വാര്‍ത്തകള്‍

റീസര്‍ജന്‍റ് കേരള ലോണ്‍ സ്കീം: പലിശരഹിത വായ്പയായി 1016 കോടി രൂപ നല്‍കി

Posted on Tuesday, February 12, 2019

  * 124668 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിച്ചു

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ഗൃഹോപകരണങ്ങളും ഉപജീവനമാര്‍ഗങ്ങളും നഷ്ടമായ കുടുംബശ്രീ അംഗങ്ങളെ സഹായിക്കുന്നതിനായി ആവിഷ്ക്കരിച്ച റീസര്‍ജന്‍റ് കേരള ലോണ്‍ സ്കീം പദ്ധതി വഴി സംസ്ഥാനത്ത് ഇതുവരെ നല്‍കിയത് 1016 കോടി രൂപയുടെ വായ്പ. പദ്ധതി പ്രകാരം സംസ്ഥാനത്തെ അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകളിന്‍ മേല്‍ 1134  കോടി രൂപയാണ് വായ്പയായി വേണ്ടത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ 1016 കോടി രൂപ വായ്പയായി അനുവദിച്ചത്. ഇതു കൂടാതെ പുതുതായി രൂപീകരിച്ച മൂവായിരം അയല്‍ക്കുട്ടങ്ങള്‍ക്കു കൂടി വായ്പ ലഭ്യമാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വായ്പ ആവശ്യമുള്ള അംഗങ്ങള്‍ക്ക് അപേക്ഷ നല്‍കുന്നതിനുള്ള കാലാവധി ബാങ്കുകള്‍ മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു.

അര്‍ഹരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പായി ലഭിക്കുന്ന പദ്ധതിയാണിത്. ഇതു പ്രകാരം സംസ്ഥാനത്തെ  സി.ഡി.എസുകള്‍ മുഖേന ഇതുവരെ 23558 അയല്‍ക്കൂട്ടങ്ങളുടെ വായ്പാ അപേക്ഷകളാണ് ബാങ്കുകളില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ നിന്നും 16899 അയല്‍ക്കൂട്ടങ്ങളുടെ അപേക്ഷകള്‍ക്ക്  ബാങ്കുകള്‍ വായ്പ അനുവദിച്ചു. ഇങ്ങനെ ലഭിച്ച വായ്പാ തുക ഉപയോഗിച്ച് 124668 ഗുണഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും ചെറിയ തോതില്‍ ഉപജീവനമാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.

ഇതു വരെ ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ച ജില്ല എറണാകുളമാണ്. ഇവിടെ വിവിധ ബാങ്കുകള്‍ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് 319 കോടി രൂപ വായ്പയായി അനുവദിച്ചു വിതരണം ചെയ്തു. 235 കോടി രൂപ വായ്പ അനുവദിച്ച് ആലപ്പുഴ ജില്ലയാണ് രണ്ടാമത്.  അര്‍ഹരായ എല്ലാ അംഗങ്ങള്‍ക്കും വായ്പ ലഭ്യമാക്കുന്നതിനുള്ള ഫീല്‍ഡ്തല നടപടികളും പൂര്‍ത്തിയായി.അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നും വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അതത് ജില്ലാമിഷനുകളാണ് നേതൃത്വം വഹിക്കുന്നത്.

വായ്പ ലഭ്യമാകുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ക്കു വേണ്ടി കുടുംബശ്രീയുമായി ധാരണാപത്രം ഒപ്പു വച്ച പതിനഞ്ച് കമ്പനികളില്‍ നിന്നും അമ്പതു ശതമാനം വരെ വിലക്കുറവില്‍ നാനൂറോളം വ്യത്യസ്ത ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കഴിയുന്ന  ഡിസ്ക്കൗണ്ട് പര്‍ച്ചേസ് സ്കീമും ആവിഷ്ക്കരിച്ചിരുന്നു. ഇതു പ്രകാരം വായ്പ ലഭ്യമായ അയല്‍ക്കൂട്ട അംഗങ്ങള്‍ വായ്പാ തുക ഉപയോഗിച്ച് തങ്ങള്‍ക്കാവശ്യമായ  ഗൃഹോപകരണങ്ങള്‍ വാങ്ങുകയും ഉപജീവന മാര്‍ഗം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രളയക്കെടുതിയെ തുടര്‍ന്ന് ഏറെ സാമ്പത്തിക ക്ളേശം അനുഭവിക്കേണ്ടി വന്ന അയല്‍ക്കൂട്ട വനിതകള്‍ക്ക് പദ്ധതി പ്രകാരം വായ്പ ലഭ്യമാകുന്നത് ഏറെ ആശ്വാസകരമാകുന്നുണ്ട്.

 

Content highlight
124668 ഗുണഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും ചെറിയ തോതില്‍ ഉപജീവനമാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്

ബജറ്റില്‍ കുടുംബശ്രീ പദ്ധതികള്‍ക്ക് ആയിരം കോടി രൂപ

Posted on Saturday, February 2, 2019

തിരുവന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച 2019-20 വാര്‍ഷിക ബജറ്റില്‍ കുടുംബശ്രീക്ക് അഭിമാന നേട്ടം. കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ ഗുണപരമായ മാറ്റം വരുത്തുന്നതിനുമായി ആയിരം കോടി രൂപയാണ്   ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 258 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റ് വിഹിതവും നാനൂറ് കോടി രൂപ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങളില്‍ നിന്നും ബാക്കി തുക വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ നിന്നുമാണ് ലഭ്യമാകുക.

പ്രളയാനന്തര ജീവനോപാധി വികസനത്തിന്‍റെ ഭാഗമായി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് ബ്രാന്‍ഡ് അടിസ്ഥാനമാക്കിയുള്ള കേന്ദ്രീകൃത മാര്‍ക്കറ്റിംഗ് സംവിധാനം കൊണ്ടുവരുമെന്നതാണ് ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന്. ഇതിന്‍റെ ഭാഗമായി ന്യൂട്രിമിക്സ് പോഷക ഭക്ഷണം, മാരിക്കുട, സുഭിക്ഷ നാളികേര ഉല്‍പന്നങ്ങള്‍, ശ്രീ ഗാര്‍മെന്‍റ്സ്, കേരള ചിക്കന്‍, കയര്‍ കേരള, കരകൗശല ഉല്‍പന്നങ്ങള്‍, ഇനം തിരിച്ച തേന്‍ ബ്രാന്‍ഡുകള്‍, ഹെര്‍ബല്‍ സോപ്പുകള്‍, കറിപ്പൊടികള്‍, ഉണക്ക മത്സ്യം, ആദിവാസി ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ  പന്ത്രണ്ട് തരം വ്യത്യസ്ത ഉല്‍പന്നങ്ങള്‍  ബ്രാന്‍ഡ് ചെയ്ത് വിപണനം നടത്തും.  ഉല്‍പന്നങ്ങളുടെ വിപണനത്തിന് കുടുംബശ്രീയുടെ 200 ചെറു വിപണന കേന്ദ്രങ്ങളും ഹോംഷോപ്പ് ശൃംഖലയും കൂടുതല്‍ സജ്ജമാകും. കൂടാതെ സിവില്‍ സപ്ലൈസ് കണ്‍സ്യൂമര്‍ ഫെഡ്, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴിയും കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിപണനം ഊര്‍ജിതമാക്കും. നിലവില്‍ കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് വരുമാനമാര്‍ഗങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകമാകും. സംസ്ഥാനത്ത് വഴിയോരങ്ങളില്‍ വിശ്രമസൗകര്യവും ടോയ്ലറ്റ് സൗകര്യങ്ങളും ഉറപ്പാക്കുന്ന നൂറ് 'ടേക് എ ബ്രേക്' കേന്ദ്രങ്ങളും ആരംഭിക്കും. പെട്രോള്‍ പമ്പുകളില്‍ ഇതേ മാതൃകയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പെട്രോള്‍ കമ്പനികളുമായി കരാറിലേര്‍പ്പെടും. ഇതിലൂടെ നിരവധി അയല്‍ക്കൂട്ടവനിതകള്‍ക്ക് വരുമാന ലഭ്യത ഉറപ്പാക്കാനാകും.

സൂക്ഷ്മസംരംഭ ശൃംഖലയെയും സേവനമേഖലയേയും ശക്തിപ്പെടുത്തുന്നതിനും വനിതകള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനും സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലും കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള വനിതാ മേസ്തിരിമാരുടെ സംഘങ്ങള്‍ രൂപീകരിക്കുന്നതും ശ്രദ്ധേയമായ നേട്ടമാണ്. കുടുംബശ്രീയുടെ കീഴില്‍ നിലവിലുള്ള വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ക്ക് പുറമേയാണിത്. കൂടാതെ എല്ലാ സി.ഡി.എസുകളിലും ഇലക്ട്രിഫിക്കേഷന്‍, പ്ലബിംഗ്, ഗാര്‍ഹിക ഉപകരണങ്ങളുടെ റിപ്പയറിംഗ് എന്നിവ ഏറ്റെടുത്ത് ചെയ്യാന്‍ പ്രാപ്തിയുള്ള യൂട്ടിലിറ്റി സേവന സംഘങ്ങളും ഈവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പുകളും രൂപീകരിക്കും.

ഉല്‍പാദന മേഖലയ്ക്കു പുറമേ സേവന-സാമൂഹ്യസുരക്ഷാ മേഖലയിലും നിരവധി ശ്രദ്ധേയമായ പദ്ധതികള്‍ കുടുംബശ്രീ മുഖേന നടപ്പാക്കും. നിലവില്‍ കൊച്ചി മെട്രോ, റെയില്‍വേ എന്നിവയുമായി ചേര്‍ന്ന് മികച്ച രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ വയോജന സംരക്ഷണ മേഖലയില്‍ കുടുംബശ്രീ വനിതകള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിന് 2000 ജെറിയാട്രിക് കെയര്‍ എക്സിക്യൂട്ടീവുകളെ പരിശീലിപ്പിച്ച് ഈ രംഗത്ത് വിന്യസിക്കും.
വയോജന സംരക്ഷണം ഉറപ്പു വരുത്തുന്നിന്‍റെ ഭാഗമായി സംസ്ഥാനത്ത് വയോജനങ്ങളുടെ ഇരുപതിനായിരം അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഓരോന്നിനും 5000 രൂപ വീതം നല്‍കും.  പഞ്ചായത്തുകളില്‍ പകല്‍വീടുകളില്‍ കഴിയുന്നവരുടെ മേല്‍നോട്ടവും കുടുംബശ്രീയെ ഏല്‍പിക്കും. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കായി നടപ്പാക്കുന്ന മഴവില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്കായി പ്രത്യേക അയല്‍ക്കൂട്ടങ്ങളും രൂപീകരിക്കുന്നുണ്ട്. കൂടാതെ സംസ്ഥാനത്തെ 65000 അയല്‍ക്കൂട്ടങ്ങള്‍ക്ക് നാലു ശതമാനം പലിശക്ക് 3500 കോടി രൂപ ബാങ്ക് വായ്പയും ലഭ്യമാക്കും. മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 100 ബഡ്സ് സ്കൂളുകള്‍ കൂടി ആരംഭിക്കും.

 കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീ നാട്ടുചന്തകളെ സ്ഥിരം വിപണന കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതാണ് മറ്റൊന്ന്. വൈവിധ്യങ്ങളായ നാടന്‍ ഇലക്കറികള്‍ക്കു വേണ്ടിയുള്ള കൂളര്‍ ചേമ്പര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളിലുണ്ടായിരിക്കും. 2019-20 വര്‍ഷം ഈ ഉപജീവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ  25000 സ്ത്രീകള്‍ക്ക് പ്രതിദിനം 400-600 രൂപ വരുമാനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മൃഗപരിപാലനത്തിനും ചെറുകിട സംരംഭള്‍ക്കും മറ്റും വായ്പയെടുത്ത് കടക്കെണിയിലായ സ്ത്രീ സംഘങ്ങള്‍ക്കായി പുനരുദ്ധാരണ പദ്ധതി ആവിഷ്ക്കരിക്കുന്നുണ്ട്. ഇതിന്  20 കോടി രൂപ അധികം വകയിരുത്തിയിട്ടുണ്ട്.

 

Content highlight
ഉല്‍പാദന മേഖലയ്ക്കു പുറമേ സേവന-സാമൂഹ്യസുരക്ഷാ മേഖലയിലും നിരവധി ശ്രദ്ധേയമായ പദ്ധതികള്‍ കുടുംബശ്രീ മുഖേന നടപ്പാക്കും.

കുടുംബശ്രീ ഹര്‍ഷം ജെറിയാട്രിക് കെയര്‍ പദ്ധതി: വയോജന പരിപാലന മേഖലയിലേക്ക് കെയര്‍ ഗിവര്‍ എക്സിക്യൂട്ടീവുകള്‍

Posted on Thursday, January 24, 2019

     * സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക്  9188 11 2218 എന്ന നമ്പറില്‍ കോള്‍ സെന്‍റര്‍ സൗകര്യം
        * വിശദ വിവരങ്ങള്‍   www.harsham.kudumbashree.org എന്ന കുടുംബശ്രീ വെബ്സൈറ്റിലും

തിരുവനന്തപുരം: വയോജന പരിപാലന മേഖലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഹര്‍ഷം ജെറിയാട്രിക് കെയര്‍ പദ്ധതിയുടെ ഭാഗമായി പതിനഞ്ച് ദിവസത്തെ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ ഇരുനൂറ് വനിതകളുടെ സംസ്ഥാനതല സംഗമവും ദ്വിദിന തൊഴില്‍ വൈദഗ്ധ്യ പരിശീലന ശില്‍പശാലയും സംഘടിപ്പിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍  വയോജന സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വൈദഗ്ധ്യം ലഭ്യമാക്കിക്കൊണ്ട്  കെയര്‍ഹോമുകള്‍, പകല്‍വീടുകള്‍, ആശുപത്രികള്‍, വീടുകള്‍  എന്നിവിടങ്ങളില്‍  വയോജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ മേഖലയില്‍ സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യകത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുടുംബശ്രീ മുഖേന ഹര്‍ഷം പദ്ധതിയുടെ  ആരംഭം. ഇതിന്‍റെ ഭാഗമായാണ് കെയര്‍ ഗിവര്‍ എക്സിക്യൂട്ടീവുകളെ തിരഞ്ഞെടുത്ത് മികച്ച പരിശീലനം നല്‍കി ഈ രംഗത്ത് തൊഴില്‍ ലഭ്യമാക്കുന്നത്. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക്  9188 11 2218 എന്ന നമ്പറില്‍ കോള്‍ സെന്‍റര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പദ്ധതി വഴിയുള്ള വിവിധ സേവനങ്ങളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും www.harsham.kudumbashree.org  എന്ന വെബ്സൈറ്റിലും ലഭിക്കും.

ഈ രംഗത്തെ സേവനദാതക്കളായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിങ്ങ് പ്രമോഷന്‍ ട്രസ്റ്റുമായി  ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിശീലനം നേടിയ വനിതകള്‍ക്ക് ഈ മേഖലയില്‍ സ്വയംതൊഴില്‍ ആരംഭിക്കാന്‍ കഴിയും. കൂടാതെ കുടുംബശ്രീയുടെ പിന്തുണയോടെ പരമാവധി തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കുകയും ചെയ്യുന്നുണ്ട്. പരമാവധി  അയല്‍ക്കൂട്ട വനിതകള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നതിനും  അവര്‍ക്ക് സൗജന്യ പരിശീലനവും തൊഴിലും ലഭ്യമാക്കുന്നതിനും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.  
വയോജനങ്ങള്‍ക്ക് അവര്‍ക്കാവശ്യമുള്ള പരിചരണം അവശ്യസമയത്ത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ  നടപ്പാക്കുന്ന ഹര്‍ഷം ജെറിയാട്രിക് കെയര്‍ പദ്ധതിയില്‍ കെയര്‍ ഗിവര്‍ എക്സിക്യൂട്ടീവുകള്‍ക്കായി  മികച്ച ആശുപത്രി സംവിധാനങ്ങളുടെ പിന്തുണയോടെ പതിനഞ്ചു ദിവസത്തെ പരിശീലന പരിപാടിയാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. ഇതിന്‍റെ ഭാഗമായി വയോജന പരിചരണവുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളില്‍ പരിശീലനം, പ്രായോഗിക പരിശീലനത്തിനവസരം, ആശുപത്രി സംവിധനങ്ങളുമായി പരിചയപ്പെടല്‍  എന്നിവ ഉള്‍പ്പെടെയുള്ള വ്യത്യസ്ത പാഠ്യപദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ശില്‍പശാലയുടെ ഭാഗമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് യോഗ, ഫിസിയോതറാപ്പി, വൈറ്റല്‍സ് ചെക്കിങ്ങ്, ന്യൂട്രീഷന്‍ എന്നിവയില്‍  അധിക പരിശീലനം നല്‍കി. ഇവര്‍ക്ക് തൊഴിലവസരം നല്‍കുന്നതിനായി  കിംസ്, നിംസ് മെഡിസിറ്റി എന്നിവയടക്കമുള്ള പ്രമുഖ ആശുപത്രികളും സുഖിനോ,  കെയര്‍ ആന്‍ഡ് ക്യൂര്‍, ആശാ കെയര്‍ ഹോംസ്, അവന്തിക എന്നീ സ്വകാര്യ സ്ഥാപനങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്. ഇതു കൂടാതെ വിവിധ ജില്ലകളില്‍ നിന്നും നിരവധി പ്രമുഖ ആശുപത്രികളും ജെറിയാട്രിക് കെയര്‍ സ്ഥാപനങ്ങളും വയോജന പരിചരണത്തിനും രോഗീപരിചരണത്തിനും വേണ്ടി കുടുംബശ്രീ കെയര്‍ ഗിവര്‍ എക്സിക്യൂട്ടീവുകളുടെ സേവനം ആവശ്യപ്പെട്ട് കുടുംബശ്രീയെ സമീപിച്ചിട്ടുണ്ട്.
 
'ഹര്‍ഷം' ജെറിയാട്രിക് കെയര്‍ പദ്ധതിയിലൂടെ മുതിര്‍ന്ന തലമുറയ്ക്ക്  ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള ആവശ്യമായ സേവനങ്ങള്‍ തികച്ചും പ്രഫഷണല്‍ രീതിയില്‍ ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.  ആശുപത്രികളിലും വീടുകളിലും രോഗികള്‍ക്ക് കൂട്ടിരുപ്പ് പരിചരണം, കൃത്യമായ ഇടവേളകളില്‍ ആഹാരം, മരുന്ന് നല്‍കല്‍, വീടുകളില്‍ ചെന്ന് കിടപ്പുരോഗികളുടെ ഷുഗര്‍, രക്തതമ്മര്‍ദം എന്നിവയുടെ പരിശോധന, കൂടാതെ കിടപ്പു രോഗികള്‍ക്ക്  കിടക്ക വൃത്തിയാക്കല്‍, കുളിപ്പിക്കല്‍, മരുന്നു നല്‍കല്‍ എന്നിവ ഉള്‍പ്പെടെ ആവശ്യാധിഷ്ഠിത സേവനങ്ങള്‍, ബില്‍ അടയ്ക്കല്‍, വൈദ്യ പരിശോധനയ്ക്ക് കൂട്ടു പോകല്‍ തുടങ്ങിയവയാണ് പദ്ധതി വഴി ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍.

Content highlight
ഈ രംഗത്തെ സേവനദാതക്കളായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിങ്ങ് പ്രമോഷന്‍ ട്രസ്റ്റുമായി ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്

കുടുംബശ്രീയുടെ എറൈസ് (ARISE) സ്വയംതൊഴില്‍ പരിശീലന പരിപാടിയിലൂടെ നിറവേറുന്നത് റീബില്‍ഡ് കേരളയുടെ പ്രധാന ലക്ഷ്യം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍

Posted on Saturday, January 19, 2019

തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടത്തുന്ന എറൈസ് (ARISE) തൊഴില്‍ പരിശീലന പരിപാടിയിലൂടെ കേരളത്തില്‍ അമ്പതിനായിരം ആളുകള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കാന്‍ വഴിയൊരുക്കുമെന്നും അതുവഴി റീ ബില്‍ഡ് കേരളയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം പ്രാവര്‍ത്തിക്കമാക്കാന്‍ കുടുംബശ്രീക്ക് സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. എറൈസ് -സ്വയംതൊഴില്‍ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദഹേം.

കേരളത്തില്‍ പത്തോളം വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കുടുംബശ്രീ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഈ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി അതത് മേഖലകളില്‍ സംരംഭങ്ങള്‍ രൂപീകരിച്ച് വരുമാനം നേടാന്‍ ഏറ്റവും സഹായകരമാകുന്ന തരത്തിലാണ് എറൈസ് തൊഴില്‍ പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. അവരവര്‍ക്ക് താല്‍പര്യമുള്ള മേഖലകളില്‍ പരിശീലനം നേടാനും സ്വയംതൊഴില്‍ ചെയ്യാനുമുള്ള മികച്ച അവസരമാണ് കുടുംബശ്രീ ഇപ്പോള്‍ നല്‍കുന്നത്. സ്വയംതൊഴില്‍ പരിശീലനത്തില്‍ പങ്കെടുത്ത് തൊഴിലും വരുമാനവും നേടുന്നതിലൂടെ ഇത്രയും ആളുകള്‍ക്ക് മാന്യമായ ഉപജീവനമാര്‍ഗവും സാമ്പത്തികാഭിവൃദ്ധിയും നേടാനാകുമെന്നും അതിനാല്‍ പ്രളയാനന്തര പുനരധിവാസത്തില്‍ പ്രധാന പങ്കു വഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ നേടുന്ന വരുമാനം കുടുംബങ്ങളിലും അതുവഴി സമൂഹത്തിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവരും. സാമ്പത്തിക വളര്‍ച്ച ജീവിത നിലവാരവുമായി ബന്ധപ്പെട്ട വളര്‍ച്ചയാണ്. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകുന്നതോടെ തൊഴില്‍ മേഖലയിലെ അന്തസും ഉയരും.  ഇതിന് തൊഴിലിനോടുള്ള മനോഭാവത്തില്‍ മാറ്റം വരണം. പ്രളയാനന്തരമുള്ള കേരളത്തിന്‍റെ പുന:സൃഷ്ടിക്കു വേണ്ടി ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട അമ്പതിനായിരം പേര്‍ക്ക് മികച്ച തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി വരുമാനമാര്‍ഗം ലഭ്യമാക്കുന്നതു വഴി കുടുംബശ്രീ സംഘടിപ്പിക്കുന്ന എറൈസ്-തൊഴില്‍ പരിശീലന പരിപാടിക്ക് പ്രസക്തിയേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വയോജന പരിചരണ മേഖലയില്‍ കുടുംബശ്രീ മുഖേന നടത്തുന്ന ഹര്‍ഷം-ജെറിയാട്രിക് കെയര്‍ പദ്ധതിയുടെ ഭാഗമായി രൂപകല്‍പന ചെയ്ത വെബ്സൈറ്റിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

കുടുംബശ്രീ മുഖേന നടത്തുന്ന എറൈസ് തൊഴില്‍ പരിശീലന പരിപാടിയിലൂടെ പ്രതിമാസം ശരാശരി ഇരുപതിനായിരം രൂപയെങ്കിലും വരുമാനം നേടാന്‍ കഴിയുന്ന രീതിയില്‍ സംരംഭകര്‍ മാറണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇതു പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ പ്രതിവര്‍ഷം ആയിരത്തി അഞ്ഞൂറ് കോടിയോളം രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്. അത് കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിനും വികസനത്തിനുമായി ഉപകരിക്കും. കേരളത്തിന്‍റെ പുന:സൃഷ്ടിക്കായി നമ്മള്‍ പ്രവര്‍ത്തിച്ചു തുടങ്ങുക എന്നതാണ് പ്രധാനം. കാര്‍പെന്‍ററി, ഇലക്ട്രിക്കല്‍, പ്ലബിംഗ്, ജെറിയാട്രിക് കെയര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നല്ല തൊഴില്‍ വൈദഗ്ധ്യമുള്ള ആളുകളുടെ അഭാവമുണ്ട്. എറൈസ് തൊഴില്‍ പരിശീലന പരിപാടിയിലൂടെ ഏറ്റവും മികച്ച രീതിയിലുള്ള പ്രായോഗിക പരിശീലനം നേടുന്നവര്‍ക്ക് സംസ്ഥാനത്ത് മാത്രമല്ല വിദേശത്തും മാന്യമായ രീതിയില്‍ വരുമാനം ലഭിക്കുന്ന തൊഴില്‍ നേടാന്‍ കഴിയും. ഒരു പ്രത്യേക തൊഴില്‍മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ വിവിധ ജോലികളില്‍ തൊഴില്‍ നൈപുണ്യവും ആധുനിക സാങ്കേതിക വൈദഗ്ധ്യമുള്ളവരുമാകാനാണ് ശ്രമിക്കേണ്ടത്. ചെയ്യുന്ന ജോലിക്ക് അര്‍ഹമായ വേതനവും ലാഭവും

അതോടൊപ്പം തൊഴിലില്‍ വളര്‍ച്ച നേടാനും ഓരോ കുടുംബശ്രീ വനിതകള്‍ക്കും സാധിക്കണം.
എല്ലാവിധ റിപ്പയറിങ്ങ് ജോലികളും ഏറ്റവും വേഗത്തില്‍ ഒരു ടീമായി വന്ന് ചെയ്തു കൊടുക്കാനും അതിന് മിതമായ നിരക്കില്‍ കൂലി വാങ്ങാനും കുടുംബശ്രീ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധിക്കണം. എല്ലാകാലത്തും കുടുംബശ്രീ കുടുംബങ്ങളിലെ വിവിധ തലമുറകളില്‍പ്പെട്ടവര്‍ക്ക് മികച്ച തൊഴില്‍ പരിശീലനം നല്‍കി അവര്‍ക്ക് മാന്യമായ ജീവിതമാര്‍ഗം ഒരുക്കിനല്‍കിയിട്ടുണ്ട്. എറൈസ് തൊഴില്‍ പരിശീലന പരിപാടിയും അതിന്‍റെ ഭാഗമാണെന്നും ഇതുവഴി അമ്പതിനായിരത്തിലേറെ പേര്‍ക്ക് പുതിയ തൊഴില്‍ മേഖലകളില്‍ അറിവും ജീവനോപാധിയും നേടിക്കൊടുക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.  

റീബില്‍ഡ് കേരള എന്ന വെല്ലുവിളിയിലേക്കുള്ള ഉറച്ച കാല്‍വയ്പ്പായിട്ടാണ് കുടുംബശ്രീ സംഘടിപ്പിക്കുന്ന എറൈസ് തൊഴില്‍ പരിശീലന പരിപാടിയെ കാണുന്നതെന്ന് റീ ബില്‍ഡ് കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.വി.വേണു മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. നാഗരിക ജീവിതത്തില്‍ പുതിയ സേവനങ്ങളുടെ ആവശ്യകത വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ വിവിധ തൊഴിലുകള്‍ ചെയ്യാന്‍ വൈദഗ്ധ്യമുള്ളവരെയാണ് ഇപ്പോള്‍ ആവശ്യം. എറൈസ് തൊഴില്‍ പരിശീലന പരിപാടിയിലൂടെ തൊഴില്‍ നൈപുണ്യമുള്ള ആളുകളെ സൃഷ്ടിച്ച് മാന്യമായ വരുമാനം നേടിക്കൊടുക്കാന്‍ കഴിയുന്നതിലൂടെ കേരളത്തിന്‍റെ പുന:സൃഷ്ടിയുടെ പ്രധാന ദൗത്യം നിറവേറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ വഴി മികച്ച സംരംഭകരായി മാറിയ ഇരുപത് വനിതകളെ കുറിച്ച് തയ്യാറാക്കിയ പുസ്തകത്തിന്‍റെ പ്രകാശനം കുടുംബശ്രീ ഡയറക്ടര്‍ ആശാ വര്‍ഗീസിനു നല്‍കി അദ്ദേഹം നിര്‍വഹിച്ചു.  
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന എന്‍.എസ് നന്ദി പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, പരിശീലക ഏജന്‍സികള്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Content highlight
കേരളത്തില്‍ പത്തോളം വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കുടുംബശ്രീ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

സ്ത്രീ പദവി സ്വയംപഠന പ്രക്രിയ, നാലാം ഘട്ടത്തിന് തുടക്കം

Posted on Tuesday, January 15, 2019

The fourth phase of the Gender Self Learning Programme was officially launched. Shri. A.C. Moideen, Minister, Local Self Government Department, Government of Kerala inaugurated the NHG level campaign of the fourth phase of Gender Self Learning Programme at District Co-operative Bank Hall, Thrissur on 14 January 2019.

Kudumbashree Mission had been framing and successfully implementing different programmes focusing women through Gender Self Learning Programme (GSLP) for the past 11 years. Vulnerability study, crime mapping, Neetham campaign, Pusthaka yatra were the activities implemented by Kudumbashree as the after effect of Gender Self Learning Programme. The themes Women & employment, Women & health Women & mobility had already been discussed in the last 3 modules of Gender Self Learning Programme.

The programme is organised in NHGs through group discussions. Gender Status- Equality & Justice will be the theme discussed in the fourth module.The concept is meant to create an environment for women to learn what empowerment is for themselves and how they should learn to recognize suppression, vulnerability etc. The GSLP programme will be organised at NHGs for 6 months. A book has also been prepared for the self learning process reach to the 43 lakh members in 2.77 NHGs. 300 facilitators from 14 districts across Kerala had been selected and trained. The facilitators will select one member each from every NHGs and thereby equip the NHGs for the self learning programme.

Gender Self Learning Programme could be regarded as the first social educational process that would have direct implications on rights and entitlements of women in grass roots. Unlike conventional women empowerment programmes that adhere to awareness classes, gender self learning programme aims at facilitating neighborhood groups on discussions that reflect on discrimination, violence and inequality. Each woman represented in the network is regarded as a participant, information provider and knowledge creator.

Content highlight
Gender Self Learning Programme could be regarded as the first social educational process that would have direct implications on rights and entitlements of women in grass roots.

പ്രളയ പുനരധിവാസത്തിന് കുടുംബശ്രീയുടെ കൈത്താങ്ങ്: സംസ്ഥാനത്ത് 50000 പേര്‍ക്ക് സൗജന്യ സ്വയംതൊഴില്‍ പരിശീലനം

Posted on Saturday, December 15, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതികള്‍ മൂലം ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ 50000 പേര്‍ക്ക് സൗജന്യ സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നു. ഇതു പ്രകാരം മൂന്നു മാസം ദൈര്‍ഘ്യമുള്ള  'എറൈസ്' ( ARISE'-acquiring resilience and identify through sustainable employmen) സംസ്ഥാനതല സ്വയംതൊഴില്‍ പരിശീലന ക്യാമ്പെയ്ന് തുടക്കമായി.    

 പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി നഗരഗ്രാമീണ മേഖലകളില്‍ പ്രളയബാധിതരായ  അമ്പതിനായിരം കുടുംബങ്ങള്‍ക്ക് മാന്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തി വരുമാനം നേടുന്നതിനു പ്രാപ്തരാക്കുക എന്നതാണ്  ഈ ക്യാമ്പെയ്ന്‍ വഴി ലക്ഷ്യമിടുന്നത്. പ്രധാനമായും  അതിജീവനത്തിനു  സഹായിക്കുക എന്നതു ലക്ഷ്യമിട്ടാണ്  ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍. പ്രളയം ബാധിക്കാത്ത മേഖലകളില്‍ കഴിയുന്ന സ്വയംതൊഴില്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും കുടുംബശ്രീയുടെ സ്വയംതൊഴില്‍ പരിശീലന പദ്ധതിയില്‍ ചേരാന്‍  അവസരം നല്‍കും.  മൂന്നു മാസം നീളുന്ന പരിശീലന പരിപാടിയില്‍ കുടുംബശ്രീ വനിതകള്‍ക്കൊപ്പം കുടുംബശ്രീ കുടുംബാംഗങ്ങളായ പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. ഇവര്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കി വ്യക്തിഗത-ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ പിന്തുണ നല്‍കുന്നതോടൊപ്പം സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള സൂക്ഷ്മസംരംഭ മേഖലയെ ശക്തിപ്പെടുത്തുക എന്നതും ക്യാമ്പെയ്ന്‍റെ ലക്ഷ്യമാണ്.

തൊഴിലാളികളെ കിട്ടാന്‍ പ്രയാസമുള്ള തൊഴില്‍ മേഖലകള്‍ ഏതെല്ലാമാണെന്നും അയല്‍ക്കൂട്ട വനിതകള്‍ക്ക് പരിശീലനം നേടാന്‍ കൂടുതല്‍ താല്‍പര്യമുളള വ്യത്യസ്ത തൊഴില്‍ രംഗങ്ങള്‍ ഏതൊക്കെയാണെന്നും  കണ്ടെത്തുന്നതിനായി ഒക്ടോബര്‍ 28, 29 തീയതികളില്‍ കുടുംബശ്രീ ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍ മുഖേന സംസ്ഥാനത്ത് സര്‍വേ നടത്തിയിരുന്നു.  ഇതു പ്രകാരം ഡാറ്റാ എന്‍ട്രി, പ്ളംബിങ്ങ്, ഇലക്ട്രോണിക് റിപ്പയറിങ്ങ്, ഇലക്ട്രിക്കല്‍ ജോലികള്‍, കൃഷി അനുബന്ധ ജോലികള്‍, ലോണ്‍ട്രി ആന്‍ഡ് അയണിങ്ങ്, സെയില്‍സ്, ഹൗസ് കീപ്പിങ്ങ്, ഡേ കെയര്‍ എന്നിങ്ങനെ പത്തോളം മേഖലകളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ മേഖലകളില്‍ ആളുകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കിയാല്‍ അവര്‍ക്ക് സ്ഥിരമായ തൊഴിലും വരുമാന മാര്‍ഗവും നേടുന്നതിനും അതുവഴി അവരുടെ കുടുംബങ്ങളിലെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും സഹായകമാകും എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ സ്വയംതൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിനുള്ള തീരുമാനം.

പദ്ധതിയോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു പ്രകാരം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും സ്വയംതൊഴില്‍ പരിശീലനം ലഭ്യമാക്കും. ഡിസംബര്‍ 15 മുതല്‍ ജനുവരി ഒന്നു വരെയുള്ള കാലയളവില്‍ സി.ഡി.എസുകളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് പരിശീലനം നല്‍കുക. സര്‍ക്കാര്‍ അംഗീകൃത തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ വഴിയും കുടുംബശ്രീ എംപാനല്‍ ചെയ്തിട്ടുള്ള പ്രമുഖ പരിശീലക ഏജന്‍സികള്‍ മുഖേനയുമായിരിക്കും ഗുണഭോക്താക്കള്‍ക്ക് പരിശീലനം ലഭ്യമാക്കുക. കോഴ്സ് അനുസരിച്ച് അഞ്ച് ദിവസം മുതല്‍ ഇരുപത്തിയൊന്ന് ദിവസം വരെ ദൈര്‍ഘ്യമുളള പരിശീലനമാണ് നല്‍കുക.

പരിശീലനത്തിനു ശേഷം സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാവശ്യമായ സാമ്പത്തിക പിന്തുണയും തുടര്‍പരിശീലനവും കുടുംബശ്രീ നല്‍കും. കോഴ്സുകളില്‍ ചേരാന്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.  സ്വയംതൊഴില്‍ പരിശീലന ക്യാമ്പെയ്ന്‍റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്റര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന് നല്‍കി പ്രകാശനം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ നിരഞ്ജന എന്‍.എസ്, അമൃത.ജി.എസ്, സ്റ്റേറ്റ്  പ്രോഗ്രാം മാനേജര്‍ സുചിത്ര എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Content highlight
ഡിസംബര്‍ 15 മുതല്‍ ജനുവരി ഒന്നു വരെയുള്ള കാലയളവില്‍ സി.ഡി.എസുകളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്

വൈറ്റില മൊബിലിറ്റി ഹബ്ബിലെ എല്ലാവിധ ഫീസ് കളക്ഷനും ഇനി കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റിന്

Posted on Thursday, December 13, 2018

തിരുവനന്തപുരം: എറണാകുളം വൈറ്റില മൊബിലിറ്റി ഹബ്ബിലെ എല്ലാ വിധ ഫീസ് കളക്ഷനും കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റിന്. ഇതു പ്രകാരം പാര്‍ക്കിങ്ങ്, ബസ് എന്‍ട്രി, ടോയ്ലറ്റ് തുടങ്ങിയവയുടെ ഫീസ് കളക്ഷന്‍ ഇനി മുതല്‍ കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റ് വഴിയാകും. നിലവില്‍ ഹബ്ബിലെ ഹൗസ് കീപ്പിങ്ങ്, സെക്യൂരിറ്റി സര്‍വീസ് എന്നിവയുടെ ചുമതല കുടുംബശ്രീക്കാണ്. ഫീസ് കളക്ഷനുള്ള അവസരം കൂടി ലഭിച്ചതോടെ മൊബിലിറ്റി ഹബ്ബിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ചുമതല കുടുംബശ്രീക്ക് കൈവന്നിരിക്കുകയാണ്. മൊബിലിറ്റി മാനേജ്മെന്‍റ് ഡയറക്ടര്‍ ആര്‍.ഗരിജ കുടുംബശ്രീ എറണാകുളം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി ഗീവര്‍ഗീസ് എന്നിവര്‍ ഇതു സംബന്ധിച്ച കരാര്‍ ഒപ്പു വച്ചു.

ഓപ്പണ്‍ ടെന്‍ഡര്‍ വഴിയാണ് കുടുംബശ്രീക്ക് കരാര്‍ ലഭിച്ചത്. രണ്ടു വര്‍ഷമാണ് കാലാവധി. ഫീസ് കളക്ഷനു വേണ്ടി എട്ടു സ്ത്രീകളും രണ്ട് പുരുഷന്‍മാരുമടങ്ങിയ ടീമിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എട്ടു മണിക്കൂര്‍ വീതം രണ്ടു ഷിഫ്റ്റുകളിലായാണ് ഇവരുടെ പ്രവര്‍ത്തനം. ഇവര്‍ക്ക് ശമ്പളത്തോടൊപ്പം ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളും ലഭിക്കും.

കൊച്ചി മെട്രോയിലെ വിവിധ വിഭാഗങ്ങളില്‍ കുടുംബശ്രീ വനിതകള്‍ കാഴ്ച വച്ച പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്‍ഷം മൊബിലിറ്റി ഹബ്ബിലെ സെക്യൂരിറ്റി സര്‍വീസ്, ഹൗസ്കീപ്പിങ്ങ് എന്നിവയ്ക്കായി ഇവരുടെ സേവനം ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇതിനായി കുടുംബശ്രീ എറണാകുളം ജില്ലാമിഷന്‍ സമര്‍പ്പിച്ച പ്രൊപ്പോസല്‍ വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റി അംഗീകരിക്കുകയായിരുന്നു. ഇതു കൂടാതെയാണ് ഇപ്പോള്‍ ഓപ്പണ്‍ ടെന്‍ഡര്‍ വഴി ഫീസ് കളക്ഷനുളള അവസരം കൂടി കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റിനു ലഭിച്ചത്.      

Content highlight
ഫീസ് കളക്ഷനു വേണ്ടി എട്ടു സ്ത്രീകളും രണ്ട് പുരുഷന്‍മാരുമടങ്ങിയ ടീമിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്

അയല്‍പക്ക പ്രദേശങ്ങളിലെ വിഷമതകള്‍ ആദ്യം അറിയാന്‍ കഴിയുന്നവരാണ് കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍: മന്ത്രി എ.സി.മൊയ്തീന്‍

Posted on Thursday, December 13, 2018

തിരുവനന്തപുരം: അയല്‍പക്ക പ്രദേശങ്ങളില്‍ വിവിധ മാനസിക പ്രയാസങ്ങള്‍ നേരിടുന്നവരെയും  ഗാര്‍ഹിക പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരേയും ഏറ്റവുമാദ്യം കണ്ടെത്താനും അവരെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും മുക്തി നേടുന്നതിന്  സഹായിക്കാനാകുന്നതും കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്കാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. കാര്യവട്ടം യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗവുമായി ചേര്‍ന്ന് കുടുംബശ്രീയുടെ 350 കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച അഞ്ചു ദിവസത്തെ പരിശീലന പരിപാടിയുടെ സമാപന സമ്മേളത്തിന്‍റെയും ഇതിനോടനുബന്ധിച്ചുള്ള  സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്‍റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലവിധ കാരണങ്ങളാല്‍ കടുത്ത മാനസികാഘാതങ്ങളേറ്റ് അതിന്‍റെ സംഘര്‍ഷങ്ങള്‍ ഉള്ളിലടക്കി ജീവിക്കേണ്ടി വരുന്ന ഏറ്റവും താഴെ തട്ടിലുളളവരെ കണ്ടെത്താനും അവര്‍ക്ക് മാനസികാരോഗ്യം ഉറപ്പു വരുത്താനും കുടുംബശ്രീയുടെ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് കഴിയുന്നുണ്ട്. പ്രളയകാലത്ത് ഇവരുടെ സേവനസന്നദ്ധത നാം തിരിച്ചറിഞ്ഞതാണ്. ഇത്തരത്തിലുള്ള അക്കാദമിക് മികവോടെയുള്ള പരിശീലനങ്ങള്‍ ലഭിക്കുന്നതിനു മുമ്പ് തന്നെ പ്രളയദുരന്തങ്ങള്‍ക്കിരയാകേണ്ടി വന്ന സാധാരണക്കാരായ ആളുകളിലേക്ക് ഓടിയെത്തി അവര്‍ക്ക് മാനസികമായ പിന്തുണയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ധൈര്യവും നല്‍കാന്‍ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് കഴിഞ്ഞു എന്നത് അഭിനന്ദനീയമാണ്. കൂട്ടുകുടുംബവ്യവസ്ഥയില്‍ തങ്ങളുടെ പ്രശ്നങ്ങളും വിഷമങ്ങളും പങ്കു വയ്ക്കാന്‍ കുടുംബത്തില്‍ ആളുകളുണ്ടായിരുന്നു. എന്നാല്‍  പിന്നീട്  അണുകുടുംബങ്ങള്‍ വന്നതോടെ അതിനുള്ള അവസരം ഇല്ലാതായി. ഇത്തരം സാമൂഹ്യമാറ്റങ്ങളുടെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് ഏറെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകളാണ്. അവരെ തിരിച്ചറിയാനും അവര്‍ക്കാവശ്യമായ സേവനങ്ങള്‍ ഏറ്റവുമെളുപ്പത്തില്‍ നല്‍കാനും കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് കഴിയും. ലോകത്തിനു മുന്നില്‍ സാമൂഹ്യസേവനത്തില്‍ അധിഷ്ഠിതമായ സ്ത്രീകൂട്ടായ്മയായി കുടുംബശ്രീയെ ചൂണ്ടിക്കാണിക്കാന്‍ നമുക്ക് കഴിയണമെന്നും അതിന് ഈ പരിശീലന പരിപാടി  ഏറെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

കാര്യവട്ടം യൂണിവേഴ്സിറ്റി ഡീന്‍ ഓഫ് സയന്‍സ് ഡോ.എ.ബിജു കുമാര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ മുഖ്യപ്രഭാഷണവും റിസോഴ്സ് ബുക്കിന്‍റെ പ്രകാശനവും നിര്‍വഹിച്ചു. സൈക്കോളജി വിഭാഗം മേധാവി ഡോ.ജാസീര്‍ ജെ ആശംസാ പ്രസംഗം നടത്തി. സൈക്കോളജി വിഭാഗം അസോസിയേറ്റ് പ്രഫസറും ട്രെയിനിങ്ങ് കോ-ഓര്‍ഡിനേറ്ററുമായ ഡോ.ടിസി മറിയം തോമസ് പരിശീലന പരിപാടിയെ സംബന്ധിച്ച് വിശദീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുള്ള കമ്യൂണിറ്റി കൗണ്‍സിലര്‍ തേന്‍മൊഴി കുടുംബശ്രീ പരിശീലനങ്ങളിലൂടെ തനിക്ക് ലഭിച്ച മാനസികവും വിദ്യാഭ്യാസപരവുമായ പുരോഗതിയെ കുറിച്ച് വിശദീകരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രമോദ്.കെ.വി സ്വാഗതവും ജെന്‍ഡര്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നന്ദിയും പറഞ്ഞു.

 

                 

 

Content highlight
പലവിധ കാരണങ്ങളാല്‍ കടുത്ത മാനസികാഘാതങ്ങളേറ്റ് അതിന്‍റെ സംഘര്‍ഷങ്ങള്‍ ഉള്ളിലടക്കി ജീവിക്കേണ്ടി വരുന്ന ഏറ്റവും താഴെ തട്ടിലുളളവരെ കണ്ടെത്താനും അവര്‍ക്ക് മാനസികാരോഗ്യം ഉറപ്പു വരുത്താനും കുടുംബശ്രീയുടെ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് കഴിയുന്നുണ്ട്

കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ നിര്‍വഹിക്കുന്നത് വലിയ സാമൂഹിക ഉത്തരവാദിത്വം: ഡോ.ടി.എന്‍.സീമ

Posted on Wednesday, December 5, 2018

തിരുവനന്തപുരം: കുടുംബശ്രീ  കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ നിര്‍വഹിക്കുന്നത് വലിയ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഡോ.ടി.എന്‍.സീമ. കേരള യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗവുമായി ചേര്‍ന്ന് കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ പരിശീലന പരിപാടി കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ ജൂബിലി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

സാമൂഹികവും മാനസികവും ബൗദ്ധികവുമായ കരുത്താണ് സ്ത്രീ മുന്നേറ്റത്തിന് അനിവാര്യം. അതിന് മികച്ച മാനസികാരോഗ്യം കൈവരിക്കേണ്ടതും സംരക്ഷിക്കേണ്ടതും ആവശ്യമാണ്. കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കു വഹിക്കാനാകും. സമൂഹനിര്‍മിതിയുടെ ഭാഗമായി സ്ത്രീയായതു കൊണ്ടു മാത്രം വിവേചനങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. സ്ത്രീക്കു നേരെയുണ്ടാകുന്ന കൈയ്യേറ്റങ്ങള്‍ പോലും ന്യായീകരിക്കപ്പെടുന്നത് ഇതുകൊണ്ടാണ്. സ്ത്രീകളുടെയും കുട്ടികളുടെയും കൗണ്‍സിലിങ്ങില്‍ വെളിപ്പെടുന്നത് വളരെ നാളുകളായി അവര്‍ അടിച്ചമര്‍ത്തി വച്ചിട്ടുള്ള പല വിഷയങ്ങളുമാണ്. പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ തങ്ങളെ തേടി വരുന്നതു കാത്തു നില്‍ക്കാതെ നമ്മള്‍ അവരിലേക്കെത്തണം. സ്കൂള്‍, വീട്, അയല്‍ക്കൂട്ടങ്ങള്‍ എന്നിവിടങ്ങളെല്ലാം പ്രയാസങ്ങളും പ്രശ്നങ്ങളും പങ്കു വയ്ക്കാന്‍ കഴിയുന്ന ഇടങ്ങളായി മാറണം. ടി.എന്‍.സീമ പറഞ്ഞു.

അയല്‍ക്കൂട്ട കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ മനസിലാക്കി കൗണ്‍സിലിങ്ങ് വഴി മാനസികാരോഗ്യവും സന്തോഷവും ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ സംസ്ഥാനത്ത് സ്നേഹിതയുടെ ഭാഗമായി കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. പഞ്ചായത്ത്തലത്തില്‍ മൂന്നൂറ്റി നാല്‍പ്പത്തിയേഴ് ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകളും എഴുപത്തിരണ്ട് ബ്ളോക്ക് ലെവല്‍ കൗണ്‍സലിങ്ങ് സെന്‍ററുകളും വാര്‍ഡുതലത്തില്‍ പ്രവര്‍ത്തിക്കുന്ന പതിനേഴായിരത്തിലേറെ വിജിലന്‍റ് ഗ്രൂപ്പുകളും ഇന്ന് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. അയല്‍ക്കൂട്ട വനിതകള്‍ക്ക് അവരുടെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും സംഘര്‍ഷങ്ങളെയും കൈകാര്യം ചെയ്യുന്നതിനും തരണം  ചെയ്യുന്നതിനും വ്യക്തിത്വ വികാസത്തിനും വേണ്ടിയുളള സംവിധാനങ്ങളാണ് ഇതെല്ലാം. ഇതിനോടൊപ്പം മികച്ച അക്കാദമിക് നിലവാരത്തില്‍ പരിശീലനം ലഭിക്കുന്ന കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം കൂടി ലഭ്യമാകുന്നതോടെ കുടുംബശ്രീ വനിതകള്‍ക്ക് സമൂഹത്തില്‍ ഏറെ മുന്നേറാന്‍ കഴിയും. സമഗ്രമായ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീപുരുഷ സമത്വത്തിലേക്ക് എത്തിച്ചേരുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.  കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് നല്‍കുന്ന അഞ്ചു ദിവസത്തെ കൗണ്‍സിലിങ്ങ് പരിശീലന പരിപാടി ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് കൂടുതല്‍ കരുത്തും പ്രചോദനവും നല്‍കുമെന്നും ടി.എന്‍.സീമ പറഞ്ഞു.

അക്കാദമിക് സമൂഹത്തിന് പൊതു സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെന്നും കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്കു വേണ്ടി നടത്തുന്ന പരിശീലന പരിപാടിയിലൂടെ  ഇതു മികച്ച രീതിയില്‍ നിറവേറ്റാന്‍ സാധിക്കുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ സൈക്കോളജി വിഭാഗം മേധാവി ഡോ. ജസീര്‍ .ജെ പറഞ്ഞു.ഡോ.ടിസി മറിയം തോമസ് പരിശീലന പരിപാടിയെ സംബന്ധിച്ച് വിശദീകരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രമോദ് .കെ.വി സ്വാഗതവും ജെന്‍ഡര്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സോയ തോമസ് നന്ദിയും പറഞ്ഞു. എല്ലാ ജില്ലകളില്‍ നിന്നുമുള്ള മുന്നൂറ്റി അമ്പതിലേറെ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, റിസോഴ്സ് പേഴേസണ്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Dr. T.N. Seema inagurates

കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനം നല്‍കി സംസ്ഥാനത്ത് കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് ഇവരുടെ മാനസികാരോഗ്യവും പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നേരിടാനും കൈകാര്യം ചെയ്യാനുമുള്ള കഴിയും   ലഭ്യമാക്കുകയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.  നിലവില്‍ അതിക്രമങ്ങള്‍ക്കിരയായി കുടുംബശ്രീ 'സ്നേഹിത'യില്‍ എത്തുന്നവര്‍ക്കാവശ്യമായ കൗണ്‍സിലിങ്ങ്, കൂടാതെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍, വാര്‍ഡുതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍റ് ഗ്രൂപ്പുകള്‍ എന്നിവയ്ക്കൊപ്പം ചേര്‍ന്നു കൊണ്ടും കൗണ്‍സലിങ്ങ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. കൂടാതെ ഫാമിലി കൗണ്‍ലിങ്ങും കുടുംബപ്രശ്നങ്ങള്‍ കാരണം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍, പരീക്ഷയെ കുറിച്ചുള്ള ഭയം കാരണം മാനസിക സമ്മര്‍ദം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും ആവശ്യമായ കൗണ്‍സലിങ്ങ് നല്‍കുന്നു. സംസ്ഥാനം അതിരൂക്ഷമായ പ്രളയക്കെടുതികള്‍ നേരിട്ട് കിടപ്പാടവും ഉപജീവനമാര്‍ഗവും ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്ന 32000 പേര്‍ക്ക് കുടുംബശ്രീയുടെ കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കിയത് ഏറെ ശ്രദ്ധേയമായിരുന്നു.

 

Content highlight
എല്ലാ ജില്ലകളില്‍ നിന്നുമുള്ള മുന്നൂറ്റി അമ്പതിലേറെ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, റിസോഴ്സ് പേഴേസണ്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

കലയും സംസ്കാരവും കൈകോര്‍ക്കുന്ന കൊച്ചി മുസിരിസ് ബിനാലെയില്‍ സ്ത്രീശാക്തീകരണത്തിന്‍റെ പ്രതീകമായി തിളങ്ങാന്‍ കുടുംബശ്രീയും: ധാരണാപത്രം ഒപ്പു വച്ചു

Posted on Tuesday, December 4, 2018

തിരുവനന്തപുരം: കലയും സംസ്കാരവും വിദ്യയും സമന്വയിക്കുന്ന നാലാമത് കൊച്ചി മുസിരിസ് ബിനാലെയില്‍ സ്ത്രീശാക്തീകരണത്തിന്‍റെ പ്രതീകമായി തിളങ്ങാന്‍ കുടുംബശ്രീയും. നേതൃത്വം വഹിക്കുന്നത് മുതല്‍ ശ്രദ്ധേയമായ എല്ലാ പരിപാടികളിലും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരായ സ്ത്രീകളുടെ സാന്നിധ്യമാണ് ഈ വര്‍ഷത്തെ  മുസിരിസ് ബിനാലെയുടെ പ്രത്യേകത. ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച് 31 വരെയാണ് ബിനാലെ സംഘടിപ്പിക്കുന്നത്. ബിനാലെയില്‍ കുടുംബശ്രീ പ്രമുഖ പങ്കാളിത്തം വഹിക്കുന്നത് സംബന്ധിച്ച ധാരണാപത്രം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി എന്നിവര്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍റെ സാന്നിദ്ധ്യത്തില്‍ ഒപ്പുവച്ചു.

കല,  സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഏറെ പ്രോത്സാഹനം നല്‍കുന്ന കൊച്ചി ബിനാലെയും കുടുംബശ്രീയും തമ്മില്‍ പരസ്പര സംയോജനവും വിജ്ഞാനം പങ്കുവയ്ക്കലുമാണ് മൂന്നു മാസം നീണ്ടു നില്‍ക്കുന്ന ബിനാലെയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സ്ത്രീകള്‍ക്ക് ജനാധിപത്യ സംവിധാനത്തിലും സമൂഹത്തിന്‍റെ മുഖ്യധാരയിലും തങ്ങളുടേതായ ഇടം കണ്ടെത്താന്‍ സഹായിക്കുകയും സാധാരണക്കാരായ സ്ത്രീകളുടെ കലാസാംസ്ക്കാരിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിലൂടെ സ്ത്രീശാക്തീകരണത്തിന് മികച്ച സംഭവാനകള്‍ നല്‍കിയ പ്രസ്ഥാനമെന്ന നിലയ്ക്കാണ് ഇത്തവണ കൊച്ചി മുസിരിസ് ബിനാലെയില്‍ പങ്കാളിത്തം വഹിക്കാനുള്ള അവസരം കുടുംബശ്രീക്ക് ലഭിച്ചത്.

ബിനാലെ നടക്കുന്ന തൊണ്ണൂറു ദിവസങ്ങളിലും മുഖ്യവേദികളിലൊന്നായ കബ്രാല്‍ യാര്‍ഡില്‍ തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ മേഖലയിലെ രുചിവൈവിധ്യങ്ങള്‍ ആസ്വദിക്കാനുള്ള അവസരമൊരുക്കി കഫേ കുടുംബശ്രീ വനിതകളുടെ ഫുഡ്കോര്‍ട്ട് സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീയുടെ കീഴിലുള്ള ഇരുപതോളം യൂണിറ്റുകളാണ് ഇതില്‍ പങ്കെടുക്കുക.  കഫേ കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ വിപണനത്തെ സഹായിക്കുന്നതിനുളള ആവശ്യമായ പിന്തുണ ബിനാലെ  നല്‍കും. ഇതോടൊപ്പം സന്ദര്‍ശകര്‍ക്ക് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ കാണുന്നതിനും വാങ്ങുന്നതിനും അവസരമൊരുക്കി കുടുംബശ്രീ സൂക്ഷ്മസംരംഭകര്‍ നിര്‍മിക്കുന്ന പന്ത്രണ്ടോളം വ്യത്യസ്ത ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിക്കുന്നുണ്ട്. പരമ്പരാഗത കരകൗശല രംഗത്തു പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ വനിതകള്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതു നേരിട്ടു കാണുന്നതിനുള്ള അവസരവും പ്രമുഖ വേദിയില്‍ ലഭിക്കും. മുള കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, കളിമണ്‍ പാത്ര നിര്‍മാണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇതിനായി എത്തുക. ഇവര്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ കൂടുതല്‍ കലാമൂല്യമുള്ളതാക്കി മാറ്റുന്നതിനായി ചിത്രകലാ- പെയിന്‍റിങ്ങ് രംഗത്തെ നിരവധി കലാകാരന്‍മാരും ഇവര്‍ക്കൊപ്പം അണിനിരക്കും. എല്ലാ ദിവസങ്ങളിലും കുടുംബശ്രീയെ കുറിച്ചുള്ള വീഡിയോയും ബിനാലെയില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ കുടുംബശ്രീ ജെന്‍ഡര്‍ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സ്ത്രീശാക്തീകരണം വിഷയമാക്കി സെമിനാര്‍ സംഘടിപ്പിക്കും. കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീയിലെ കലാകാരികള്‍ ബിനാലെയുടെ വേദിയില്‍ നാടകവും അവതരിപ്പിക്കുന്നുണ്ട്. ബിനാലെയില്‍ കുടുംബശ്രീയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി 1072 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരെയും ബിനാലെയില്‍ പങ്കെടുപ്പിക്കുന്നതിനായി ലക്ഷ്യമിടുന്നു.

കഴിഞ്ഞ വര്‍ഷം കൊച്ചി ബിനാലെയും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ചിത്രകലാ പരിശീലന കളരി 'വരയുടെ പെണ്‍മ' ഇത്തവണയും ഇവര്‍ക്കായി അരങ്ങേറുന്നു എന്ന പ്രത്യേകതയുമുണ്ട്.   ചിത്രകലയില്‍ ഏറെ കഴിവുകളുണ്ടായിട്ടും പല കാരണങ്ങള്‍ കൊണ്ടും അത് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാതെ പോകുന്ന കുടുംബശ്രീ വനിതകള്‍ക്ക് ചിത്രകലാ വിദഗ്ധരുടെ കീഴില്‍ നവീന രീതികള്‍ പരിശീലിക്കാനും ഈ രംഗത്തെ പ്രമുഖരുമായി പരിചയപ്പെടാനും ബിനാലെ വഴിയൊരുക്കും. ഇതിനായി എല്ലാ ജില്ലകളില്‍ നിന്നുമായി ചിത്രരചനയില്‍ താല്‍പര്യമുള്ള  നൂറോളം വനിതകളെ തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ വിജയം കൈവരിച്ച സ്ത്രീകളെ ഉള്‍പ്പെടുത്തി സെമിനാറുകളും സംഘടിപ്പിക്കും.

തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.പി.അനില്‍,  അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി സന്തോഷ് കുമാര്‍. എസ്, കൊച്ചിന്‍ ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി വി.സുനില്‍, ട്രഷറര്‍ ബോണി തോമസ്, ഡെവലപ്മെന്‍റ് ഓഫീസര്‍ എസ്.രാജേന്ദ്രന്‍ നായര്‍, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ പ്രിയ.ഇ എന്നിവര്‍ ധാരണാപത്രം ഒപ്പു വയ്ക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.

Mou exchanging

 

Content highlight
ഇവര്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ കൂടുതല്‍ കലാമൂല്യമുള്ളതാക്കി മാറ്റുന്നതിനായി ചിത്രകലാ- പെയിന്‍റിങ്ങ് രംഗത്തെ നിരവധി കലാകാരന്‍മാരും ഇവര്‍ക്കൊപ്പം അണിനിരക്കും.