ന്യൂഡല്‍ഹിയിലെ ഇന്ത്യ ഗേറ്റിലെ കഫേ കുടുംബശ്രീ കിയോസ്‌കിന്റെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് മാര്‍ച്ച് 12ന് നിര്‍വഹിച്ചു. നാടന്‍ ഊണും മീന്‍ കറിയും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ മന്ത്രി ആസ്വദിച്ചു. ന്യൂഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ് തുടങ്ങിയവരും മന്ത്രിക്ക് ഒപ്പം ചേര്‍ന്നു.
ഒന്നരമാസമായി ട്രയല്‍ റണ്‍ അടിസ്ഥാനത്തില്‍ ഇവിടെ കഫേ കുടുംബശ്രീ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. നിലവില്‍ വയനാട് ജില്ലയിലെ കുടുംബശ്രീ യൂണിറ്റ് ആയ തംബുരുവിലെ സീന മനോജ്, ശ്രീജ, അനുപ്രകാശ്, ലിസി പൗലോസ്, ഉഷാകുമാരി എന്നിവര്‍ക്കാണ് കഫേയുടെ നടത്തിപ്പ്. ഓരോ ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകളാണ് ഓരോ മാസവും കഫേയുടെ നടത്തിപ്പ് നിര്‍വഹിക്കുന്നത്. പുട്ടും ഇഡലിയും ദോശയും കപ്പയും മീന്‍കറിയും എന്നിങ്ങനെയുള്ള വിഭവങ്ങളെല്ലാം ഇവിടെ ലഭ്യമാക്കുന്നു.
കോട്ടയം സ്വദേശി ടി.എസ്. ജിതിന്‍ ആണ് മുഖ്യ പാചകക്കാരന്‍. കുടുംബശ്രീയുടെ പരിശീലന ഗ്രൂപ്പായ അദേഭ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസേര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (ഐഫ്രം) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.പി. അജയകുമാര്‍ മേല്‍നോട്ടം നിര്‍വഹിക്കുന്നു.

- 6 views