കുടുംബശ്രീ സ്നേഹിത ലീഗല്‍ ക്ലിനിക്കുകള്‍ എല്ലാ ജില്ലകളിലും

Posted on Saturday, June 15, 2019

അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് വഴി നിലവില്‍ ലഭ്യമാകുന്ന നിയമസഹായങ്ങള്‍ കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവുമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും സ്നേഹിത കേന്ദ്രങ്ങളോട് ചേര്‍ന്ന് ലീഗല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.  കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ)യുമായി ചേര്‍ന്നാണിത്. ഇതിനായി പതിനാല് ജില്ലകളിലെ ലീഗല്‍ ക്ളിനിക്കുകളിലും കെല്‍സയുടെ സഹായത്തോടെ പ്രത്യേകം വനിതാ അഭിഭാഷകരെ നിയമിച്ചു. ആഴ്ചയില്‍ ഒരു ദിവസം അഭിഭാഷകരുടെ സേവനം ലഭ്യമാക്കുക. ഇതുപ്രകാരം സ്നേഹിത ലീഗല്‍ ക്ലിനിക്കിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ നിയമോപദേശങ്ങളും നിയമപരമായ പിന്തുണകളും ലഭ്യമാക്കുന്നതിനും പ്രശ്നപരിഹാരമാര്‍ഗങ്ങള്‍ വേഗത്തിലാക്കുന്നതിനും സാധിക്കും.  

ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ എല്ലാവിധ നിയമപരിരക്ഷയും ഉറപ്പാക്കി കൊണ്ട് ആരോഗ്യകരമായ സാമൂഹ്യജീവിതത്തിന്  അവരെ പ്രാപ്തരാക്കുക എന്നതാണ് ലീഗല്‍ ക്ളിനിക്കുകള്‍ ആരംഭിക്കുക വഴി കുടുംബ്രീ ലക്ഷ്യമിടുന്നത്. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, പോലീസ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. നിര്‍ദ്ധനരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് പദ്ധതി.

ആഴ്ചയിലൊരിക്കല്‍ വനിതാഅഭിഭാഷകരുടെ സേവനം ലഭ്യമാകുന്നതിനു പുറമേ രണ്ട് മാസത്തിലൊരിക്കല്‍ അദാലത്തുകള്‍ സംഘടിപ്പിച്ച് സ്നേഹിതയിലെത്തുന്ന പരാതികള്‍ക്ക് പരിഹാരം കാണാനാണ് തീരുമാനം.  കൂടാതെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയിലെത്തുന്നവയില്‍ സ്വന്തമായി അഭിഭാഷകരെ വയ്ക്കാന്‍ നിവൃത്തിയില്ലാത്ത നിര്‍ദ്ധനരായ സ്ത്രീകള്‍ക്കു വേണ്ടി വക്കാലത്ത് ഏറ്റെടുക്കുന്നതടക്കം ആവശ്യമായ എല്ലാ നിയമപിന്തുണകളും കെല്‍സയുടെ സഹായത്തോടെ ലീഗല്‍ ക്ലിനിക്കില്‍ സൗജന്യമായി ലഭിക്കും. കുട്ടികളുടെ കേസ് കൈകാര്യം ചെയ്യുന്നതിനും അവര്‍ക്കാവശ്യമായ സംരക്ഷണവും പുനരധിവാസവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റു വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കും. 

Content highlight
kudumbashree-snehitha