പുതുതലമുറയെ പ്രകൃതി ദുരന്തങ്ങള് നേരിടാന് തയാറാക്കുന്ന 'സജ്ജം- സുരക്ഷിതരാവാം സുരക്ഷിതരാക്കാം' ബില്ഡിങ് റെസിലിയന്സ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബാലസഭാംഗങ്ങള്ക്കുള്ള പരിശീലനത്തിന്റെ ആദ്യ ഘട്ടം പൂര്ത്തിയായി.
15,16 തീയതികളിലായി 14 ജില്ലകളിലെ 206 സി.ഡി.എസുകളില് സംഘടിപ്പിച്ച പരിശീലനങ്ങളില് 9311 കുട്ടികള് ഭാഗമായി. 28 മാസ്റ്റര് പരിശീലകരും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധികളും മുഖേന 608 ജില്ലാതല റിസോഴ്സ് പേഴ്സണ്മാര്ക്ക് പരിശീലനം നല്കിയിരുന്നു. ഇവര് മുഖേനയാണ് ബാലസഭാംഗങ്ങള്ക്ക് പരിശീലനം നല്കിവരുന്നത്.
ഓണാവധിയോടെ വിവിധഘട്ടങ്ങളിലായി സംസ്ഥാനത്തെ ഒരു ലക്ഷം ബാലസഭാംഗങ്ങള്ക്ക് പരിശീലനം നല്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പ്രകൃതി, പരിസ്ഥിതി, ദുരന്ത ആഘാത ലഘൂകരണം, അവകാശങ്ങളും ഉത്തരവാദിത്വങ്ങളും എന്നീ വിഷയങ്ങളില് അവബോധം നല്കുന്നതിനൊപ്പം പ്രളയം, ഉരുള്പൊട്ടല്, വരള്ച്ച, മണ്ണിടിച്ചില്, കടല്ക്ഷോഭം തുടങ്ങി വിവിധ പ്രകൃതി ദുരന്ത സാധ്യതകളെ അറിയുന്നതിനും നിലവിലെ ദുരന്തനിവാരണ സംവിധാനങ്ങളെ മനസിലാക്കുന്നതിനും കുട്ടികള്ക്ക് ഇതിലൂടെ അവസരമൊരുങ്ങും.
കാലാവസ്ഥാ വ്യതിയാനം കുട്ടികളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുള്പ്പെടെ കുട്ടികള്ക്ക് സ്വയം മനസിലാക്കാന് കഴിയുന്ന വിധത്തിലുള്ള വിവിധ ആക്ടിവിറ്റികളിലൂടെയാണ് പരിശീലനം നല്കിവരുന്നത്. ഈ പരിശീലനം നേടിയ കുട്ടികള് വഴി മുതിര്ന്നവര്ക്കും അവബോധം നല്കും.

- 108 views
Content highlight
sajjam firtst stage completsml