തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്‍റെ സഹകരണത്തോടെ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതിയിലൂടെ അടുത്ത വര്‍ഷം സംസ്ഥാനത്ത് രണ്ടു ലക്ഷം തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. തെരുവുനായ വന്ധ്യംകരണ പദ്ധതിയുടെ ആവശ്യകത കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല ബോധവല്‍ക്കരണ ക്യാമ്പെയ്ന്‍ സുരക്ഷ-2018ന്‍റെ സമാപന സമ്മേളനവും ശില്‍പശാലയും ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരുവുനായ ശല്യം കാരണം സംസ്ഥാനത്ത് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കൊണ്ടു വന്ന പദ്ധതി മുന്നോട്ടു പോകുന്നതില്‍ തടസം നേരിട്ടപ്പോഴാണ് കുടുംബശ്രീയെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏല്‍പിച്ചത്. കുടുംബശ്രീ ഏറ്റെടുത്തതോടെ ഈ പ്രശ്നത്തിന് വലിയൊരളവില്‍ പരിഹാരം കാണാന്‍ കഴിഞ്ഞത് പദ്ധതിയുടെ വിജയമാണ്. കൂടൂതല്‍ പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയും അതുവഴി കൂടുതല്‍ കുടുംബശ്രീ എ.ബി.സിയൂണിറ്റുകള്‍ ഈ രംഗത്ത് സജീവമാകുകയും ചെയ്താല്‍ തെരുവുനായ പ്രശ്നത്തിന് ഗണ്യമായ രീതിയില്‍ പരിഹാരം കാണാനും അംഗങ്ങള്‍ക്ക് വളരെ മികച്ച രീതിയില്‍ വരുമാനം നേടാനും കഴിയും. പദ്ധതി ആരംഭിച്ച് പതിനൊന്നു മാസം കൊണ്ട് 15623 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചുകൊണ്ട് കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍ 3.23 കോടി രൂപ വരുമാനം നേടിയെന്നതും ഏറെ ശ്രദ്ധേയമാണ്. കൂടുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതിക്കാവശ്യമായ തുക വകയിരുത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കും. ഇതിനാവശ്യമായ എല്ലാ പിന്തുണയും നല്‍കും. സര്‍ക്കാരിന്‍റെ പല പദ്ധതികളും താഴെതട്ടിലെത്തിക്കുന്നത് കുടുംബശ്രീയിലൂടെയാണ്. ഏറ്റെടുക്കുന്ന പദ്ധതികള്‍ കാര്യക്ഷമമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നതുകൊണ്ടാണ് കുടുംബശ്രീയെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കുന്നത്. തെരുവുനായ നിയന്ത്രണ പദ്ധതി കുടുംബശ്രീയെ ഏല്‍പിക്കാന്‍ തീരുമാനിച്ചതും ഇക്കാരണം കൊണ്ടാണ്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ കുടുംബശ്രീക്കു കഴിയുമെന്നും അതിനു മൃഗസംരക്ഷണ വകുപ്പിന്‍റെ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷ-2018ന്‍റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ സുമേഷ് കൊടിയത്ത്, കേരളകൗമുദി കൊച്ചി യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ സുധര്‍മദാസ്, ലോഗോ രൂപകല്‍പനയ്ക്ക് ഒന്നാം സ്ഥാനം നേടിയ തൃശൂര്‍ സ്വദേശിയായ അനന്തകൃഷ്ണന്‍ എന്നിവര്‍ക്കുള്ള അവാര്‍ഡ് വിതരണം, ചിത്രരചനാമത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്കുളള സമ്മാനദാനം, മികച്ച രീതിയില്‍ പദ്ധതി പ്രവര്‍ത്തനം നടപ്പാക്കിയ ജില്ലകള്‍ക്കുള്ള അവാര്‍ഡ് ദാനം, എബിസി യൂണിറ്റ് അംഗങ്ങള്‍ക്ക് യൂണിഫോം,തിരിച്ചറിയല്‍ കാര്‍ഡ് വിതരണം എന്നിവയും മന്ത്രി നിര്‍ഹവിച്ചു. തൃശൂര്‍ ജില്ലയിലെ എ.ബി.സി യൂണിറ്റ് അംഗങ്ങളുടെ അനുഭവസമാഹാരം മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് തൃശൂര്‍ ജില്ലാമിഷന്‍ അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ ബൈജു മുഹമ്മദ് എം.എയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതിയുടെ വിജയത്തിന് നഗരസഭ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മേയര്‍ അഡ്വ.വി.കെ പ്രശാന്ത് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എന്‍.എന്‍.ശശി വിഷയാവതരണം നടത്തി. സമാപന സമ്മേളനത്തോടനുബന്ധിച്ച് 'എ.ബി.സി സാമൂഹിക പ്രസക്തിയും സാംഗത്യവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.ആര്‍. വേണുഗോപാല്‍, ഡോ.കിഷോര്‍ കുമാര്‍, ഡോ.ആനന്ദ് ശങ്കര്‍, ഇന്നവേഷന്‍ ആന്‍ഡ് എക്സ്പെഡിഷന്‍ ഫൗണ്ടര്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ നൗഷാദ് അലി.എം.ഖാദര്‍ എന്നിവര്‍ എ.ബി.സിയൂണിറ്റ് അംഗങ്ങളുമായി സംവദിക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.
മികച്ച രീതിയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയ എ.ബി.സി യൂണിറ്റ് അംഗങ്ങള്‍ തങ്ങളുടെ വിജയാനുഭവ കഥകള്‍ പങ്കു വച്ചു. എ.ബി.സി പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വരുമാനദായക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിന്‍റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ ഡോ. നിഥിന്‍, അജയകുമാര്‍, മനോജ് കുമാര്‍, രതീഷ് ആര്‍.ജി, സജു പ്രഭാകര്‍, സുരേഷ് കുമാര്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.നികേഷ് കിരണ്‍ സ്വാഗതവും എ.ബി.സി എക്സ്പേര്‍ട്ട് ഡോ. എല്‍. രവികുമാര്‍ നന്ദിയും പറഞ്ഞു. കുടുംബശ്രീ എ.ബി.സി യൂണിറ്റ് അംഗങ്ങള്‍, ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.