സംയോജന മാതൃകകള്‍ സന്ദര്‍ശിച്ച് ഇതര സംസ്ഥാന പ്രതിനിധികള്‍: ദേശീയ ശില്പശാലയില് കുടുംബശ്രീക്ക് പ്രശംസ ശില്പശാലയ്ക്ക് സമാപനം
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനവും തദ്ദേശ സ്ഥാപനങ്ങളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളുടെ അഭിനന്ദനം. കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ശില്പശാലയിലാണ് ലോകത്തിന് മാതൃകയായ കുടുംബശ്രീയുടെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളിലെ സംയോജന മാതൃക കൈയ്യടി നേടിയത്. ശില്പശാലയുടെ ആദ്യദിനം വെങ്ങാനൂര്‍, ബാലരാമപുരം, കോട്ടുകാല്‍, കാഞ്ഞിരംകുളം, പള്ളിച്ചല്‍, കരകുളം എന്നീ പഞ്ചായത്തുകളിലെ ബഡ്സ് സ്ഥാപനങ്ങള്‍, അങ്കണവാടി, ബഡ്ജറ്റ് ഹോട്ടല്‍, ഹരിതകര്‍മ സേന, സൂക്ഷ്മ സംരംഭങ്ങള്‍ എന്നിവ സംഘം സന്ദര്‍ശിച്ചിരുന്നു. അതിനു ശേഷം നടന്ന ഫീല്‍ഡ്തല അനുഭവം പങ്കുവയ്ക്കല്‍ സെഷനിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ പകല്‍ പരിപാലനത്തിനു വേണ്ടി തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു കുടുംബശ്രീ നടപ്പാക്കുന്ന ബഡ്സ് സ്ഥാപനങ്ങള്‍ സാമൂഹ്യ സുരക്ഷാമേഖലയില്‍ കുടുംബശ്രീയുടെ ശ്രദ്ധേയമായ ഇടപെടലാണെന്ന് സംഘം അഭിപ്രായപ്പെട്ടു. ഒപ്പം ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് വരുമാനദായക തൊഴില്‍ പരിശീലനവും സംരംഭ രൂപീകരണ സഹായങ്ങള്‍ നല്‍കുന്നതും ഏറെ ശ്രദ്ധേയമാണെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തദ്ദേശ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്, ക്ളീന്‍ കേരള കമ്പനി എന്നിവയുമായി ചേര്‍ന്നു കൊണ്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഹരിതകര്‍മ സേന മാലിന്യ നിര്‍മാര്‍ജന രംഗത്ത് ഏറെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്നുവെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഇരുപത് രൂപയ്ക്ക് ഊണ് ലഭ്യമാക്കുന്ന ജനകീയ ഹോട്ടല്‍ പദ്ധതി വിശപ്പുരഹിത കേരളമെന്ന ലക്ഷ്യം നിറവേറ്റുന്നതോടൊപ്പം സാധാരണക്കാരായ നിരവധി വനിതകള്‍ക്ക് സുസ്ഥിര തൊഴിലും വരുമാനവും നല്കാന് സഹായകമാകുന്നുവെന്നും അവര്‍ പറഞ്ഞു.
വിവിധ സ്ഥാപന മാനേജ്മെന്റ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍, സംയോജന മാതൃകയുടെ പ്രവര്‍ത്തനരീതികള്‍, സംരംഭകരുടെ വരുമാന ലഭ്യത, വിപണന മാര്‍ഗങ്ങള്‍, കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ വഴി ലഭിക്കുന്ന പിന്തുണകള്‍, തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ്, സി.ഡി.എസ് വാര്‍ഷിക കര്‍മ പദ്ധതി രൂപീകരണം തുടങ്ങി ആശയ വിനിമയം നടത്തിയ എല്ലാ മേഖലകളിലും പ്രതിനിധികള്‍ സംതൃപ്തി രേഖപ്പെടുത്തി.
എന്‍.ആര്.എം.എം പദ്ധതി നടപ്പാക്കുന്ന ഇതര സംസ്ഥാനങ്ങള്‍ക്ക് ഗ്രാമീണ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ മികച്ച സംയോജന മാതൃകകള്‍ പരിചയപ്പെടുത്തിയത്. ഇതിനായി ഇവിടെ നിന്നു ലഭിച്ച ആശയങ്ങളും വിവിധ പദ്ധതി മാതൃകകളും മറ്റു സംസ്ഥാനങ്ങള്‍ പ്രയോജനപ്പെടുത്തും.
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി വികാസ് ആനന്ദ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, എന്‍.ഐ.ആര്.ഡി.പി.ആര് അസി.പ്രൊഫസര്‍ ഡോ. പ്രത്യുഷ ഭട്നായിക്, കേരള സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റ് ഡോ.നിര്‍മല സാനു ജോര്‍ജ് എന്നിവര്‍ ശില്പശാലയുടെ സമാപന സമ്മേളനത്തില്‍ സംസാരിച്ചു.