കുടുംബശ്രീയുടെ ന്യൂജെന്‍ സംവിധാനമെന്ന നിലയ്ക്ക് ഒക്ടോബര്‍ രണ്ടു മുതല്‍ സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പുകള്‍ കേരളത്തില്‍ ശക്തമായ സാമൂഹ്യ മുന്നേറ്റമായി മാറുമെന്ന് തദ്ദേശസ്വയംഭരണ ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. ഗ്രൂപ്പ് രൂപീകരണത്തിന് മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍, മിഷന് ജീവനക്കാര്‍, കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍, കുടുംബശ്രീ റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവരുമായി ഓണ്‍ലൈനായി സംവദിക്കുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ തൊഴിലില്ലായ്മ കൂടുതലാണ്. തൊഴില്‍രഹിതരായ യുവതികളുടെ പട്ടികയില്‍ ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകളുമുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പ്രാദേശികതലത്തില്‍ കാര്‍ഷിക വ്യാവസായിക സേവന മേഖലകളിലെ വിഭവ സാധ്യതകള്‍ മനസ്സിലാക്കി അതിനനുസൃതമായ തൊഴില്‍ രംഗങ്ങളിലേക്ക് കടന്നു ചെല്ലാന്‍ വനിതകളെ സഹായിക്കുകയാണ് ഓക്സിലറി ഗ്രൂപ്പുകളിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് നൈപുണ്യ വികസന പരിശീലനവും സംരംഭകത്വ വികസന പരിശീലനങ്ങളും നല്കി കുടുംബശ്രീയുടെ യുവതലമുറ ഉള്‍പ്പെടുന്ന സംവിധാനത്തെ ശക്തമാക്കും. വിവിധ വകുപ്പുകളുമായും നൈപുണ്യപരിശീലന കേന്ദ്രങ്ങളുമായും സംയോജിച്ചു കൊണ്ടായിരിക്കും ഇത്. വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികളുമായി ചേര്‍ന്നുകൊണ്ട് സ്ത്രീധന ഗാര്‍ഹിക പീഡനം, മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കെതിരെ പ്രതിരോധിക്കുന്ന കരുത്തുറ്റ പ്രാദേശിക സംവിധാനങ്ങളായി ഓക്സിലറി ഗ്രൂപ്പുകളും മാറ്റും. കൂട്ടായ്മയുടെ പിന്‍ബലം കൈവരിക്കുന്നതു വഴി ഓക്സിലറി ഗ്രൂപ്പുകള്‍ എന്ന ആശയം വലിയൊരു ഭൗതിക ശക്തിയായി മാറുമെന്നും പുരുഷാധിപത്യ സമൂഹത്തിലെ ജീര്‍ണതകള്‍ മാറ്റിക്കൊണ്ട് കൂടുതല്‍ ആര്‍ജ്ജവത്തോടെ മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീയുടെ കീഴില്‍ യുവതികള്‍ക്കു കൂടി പ്രസക്തമാകുന്ന വിധത്തില്‍ രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പുകള്‍ മുഖേന സ്ത്രീകള്‍ക്ക് പ്രാദേശികതലത്തില്‍ കൂടുതല്‍ ക്രിയാത്മകവും വൈവിധ്യവുമായ ഇടപെടലുകള്‍ക്ക് അവസരം ലഭ്യമാകുമെന്നും, തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനമായി ഈ ഗ്രൂപ്പുകള്‍ക്ക് മാറാന്‍ കഴിയണമന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാമുരളീധരന് പറഞ്ഞു.
കുടുംബശ്രീ എക്സിക്യട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അധ്യക്ഷന്‍ സലിം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് പ്രസിഡന്റ് കെ.എം ഉഷ, കില ഡയറക്ടര്‍ ജോയ് ഇളമണ്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ അനു. ആര്.എസ് നന്ദി പറഞ്ഞു.
- 2265 views