സപ്ളൈക്കോയുടെ ഓണക്കിറ്റ്: ശര്‍ക്കര വരട്ടിയും ചിപ്സും ഉള്‍പ്പെടെ കുടുംബശ്രീ നല്‍കുന്നത് 61.19 ലക്ഷം പായ്ക്കറ്റുകള്‍

Posted on Tuesday, August 23, 2022

സപ്ളൈക്കോ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി  ശര്‍ക്കരവരട്ടിയും ചിപ്സും ഉള്‍പ്പെടെ 61.19 ലക്ഷം പായ്ക്കറ്റുകള്‍ കുടുംബശ്രീ വിതരണം ചെയ്യും.  ഇതുമായി ബന്ധപ്പെട്ട് സപ്ളൈക്കോയില്‍ നിന്നും 18.51 കോടി രൂപയുടെ ഓര്‍ഡര്‍ കുടുംബശ്രീയ്ക്ക് ലഭിച്ചു.  42.44 ലക്ഷം പായ്ക്കറ്റുകളുടെ വിതരണം ഇതിനകം പൂര്‍ത്തിയായി. ബാക്കിയുള്ള 18.75 ലക്ഷം പായ്ക്കറ്റുകളുടെ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും.

നിലവില്‍ സപ്ളൈക്കോയുടെ കീഴിലുള്ള 56 ഡിപ്പോകളില്‍ എത്തിച്ചിട്ടുള്ള ശര്‍ക്കരവരട്ടിയും ചിപ്സും തീരുന്ന മുറയ്ക്ക്  കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ഇവ വിതരണം ചെയ്യും. സംസ്ഥാനത്തെ മുന്നൂറിലേറെ കുടുംബശ്രീ യൂണിറ്റുകള്‍ വഴിയാണ് ഉല്‍പ്പന്ന നിര്‍മാണവും വിതരണവും. അട്ടപ്പാടിയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ നാല് യൂണിറ്റുകളും ഇത്തവണ ഉല്‍പ്പന്ന നിര്‍മാണത്തില്‍ സജീവമാണ്. കരാര്‍ പ്രകാരമുള്ള അളവില്‍ ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നതിന് നേന്ത്രക്കായ സംഭരണം ഊര്‍ജിതമാക്കി. നിലവില്‍ സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ കുടുംബശ്രീ വനിതാ കര്‍ഷക സംഘങ്ങളില്‍ നിന്നും പൊതുവിപണിയില്‍ നിന്നുമാണ് ഇതു സംഭരിക്കുന്നത്.  അതത് ജില്ലാ മിഷനുകള്‍ക്കാണ് ഉല്‍പ്പന്ന നിര്‍മാണവും വിതരണവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.

നൂറു ഗ്രാം വീതമുള്ള പായ്ക്കറ്റ് ഒന്നിന് ജി.എസ്.ടി ഉള്‍പ്പെടെ 30.24 രൂപ നിരക്കില്‍ സംരംഭകര്‍ക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷവും സപ്ളൈക്കോയുടെ  ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി കുടുബശ്രീ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തിരുന്നു. ചിപ്സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ 41.17ലക്ഷം പായ്ക്കറ്റ് നല്‍കുന്നതിനുള്ള ഓര്‍ഡറാണ് അന്നു ലഭിച്ചത്. 273 യൂണിറ്റുകള്‍ പങ്കെടുത്ത വിതരണ പരിപാടിയിലൂടെ സംരംഭകര്‍ 11.99കോടി രൂപയുടെ വിറ്റുവരവ് നേടി.

Content highlight
Kudumbashree supplyco kit