കുടുംബശ്രീ സംസ്ഥാന കലോത്സവം 'അരങ്ങ്-ഒരുമയുടെ പലമ' തൃശ്ശൂരില്‍ സംഘടിപ്പിച്ചു. ജൂണ്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു കലോത്സവം. തുടരെ നാലാം തവണയും കാസര്‍ഗോഡ് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 66 ഇനങ്ങളില്‍ മൂവായിരത്തിലേറെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത കലോത്സവത്തില്‍ 172 പോയിന്റാണ് കാസര്‍കോട് ജില്ല നേടിയത്. 136 പോയിന്റോടെ കോഴിക്കോട് ജില്ലയും 131 പോയിന്റോടെ കണ്ണൂര്‍ ജില്ലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ആതിഥേയരായ തൃശ്ശൂരിന് നാലാം സ്ഥാനവും.
ജൂണ്‍ രണ്ടിന് തൃശൂര്‍ വി.കെ.എന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ രാജന്റെ അധ്യക്ഷതയില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് കലോത്സവത്തിന് തിരി തെളിയിച്ചു. നടുവിലാല്‍ പരിസരത്തു നിന്നും വര്‍ണശബളമായ ഘോഷയാത്രയോടെയായിരുന്നു പരിപാടിയുടെ തുടക്കം. താളമേളങ്ങളുടേയും വാദ്യഘോഷങ്ങളുടെയും അകമ്പടിയില്‍ 5000ത്തിലേറെ കുടുംബശ്രീ വനിതകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. റൂറല്‍ പോലീസ് സൂപ്രണ്ട് ഐശ്വര്യ ദോങ്റെ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ഘോഷയാത്ര വി.കെ.എന്‍ ഹാളിലെത്തിയതോടെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു.
'അരങ്ങ്-ഒരുമയുടെ പലമ' സംസ്ഥാന കലോത്സവത്തിലൂടെ കുടുംബശ്രീ സ്ത്രീകളുടെ സാംസ്കാരിക ശാക്തീകരണം സാധ്യമാക്കുന്നതിനൊപ്പം സാംസ്ക്കാരിക വൈവിധ്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനത്തിനു ലഭിച്ച ഏറ്റവും മികച്ച കലോത്സവമാണ് അരങ്ങ് സംസ്ഥാന കലോത്സവമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി അഡ്വ.കെ.രാജന് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ രതീഷ് കുമാര്‍. കെ പരിപാടി വിശദീകരിച്ചു. ഗസല്‍ ഗായിക ഇംതിയാസ് ബീഗം വിശിഷ്ടാതിഥിയായി. എം.എല്‍.എയും മുന്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പു മന്ത്രിയുമായ എ.സി മൊയ്തീന് കലോത്സവത്തിന്റെ ലോഗോ രൂപകല്‍പ്പന ചെയ്ത ശ്രീലക്ഷ്മി എം.എയ്ക്കുള്ള പുരസ്ക്കാരം സമ്മാനിച്ചു.
എം.എല്‍.എമാരായ മുരളി പെരുനെല്ലി, കെ.കെ.രാമചന്ദ്രന്, സേവ്യര്‍ ചിറ്റിലപ്പിള്ളി, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ കെ.ആര് ജോജോ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് നഫീസ.കെ.വി, ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്മാന് സംസ്ഥാന പ്രസിഡന്റ് എം.കൃഷ്ണദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എസ്. ബസന്ത്ലാല്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ അഹമ്മദ് പി.എം, എന്‍എ. ഗോപകുമാര്‍, വര്‍ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍മാരായ റെജി ജോയ്, പൂര്‍ണിമ സുരേഷ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ സത്യഭാമ, റെജില എന്നിവര്‍ സന്നിഹിതരായി. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഡോ. കവിത. എ നന്ദി പറഞ്ഞു.
ജൂണ്‍ നാലിന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്.ബിന്ദു അധ്യക്ഷയായ സമാപന ചടങ്ങ് പട്ടികജാതി-പട്ടികവര്‍ഗ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഭാവിയില്‍, ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായി കുടുംബശ്രീ കലോത്സവം മാറുമെന്ന് അദ്ദേഹം പറഞ്ഞു. അടുക്കളയില്‍ നിന്നും സാമൂഹിക സ്വീകാര്യത ലഭിക്കുന്ന പൊതു ഇടങ്ങളിലേക്കും മുഖ്യധാരയിലേക്കും നേതൃ നിരയിലേക്കും കടന്ന് ചെല്ലാന്‍ സാധാരണക്കാരായ സ്ത്രീകള്‍ക്ക് കുടുംബശ്രീ കരുത്തു നല്‍കിയെന്ന് ഡോ. ആര്. ബിന്ദു പറഞ്ഞു.
കലോത്സവ വിജയികള്‍ക്കുള്ള പുരസ്ക്കാരവിതരണവും, തൃശ്ശൂരിലെ മികച്ച സി.ഡി.എസുകള്‍, ഉദ്ഘാടന ദിന ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബ്ലോക്കുകള്‍, ജീവന്ദീപം ഒരുമ ഇന്‍ഷുറന്‍സ് ജില്ലയില്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയ സി.ഡി.എസ്സുകള്‍ എന്നിവയ്ക്കുള്ള പുരസ്ക്കാര വിതരണവും മന്ത്രിമാരായ കെ. രാധാകൃഷ്ണന്, ഡോ. ആര് ബിന്ദു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു.
കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ ഡോ. കവിത. എ സ്വാഗതം പറഞ്ഞു. കുടുംബശ്രീയ്ക്കായി സംഗീത ശില്‍പ്പം ഒരുക്കിയ കേരള സംഗീതനാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂര്‍ മുരളിയെ ആദരിച്ചു. കേരള സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി. അബൂബക്കര്‍, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, തൃശ്ശൂര്‍ കോര്പ്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്‍ പി. കെ. ഷാജന്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എസ്.സി. നിര്‍മല്‍, ഒല്ലൂക്കര, പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്തുകളിലെ സി.ഡി.എസ് ചെയര്പേഴ്സണ്മാര്, വിവിധ തദ്ദേശസ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ കെ രതീഷ് കുമാര്‍ നന്ദി പറഞ്ഞു.
- 1105 views