* 124668 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിച്ചു
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ഗൃഹോപകരണങ്ങളും ഉപജീവനമാര്‍ഗങ്ങളും നഷ്ടമായ കുടുംബശ്രീ അംഗങ്ങളെ സഹായിക്കുന്നതിനായി ആവിഷ്ക്കരിച്ച റീസര്‍ജന്‍റ് കേരള ലോണ്‍ സ്കീം പദ്ധതി വഴി സംസ്ഥാനത്ത് ഇതുവരെ നല്‍കിയത് 1016 കോടി രൂപയുടെ വായ്പ. പദ്ധതി പ്രകാരം സംസ്ഥാനത്തെ അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകളിന്‍ മേല്‍ 1134 കോടി രൂപയാണ് വായ്പയായി വേണ്ടത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ 1016 കോടി രൂപ വായ്പയായി അനുവദിച്ചത്. ഇതു കൂടാതെ പുതുതായി രൂപീകരിച്ച മൂവായിരം അയല്‍ക്കുട്ടങ്ങള്‍ക്കു കൂടി വായ്പ ലഭ്യമാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വായ്പ ആവശ്യമുള്ള അംഗങ്ങള്‍ക്ക് അപേക്ഷ നല്‍കുന്നതിനുള്ള കാലാവധി ബാങ്കുകള്‍ മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു.
അര്‍ഹരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പായി ലഭിക്കുന്ന പദ്ധതിയാണിത്. ഇതു പ്രകാരം സംസ്ഥാനത്തെ സി.ഡി.എസുകള്‍ മുഖേന ഇതുവരെ 23558 അയല്‍ക്കൂട്ടങ്ങളുടെ വായ്പാ അപേക്ഷകളാണ് ബാങ്കുകളില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ നിന്നും 16899 അയല്‍ക്കൂട്ടങ്ങളുടെ അപേക്ഷകള്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിച്ചു. ഇങ്ങനെ ലഭിച്ച വായ്പാ തുക ഉപയോഗിച്ച് 124668 ഗുണഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും ചെറിയ തോതില്‍ ഉപജീവനമാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.
ഇതു വരെ ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ച ജില്ല എറണാകുളമാണ്. ഇവിടെ വിവിധ ബാങ്കുകള്‍ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് 319 കോടി രൂപ വായ്പയായി അനുവദിച്ചു വിതരണം ചെയ്തു. 235 കോടി രൂപ വായ്പ അനുവദിച്ച് ആലപ്പുഴ ജില്ലയാണ് രണ്ടാമത്. അര്‍ഹരായ എല്ലാ അംഗങ്ങള്‍ക്കും വായ്പ ലഭ്യമാക്കുന്നതിനുള്ള ഫീല്‍ഡ്തല നടപടികളും പൂര്‍ത്തിയായി.അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നും വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അതത് ജില്ലാമിഷനുകളാണ് നേതൃത്വം വഹിക്കുന്നത്.
വായ്പ ലഭ്യമാകുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ക്കു വേണ്ടി കുടുംബശ്രീയുമായി ധാരണാപത്രം ഒപ്പു വച്ച പതിനഞ്ച് കമ്പനികളില്‍ നിന്നും അമ്പതു ശതമാനം വരെ വിലക്കുറവില്‍ നാനൂറോളം വ്യത്യസ്ത ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കഴിയുന്ന ഡിസ്ക്കൗണ്ട് പര്‍ച്ചേസ് സ്കീമും ആവിഷ്ക്കരിച്ചിരുന്നു. ഇതു പ്രകാരം വായ്പ ലഭ്യമായ അയല്‍ക്കൂട്ട അംഗങ്ങള്‍ വായ്പാ തുക ഉപയോഗിച്ച് തങ്ങള്‍ക്കാവശ്യമായ ഗൃഹോപകരണങ്ങള്‍ വാങ്ങുകയും ഉപജീവന മാര്‍ഗം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രളയക്കെടുതിയെ തുടര്‍ന്ന് ഏറെ സാമ്പത്തിക ക്ളേശം അനുഭവിക്കേണ്ടി വന്ന അയല്‍ക്കൂട്ട വനിതകള്‍ക്ക് പദ്ധതി പ്രകാരം വായ്പ ലഭ്യമാകുന്നത് ഏറെ ആശ്വാസകരമാകുന്നുണ്ട്.
- 343 views