കുടുംബശ്രീ മുഖേന നടപ്പാക്കുന്ന'സജ്ജം' ബില്‍ഡിങ്ങ് റെസിലിയന്‍സ്' ബോധവല്‍ക്കരണ പരിശീലന പദ്ധതിയുടെ ഭാഗമായി ജില്ലാതല റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു. പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മനസിലാക്കുന്നതിനും അവയെ അഭിമുഖീകരിക്കുന്നതിനും ബാലസഭാംഗങ്ങളെ പ്രാപ്തരാക്കുക എന്നത് ലക്ഷ്യമിട്ടു കൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. ഓരോ ബ്ളോക്കില്‍ നിന്നും തിരഞ്ഞെടുത്ത നാല് പേര്‍ക്ക് വീതം ആകെ 608 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാരുടെയും ദുരന്ത നിവാരണ അതോറിറ്റിയിലെ വിദഗ്ധരുടെയും നേതൃത്വത്തിലാണ് പരിശീലനം. ഇതിനകം കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് എന്നീ അഞ്ചു ജില്ലകളില്‍ പരിശീലനം പൂര്‍ത്തിയായി. ബാക്കി ജില്ലകളില്‍ 14നകം പൂര്‍ത്തിയാക്കും.
ദുരന്തസാധ്യതകളെ മനസിലാക്കി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ബോധവല്‍ക്കരണം നല്‍കുന്നതിനായി കുട്ടികളെ പ്രാപ്തരാക്കുന്ന പരിശീലന പദ്ധതിയാണ് 'സജ്ജം.' 13നും 17നും ഇടയില്‍ പ്രായമുള്ള ഒരു ലക്ഷം കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനം ലഭ്യമാക്കേണ്ട കുട്ടികളുടെ എണ്ണം ഓരോ ജില്ലയ്ക്കും നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള പരിശീലനം ജൂലൈ 15ന് തുടങ്ങി മൂന്നു ഘട്ടങ്ങളിലായി സംഘടിപ്പിക്കും. ഇതിന് മുന്നോടിയായിട്ടാണ് ഇപ്പോള്‍ ജില്ലാതല റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം നടത്തുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, വിവിധ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെട്ട സ്റ്റേറ്റ് ടെക്നിക്കല്‍ കമ്മിറ്റി തയ്യാറാക്കിയ പ്രത്യേക മൊഡ്യൂളുകള്‍ പ്രകാരമാണ് പരിശീലനം.
- 138 views