നാഷണല്‍ മില്ലറ്റ് കോണ്‍ക്ളേവ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു

Posted on Saturday, May 27, 2023

പോഷകമൂല്യമുള്ള ചെറുധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്തു നല്‍കുന്ന കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാകുന്ന സാഹചര്യമുണ്ടാകണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അഗളി ക്യാമ്പ് സെന്‍ററില്‍ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന നാഷണല്‍ മില്ലറ്റ് കോണ്‍ക്ളേവ് മെയ് 26ന്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകര്‍ക്ക് അവര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണനമൂല്യം ലഭ്യമാകുന്നതിനാവശ്യമായ ചര്‍ച്ചകള്‍ ഉയരണമെന്ന് മന്ത്രി പറഞ്ഞു. ജീവിത ശൈലീ രോഗങ്ങള്‍ വ്യാപകായകാലത്ത് പോഷകസമൃദ്ധമായ ചെറുധാന്യങ്ങള്‍ കൃഷി ചെയ്തു നല്‍കുന്ന അട്ടപ്പാടിയിലെ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗം ലഭ്യമാക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മയ്ക്ക് കുടുംബശ്രീയുടെ ഉപഹാരവും മന്ത്രി സമ്മാനിച്ചു.  

കാന്‍റീന്‍ കാറ്ററിങ്ങ് സംരംഭങ്ങള്‍ മുതല്‍ റോഡ് നിര്‍മാണത്തിനുള്ള കോണ്‍ട്രക്ട് വരെ ഏറ്റെടുക്കുന്ന  തരത്തില്‍ കുടുംബശ്രീ വനിതകള്‍ വളര്‍ന്നു കഴിഞ്ഞെന്ന് അധ്യക്ഷ പ്രസംഗത്തില്‍ എം.എല്‍.എ ഷംസുദ്ദീന്‍ പറഞ്ഞു.
 ചെറുധാന്യങ്ങളുടെ ഉല്‍പാദനവും വിപണനവും  പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതാഭിവൃദ്ധി ലഭ്യമാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന മില്ലറ്റ് കോണ്‍ക്ളേവ് കുടുംബശ്രീ ഈ മേഖലയില്‍ നടത്തുന്ന ഏറ്റവും ശ്രദ്ധേയമായ ചുവട് വയ്പ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ മരുതി മുരുകന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ മുഖേന അട്ടപ്പാടിയില്‍ നടപ്പാക്കിയ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന-പദ്ധതി സൃഷ്ടിച്ച മാറ്റങ്ങള്‍ സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകയും അധ്യാപികയുമായ ഡോ.എസ്.ശാന്തി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബിനുമോള്‍ എന്‍.ആര്‍.എല്‍എം.ഡെപ്യൂട്ടി ഡയറക്ടര്‍ രമണ്‍ വാദ്ധ്വയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്മാരായ പി.രാമമൂര്‍ത്തി, ജ്യോതി അനില്‍ കുമാര്‍, അട്ടപ്പാടി ബ്ളോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.കെ.മാത്യു, അഗളി ഗ്രാമപഞ്ചായത്ത് അംഗം മിനി.ജി.കുറുപ്പ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.ചന്ദ്രദാസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസറും അട്ടപ്പാടി പ്രത്യേക പദ്ധതി അസിസ്റ്റന്‍റ് പ്രോജക്ട് ഓഫീസറുമായ ബി.എസ് മനോജ് നന്ദിയും പറഞ്ഞു.    

 

national millet

 

Content highlight
National Millet Conclave 2023 begins at Agali Attappady Camp Centre, Palakkad