നവകേരള നിർമിതിയിലും തുല്യതയും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളും അടുത്ത ഘട്ടത്തിലെത്തിക്കുന്നതിലും കുടുംബശ്രീയുടെ യുവനിരയായ ഒാക്സിലറി ഗ്രൂപ്പുകൾക്ക് മുഖ്യ പങ്കു വഹിക്കാനാകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ചു വരുന്ന ഒാക്സെല്ലോ ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംസ്ഥാനതല സംഗമം "ജെൻനെക്സ്റ്റ് സമ്മിറ്റ് 2025' 29ന് തിരുവനന്തപുരം നിശാഗന്ധി ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഇരുപത്തിയേഴ് വർഷങ്ങളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങളിലും അഭിമുഖീകരിച്ച പ്രതിസന്ധികളിലും കുടുംബശ്രീയുടെ കരുത്തുറ്റ പിന്തുണയുണ്ടെന്ന് മന്ത്രി പറഞ്ഞു. നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും കൊണ്ട് ആദ്യകാല കുടുംബശ്രീ പ്രവർത്തകർ ഒരുക്കിയ വഴികളിലൂടെയാണ് പുതിയ ഒാക്സിലറി അംഗങ്ങൾ കടന്നു വരുന്നത്. സമ്പൂർണ സാക്ഷരത, സമ്പൂർണ ഡിജിറ്റൽ സാക്ഷരത, ജനകീയാസൂത്രണം എന്നിവയ്ക്ക് ശേഷം അതിദാരിദ്ര്യ നിർമാർജന പ്രക്രിയയിൽ പുതിയ മാതൃക സൃഷ്ടിച്ചു കൊണ്ട് ഇന്ത്യയിൽ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമെന്ന ഖ്യാതിയും കൈവരിക്കാൻ കേരളം ഒരുങ്ങുകയാണ്. ഇതിലും കുടുംബശ്രീയുടെ വലിയ സംഭാവനയുണ്ട്. കുടുംബശ്രീയുടെയും കേരളത്തിന്റെയും അടുത്ത തലമുറയായ ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾ ഉന്നതവിദ്യാഭ്യാസം നേടിയിട്ടുള്ളവരും സമൂഹമായും വിവിധ വിഭാഗങ്ങളിലെ ജനവിഭാഗങ്ങളുമായും നവമാധ്യമങ്ങളുമായും നിരന്തരമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നവരുമാണ്. അവരുടെ ഊർജവും ചിന്താശേഷിയും ഭാവനാപൂർണമായ ആശയങ്ങളും നവകേരള നിർമിതിക്കായി പ്രയോജനപ്പെടുത്തണം. വിജ്ഞാന കേരളം പദ്ധതിയുടെ മുഖ്യലക്ഷ്യമായ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം അമ്പത് ശതമാനമാക്കി ഉയർത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ഒാക്സിലറി അംഗങ്ങൾക്ക് മുഖ്യ പങ്കു വഹിക്കാനാകും. 2026 മാർച്ചിനുളളിൽ മൂന്നു ലക്ഷം പേർക്ക് തൊഴിൽ നൽകാനാണ് ലക്ഷ്യമിടുന്നത്. അതിൽ ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾനേടാൻ കഴിയുന്നത് ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കാണെന്നു പറഞ്ഞ മന്ത്രി ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളുമായി സംവദിക്കുകയും ചെയ്ത ശേഷമാണ് വേദി വിട്ടത്.
തരിശു നിലങ്ങൾ കണ്ടെത്തി അവിടങ്ങളിൽ കുടുംബശ്രീ വനിതകൾ മുഖേന കൃഷി ചെയ്യുന്ന പുതിയ പദ്ധതി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഭൂവിനിയോഗ വകുപ്പ് കമ്മീഷണർ യാസ്മിൻ എൽ റഷീദ് എന്നിവർ മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തിൽ ധാരണാ പത്രം കൈമാറി.
കോഴിക്കോട് ജില്ലയിൽ നിന്നുളള ഒാക്സിലറി ഗ്രൂപ്പ് അംഗം ഒലീന അധ്യക്ഷത വഹിച്ചു. വയനാട് ജില്ലയിൽ നിന്നുളള കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പ് അംഗവും സിനിമാ പിന്നണി ഗായികയുമായ ശ്രുതി കെ.എസ് മുഖ്യാതിഥിയായി. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, കൊല്ലം ജില്ലകളിൽ നിന്നുളള വൈഭവം, വിങ്ങ്സ് ഒാഫ് ഫയർ, പുനർജ്ജനി, സൗഹൃദം എന്നീ ഒാക്സിലറി ഗ്രൂപ്പുകൾ നടത്തി വരുന്ന മികച്ച പ്രവർത്തനങ്ങൾ സമ്മിറ്റിൽ അവതരിപ്പിച്ചു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.എസ് ഷാനവാസ് കുടംബശ്രീ മുഖേന നടത്തി വരുന്ന കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം-കെ-ടാപ് പദ്ധതി സംബന്ധിച്ച് അവതരണം നടത്തി.
വിവിധ ജില്ലകളിൽ നിന്നുള്ള ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളായ ആർദ്ര, ജേ്യാതി, ശ്യാമിലി, രസിക, ശ്രീജി എം, ബിസ്മി, അശ്വതി റൂബി, സൂര്യ, അഞ്ജു പി പിള്ള, സുനിത ഡി എന്നിവർ പങ്കെടുത്തു. ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളായ ആര്യ സ്വാഗതവും ഗായത്രി നന്ദിയും പറഞ്ഞു.
വയനാട് ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിലുളള ടീം ഗ്രാമം, ശ്രീചിത്ര പുവർ ഹോമിലെ ഹോം ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾ സംഘനൃത്തം അവതരിപ്പിച്ചു. സംസ്ഥാനത്തെ 1070 കുടുംബശ്രീ സി.ഡി.എസുകളിലും പ്രവർത്തിക്കുന്ന ഒാക്സിലറി ഗ്രൂപ്പുകളിൽ നിന്നും ഒാരോ അംഗവും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നും അഞ്ഞൂറ് അംഗങ്ങൾ വീതവും ഉൾപ്പെടെ രണ്ടായിരത്തോളം അംഗങ്ങൾ സമ്മിറ്റിൽ പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച ഒാപ്പൺ ഫോറത്തിൽ "കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പുകളും നൂതന സംരംഭ ബിസിനസ് സാധ്യതകളും' എന്ന വിഷയത്തിൽ പ്ളാനിങ്ങ് ബോർഡ് അംഗം ജിജു പി.അലക്സ്, സ്റ്റാർട്ടപ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ അനൂപ് അംബിക, യുവ സംരംഭകരായ അനു അഷോക്, ഷാന നസ്റിൻ എന്നിവർ പങ്കെടുത്തു. ഒാക്സിലറി ഗ്രൂപ്പുകളുടെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ മുനീറ കെ സംസാരിച്ചു. തുടർന്ന് ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
- 46 views



