തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന അയല്ക്കൂട്ടങ്ങള് രൂപീകരിക്കുകയും അതിലൂടെ സാമൂഹ്യ സുരക്ഷാ മേഖലയില് ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചതിനും കുടുംബശ്രീക്ക് ഈ വര്ഷത്തെ സ്കൊച്ച് (ടഗഛഇഒ)ഓര്ഡര് ഓഫ് മെറിറ്റ് അവാര്ഡ് ലഭിച്ചു. അയല്ക്കൂട്ട രൂപീകരണം വഴി വയോജനങ്ങള്ക്കായി കൂട്ടായ്മകള് സൃഷ്ടിക്കാനും അവരുടെ ആവശ്യങ്ങളും ആശയങ്ങളും പങ്കുവയ്ക്കാനുള്ള ഏറ്റവും അനുയോജ്യമായ ഒരിടമായി വയോജന അയല്ക്കൂട്ട വേദികളെ മാറ്റുന്നതിനും സാധിച്ചതിനാണ് കുടുംബശ്രീക്ക് അവാര്ഡ്. ന്യൂഡല്ഹിയിലെ കോണ്സ്റ്റിറ്റ്യൂഷന് ക്ളബ് ഓഫ് ഇന്ത്യ ഹാളില് സംഘടിപ്പിച്ച ചടങ്ങില് കുടുംബശ്രീക്കു വേണ്ടി സ്റ്റേറ്റ് സീനിയര് കണ്സള്ട്ടന്റ് അനീഷ്കുമാര് എം.എസ് സ്കൊച്ച് ഡെവലപ്മെന്റ് ഫൗണ്ടേഷന് സീനിയര് ഡിസ്റ്റിങ്ങ്യുഷ്ഡ് ഫെല്ലോ നിര്മല് ബെന്സാലില് നിന്നു അവാര്ഡ് സ്വീകരിച്ചു. മെമന്റോയും സര്ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്ഡ്.
രാജ്യമെമ്പാടു നിന്നും ലഭിച്ച ആയിരത്തിലേറെ എന്ട്രികളില് നിന്നാണ് കുടുംബശ്രീയെ അവാര്ഡിനായി തിരഞ്ഞെടുത്തത്. പ്രാഥമിക ഘട്ടത്തില് വയോജന സംരക്ഷണത്തിനും അവരുടെ സാമൂഹ്യ ജീവിതം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന പദ്ധതി പ്രവര്ത്തനങ്ങളെ സംബന്ധിച്ച വിശദമായ വിവരങ്ങള് വെബ്സൈറ്റില് രേഖപ്പെടുത്തി. ഇതില് നിന്നും മികവുറ്റ രീതിയില് പദ്ധതി നടപ്പാക്കുന്നുവെന്ന് വിലയിരുത്തിയ അധികൃതര് രണ്ടാം ഘട്ടത്തില് ജൂറി പാനലിനു മുമ്പാകെ പദ്ധതി അവതരിപ്പിക്കാന് കുടുംബശ്രീയെ ക്ഷണിക്കുകയായിരുന്നു. ഈ രണ്ടു ഘട്ടങ്ങളിലും വിജയിച്ച പദ്ധതികള്ക്കായി വോട്ടു രേഖപ്പെടുത്തുന്നതിനുള്ള അവസരം പൊതു ജനങ്ങള്ക്ക് നല്കിയിരുന്നു. ഇപ്രകാരം വിവിധ ഘട്ടങ്ങളിലെ മികവിന്റെയും വോട്ടിന്റെയും അടിസ്ഥാനത്തിലാണ് കുടുംബശ്രീക്ക് അവാര്ഡ് നല്കിയത്.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം ശക്തമാക്കുന്നതിന്റെയും സാമൂഹ്യ സുരക്ഷാ മേഖലയില് കൂടുതല് ഊന്നല് നല്കുന്നതിന്റെയും ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില് വയോജന അയല്ക്കൂട്ട രൂപീകരണം ആരംഭിച്ചത്. നിലവില് കുടുംബശ്രീയുടെ കീഴില് 17189 വയോജന അയല്ക്കൂട്ടങ്ങള് രൂപീകരിച്ചിട്ടുണ്ട്. ഇതില് 2,08,063 പേര് അംഗങ്ങളാണ്. ഇവരില് താല്പര്യമുള്ളവര്ക്ക് കാര്ഷിക-സൂക്ഷ്മ സംരംഭ മേഖലയില് വിവിധ വരുമാനദായക സംരംഭങ്ങള് ആരംഭിച്ച് മാന്യമായ വരുമാനം നേടുന്നതിനു കുടുംബശ്രീ സഹായിക്കുന്നുണ്ട്. നിലവില് 276 സൂക്ഷ്മസംരംഭങ്ങളും ഇവരുടേതായിട്ടുണ്ട്.
ഭരണ നിര്വഹണം, ഫിനാന്സ്, ബാങ്കിങ്ങ്, ടെക്നോളജി, കോര്പ്പറേറ്റ് സിറ്റിസണ്ഷിപ്, ഇക്കണോമിക്സ് എന്നിങ്ങനെ വിവിധ മേഖലകളില് പ്രശംസനീയമായ മാതൃകകള് കാഴ്ച വയ്ക്കുന്ന സ്ഥാപനങ്ങള്ക്കാണ് സ്കൊച്ച് അവാര്ഡ് നല്കുന്നത്. 2018 ലും കുടുംബശ്രീയുടെ മികവുറ്റ പ്രവര്ത്തനങ്ങള്ക്ക് ഏഴ് സ്കൊച്ച് അവാര്ഡുകള് നേടാന് കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീന് ദയാല് ഉപാധ്യായ ഗ്രാമീണ് കൗശല്യ യോജന പദ്ധതിക്ക് സ്കൊച്ച് കോര്പ്പറേറ്റ് എക്സലന്സ് അവാര്ഡും ആറ് സ്കൊച്ച് ഓര്ഡര് ഓഫ് മെറിറ്റ് അവാര്ഡുകളും ലഭിച്ചിരുന്നു. ഇതുകൂടാതെ നാല്പത്തിമൂന്ന് ലക്ഷം അയല്ക്കൂട്ട വനിതകള്ക്ക് കാര്യശേഷി വികസന പരിശീലനം നല്കിയ കുടുംബശ്രീ സ്കൂള് പദ്ധതി, കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്റ് സെന്റര്, ഹോംഷോപ്പ്, വനിതാ കെട്ടിട നിര്മാണ യൂണിറ്റുകള്, അമൃതം ന്യൂട്രിമിക്സ് എന്നിവയും രാജ്യത്തെ മികച്ച പദ്ധതികളായി തിരഞ്ഞെടുക്കപ്പെടുന്നതിനു യോഗ്യത നേടിയിരുന്നു.
- 1062 views