265 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് എസ്.ബി.ഐ 13.25 കോടി രൂപ ലിങ്കേജ് വായ്പ വിതരണം ചെയ്തു

Posted on Friday, November 29, 2019

തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 265 അയല്‍ക്കൂട്ടങ്ങള്‍ക്ക്   എസ്.ബി.ഐ 13.25 കോടി രൂപ ലിങ്കേജ് വായ്പ വിതരണം ചെയ്തു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നും വായ്പ്ക്കായി അപേക്ഷിച്ച അയല്‍ക്കൂട്ടങ്ങള്‍ക്കാണ് ഇപ്പോള്‍ വായ്പ വിതരണം ചെയ്തത്. തിരുവനന്തപുരം പൂജപ്പുരയിലെ എസ്.ബി.ഐ ആസ്ഥാന മന്ദിരത്തില്‍  സംഘടിപ്പിച്ച ക്രെഡിറ്റ് ലിങ്കേജ് പ്രോഗ്രാമിന്‍റെ ഉദ്ഘാടനം എസ്.ബി.ഐ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്ര ലാല്‍ .ദാസ് നിര്‍വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ അധ്യക്ഷത വഹിച്ചു.

വാഹന വായ്പ, ഭവന വായ്പ എന്നീ മേഖലകളില്‍ എസ്.ബി.ഐ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെങ്കിലും ഏറ്റവും താഴെത്തട്ടിലുള്ള ആളുകളിലേക്ക് സഹായമെത്തിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് എസ്.ബി.ഐ ചീഫ് ജനറല്‍ മാനേജര്‍ എം.എല്‍.ദാസ് പറഞ്ഞു. കുടുംബശ്രീയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് സാധ്യമായ മേഖലകളില്‍ സംയോജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കും. അയല്‍ക്കൂട്ടങ്ങള്‍ക്ക് ഏതൊക്കെ മേഖലകളിലാണ് സാമ്പത്തിക പിന്തുണ ആവശ്യമുള്ളതെന്ന് പരിശോധിച്ച് വേണ്ടതു ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ വനിതകള്‍ക്ക് നിലവിലെ സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനും നൂതനമായവ തുടങ്ങുന്നതിനും വായ്പ ആവശ്യമുണ്ട്. ഇതിനായി നിലവിലെ വായ്പാ നടപടിക്രങ്ങളില്‍ ഇളവ് വരുത്തിയും  തടസങ്ങള്‍ പരിഹരിച്ചും വായ്പാ പരിധി വര്‍ദ്ധിപ്പിക്കണമെന്നുമാണ്  കുടുംബശ്രീയുടെ ആവശ്യം. ഇതിനായി ബാങ്ക് റീജിയണല്‍ മാനേജര്‍മാരുടെ ക്രിയാത്മകമായ ഇടപെടലും നേതൃശേഷിയും കുടുംബശ്രീക്ക് ആവശ്യമുണ്ട്. കൂടാതെ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പ്രത്യേക പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കും ഉല്‍പാദന സേവന മേഖലയിലേക്ക് കടന്നു വരുന്ന സംരംഭകര്‍ക്കും വരുമാന മാര്‍ഗം ഉണ്ടാക്കിയെടുക്കുന്നതിനാവശ്യമായ സാമ്പത്തിക പിന്തുണ നല്‍കുന്ന കാര്യം ബാങ്ക് അനുഭാവപൂര്‍വം പരിഗണിക്കണം. പി.എം.എ.വൈ പദ്ധതിയുടെ ഉപഘടകമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീമിന് പ്രത്യേക പരിഗണന നല്‍കുന്നത്  നഗരമേഖലയില്‍ വായ്പയെടുത്തു ഭവനം നിര്‍മിക്കുന്ന നിരവധി പേര്‍ക്ക് സഹായകമാകും. സംസ്ഥാനത്തെ എസ്.ബി.ഐ ബാങ്ക് ശൃംഖലയില്‍ കുടുംബശ്രീ വനിതകള്‍ക്കനുയോജ്യമായ തൊഴിലവസരങ്ങള്‍ ഉണ്ടെങ്കില്‍ അത് ലഭ്യമാക്കുന്നതിനുള്ള സഹായങ്ങള്‍ നല്‍കണമെന്നും അധ്യക്ഷ പ്രസംഗത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍  എസ്.ഹരി കിഷോര്‍ പറഞ്ഞു.  

കുടുംബശ്രീ വനിതകള്‍ക്ക് ഒരു മികച്ച വരുമാന മാര്‍ഗം എന്ന നിലയില്‍ എസ്.ബി.ഐ ബാങ്ക് മുഖേന ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന 'കസ്റ്റമര്‍ സര്‍വീസ് പോയിന്‍റ്' എന്ന സംരംഭവും അതിന്‍റെ പ്രവര്‍ത്തനങ്ങളും ഡെപ്യൂട്ടി മാനേജര്‍ സുമിത്ര.എസ് പിള്ള വിശദീകരിച്ചു. സംഘക്കൃഷി ഗ്രൂപ്പുകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയ്ക്കുള്ള വായ്പാ നടപടി ക്രമങ്ങള്‍, പലിശ നിരക്ക് എന്നിവ സംബന്ധിച്ച് മാനേജര്‍ രജിത പി.കെ ക്ളാസ് നയിച്ചു.

എസ്.ബി.ഐ ജനറല്‍ മാനേജര്‍ അരവിന്ദ് ഗുപ്ത സ്വാഗതവും അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ എബ്രഹാം രാജന്‍ കൃതജ്ഞതയും പറഞ്ഞു. കുടുംബശ്രീ അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ വിദ്യ.ആര്‍.നായര്‍, എസ്.ബി.ഐ ബാങ്കിനു കീഴിലുള്ള റീജിയണല്‍ മാനേജര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

PHOTO

 

Content highlight
സംഘക്കൃഷി ഗ്രൂപ്പുകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയ്ക്കുള്ള വായ്പാ നടപടി ക്രമങ്ങള്‍, പലിശ നിരക്ക് എന്നിവ സംബന്ധിച്ച് മാനേജര്‍ രജിത പി.കെ ക്ളാസ് നയിച്ചു.