സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായുള്ള സ്ത്രീശക്തി കലാജാഥയ്ക്ക് അഭിമാനകരമായ തുടക്കം. പല കാരണങ്ങൾ കൊണ്ടും തങ്ങളുടെ സർഗ്ഗശേഷിയെ തളച്ചിടേണ്ടി വന്ന സ്ത്രീകൾ തടവറകൾ ഭേദിച്ചു മുന്നോട്ടു വരുന്നതും കാലങ്ങളായി അനുഭവിച്ചു വരുന്ന അനീതിയുടെ തീക്കനലുകൾ കുടഞ്ഞെറിയുന്നതും കലാജാഥയിലൂടെ വേദിയിൽ അവതരിപ്പിച്ചു കൊണ്ടായിരുന്നു വനിതാദിനാഘോഷത്തിന് കരുത്തു പകർന്നത്.
സ്ത്രീയെ ബഹുമാനിക്കാൻ പഠിക്കണമെന്ന സന്ദേശം നൽകി കൊണ്ട് സ്വാതന്ത്ര്യത്തിന്റെ പൊൻപുലരികളിലേക്ക് സൂര്യതേജസ്സോടെ മുന്നേറുന്ന വർത്തമാനകാല സ്ത്രീയുടെ തിളക്കമാർന്ന കാഴ്ച കാണികൾക്ക് പുതിയൊരു ദൃശ്യാനുഭവമായി.
പെൺകാലം, സദസ്സിൽ നിന്നും അരങ്ങിലേക്ക്, അതു ഞാൻ തന്നെയാണ് എന്നീ മൂന്നു നാടകങ്ങളും പാടുക ജീവിതഗാഥകൾ, പെൺ വിമോചന കനവുത്സവം എന്നിങ്ങനെ രണ്ടു സംഗീതശിൽപ്പങ്ങളുമാണ് സ്ത്രീശക്തി കലാജാഥയുടെ ഭാഗമായുള്ളത്. പ്രണയവും സമീപകാലത്ത് അതിനു സംഭവിച്ച അപഭ്രംശങ്ങളും തുറന്നു കാട്ടുന്ന പെൺകാലമാണ് ആദ്യം വേദിയിൽ അവതരിപ്പിച്ചത്. മാനസികവും ബൗദ്ധികവും സാമൂഹികവുമായ അടിമത്തങ്ങളിൽ നിന്നും വിമോചിതരാകുന്ന സ്ത്രീകളുടെ ശക്തമായ മുന്നേറ്റം ഓരോ കലാരൂപത്തിലും വേദിയിൽ അരങ്ങേറി.
കൂടാതെ ഗാർഹിക ലൈംഗിക പീഡനങ്ങൾ ഏൽക്കേണ്ടി വരുന്ന സ്ത്രീകളും അവരുടെ ജീവിതാവസ്ഥ, സ്ത്രീധനത്തിന്റെയും പ്രണയത്തിന്റെയും പേരിൽ പെൺകുട്ടികൾക്ക് ജീവഹാനി സംഭവിക്കുന്നതുമെല്ലാം മികച്ച രീതിയിൽ വേദിയിൽ പകർന്നാടിയത് കുടുംബശ്രീയുടെ തന്നെ തിയേറ്റർ ഗ്രൂപ്പായ രംഗശ്രീയിലെ അംഗങ്ങളായ ബിജി.എം, മാധവി.സി, രതി.പി, റീജ എം.എം, ലീന.പി, പാർവതി കെ.ടി, ബിന്ദു.പി, പ്രമീള പി, നിഷ.വി.സി, നൈനി.ടി, സരോജിനി കെ.കെ, രാജി.വി.സി എന്നിവരാണ്.
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം, സ്ത്രീശക്തി കലാജാഥ എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെയും ദാരിദ്യനിർമാർജ്ജനത്തിന്റെയും ലോകമാതൃകയായി വിമോചനത്തിന്റെ പാതയിൽ മുന്നേറുന്നതിനൊപ്പം സ്ത്രീധനത്തിനും സ്ത്രീകൾക്കെതിരായുള്ള പീഡനങ്ങൾക്കുമെതിരേ ഏറ്റവും ഫലപ്രദമായി പ്രതികരിക്കാൻ കഴിയുന്ന സംഘശക്തിയാണ് കുടുംബശ്രീയെന്നും മന്ത്രി പറഞ്ഞു. പൊതുജനാരോഗ്യ- വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് മുന്നേറാൻ കഴിയുന്നതിൽ കുടുംബശ്രീക്കും വലിയ പങ്കുണ്ട്. സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടുന്ന സാമൂഹികാവസ്ഥ മാറേണ്ടതുണ്ടെന്നും സ്വന്തം കുടുംബത്തിൽ അവർ ചെയ്യുന്ന ജോലിക്ക് മൂല്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണം, എക്സൈസ് എന്നീ വകുപ്പുകളും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പെയ്ന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനം കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഢിക്കു നൽകി മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. തീം സോങ്ങ് തയ്യാറാക്കിയ ജില്ലാ മിഷൻ മുൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ക്ഷേമ കെ. തോമസ്, സ്ത്രീശക്തി കലാജാഥയുടെ ഭാഗമായി നാടകവും സംഗീതശിൽപ്പവും സംവിധാനം ചെയ്ത കരിവെള്ളൂർ മുരളി എന്നിവരെ മന്ത്രി ആദരിച്ചു.
കാലിക പ്രസക്തിയുള്ള ലക്ഷ്യങ്ങൾക്കനുസൃതമായി കർമ്മപദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കുകയും സാമ്പത്തികവും സാമൂഹികവുമായി സ്ത്രീകളെ മുന്നേറാൻ പഠിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി തയ്യാറാക്കിയ തീം സോങ്ങിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
കുടുംബശ്രീ ഭരണ സമിതി അംഗം കെ.കെ ലതിക ഓക്സിലറി ഗ്രൂപ്പ് സർവേ റിപ്പോർട്ടിന്റെയും മേയർ ഡോ.ബീന ഫിലിപ്പ് ഓക്സിലറി ഗ്രൂപ്പ് ചർച്ച റിപ്പോർട്ടിന്റെയും പ്രകാശനം നിർവഹിച്ചു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അഡ്വ.പി.ടി.എ റഹീം എം.എൽഎ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ്, ഉത്തരമേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണർ ജി.പ്രദീപ്, കോഴിക്കോട് ജില്ലാ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.ജി ജോർജ്ജ് മാസ്റ്റർ, മുനിസിപ്പൽ ചെയർമാൻ ചേമ്പർ കെ.പി ബിന്ദു, കോർപ്പറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരൻ, കൗൺസിലർ എസ്.കെ അബൂബക്കർ, സി.ഡി.എസ് ചെയർപേഴ്സൺമാരായ ജാസ്മിൻ കെ.കെ, കെ.പുഷ്പജ, റീന മുണ്ടേങ്ങാട്ട്, രമ്യ മുരളി എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.എം ഗിരീശൻ നന്ദി പറഞ്ഞു.
സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരേയുള്ള സന്ദേശങ്ങൾ ഓരോ വ്യക്തിയിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കുകയെന്നതാണ് സ്ത്രീശക്തി കലാജാഥയുടെ ലക്ഷ്യം. ഇന്നു (09-3-2022 ) മുതൽ 18 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ ജില്ലകളിലും അഞ്ചു വേദികൾ വീതം ആകെ എഴുപതോളം വേദികളിൽ പരിശീലനം നേടിയ168 കലാകാരികൾ കലാജാഥ അവതരിപ്പിക്കും.
- 197 views