കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും സംരംഭകര്‍ക്കും മെച്ചപ്പെട്ട ബാങ്കിങ്ങ് സേവനങ്ങള്‍ ഉറപ്പാക്കല്‍: കുടുംബശ്രീയും എസ്.എല്‍.ബി.സിയും ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

Posted on Friday, February 10, 2023

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങള്‍ക്കും കുടുംബശ്രീ സംരംഭകര്‍ക്കും നിലവില്‍ ലഭ്യമായി വരുന്ന ബാങ്കിങ്ങ് സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതു ലക്ഷ്യമിട്ട് കുടുംബശ്രീയും സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയും സംയുക്തമായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.

അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് സുസ്ഥിര വരുമാനം നല്‍കാന്‍ നിലവിലുള്ള ഉപജീവന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന്‍റെ ഭാഗമായി സാമ്പത്തിക പിന്തുണയും സാമ്പത്തിക സാക്ഷരതയും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. പുതുതായി രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെ മെച്ചപ്പെട്ട തൊഴില്‍ മേഖലകളിലേക്ക് കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്നുണ്ട്. സൂക്ഷ്മസമ്പാദ്യ പദ്ധതിയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമാണ് കുടുംബശ്രീയുടെ അടിത്തറ. അശാസ്ത്രീയമായ വായ്പാ ഇടപാടുകള്‍ ഒഴിവാക്കുന്നതിനും സാമ്പത്തിക ഇടപാടുകളില്‍ കൃത്യതയും സൂക്ഷ്മതയും കൈവരിക്കുന്നതിനും അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി സാമ്പത്തിക സാക്ഷരതാ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.  

സംസ്ഥാനത്തെ വിവിധ ബാങ്കുകളിലായി 8029 കോടി രൂപ അയല്‍ക്കൂട്ടങ്ങളുടേതായുണ്ട്. ഇതില്‍ നിന്നും ആന്തരിക വായ്പ നല്‍കിയ ശേഷം ബാക്കിയുള്ള തുകയ്ക്ക് സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട് ഇനത്തില്‍ നല്‍കുന്ന പലിശയാണ് ലഭിക്കുന്നത്. ഈ നിക്ഷേപത്തിന് കൂടുതല്‍ പലിശ ലഭ്യമാക്കുന്നതു സംബന്ധിച്ച നിര്‍ദേശവും കുടുംബശ്രീ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം റിസര്‍വ് ബാങ്കിന്‍റെ നിലവിലെ മാര്‍ഗ നിര്‍ദേശ പ്രകാരം നടപ്പാക്കാന്‍ കഴിയുമോയെന്ന കാര്യം പരിഗണിക്കുമെന്ന് കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജരും എസ്.എല്‍.ബി.സി പ്രതിനിധിയുമായ ശ്രീകുമാര്‍ പറഞ്ഞു. ഇതു കൂടാതെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ലിങ്കേജ് വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതിന് ബാങ്കുകള്‍ നേരിടുന്ന വെല്ലുവിളികള്‍, സ്വയം തൊഴില്‍ വായ്പ നേടുന്നതില്‍ നിലവിലെ സംരംഭകരും പുതുതായി രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും നേരിടുന്ന ബുദ്ധിമുട്ടുകള്‍, അയല്‍ക്കൂട്ടങ്ങള്‍ക്ക് പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിനും ലിങ്കേജ് വായ്പ നല്‍കുന്നതിനും നിലവിലുള്ള നടപടിക്രമങ്ങളിലെ ഇളവ്, വായ്പാ നടപടികള്‍ വേഗത്തിലാക്കാന്‍ ബാങ്കിങ്ങ് കറസ്പോണ്ടന്‍റ്മാരുടെ സേവനം എന്നിവ സംബന്ധിച്ചും കുടുംബശ്രീയും വിവിധ ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

കുടുംബശ്രീ ഡയറക്ടര്‍ അനില്‍.പി.ആന്‍റിണി സ്വാഗതം പറഞ്ഞു. പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ ഉപജീവന പദ്ധതികള്‍, സംരംഭകര്‍ക്ക് ബാങ്ക് വായ്പ ആവശ്യമുള്ള പദ്ധതികള്‍, കേന്ദ്ര പദ്ധതികള്‍ എന്നിവ സംബന്ധിച്ച് കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അനിഷ് കുമാര്‍ അവതരണം നടത്തി. എന്‍.ഐ.ആര്‍.ഡി നാഷണല്‍ റിസോഴ്സ് പേഴ്സണ്‍ പി.മോഹനയ്യ, എന്‍.ആര്‍.എല്‍.എം-എന്‍.ഐ.ആര്‍.ഡി മിഷന്‍ മാനേജര്‍ അഭിഷേക് ഗോസ്വാമി എന്നിവര്‍ സംസാരിച്ചു. വിവിധ ബാങ്ക് പ്രതിനിധികള്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

ഫോട്ടോ-അടിക്കുറിപ്പ്- കുടുംബശ്രീയും എസ്.എല്‍.ബി.സിയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സംസാരിക്കുന്നു. പി.മോഹനയ്യ, ശ്രീകുമാര്‍, അഭിഷേക് ഗോസ്വാമി എന്നിവര്‍ സമീപം  

Content highlight
slbc kudmbashree workshop held