വരുന്നൂ കാസര്‍ഗോഡിന്റെ 'കെശ്രീ'

Posted on Monday, December 5, 2022

2000ത്തോളം കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ ഒരൊറ്റ ബ്രാന്‍ഡില്‍...മാര്‍ക്കറ്റിങ് കിയോസ്‌കുകളിലും അര്‍ബന്‍ കിയോസ്‌കുകളിലുമെല്ലാം ഈ ഉത്പന്നങ്ങള്‍ സുലഭമാക്കല്‍.. ഇങ്ങനെയൊരു സ്വപ്‌നം പിടിയിലൊതുക്കാനുള്ള കഠിന പരിശ്രമത്തിലാണ് കാസര്‍ഗോഡ് കുടുംബശ്രീ ജില്ലാ മിഷന്‍.

 'കെശ്രീ' എന്ന ബ്രാന്‍ഡില്‍ ഈ ഉത്പന്നങ്ങളെല്ലാം പുറത്തിറക്കാനാണ് ജില്ല ലക്ഷ്യമിട്ടിരിക്കുന്നത്. ഉത്പന്നങ്ങളുടെ സ്വീകാര്യതയും വിപണനവും വര്‍ദ്ധിപ്പിക്കുന്നതിനായാണ് ഈ നീക്കം.

 ജില്ലയില്‍ 2000 സംരംഭകരാണ് ഇപ്പോഴുള്ളത്. നിലേശ്വരം ബ്ലോക്കില്‍ നിന്ന് മീറ്റ് മസാല, ചിക്കന്‍ മസാല, അച്ചാര്‍പ്പൊടി തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായ സംരംഭങ്ങളുടെ പത്ത് ഉത്പന്നങ്ങളും പരപ്പയില്‍ നിന്ന് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള സംരംഭങ്ങളില്‍ നിന്ന് പത്ത് ഉത്പന്നങ്ങളുമുള്‍പ്പെടെ ആദ്യഘട്ടത്തില്‍ 40 ഉത്പന്നങ്ങളാണ് ബ്രാന്‍ഡ് ചെയ്യുക.

 ഒന്നാംഘട്ട ബ്രാന്‍ഡിങ്ങിന്റെ ഉദ്ഘാടനം ഈ മാസം നടക്കും.

 

Content highlight
kasargod to brand products under kshree brand