മാലിന്യരഹിത നഗരത്തിലേക്കായി വികേന്ദ്രീകൃത ഉറവിട മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി തിരുവനന്തപുരം നഗരസഭ. പദ്ധതിയുടെ ഭാഗമായി 66 പുതിയ പോര്‍ട്ടബിള്‍ എയറോബിക് ബിന്നുകളുടെ ഉദ്ഘാടനം കല്ലടിമുഖത്ത് മേയര്‍ കെ. ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഐ.പി. ബിനു അദ്ധ്യക്ഷനായി.
നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് കമ്മ്യൂണിറ്റി തലത്തില്‍ ജൈവമാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കഴിയുന്ന പുതിയ 66 പോര്‍ട്ടബിള്‍ എയറോബിക് ബിന്നുകള്‍ സജ്ജമാക്കിയത്. നിലവിലുളള 154 പോര്‍ട്ടബിള്‍ എയറോബിക് ബിന്നുകളുടേയും 54 കേന്ദ്രങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്ന 414 തുമ്പൂര്‍മൂഴി എയറോബിക് ബിന്നുകളുടെയും പുറമെയാണിത്.
സ്ഥല പരിമിതി മൂലം സ്ഥിരമായി എയറോബിക് ബിന്നുകള്‍ സ്ഥാപിക്കാന്‍ കഴിയാത്തിടത്തും, ഉത്സവങ്ങള്‍, വലിയ ആഘോഷങ്ങള്‍ തുടങ്ങിയവ നടക്കുന്ന സ്ഥലങ്ങളിലുമാണ് പോര്‍ട്ടബിള്‍ എയറോബിക് ബിന്നുകളുടെ സേവനം ലഭ്യമാവുക. മാലിന്യ സംസ്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സ്വച്ഛ് ഭാരത് മിഷന്‍ ഡി.പി. ആറില്‍ ഉള്‍പ്പെടുത്തി 200 പോര്‍ട്ടബിള്‍ എയറോബിക് ബിന്നുകളും എം.ആര്‍.എഫ് സേവനം കൂടി ലഭ്യമാവുന്ന കേന്ദ്രങ്ങളില്‍ 144 എയറോബിക് ബിന്നുകള്‍ കൂടി സ്ഥാപിക്കുമെന്ന് മേയര്‍ പറഞ്ഞു.
പുതുതായി സജ്ജമാക്കിയ പോര്‍ട്ടബിള്‍ എയ്റോബിക് ബിന്നുകളുടെ സേവനം ആറ്റുകാല്‍ പൊങ്കാല നടക്കുന്ന പരിസര പ്രദേശങ്ങളിലും ലഭ്യമാക്കുമെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു. ബിന്നുകളില്‍ ജൈവമാലിന്യം സംസ്കരിച്ച് ലഭിക്കുന്ന ജൈവവളം നിലവില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു വരികയാണ്. പുതിയ ബിന്നുകള്‍ കൂടി വരുന്നതോടെ ജൈവ മാലിന്യ സംസ്കരണം കൂടുതല്‍ കാര്യക്ഷമമാവുകയും അതുവഴി ലഭിക്കുന്ന ജൈവവളം കൂടുതല്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുമാകും.