'നമ്ത്ത് തീവ നഗ' എന്നപേരിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 14 ജില്ലകളിലൂടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന ചെറു ധാന്യ സന്ദേശ യാത്രയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് ചെറുധാന്യ വര്ഷത്തോടനുബന്ധിച്ച് ഈ സന്ദേശ യാത്ര ഒരുക്കിയിരിക്കുന്നത്.
ഓരോ ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള യാത്രയുടെ ഫ്ളാഗ് ഓഫ് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ കളക്ടർ ജേറോമിക് ജോർജ്ജ് ഐ. എ.എസ് നിർവഹിച്ചു.
ചെറുധാന്യ കൃഷിയുടെ ഉപഭോഗം, വ്യാപനം, ബോധവത്ക്കരണം, അട്ടപ്പാടിയിലെ ചെറുധാന്യ ഉത്പന്നങ്ങള്ക്ക് വിപണി കണ്ടെത്തല്, ജീവിതശൈലി രോഗങ്ങള് തടയുന്നതിന് ചെറുധാന്യങ്ങളുടെ കൃഷിയും പാചകവും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് സന്ദേശയാത്രയ്ക്കുള്ളത്. അട്ടപ്പാടിയിലെ ചെറുധാന്യ കര്ഷകരും കുടുംബശ്രീ പ്രവര്ത്തകരും സന്ദേശയാത്രയില് പങ്കെടുക്കും.
പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് യാത്ര. ചെറുധാന്യങ്ങളുടെ പ്രദര്ശന സ്റ്റാള്, ചെറുധാന്യ ഫുഡ് കോര്ട്ട്, അട്ടപ്പാടി മില്ലറ്റ് സീഡ് പ്രദര്ശനം, മില്ലറ്റ് കഫേ, അട്ടപ്പാടിയില് നിന്നുള്ള ചെറുധാന്യങ്ങളുടെ 32 ഓളം വരുന്ന മൂല്യവര്ധിത ഉത്പന്നങ്ങളുടെ വിപണനം, ചെറു ധാന്യങ്ങൾ അടിസ്ഥാനമാക്കിയ സെമിനാറുകൾ എന്നിവയുണ്ട്. കുടുംബശ്രീക്കൊപ്പം അട്ടപ്പാടിയിലെ ഷോളയൂര്, പുതൂര് പഞ്ചായത്തുകള്, കുറുംബ സമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് സന്ദേശയാത്ര സംഘടിപ്പിക്കുന്നത്.
ഓരോ ജില്ലയിലും സന്ദേശയാത്ര എത്തുന്ന ദിനങ്ങളും ഇടങ്ങളും
19.09.23 കൊല്ലം (കളക്ടറേറ്റ്)
20.09.23 പത്തനംതിട്ട (ടൗൺ ഹാൾ)
21.09.23 ആലപ്പുഴ ( സിവിൽ സ്റ്റേഷൻ)
23.09.23 കോട്ടയം (ജില്ലാ പഞ്ചായത്ത് കാര്യാലയ പരിസരം)
24 & 25.09.23 ഇടുക്കി (കളക്ടറേറ്റ്)
26.09.23 എറണാകുളം (സിവിൽ സ്റ്റേഷൻ)
28.09.23 തൃശ്ശൂർ (കളക്ടറേറ്റ്)
(തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ 8 ജില്ലകളിലാണ് ആദ്യഘട്ടം. മലപ്പുറം, കോഴിക്കോട് , കണ്ണൂർ , വയനാട് , കാസർഗോഡ് ജില്ലകളിൽ പിന്നീട് നടത്തും).
- 122 views
Content highlight
Kudumbashree millet sandesha yathra begins