കുടുംബശ്രീ 'സര്‍ഗം 2023' സംസ്ഥാനതല ത്രിദിന സാഹിത്യ ശില്‍പശാലയ്ക്ക് ഡിസംബര്‍ 11ന്‌ തുടക്കം

Posted on Tuesday, December 12, 2023

സാഹിത്യശാക്തീകരണത്തിലൂടെ  സ്ത്രീകള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ ദൃശ്യപരത ലഭ്യമാകുന്നുവെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ.സച്ചിദാനന്ദന്‍ പറഞ്ഞു. കുടുംബശ്രീയും കിലയും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'സര്‍ഗം-2023' സംസ്ഥാനതല ത്രിദിന സാഹിത്യ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം ഉപയോഗിക്കുന്ന ഭാഷ അനേകം തലമുറകളിലൂടെ കൈമാറി വന്നതാണ്. മറ്റുള്ളവരുടെ അനുഭവം സംവേദക്ഷമം ആകുന്നിടത്താണ് ഭാഷ അതിനെ അതേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നതെന്ന്  സച്ചിദാനന്ദന്‍ പറഞ്ഞു.  എഴുത്ത് അസാധ്യമാകുന്ന സാഹചര്യങ്ങളില്‍ സാഹിത്യകാരന്‍ അതിനെ കുറിച്ചും എഴുതുന്നു. ചുറ്റുമുളള മനുഷ്യന്‍ അനുഭവിക്കുന്ന അസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യും. സാമ്പത്തിക സാമൂഹിക ശാക്തീകരണത്തിന്‍റെ ഭാഗമായി അധികാര കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഇന്ന് സ്ത്രീകള്‍ക്ക് ദൃശ്യപരത ലഭ്യമാകുന്നുണ്ടെന്ന് സാഹിത്യമേഖലകളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് സര്‍ഗാത്മക വഴികളില്‍ അര്‍ത്ഥവത്താ മുന്നേറ്റം സ്ത്രീകള്‍ക്ക് സാധ്യമാകും. നീതിയുടെയും ധര്‍മത്തിന്‍റെയും സൗഹൃദം സാധ്യമാക്കുകയാണ് സാഹിത്യത്തിന്‍റെ ആത്യന്തിക ധര്‍മമെന്നും സര്‍ഗം പോലുള്ള സാഹിത്യ ശില്‍പശാലകളിലൂടെ സ്ത്രീകള്‍ക്ക് അതിനു കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബശ്രീ ഡയറക്ടര്‍ ബിന്ദു.കെ.എസ് അധ്യക്ഷത വഹിച്ചു. കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് മേഖലാ ഡെപ്യൂട്ടി സെക്രട്ടറി വി.ആര്‍ സന്തോഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ പി.ആര്‍.ഓ നാഫി മുഹമ്മദ് സ്വാഗതവും ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കവിത എ നന്ദിയും പറഞ്ഞു.

ഇന്നലെ (11-12-2023) സംഘടിപ്പിച്ച വിവിധ സെഷനുകളില്‍ 'എഴുത്തിന്‍റെ വഴി' എന്ന വിഷയത്തില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, 'അസാധ്യമല്ല നല്ല കഥ' എന്ന വിഷയത്തില്‍ വൈശാഖന്‍, സിതാര.എസ്, അശോകന്‍ ചരുവില്‍, 'പുതിയ സാഹിത്യം, പുതിയ ഭാഷ' എന്ന വിഷയത്തില്‍ എം.എം നാരായണന്‍, 'പുതിയ കാലത്തിന്‍റെ കവിത' എന്ന വിഷയത്തില്‍ ഡി.അനില്‍കുമാര്‍, അശോകന്‍ മറയൂര്‍, രമ്യ ബാലകൃഷ്ണന്‍, 'എഴുത്തിന്‍റെയും വായനയുടെയും രസതന്ത്രം' എന്ന വിഷയത്തില്‍ എന്‍.രാജന്‍, അനു പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു.  

സാഹിത്യ മേഖലയില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്ന കുടുംബശ്രീ വനിതകള്‍ക്ക് പ്രമുഖ സാഹിത്യകാരന്‍മാരുമായി സംവദിക്കുന്നതിനും രചനാലോകത്തെ നവീന സങ്കേതങ്ങളെ പരിചയപ്പെടുന്നതിനും വേണ്ടിയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. കുടുംബശ്രീ വനിതകള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല കഥാമത്സരത്തില്‍ പങ്കെടുത്തവരെ ഉള്‍പ്പെടുത്തിയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

Content highlight
sargam literary workshop 2023 starts