നാരക്കിഴങ്ങ്, നൂറ, തൂണ് കാച്ചില്, സുഗന്ധ കാച്ചില്, പായസ കാച്ചില്, മക്കളെപ്പോറ്റി, കരിന്താള്, വെളുന്താള്, കരിമഞ്ഞള് എന്നിങ്ങനെ പലര്ക്കും കേട്ടുകേള്വി പോലുമില്ലാത്ത വൈവിധ്യമാര്ന്ന കിഴങ്ങുവര്ഗ്ഗങ്ങള് കൃഷി ചെയ്ത് ശ്രദ്ധ നേടിയ വയനാട്ടിലെ തിരുനെല്ലിയിലെ കുടുംബശ്രീ നൂറാങ്ക് ടീം സംസ്ഥാന സര്ക്കാര് പുരസ്‌ക്കാര നിറവിൽ.
മികച്ച പൈതൃക കൃഷി വിത്ത്, വിള സംരക്ഷണത്തിന് കാര്ഷിക വകുപ്പ് നല്കുന്ന ഈ വര്ഷത്തെ അവാര്ഡാണ് പത്ത് ആദിവാസി വനിതകള് അടങ്ങുന്ന നൂറാങ്ക് ഗ്രൂപ്പ് സ്വന്തമാക്കിയത്. കര്ഷക ദിനത്തില് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില് 1 ലക്ഷം രൂപയും ഫലകവും സര്ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്‌ക്കാരം ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദില് നിന്ന് നൂറാങ്ക് ഏറ്റുവാങ്ങി.
വയനാട്ടിലെ തിരുനെല്ലിയില് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഇരുമ്പുപാലം ഊരിലെ മൂന്ന് കുടുംബശ്രീ കൂട്ടായ്മകളിലെ പത്ത് സ്ത്രീകള് ചേര്ന്ന് 2021 ലാണ് നൂറാങ്ക് എന്ന പേരില് കര്ഷക കൂട്ടായ്മ രൂപീകരിച്ചത്. ശരണ്യ സുമേഷ്, കമല വിനിഷ്, റാണി രാജന്, ശാന്ത നാരായണന്, ലക്ഷ്മി കരുണാകരന്, ശാന്ത മനോഹരന്, ശാരദ രാമചന്ദ്രന്, സുനിത രാജു, സരസു ഗോപി, ബിന്ദു രാജു എന്നിവരാണ് സംഘാംഗങ്ങള്.
ഇപ്പോള് ഇരുമ്പുപാലം ഊരില് 75 സെന്റ് സ്ഥലത്താണ് 160 ഓളം കിഴങ്ങുവര്ഗ്ഗങ്ങള് ഇവര് കൃഷി ചെയ്തുവരുന്നത്. സംസ്ഥാനമൊട്ടാകെ നടക്കുന്ന വിവിധ വിപണന മേളകള് വഴിയാണ് ഈ കിഴങ്ങുവര്ഗ്ഗങ്ങളുടെ വിപണനം ഇവര് നടത്തുന്നത്.
- 97 views
Content highlight
'Noorang' of Thirunelly bags State Government Award