കുടുംബശ്രീ ഓണച്ചന്തകളില്‍ നിന്നും ഇക്കുറി 23 കോടി രൂപയുടെ വിറ്റുവരവ്

Posted on Monday, September 4, 2023

ഓണ വിപണിയില്‍ നിന്നും ഇത്തവണയും കുടുംബശ്രീക്ക് കൈനിറയെ നേട്ടം. ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഓണച്ചന്തകള്‍ വഴി കുടുംബശ്രീ നേടിയത് 23.09 കോടി രൂപയുടെ വിറ്റുവരവ്. 1070 സി.ഡി.എസ്തല ഓണച്ചന്തകള്‍, 17 ജില്ലാതല ഓണച്ചന്തകള്‍ എന്നിവ ഉള്‍പ്പെടെ ആകെ 1087 ഓണച്ചന്തകള്‍ വഴിയാണ് ഈ നേട്ടം. കഴിഞ്ഞ വര്‍ഷം 19 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇതിനേക്കാള്‍ നാലു കോടി രൂപയുടെ അധിക വിറ്റുവരവ്.

കുടുംബശ്രീ ഓണച്ചന്തകളിലൂടെ ഇത്തവണ എറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയത് എറണാകുളം ജില്ലയാണ്. 104 ഓണച്ചന്തകളില്‍ നിന്നായി 3.25 കോടി രൂപയാണ് ജില്ലയിലെ സംരംഭകര്‍ നേടിയത്. 103 ഓണച്ചന്തകളില്‍ നിന്നും 2.63 കോടി രൂപയുടെ വിറ്റുവരവ് നേടി തൃശൂര്‍ ജില്ല രണ്ടാമതും 81 ഓണച്ചന്തകളില്‍ നിന്നും 2.55 കോടി രൂപ നേടി കണ്ണൂര്‍ ജില്ല മൂന്നാമതും എത്തി.

കുടുംബശ്രീയുടെ കീഴിലുള്ള 28401 സൂക്ഷ്മസംരംഭ യൂണിറ്റുകളും  20990 വനിതാ കര്‍ഷക സംഘങ്ങളും വിപണിയില്‍ ഉല്‍പന്നങ്ങളെത്തിച്ചുകൊണ്ട് ഇത്തവണയും വിപണിയിലെ വിജയത്തിന് വഴിയൊരുക്കി.  ഇതുവഴി പൊതുവിപണിയില്‍ വിലക്കയറ്റം തടയാനും ന്യായവിലയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കാനായി എന്നതും കുടുംബശ്രീക്ക്  നേട്ടമായി.  

 110 ഓണച്ചന്തകള്‍ ഒരുക്കി മലപ്പുറം ജില്ല മേളയുടെ എണ്ണത്തില്‍ മുന്നിലെത്തി. കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ നിന്നുമായി 4854 യൂണിറ്റുകളെ പങ്കെടുപ്പിച്ച് ഏറ്റവും കൂടുതല്‍ സംരംഭകരുടെ പങ്കാളിത്തം ഉറപ്പു വരുത്തിയതിലും മലപ്പുറം ജില്ല ഒന്നാമതായി.  104 ഓണച്ചന്തകളിലായി 4723 യൂണിറ്റുകളെ പങ്കെടുപ്പിച്ച് എറണാകുളം ജില്ലയും, 103 ഓണച്ചന്തകള്‍ സംഘടിപ്പിച്ച് 4550 യൂണിറ്റുകളെ പങ്കെടുപ്പിച്ച് തൃശൂര്‍ ജില്ലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.

ഓണം വിപണിയില്‍ പൂവിനുള്ള ആവശ്യകത തിരിച്ചറിഞ്ഞ് ഈ രംഗത്ത് സാന്നിധ്യം ഉറപ്പിക്കാനും കുടുംബശ്രീക്ക് കഴിഞ്ഞു. ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ഓണാഘോഷത്തിനുള്ള പൂക്കള്‍ ഇവിടെ തന്നെ ഉല്‍പാദിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനമൊട്ടാകെ 1870 വനിതാ കര്‍ഷക സംഘങ്ങള്‍ ചേര്‍ന്ന് 780 ഏക്കറിലാണ് ഇത്തവണ പൂക്കൃഷി നടത്തിയത്. 100 സംഘങ്ങള്‍ ചേര്‍ന്ന് 186.37 ഏക്കറില്‍ പൂക്കൃഷി നടത്തി തൃശൂര്‍ ജില്ല ഒന്നാമതായി. സംസ്ഥാനമെമ്പാടും സംഘടിപ്പിച്ച കുടുംബശ്രീ ഓണം വിപണന മേളകളില്‍ കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ കൃഷി ചെയ്ത പൂക്കളും വിപണനത്തിനെത്തിയത് ഏറെ ശ്രദ്ധേയമായി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലത്ത് പൂക്കൃഷി വ്യാപിപ്പിക്കാന്‍ ഇപ്രാവശ്യത്തെ വിജയം സഹായകരമാകുമെന്നാണ് പ്രതീക്ഷ.
ന്യായവിലയ്ക്ക് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കിയതിനൊപ്പം മികവുറ്റ സംഘാടനവും കാര്യക്ഷമമായ ഏകോപനവുമാണ് കുടുംബശ്രീ ഓണച്ചന്തകളുടെ വിജയത്തിനു പിന്നില്‍.

Content highlight
Sales of Rs. 23 crores recorded through Kudumbashree Onam Markets