബയോടെക്നോളജി എന്നിവയടക്കമുള്ള മേഖലകളില്‍ സ്വയംതൊഴില്‍ കണ്ടെത്താന്‍ സ്ത്രീകള്‍ പരിശ്രമിക്കണം. അതോടൊപ്പം സാമൂഹ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പ്രശ്നങ്ങള്‍ക്കെതിരേ പ്രതിരോധിക്കാനും ശബ്ദമുയര്‍ത്താനും കഴിയുന്ന വിധത്തില്‍ ആശയപരമായ യുക്തിയും ശക്തിയുമുള്ള സ്ത്രീസമൂഹമായി ഓക്സിലറി ഗ്രൂപ്പുകള്‍ രൂപപ്പെടണം. ഓരോ അംഗവും ഓരോ സംരംഭകരായി മാറുന്ന തലത്തിലേക്ക് ക്രിയാത്മകമായി വളര്‍ന്നു വരാന്‍ കഴിയണം. ഗ്രൂപ്പ് രൂപീകരണത്തിന് ശേഷം അംഗങ്ങള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുമെന്നും, കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ തൊഴില്‍പദ്ധതികളുമായും നൈപുണ്യപരിശീലക കേന്ദ്രങ്ങളുമായും ഓക്സിലറി ഗ്രൂപ്പുകളെ ബന്ധപ്പെടുത്തിക്കൊണ്ട് വരുമാനദായക തൊഴില്‍ സംരംഭങ്ങളിലേക്ക് കടന്നു വരാന്‍ അവരെ പ്രാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു.

auxilary ing

   കോര്‍പ്പറേഷനു കീഴിലുള്ള സി.ഡി.എസ് മൂന്നില്‍ രൂപീകരിച്ച നവഗാഥ, കാലടി വാര്‍ഡിലെ  മാനസ, പുത്തന്‍പള്ളി വാര്‍ഡിലെ സംഗമം എന്നീ ഓക്സിലറി ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ നല്‍കിയ അംഗത്വ ഫോമുകളും മന്ത്രി സ്വീകരിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ്.സലിം അധ്യക്ഷത വഹിച്ചു. കളിപ്പാന്‍കുളം വാര്‍ഡ് കൗണ്‍സിലര്‍ സജുലാല്‍. ഡി, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ അനു.ആര്‍.എസ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ ഷൈന.എ, ബീന.പി, എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍ ഷൈജു നന്ദി പറഞ്ഞു.
ഓക്സിലറി ഗ്രൂപ്പുകളില്‍ ആര്‍ക്കെല്ലാം അംഗമാകാം?
അംഗത്വമെടുക്കേണ്ടത് എങ്ങനെ?
പതിനെട്ടിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കാണ് ഓക്സിലറി ഗ്രൂപ്പുകളില്‍ അംഗത്വമെടുക്കാന്‍ കഴിയുക.  ഒരു വീട്ടില്‍ നിന്നും ഈ പ്രായപരിധിയിലുള്ള ഒന്നിലധികം സ്ത്രീകള്‍ക്കും അംഗമാകാം. അയല്‍കൂട്ട കുടുംബാംഗമായ (18നും 40നും ഇടയില്‍ പ്രായമുള്ള) വനിതകള്‍ക്കും ഗ്രൂപ്പില്‍ അംഗമാകാം. ഓരോ വാര്‍ഡിലും അമ്പത് പേര്‍ വരെ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളാണ്  രൂപീകരിക്കുന്നത്. അമ്പതു പേരില്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വരുന്ന പക്ഷം പുതിയൊരു ഗ്രൂപ്പ് രൂപീകരിക്കാം. അതത് വാര്‍ഡുകളിലെ കുടുംബശ്രീ എ.ഡി.എസുകളുടെ നേതൃത്വത്തിലായിരിക്കും ഗ്രൂപ്പ് രൂപീകരണം. ഓരോ അംഗവും എല്ലാ മാസവും നിശ്ചിത തുക(കുറഞ്ഞത് പത്തു രൂപ) പ്രവര്‍ത്തന ഫണ്ടായി നല്‍കണം.  ഓരോ ഗ്രൂപ്പിലും ഒരു ലീഡര്‍, കൂടാതെ സാമ്പത്തികം, സാമൂഹിക വികസനം, ഉപജീവനം, ഏകോപനം എന്നീ ചുമതലകള്‍ വഹിക്കുന്നര്‍ ഉള്‍പ്പെടെ അഞ്ചംഗ കമ്മിറ്റിയും ഉണ്ടാകും.

അതത് ജില്ലാമിഷന്‍ ഭാരവാഹികള്‍, സി.ഡി.എസ് ഭാരവാഹികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ റിസോഴ്സ് പേഴ്സണ്‍മാര്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ അയല്‍ക്കൂട്ട പ്രദേശങ്ങളിലെ നാല്‍പതു വയസിനു താഴെ പ്രായമുള്ള അര്‍ഹരായ വനിതകളെ കണ്ടെത്തി ഇവരില്‍ നിന്നും താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പുകള്‍ രൂപീകരിക്കുക. അംഗത്വമെടുക്കാനുള്ള അപേക്ഷാ ഫോം അതത് സി.ഡി.എസ് ഓഫീസില്‍ നിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സി.ഡി.എസ് ചെയര്‍പേഴ്സന്‍റെ ശുപാര്‍ശ സഹിതം ജില്ലാമിഷന്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കും. അന്തിമഘട്ട പരിശോധനകള്‍ക്ക് ശേഷം ഗ്രൂപ്പുകള്‍ക്ക് അംഗീകാരം നല്‍കും. അതത് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവി അധ്യക്ഷനായ വിലരുത്തല്‍ സമിതിയാണ് ഓക്സിലറി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക. ഒക്ടോബര്‍ 31നകം കേരളമൊട്ടാകെ ഇരുപതിനായിരം ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

പ്രവര്‍ത്തനങ്ങള്‍
സ്ത്രീകള്‍ക്ക് സമൂഹത്തിലെ ഇടപെടല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനോടൊപ്പം അവരുടെ സര്‍ഗാത്മക കഴിവുകള്‍ക്ക് പ്രോത്സാഹനവും വേദിയും നല്‍കുക, സാമൂഹ്യതിന്‍മകള്‍ക്കെതിരേ പ്രതിരോധിക്കാനുള്ള പ്രാദേശിക സംവിധാനമായി മാറുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ഓക്സിലറി ഗ്രൂപ്പുകള്‍ വഴി നടപ്പാക്കുക. കൂടാതെ സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍, തൊഴില്‍ പദ്ധതികള്‍, തൊഴില്‍ നൈപുണ്യ പരിശീലന പരിപാടികള്‍ എന്നിവയുമായെല്ലാം ബന്ധപ്പെടുത്തിക്കൊണ്ട് സ്ത്രീകളെ വൈവിധ്യമാര്‍ന്ന ഉപജീവന സാധ്യതകളിലേക്ക് ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ഇതിലൂടെ സംഘടിപ്പിക്കും.

Content highlight
Kudumbashree Auxiliary Group Formation officially starteden

ഓക്സിലറി ഗ്രൂപ്പ് രൂപീകരണം കുടുംബശ്രീയുടെ ന്യൂജെന്‍ സംവിധാനം, കേരളത്തില്‍ ശക്തമായ സാമൂഹ്യ മുന്നേറ്റമാകും: മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

Posted on Friday, October 1, 2021

കുടുംബശ്രീയുടെ ന്യൂജെന്‍ സംവിധാനമെന്ന നിലയ്ക്ക് ഒക്ടോബര്‍ രണ്ടു മുതല്‍ സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പുകള്‍ കേരളത്തില്‍ ശക്തമായ സാമൂഹ്യ മുന്നേറ്റമായി മാറുമെന്ന് തദ്ദേശസ്വയംഭരണ ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഗ്രൂപ്പ് രൂപീകരണത്തിന് മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍, മിഷന്‍ ജീവനക്കാര്‍, കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍, കുടുംബശ്രീ റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവരുമായി ഓണ്‍ലൈനായി സംവദിക്കുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ തൊഴിലില്ലായ്മ കൂടുതലാണ്. തൊഴില്‍രഹിതരായ യുവതികളുടെ പട്ടികയില്‍ ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകളുമുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പ്രാദേശികതലത്തില്‍ കാര്‍ഷിക വ്യാവസായിക സേവന മേഖലകളിലെ വിഭവ സാധ്യതകള്‍ മനസ്സിലാക്കി അതിനനുസൃതമായ തൊഴില്‍ രംഗങ്ങളിലേക്ക് കടന്നു ചെല്ലാന്‍ വനിതകളെ സഹായിക്കുകയാണ് ഓക്സിലറി ഗ്രൂപ്പുകളിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് നൈപുണ്യ വികസന പരിശീലനവും  സംരംഭകത്വ വികസന പരിശീലനങ്ങളും നല്‍കി കുടുംബശ്രീയുടെ യുവതലമുറ ഉള്‍പ്പെടുന്ന സംവിധാനത്തെ ശക്തമാക്കും. വിവിധ വകുപ്പുകളുമായും നൈപുണ്യപരിശീലന കേന്ദ്രങ്ങളുമായും സംയോജിച്ചു കൊണ്ടായിരിക്കും ഇത്. വനിതാ കമ്മീഷന്‍റെ നേതൃത്വത്തില്‍ പഞ്ചായത്ത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികളുമായി ചേര്‍ന്നുകൊണ്ട് സ്ത്രീധന ഗാര്‍ഹിക പീഡനം, മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കെതിരെ പ്രതിരോധിക്കുന്ന കരുത്തുറ്റ പ്രാദേശിക സംവിധാനങ്ങളായി ഓക്സിലറി ഗ്രൂപ്പുകളും മാറ്റും. കൂട്ടായ്മയുടെ പിന്‍ബലം കൈവരിക്കുന്നതു വഴി ഓക്സിലറി ഗ്രൂപ്പുകള്‍ എന്ന ആശയം വലിയൊരു ഭൗതിക ശക്തിയായി മാറുമെന്നും പുരുഷാധിപത്യ സമൂഹത്തിലെ ജീര്‍ണതകള്‍ മാറ്റിക്കൊണ്ട് കൂടുതല്‍ ആര്‍ജ്ജവത്തോടെ മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  

കുടുംബശ്രീയുടെ കീഴില്‍ യുവതികള്‍ക്കു കൂടി പ്രസക്തമാകുന്ന വിധത്തില്‍ രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പുകള്‍ മുഖേന സ്ത്രീകള്‍ക്ക് പ്രാദേശികതലത്തില്‍ കൂടുതല്‍ ക്രിയാത്മകവും വൈവിധ്യവുമായ ഇടപെടലുകള്‍ക്ക് അവസരം ലഭ്യമാകുമെന്നും, തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനമായി ഈ ഗ്രൂപ്പുകള്‍ക്ക് മാറാന്‍ കഴിയണമന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാമുരളീധരന്‍ പറഞ്ഞു.

കുടുംബശ്രീ എക്സിക്യട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അധ്യക്ഷന്‍ സലിം,  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം ഉഷ, കില ഡയറക്ടര്‍ ജോയ് ഇളമണ്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ അനു. ആര്‍.എസ് നന്ദി പറഞ്ഞു.    

aux

 

Content highlight
auxilary group discussion

കുടുംബശ്രീ 'ഓണം ഉത്സവ്' ഓണ്‍ലൈന്‍ ഷോപ്പിങ് മേളയിലൂടെ 65.28 ലക്ഷം രൂപയുടെ വിറ്റുവരവ്

Posted on Tuesday, September 28, 2021

കുടുംബശ്രീയുടെ ഇ-കൊമേഴ്സ് പോര്‍ട്ടലായ www.kudumbashreebazaar.com ലൂടെ ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഞങ്ങള്‍ നടത്തിയ ഓണ്‍ലൈന്‍ ഷോപ്പിങ് മേളയില്‍ 65.28 ലക്ഷം രൂപയുടെ വിറ്റുവരവ്. ഒരു മാസത്തോളം നീണ്ട മേളയില്‍ 45,730 ഓര്‍ഡറുകളാണ് ലഭിച്ചത്.
കോവിഡ് പ്രതിസന്ധിയിലെത്തുന്ന ഓണക്കാലത്ത് കുടുംബശ്രീ സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും മികച്ച വിറ്റുവരവ് നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ഈ ഓണ്‍ലൈന്‍ വിപണന മേള സംഘടിപ്പിച്ചത്.  

onam utsav

  മികച്ച ഡിസ്‌കൗണ്ടുകളും കോംബോ ഓഫറുകളുമെല്ലാം ഉള്‍ക്കൊള്ളിച്ച് നടത്തിയ മേളയില്‍ വന്‍തോതിലുള്ള ജനപങ്കാളിത്തമാണുണ്ടായത്. ഓഗസ്റ്റ് 31ന് അവസാനിക്കേണ്ടിയിരുന്നുവെങ്കിലും അന്ന് 3200ലേറെ ഓര്‍ഡറുകള്‍ ലഭിച്ചതിനാല്‍ തന്നെ മേള സെപ്റ്റംബര്‍ 15 വരെ നീട്ടുകയായിരുന്നു.

  കുടുംബശ്രീ സംരംഭകര്‍ തയാറാക്കുന്ന മസാലപ്പൊടികള്‍, തുണിത്തരങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങീ 2017 ഉത്പന്നങ്ങളാണ് മേളയുടെ ഭാഗമായി വില്‍പ്പനയ്ക്കുണ്ടായിരുന്നത്. 40% വരെയായിരുന്നു ഡിസ്‌കൗണ്ട്. 1000 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10% അധിക ഡിസ്‌കൗണ്ടുമുണ്ടായിരുന്നു. കൂടാതെ തപാല്‍ വകുപ്പുമായി ചേര്‍ന്ന് ഇന്ത്യയിലെവിടെയും സൗജന്യ ഹോം ഡെലിവറിയും ആകര്‍ഷണീയമായ കോംബോ ഓഫറുകളും നല്‍കിയിരുന്നു.

  മേള  അവസാനിച്ച ദിനമായ സെപ്റ്റംബര്‍ 15ന് 9659 ഓര്‍ഡറുകളെന്ന മികച്ച നേട്ടം സ്വന്തമാക്കാനുമായി.  ഓരോ ജില്ലയിലെയും ഓര്‍ഡറുകളുടെ വിശദാംശങ്ങള്‍ താഴെ നല്‍കുന്നു. (ജില്ല - ജില്ലയിലെ സംരംഭകര്‍ക്ക് ലഭിച്ച ഓര്‍ഡറുകള്‍ - ഈ ഓര്‍ഡര്‍ തുക - ജില്ലകളില്‍ നിന്നും ലഭിച്ച ഓര്‍ഡറുകള്‍ (ഉപഭോക്താക്കളുടെ ലൊക്കേഷന്‍ അനുസരിച്ച്), ജില്ലകളില്‍ നിന്ന് ലഭിച്ച ഓര്‍ഡര്‍ തുക (ഉപഭോക്താക്കളുടെ ലൊക്കേഷന്‍ അനുസരിച്ച്)).


1. തിരുവനന്തപുരം  -  2453 -  3,34,726 - 6077 - 8,14,681
2. കൊല്ലം  -  2724  - 3,37,639 - 2353  -  3,35,512
3. പത്തനംതിട്ട -  794  -1 ,65,064 - 378 - 64,200
4. ആലപ്പുഴ  -  402  - 58,829 - 606 - 98,691
5. കോട്ടയം  -  2880  - 3,67,649 - 4244 - 5,49,310
6. ഇടുക്കി  -  875  - 1,36,061 - 757 - 1,05,149
7. എറണാകുളം  -  8950  -  12,65,749 -15,274  - 21,88,917
8. തൃശ്ശൂര്‍ -  5633  - 7,94,484 - 2940 - 4,09,166
9. പാലക്കാട്  -   2087  - 3,38,547  - 357  - 59,530
10. മലപ്പുറം -  676  - 95,186 - 555 - 84,932
11. കോഴിക്കോട്   -  4034  -  5,35,998  -  2256  - 3,01,705
12. വയനാട്  -  1515  -  2,43,830  - 326 - 53,440
13. കണ്ണൂര്‍ -  10,389 -  15,31,908  -  8477 - 12,48,389
14. കാസര്‍ഗോഡ്  -  2318 - 3, 22,526  -  805 - 1,08,120
ആകെ -  45730 - 65,28,197  - 45,730 -  65,28,197.

ആകെ - 45730 - 65,28,197  - 45,730 - 65,28,197.

Content highlight
Onam Utsav Online Shopping Mela' a big hit: Sales of Rs 65.28 lakhs recorded

പി.എം യുവ യോജന പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു- മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു

Posted on Wednesday, September 22, 2021

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പൈലറ്റ് പദ്ധതിയായ പ്രധാനമന്ത്രി യുവയോജന 2.0 (പി.എം യുവ) പുരസ്‌ക്കാര പ്രഖ്യാപന ചടങ്ങ് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. യുവജനങ്ങളെ തൊഴില്‍ തേടുക എന്ന സ്ഥിതിയില്‍ നിന്നും സംരംഭകത്വത്തിലേക്കും അതുവഴി തൊഴില്‍ നല്‍കാന്‍ പ്രാപ്തരായ സംരംഭകര്‍ എന്ന നിലയിലേക്കും എത്തിക്കുക ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ കേരളത്തിലെ നിര്‍വ്വഹണ ഏജന്‍സി കുടുംബശ്രീയാണ്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മികച്ച പ്രകടനം കാഴ്ച്ചവച്ചവര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍.

  കമ്മ്യൂണിറ്റി തലം, സ്ഥാപന തലം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പദ്ധതി നടപ്പിലാക്കിയത്. കമ്മ്യൂണിറ്റി തലത്തില്‍ സംരംഭകത്വ ബോധവല്‍ക്കരണം, സംരംഭകത്വ വികസനത്തിനുതകുന്ന ത്രിദിന ബൂട്ട് ക്യാമ്പ് എന്നിവ സംഘടിപ്പിച്ചപ്പോള്‍ സ്ഥാപനതലത്തില്‍ പി.എം യുവ വഴി തിരഞ്ഞെടുക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ (പോളിടെക്‌നിക്, ജെ.എസ്.എസ്, ഐ.ടി.ഐ, പി.എം.കെ.വി.വൈ) തല്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വ വികസന പരിശീലനം, ആ സ്ഥാപനങ്ങളിലെ തെരഞ്ഞെടുത്ത അധ്യാപകര്‍ക്കു ആവശ്യമായ പരിശീലനങ്ങള്‍ നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി.

 കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കമ്മ്യൂണിറ്റി, സ്ഥാപനതല പ്രവര്‍ത്തനങ്ങള്‍ നടത്തി. പാലക്കാട് ജില്ലയില്‍ സ്ഥാപന തലവും ആലപ്പുഴ ജില്ലയില്‍ കമ്മ്യൂണിറ്റി തലവും നടപ്പിലാക്കി. കുടുംബശ്രീയുടെ പദ്ധതി നിര്‍വഹണ ഏജന്‍സികളായ ഏക്‌സാത് സ്ഥാപനങ്ങള്‍ വഴിയാണ് അതാത് ജില്ലാ മിഷനുകള്‍ പദ്ധതി നിര്‍വ്വഹണം നടപ്പിലാക്കിയത്.

  ഈ രണ്ട് വിഭാഗ പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാഭ്യാസ സ്ഥാപനതലത്തില്‍ 1607 വിദ്യാര്‍ഥികള്‍ സംരംഭകത്വ പരിശീലനം പൂര്‍ത്തീകരിച്ചു. കമ്മ്യുണിറ്റിതല പരിശീലനങ്ങളുടെ ഭാഗമായി 154 പുതിയ സംരംഭകര്‍ക്കും 131 നിലവിലുള്ള സംരംഭകര്‍ക്കും പ്രയോജനം ലഭിക്കുകയും ചെയ്തു.

pm yuva

  പുരസ്‌ക്കാര പ്രഖ്യാപന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതമാശംസിക്കുകയും പുരസ്‌ക്കാര പ്രഖ്യാപനം നടത്തുകയും ചെയ്തു.

   ഡോ. പൂനം സിന്‍ഹ (ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് സ്‌മോള്‍ ബിസിനസ് ഡെവലപ്പ്‌മെന്റ്), സോമേഷ് ആനന്ദ് (സീനിയര്‍ മാനേജര്‍, പി.എം യുവ നാഷണല്‍ ഇ-ഹബ് നോയിഡ), ബിന്ദു വി.സി (മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍), അജില്‍ കോവിലന്‍ (നോഡല്‍ കോര്‍ഡിനേറ്റര്‍ പി.എം. യുവ കേരള) തുടങ്ങിയവരും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ രഘുറാം നന്ദി അറിയിച്ചു.
 
  കുടുംബശ്രീ പി.എം യുവ നോഡല്‍ ഓഫീസര്‍, ജൂറി അംഗങ്ങള്‍ എന്നിവര്‍ അപേക്ഷകള്‍ വിലയിരുത്തിയാണ് പുരസ്‌ക്കാര ജേതാക്കളെ കണ്ടെത്തിയത്.

പുരസ്‌ക്കാരങ്ങള്‍ :
മികച്ച പുതിയ സംരംഭങ്ങള്‍ -
1. ശ്യാമ സുരേഷ് (തൃശ്ശൂര്‍)  2. റസീനാബി (തൃശ്ശൂര്‍) 3. ബിദുന്‍ പി.കെ (കോഴിക്കോട്).
പ്രത്യേക ജൂറി പരാമര്‍ശം- ധന്യ എം.എസ് (തൃശ്ശൂര്‍), ഫഹദ് അഷ്‌റഫ് പി.കെ/മുഹമ്മദ് യാസിര്‍ വി.കെ (കോഴിക്കോട്)

മികച്ച സ്‌കെയില്‍ അപ് സംരംഭങ്ങള്‍ -
1. സിബിജ (കോഴിക്കോട്) 2. ശരണ്യ സനീഷ് (തൃശ്ശൂര്‍) 3. സിന്ധു (മലപ്പുറം), ശരത് വി.എ (തൃശ്ശൂര്‍).
പ്രത്യേക ജൂറി പരാമര്‍ശം- സുമിത സി.സി. (ആലപ്പുഴ), ആശ. ടി (ആലപ്പുഴ), സിനി നിധിന്‍ (തൃശ്ശൂര്‍)

മികച്ച ബിസിനസ് പ്ലാന്‍ -
1. അബ്ദുല്‍ സുകൂര്‍ (ഗവണ്‍മെന്റ്. ഐ.ഐ.ടി മലമ്പുഴ, പാലക്കാട്) 2. മുഹമ്മദ് യാസിര്‍ വി.കെയും ഫഹദഷ്‌റഫ് പി.കെ (വേയ്‌ലൈന്‍, പി.എം.കെ.വി.വൈ, കോഴിക്കോട്) 3. ഷമീം (വി.ബി.വൈ, മലപ്പുറം)

മികച്ച പ്രെസന്റേഷന്‍ - മെഹ്‌രാജ് (ജെ.എസ്.എസ് പാലക്കാട്)
മികച്ച പ്രെസന്റേഷന്‍ - ടിന്റു  ബിജു (ജെ.എസ്.എസ്. പാലക്കാട്)
ബെസ്റ്റ് ഇന്നൊവേഷന്‍ - മുഹമ്മദ് സഹല്‍ (വി.ബി.വൈ, മലപ്പുറം)
ബെസ്റ്റ് മാര്‍ക്കറ്റ് സ്റ്റഡി - അബ്ദുല്‍ ബാസിത്. സി (വേയ്‌ലൈന്‍, പി.എം.കെ.വി.വൈ, കോഴിക്കോട്).

ബെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് -
വളവന്നൂര്‍ ബഫഖി യത്തീംഖാന പ്രൈവറ്റ് ഐ.ടി.ഐ
ജെ.എസ്.എസ് പാലക്കാട്
വേയ്‌ലൈന്‍, കോഴിക്കോട്

ബെസ്റ്റ് ഫാക്കല്‍റ്റി ഫെസിലിറ്റേറ്റേഴ്‌സ് -
 വിറോഷ് (അമീന ഐ.ടി.ഐ, കാടാമ്പുഴ, മലപ്പുറം)
 ഇറാഷ് (വേയ്‌ലൈന്‍ പി.എം.കെ.വി.വൈ, കോഴിക്കോട്)
അര്‍സല്‍ ബാബു (ഗവ. ഐ.ടി.ഐ, മലമ്പുഴ, പാലക്കാട്)

മികച്ച പ്രകടനം കാഴ്ച്ചവച്ച മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലാ മിഷനുകളെയും ഏക്‌സാത് ആലപ്പുഴ, ഏക്‌സാത് കോഴിക്കോടിനെയും പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു.

Content highlight
p.m yuva pilot project awards declared

നഗരസഭാധ്യക്ഷർക്കുള്ള സംസ്ഥാനതല ഏകദിന ശില്പശാല മന്ത്രി എം.വി. ​ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

Posted on Wednesday, September 22, 2021

എ.ആർ.എച്ച്.സി പദ്ധതി പ്രഖ്യാപനവും മന്ത്രി നടത്തി

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന  നഗരകാര്യ പദ്ധതികൾ സംബന്ധിച്ച് മേയർമാർക്കും  നഗരസഭാ അധ്യക്ഷൻമാർക്കുമായി സംഘടിപ്പിച്ച സംസ്ഥാനതല ഏക​ഗിന ശില്പശാല തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.എം.എ.വൈ (നഗരം) ലൈഫ്,  എൻ.യു.എൽ.എം  പദ്ധതികളുടെ നിർവഹണത്തിൽ ദേശീയ തലത്തിൽ തന്നെ സംസ്ഥാനം മികവ് പുലർത്തുന്നുവെന്നും സമയബന്ധിതവും കാര്യക്ഷമവുമായ നിർവഹണം, മികച്ച സംയോജന മാതൃകകൾ, കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ ഇടപെടൽ എന്നിവയിലൂടെ ഇരു പദ്ധതികളുടെയും നിർവഹണം ഫലപ്രദമായി നടന്നുവരികയാണെന്നും സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷനുമായി സംയോജിച്ചുകൊണ്ട് സംസ്ഥാനത്തെ പാർപ്പിട പ്രശ്നം വലിയൊരളവു വരെ പരിഹരിക്കാൻ പി.എം.എ.വൈ (നഗരം) ലൈഫ്  പദ്ധതിയിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

  നഗരപ്രദേശത്ത് താഴ്ന്ന വരുമാനക്കാർക്ക് കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യം ലഭ്യമാക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും നഗരസഭകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന അഫോർഡബിൾ റെന്റൽ ഹൗസിംഗ് കോംപ്ലക്സ് എന്ന പുതിയ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. അതിഥി തൊഴിലാളികൾ, തെരുവ്  കച്ചവടക്കാർ, വ്യാപാര വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് നഗരപ്രദേശങ്ങളിൽ കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യം ലഭ്യമാക്കുക വഴി നഗര പ്രദേശത്തെ പാർപ്പിട പ്രശ്നം പരിഹരിക്കുന്നതിനായി രൂപം നൽകിയിട്ടുള്ള പദ്ധതിയാണിത്.  പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോ ഉള്ള സ്ഥാപനങ്ങൾക്ക് അവരുടെ സ്ഥലത്ത് കെട്ടിട സമുച്ചയം നിർമ്മിച്ച് വാടകയ്ക്ക് നൽകാവുന്നതാണ് . ഇത്തരത്തിൽ മുന്നോട്ട് വരുന്ന സ്ഥാപനങ്ങൾക്ക്  കേന്ദ്ര  സംസ്ഥാന സർക്കാരുകൾ വിവിധ തരത്തിലുള്ള ഇളവുകളും ടെക്നോളജി ഇന്നവേഷൻ ഗ്രാന്റായി ഒരു യൂണിറ്റിന് പരമാവധി ഒരു ലക്ഷം രൂപ വരെ  അധിക സാമ്പത്തിക സഹായവും നൽകും.

 

   മറ്റൊരു കേന്ദ്രാവിഷ്കൃത പദ്ധതിയായ എൻ.യു.എൽ.എം  കുടുംബശ്രീ മുഖേന  നഗരസഭകളിൽ  മികച്ച രീതിയിൽ നടപ്പിലാക്കി വരുന്നു. 2017-18 മുതൽ 2019-20   വരെ തുടർച്ചയായ 3 സാമ്പത്തിക വർഷങ്ങളിലും എൻ.യു.എൽ.എം പദ്ധതി നടത്തിപ്പിനു നമുക്ക് മികച്ച സംസ്ഥാനത്തിനുള്ള അവാർഡ് ലഭ്യമായി എന്നത് ഏറെ ശ്രദ്ധേയമാണ്. നഗര ദരിദ്രരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ഉപജീവന വികസനം, നൈപുണ്യ പരിശീലനം. തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കൽ, തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കുള്ള അഭയകേന്ദ്രങ്ങൾ തുടങ്ങി വിവിധ ഘടകങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ നഗരസഭകൾക്ക് ഏറെ പങ്കുണ്ടെന്നും മന്ത്രി അറിയിച്ചു. തുടർന്നും കുടുംബശ്രീ പ്രവർത്തനങ്ങളിൽ നഗരസഭകളിൽ നിന്ന്  കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. നഗരപ്രദേശത്ത് പാർപ്പിടം, ഉപജീവനം, മാലിന്യ സംസ്കരണം എന്നീ മേഖലകളിൽ അനുബന്ധ വകുപ്പുകളുമായുള്ള സംയോജനത്തിലൂടെ മികച്ച മാതൃകകൾ സൃഷ്ടിക്കുന്നതിൽ പ്രാദേശിക സർക്കാരുകൾ മുൻകൈ എടുക്കണമെന്ന്  ചടങ്ങിന് അധ്യക്ഷത വഹിച്ച അഡ്വ. വി .കെ. പ്രശാന്ത് അഭിപ്രായപ്പെട്ടു.

pmay one day workshop

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എസ്, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, ചേമ്പേഴ്സ് ചെയർമാൻ എം. കൃഷ്ണദാസ്,  നഗരകാര്യ ഡയറക്ടർ രേണു രാജ് ഐ.എ.എസ്  എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ  പി. ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതവും പ്രോഗ്രാം ഓഫീസർ ജഹാംഗീർ. എസ് നന്ദിയും പറഞ്ഞു. തിരുവന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ,പത്തനംതിട്ട എന്നീ ജില്ലകളിലെ കോർപ്പറേഷൻ മേയർമാരും നഗരസഭാധ്യക്ഷരും പങ്കെടുത്തു.

Content highlight
One Day Workshop on PMAY (U)-LIFE & NULM organized and Affordable Rental Housing Complexes (ARHCs) announcedmlm

കുടുംബശ്രീ യുവതീ ഓക്‌സിലറി ഗ്രൂപ്പുകള്‍- മാര്‍ഗ്ഗരേഖാ പ്രകാശനവും പദ്ധതി നടത്തിപ്പ് പ്രഖ്യാപനവും മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു

Posted on Sunday, September 19, 2021

കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളുടെ രൂപീകരണം സംബന്ധിച്ച മാര്‍ഗ്ഗരേഖാ പ്രകാശനവും പദ്ധതി നടത്തിപ്പ് പ്രഖ്യാപനവും തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. യുവതികളുടെ സാമൂഹിക, സാംസ്‌ക്കാരിക, ഉപജീവന ഉന്നമനത്തിന് ഒരു പുതുഇടം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. 

  നിലവില്‍ 45 ലക്ഷത്തിലേറെ വനിതകള്‍ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളാണ്. എന്നാല്‍ ഇവരില്‍ 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ 10% മാത്രമാണ്. കുടുംബശ്രീ അംഗത്വം ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം എന്ന നിലയില്‍ പരിമിതപ്പെടുത്തിയിട്ടുള്ളതിനാല്‍ രണ്ടാമതൊരാള്‍ക്ക് അംഗത്വവും ലഭിക്കില്ല. ഇങ്ങനെയുള്ള പരിമിതികള്‍ മറികടന്ന് യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കാനും അവരെ പൊതുധാരയില്‍ കൊണ്ടുവരുന്നതിനും സാമൂഹിക സാമ്പത്തിക സ്ത്രീ ശാക്തീകരണ വിഷയങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതും ലക്ഷ്യമിട്ടാണ് യുവതീ ഗ്രൂപ്പുകളുടെ രൂപീകരണം നടത്തുന്നത്. തൊഴിലെടുക്കുന്നതിനും ജീവനോപാധി കണ്ടെത്തുന്നതിനും സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് സംവദിക്കുന്നതിനും സഹായകമാകുന്ന വേദി ഒരുക്കി യുവതികളുടെ കാര്യശേഷിയും ഇടപെടല്‍ ശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി സാമൂഹിക പുരോഗതിക്ക് ആക്കം കൂട്ടുന്നതിനും കഴിയും. 

  ഓരോ സി.ഡി.എസും അതിന്റെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും യുവതീ ഗ്രൂപ്പുകള്‍ രൂപീകരിക്കും. ഒരു ഗ്രൂപ്പിലെ പരമാവധി അംഗ സംഖ്യ 50 ആണ്. അംഗസംഖ്യ ഇതില്‍ കൂടിയാല്‍ ഒന്നിലധികം ഗ്രൂപ്പുകളും രൂപീകരിക്കാം. ഗ്രൂപ്പുകള്‍ സി.ഡി.എസിന്റെ ശുപാര്‍ശയോജെ ജില്ലാ മിഷനില്‍ രജിസ്ട്രര്‍ ചെയ്യും. 18നും 40നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് ഗ്രൂപ്പുകളില്‍ അംഗമാകാം. ഒരു വീട്ടില്‍ നിന്ന് ഒന്നിലധികം വനിതകള്‍ക്കും (18 നും 40നും ഇടയില്‍ പ്രായമുള്ള) അംഗത്വമെടുക്കാനാകും.

aux

 

Content highlight
auxilary group

കുടുംബശ്രീ 'ഓണപ്പുലരിയും' 'പൂവേ പൊലിയും'- തദ്ദേശ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ വിജയികളെ പ്രഖ്യാപിച്ചു

Posted on Friday, September 17, 2021

കോവിഡ് പ്രതിസന്ധിക്കിടയിലെത്തിയ ഈ ഓണക്കാലത്ത്, അനിവാര്യമായ കരുതല്‍ തുടര്‍ന്നുകൊണ്ടും എന്നാല്‍ ആഘോഷങ്ങളുടെ മാറ്റ് ഒട്ടും കുറയാതെയും ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികള്‍ക്കും ബാലസഭാ അംഗങ്ങള്‍ക്കും ഓണം ഉത്സവമാക്കുന്നതിനായി കുടുംബശ്രീ സംഘടിപ്പിച്ച ഓണപ്പുലരി, പൂവേ പൊലി പരിപാടികളിലെ വിവിധ മത്സരങ്ങളുടെ സംസ്ഥാനതല വിജയികളെ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചു. വിദഗ്ധര്‍ അടങ്ങിയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികള്‍ക്ക് മെമന്റോയും സര്‍ട്ടിഫിക്കറ്റും മറ്റ് സമ്മാനങ്ങളും നല്‍കും.

  തദ്ദേശ സ്ഥാപനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികള്‍ക്കായി 'ഓണപ്പുലരി 2021' എന്ന പേരില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെയായിരുന്നു ഓണാഘോഷ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ജൂനിയര്‍- സീനിയര്‍ വിഭാഗങ്ങളിലായി മലയാളി മങ്ക, കേരള ശ്രീമാന്‍/മഹാബലി, ഓണപ്പാട്ട്, ഞാനും എന്റെ പൂക്കളവും, ചിത്രരചന എന്നീ മത്സരങ്ങളില്‍ മാറ്റുരയ്ക്കാനുള്ള അവസരമൊരുക്കി. കുട്ടികളുടെ പ്രകടനത്തിന്റെ വീഡിയോ/ഫോട്ടോ എടുത്ത് മാതാപിതാക്കള്‍ ബഡ്‌സ് അധ്യാപകര്‍ക്ക് അയച്ചു നല്‍കുകയായിരുന്നു. ബഡ്‌സ് സ്‌കൂളുകളിലെയും ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലെയും 3058 കുട്ടികളാണ് മേല്‍പ്പറഞ്ഞ മത്സരങ്ങളുടെ ഭാഗമായത്. ബാലസഭാ അംഗങ്ങള്‍ക്കായി 'പൂവേ പൊലി 2021' എന്ന പേരില്‍ ഓഗസ്റ്റ് 20 മുതല്‍ 23 വരെയാണ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. മാവേലിക്കൊരു കത്ത്, ഓണപ്പാട്ട്, അത്തപ്പൂക്കളം എന്നീ മത്സരങ്ങളില്‍ 6344 ബാലസഭകളില്‍ നിന്നുള്ള 28,015 അംഗങ്ങള്‍ പങ്കെടുത്തു. മത്സരത്തിന്റെ വീഡിയോ അല്ലെങ്കില്‍ ഫോട്ടോ അതാത് കുടുംബശ്രീ സി.ഡി.എസില്‍ ചുമതലപ്പെട്ടവര്‍ക്ക് അയച്ചുനല്‍കിയാണ് ബാലസഭാംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തത്. ജില്ലാതലത്തിലും വിദഗ്ധ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. മത്സരഫലങ്ങളും ഫലപ്രഖ്യാപന വീഡിയോകളും www.kudumbashree.org/onam2021 എന്ന ലിങ്കില്‍ ലഭിക്കും.

 

buds

  ഓണ്‍ലൈനായി സംഘടിപ്പിച്ച ഫലപ്രഖ്യാപന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് അധ്യക്ഷയായി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ അനു.ആര്‍.എസ് ആശംസ അറിയിച്ചു. തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് പഞ്ചായത്തിലെ പൂത്തുമ്പി ബാലസഭ അംഗമായ ഗൗരി നന്ദ സ്വാഗതവും തിരുവനന്തപുരം നഗരസഭാ സി.ഡി.എസ് മൂന്നിലെ ഗുല്‍മോഹര്‍ ബാലസഭ അംഗം മിഥുന്‍ നന്ദിയും പറഞ്ഞു.

 

Content highlight
Winners Announced : 'Onapulari' & 'Poove Poli' Online Onam celebrations for BUDS children & Balasabha membersml

പ്രതിസന്ധിയിലായ പ്രവാസികള്‍ക്കായി കുടുംബശ്രീ മുഖേന പലിശരിഹത വായ്പ ; 'പേള്‍' പദ്ധതിയുടെ രജിസ്‌ട്രേഷന് തുടക്കം

Posted on Wednesday, September 15, 2021

കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് തുണയാകുന്നതിനായി സര്‍ക്കാര്‍, നോര്‍ക്ക റൂട്ട്സ് മുഖേന രൂപം നല്‍കി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന 'പ്രവാസി ഭദ്രതാ നാനോ' പദ്ധതിയായ പേള്‍ (പ്രവാസി എന്റര്‍പ്രണര്‍ഷിപ്പ് ഓഗ്മെന്റേഷന്‍ ആന്‍ഡ് റിഫോര്‍മേഷന്‍ ഓഫ് ലൈവ്‌ലിഹുഡ്‌സ്) രജിസ്‌ട്രേഷന് തുടക്കമായി. അതാത് തദ്ദേശ സ്ഥാപനത്തിലെ കുടുംബശ്രീയുടെ സി.ഡി.എസ് ഓഫീസില്‍ നിന്നോ കുടുംബശ്രീ വെബ്‌സൈറ്റ് ലിങ്കില്‍ (www.kudumbashree.org/pearl) നിന്നോ ആപ്ലിക്കേഷന്‍ ഫോമും മറ്റ് വിവരങ്ങളും ലഭിക്കും. അതാത് സി.ഡി.എസിലാണ് നിര്‍ദ്ദിഷ്ട അപേക്ഷ നല്‍കേണ്ടത്. സംരംഭ പരിശീലനങ്ങള്‍ ആവശ്യമുള്ളവര്‍ കുടുംബശ്രീ ജോബ് പോര്‍ട്ടലിലും മേല്‍നല്‍കിയ ലിങ്ക് മുഖേന രജിസ്ട്രര്‍ ചെയ്യണം. അപ്ലിക്കേഷനുകള്‍ സി.ഡി.എസുകളില്‍ സ്വീകരിച്ചുവരികയാണ്.  

  ഓഗസ്റ്റ് 26ന് ഔദ്യോഗിക തുടക്കമായ പേള്‍ പദ്ധതി മുഖേന പരാമാവധി രണ്ട് ലക്ഷം രൂപയോ സംരംഭത്തിന്റെ ആകെ പദ്ധതി തുകയുടെ 75 ശതമാനോ ഇതില്‍ ഏതാണോ കുറവ് ആ തുക പലിശരഹിത വായ്പയായി നല്‍കും. ശേഷിക്കുന്ന 25 ശതമാനം തുക ഗുണഭോ ക്താക്കള്‍ വഹിക്കണം. ആദ്യ ഗഡു ലഭിച്ച് മൂന്ന് മാസത്തെ മൊറട്ടോറിയം കാലാവധിക്ക് ശേഷം തുക തുല്യ ഗഡുക്കളായി 21 മാസങ്ങള്‍ക്കുള്ളില്‍ തിരികെയടയ്ക്കുകയാണ് വേണ്ടത്.

 സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാനാകും. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ കുടുംബാംഗങ്ങളാകണം അപേക്ഷകര്‍. അയല്‍ക്കൂട്ടാംഗത്വം നേടിയിട്ട് കുറഞ്ഞത് ആറ് മാസമെങ്കിലുമായിരിക്കണം എന്ന നിബന്ധനയുമുണ്ട്. കോവിഡി ന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍, കോവിഡ് മൂലം മരണപ്പെട്ട പ്രവാസി യുടെയോ അല്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെട്ട രോഗിയായ പ്രവാസിയുടെയോ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കും കുടുംബശ്രീ രൂപീകരിക്കുന്ന യുവതീ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമാകാനാകും.  കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് തിരികെയെത്തി സംരംഭം ആരംഭിച്ച വര്‍ക്ക് സംരംഭ വിപുലീകരണത്തിനായും പദ്ധതിയുടെ ഭാഗമാകാം.

nrka

 

  മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴില്‍രഹിതരായ പ്രവാസികളെ കണ്ടെത്തുകയും അവരെ പ്രത്യേക വിഭാഗമായി കണക്കാക്കി സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യമുള്ളവരെ അതിന് പ്രാപ്തരാക്കുകയും ചെയ്യുന്നതാണ് ആദ്യ ഘട്ടം. പൊതു അവബോധ പരിശീലനം, സംരംഭകത്വ വികസന പരിശീലനം, വൈദഗ്ധ്യ പരിശീലനം എന്നിവ നല്‍കി സംരംഭകരാകാന്‍ അവരെ സജ്ജരാക്കുന്നത് രണ്ടാം ഘട്ടവും. (വൈദഗ്ധ്യ പരിശീലനം ആവശ്യമില്ലാത്ത അല്ലെങ്കില്‍ ജോലി പരിചയമുള്ള പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി അതാത് കുടുംബശ്രീ സി.ഡി.എസുകളില്‍ നേരിട്ട് രജിസ്ട്രര്‍ ചെയ്യാനുമാകും.) സംരംഭങ്ങള്‍ക്ക് ആവശ്യമുള്ള സാമ്പത്തിക സഹായവും പിന്തുണ നല്‍ക ലും, സംരംഭങ്ങള്‍ ആരംഭിക്കാനും അതിന്റെ സുസ്ഥിരത ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുമാണ് മൂന്നാം ഘട്ടം.   

 

 

Content highlight
Registration starts for 'PEARL' for the emigrants who are in crisisml

1095 കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങ് പൂര്‍ത്തീകരിച്ചു; തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഖ്യാപനം നടത്തി

Posted on Friday, September 10, 2021

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച 'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സൂക്ഷ്മസംരംഭ മാതൃകയില്‍ പ്രവര്‍ത്തിച്ചു വരുന്ന 1095 ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങ്  പൂര്‍ത്തീകരിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങ് പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 266 ജനകീയ ഹോട്ടലുകള്‍ എപ്ളസ് ഗ്രേഡും, 359 എണ്ണം 'എ' ഗ്രേഡും, 285 എണ്ണം 'ബി' ഗ്രേഡും, 185 എണ്ണം 'സി' ഗ്രേഡും നേടി.  പ്രത്യേകം നിര്‍ണയിക്കപ്പെട്ട സൂചികകളുടെ അടിസ്ഥാനത്തിലാണ് ഗ്രേഡിങ്ങ് നടപടികള്‍ പൂര്‍ത്തീകരിച്ചതെന്നും ഹോട്ടല്‍ സംരംഭങ്ങളുടെ  പ്രവര്‍ത്തനക്ഷമതയും നിലവാരവുമടക്കം മെച്ചപ്പെടുത്തുകയും അടുത്തതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

പദ്ധതിക്കായി 2020-21 സാമ്പത്തിക വര്‍ഷം അനുവദിച്ച 23.64 കോടി രൂപ പൂര്‍ണമായും വിനിയോഗിച്ചു. ഈ വര്‍ഷം അനുവദിച്ച 20 കോടിയില്‍ 18.20 കോടി രൂപ സബ്സിഡിയും റിവോള്‍വിങ്ങ് ഫണ്ടുമായി സംരംഭകര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് ടെക്നോളജിയുമായി സഹകരിച്ചുകൊണ്ടാണ് ഗ്രേഡിങ്ങിനാവശ്യമായ സൂചികകള്‍ തയ്യാറാക്കിയത്. ശുചിത്വം, വിഭവങ്ങളുടെ വൈവിധ്യം, ഭക്ഷണത്തിന്‍റെ ഗുണമേന്‍മ, പ്രവര്‍ത്തന സമയം, പ്രതിമാസ വിറ്റുവരവ്, സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെയും ചുറ്റുപാടുകളുടെയും അവസ്ഥ എന്നീ മാനദണ്ഡങ്ങള്‍ നിര്‍ണയിച്ച ശേഷം അതിന്‍റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ്ങ് പൂര്‍ത്തീകരിക്കുകയായിരുന്നു.  നിലവില്‍ ഉയര്‍ന്ന ഗ്രേഡിങ്ങ് കൈവരിക്കാന്‍ കഴിയാതെ പോയ സംരംഭകര്‍ക്ക് അത് നേടുുന്നതിനാവശ്യമായ പരിശീലനങ്ങളും സാമ്പത്തിക സഹായമടക്കമുള്ള പിന്തുണകളും കുടുംബശ്രീ ലഭ്യമാക്കും.

  പ്രതിദിനം 1.80 ലക്ഷം ഉച്ചയൂണ് വരെയാണ് ജനകീയ ഹോട്ടലുകള്‍ വഴിയുള്ള വില്‍പന. ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുകയും അതോടൊപ്പം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന രീതിയില്‍ പ്രാദേശിക സാധ്യതക്കനുസൃതമായി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു. ഇതിലൂടെ കാന്‍റീന്‍ കാറ്ററിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വനിതകള്‍ക്ക് ഈ രംഗത്തേക്ക് കടന്നു വരാനും വരുമാനം നേടാനും അവസരമൊരുങ്ങും.

jh grading

 

2019-20 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ച ജനക്ഷേമ പദ്ധതിയാണ് 'വിശപ്പുരഹിത കേരളം'. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും അഗതികളും വയോജനങ്ങളും നിരാലംബരും ഉള്‍പ്പെടെയുള്ളവര്‍ക്ക് എല്ലാ ദിവസവും മിതമായ നിരക്കിലോ സൗജന്യമായോ ഉച്ചഭക്ഷണം വിതരണം ചെയ്യുക എന്നതാണ്  പദ്ധതിയുടെ ലക്ഷ്യം. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവര്‍ക്കും ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുന്നതിനായി  ആദ്യഘട്ടത്തില്‍ കമ്യൂണിറ്റി കിച്ചന്‍ എന്ന നിലയ്ക്കാണ് ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ പദ്ധതി ജനകീയമായതോടെ കമ്യൂണിറ്റി കിച്ചന്‍ എന്നതു മാറ്റി 'കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍' എന്ന് പേര് മാറ്റുകയായിരുന്നു.  തദ്ദേശ  സ്വയംഭരണ  സ്ഥാപനങ്ങളും ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പുമായി ചേര്‍ന്നു കൊണ്ടാണ് ഇവയുടെ പ്രവര്‍ത്തനം. നിലവില്‍ ഇരുപത് രൂപയ്ക്കാണ് ഇവിടെ നിന്നും ഉച്ചയൂണ് ലഭിക്കുക. പദ്ധതി വഴി 4895 കുടുംബശ്രീ വനിതകള്‍ക്ക് സ്ഥിര വരുമാനം നേടാന്‍ കഴിയുന്നുണ്ട്. 

 

 

Content highlight
Grading of 1095 Janakeeya Hotels completedml

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ കൈത്താങ്ങായി റിവോള്‍വിങ് ഫണ്ട് - മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

Posted on Wednesday, September 8, 2021

കോവിഡ് മഹാമാരിക്കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അയല്‍ക്കൂട്ടങ്ങളെ സഹായിക്കുന്നതിനായി 19,489 എ.ഡി.എസുകള്‍ക്കും (ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റി) അട്ടപ്പാടിയിലെ 133 ഊരുസമിതികള്‍ക്കും ഒരു ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ട് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. കാല്‍നൂറ്റാണ്ട് തികയുന്ന കുടുംബശ്രീ പ്രസ്ഥാനം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുപരിയായി സ്ത്രീ മുന്നേറ്റങ്ങള്‍ക്കാകെ ചുക്കാന്‍ പിടിക്കുന്ന സംവിധാനമെന്ന നിലയിലേക്ക് ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണെന്നും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന തലത്തിലേക്ക് വളര്‍ന്നു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രളയകാലത്തും മഹാമാരിക്കാലത്തും കുടുംബശ്രീ അംഗങ്ങള്‍ പൊതുസമൂഹത്തിന് വേണ്ടി നിരവധി സേവനങ്ങള്‍ നടത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

  സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് വേണ്ടി 196.22 കോടി രൂപയാണ് കുടുംബശ്രീയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. അതാത് എ.ഡി.എസുകള്‍, പ്രത്യേക മാനദണ്ഡം അനുസരിച്ച് അര്‍ഹതയുള്ള ഒരു അയല്‍ക്കൂട്ടത്തിന് 10,000 രൂപ മുതല്‍ 20,000 രൂപ വരെ റിവോള്‍വിങ് ഫണ്ടായി ലഭ്യമാക്കും. ഇങ്ങനെ ലഭിക്കുന്ന തുക അയല്‍ക്കൂട്ടങ്ങള്‍ ആന്തരിക വായ്പാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ഒന്നേമുക്കാല്‍ ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

cm1

  കോവിഡിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വായ്പാ തിരിച്ചടവ് നടത്താന്‍ കഴിയാതെ വന്നതും സൂക്ഷ്മ സംരംഭങ്ങള്‍ നഷ്ടത്തിലായതുമടക്കം കുടുംബശ്രീ അംഗങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ പദ്ധതി മൂലം കഴിയുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ചു സംസാരിച്ച തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കുടുംബശ്രീയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുക റിവോള്‍വിങ് ഫണ്ടായി ലഭ്യമാക്കുന്നതെന്നും സര്‍ക്കാരിന്റെ വിവിധങ്ങളായ കരുതല്‍ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഈ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് നന്ദി അറിയിച്ചു.

cm2
 
  തിരുവനന്തപുരം ജില്ലയിലെ പനവൂര്‍ സി.ഡി.എസിലും കണ്ണൂര്‍ ജില്ലയിലെ പരിയാരം സി.ഡി.എസിലും ഫണ്ട് വിതരണോദ്ഘാടനവും തുടര്‍ന്ന് നടന്നു. വാമനപുരം എം.എല്‍.എ ഡി.കെ മുരളി, പനവൂര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണും കണ്ണൂർ ജില്ലാ  പഞ്ചായത്ത് ആരോഗ്യം - വിദ്യാഭ്യാസം  സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൻ അഡ്വ. കെ.കെ. രത്‌നകുമാരി, പരിയാരം സി.ഡി.എസ് ചെയര്‍പേഴ്‌സണും റിവോള്‍വിങ് ഫണ്ട് തുക കൈമാറി.

1

 

1

 

Content highlight
Financial support of Rs 196.22 crores to Kudumbashree ADSs and Oorusamithis of Attappady