കുടുംബശ്രീ ത്രിതല സംഘടനാ സംവിധാന തെരഞ്ഞെടുപ്പ് ജനുവരി ഏഴു മുതൽ 25 വരെ

Posted on Tuesday, December 21, 2021

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന് പുതിയ ഭരണസാരഥികളെ കണ്ടെത്തുന്നതിനായി 2022 ജനുവരി ഏഴു മുതൽ 25 വരെ  സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തും. സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടതലം എന്നിങ്ങനെ മൂന്നു തലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇതുമായി ബന്ധപ്പെട്ട് മാർ​​ഗ്​ഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ ഉത്തരവായി.
 
നിലവിലെ ഭാരവാഹികളുടെ കാലാവധി ഈ വർഷം ജനുവരി 26ന് അവസാനിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതു വരെ നിലവിലെ സമിതിയുടെ കാലാവധി സർക്കാർ നീട്ടി നൽകുകയായിരുന്നു. കൂടാതെ 2022 ജനുവരി 26ന് പുതിയ ഭരണസമിതി ചുമതലയേൽക്കുന്ന രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനും സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതു പ്രകാരമാണ് സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 2,94,436 അയൽക്കൂട്ടങ്ങൾ, 19,489 ഏരിയ ഡെവപ്മെന്റ് സൊസൈറ്റികൾ (എ.ഡി.എസ്), 1065 കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികൾ എന്നിവിടങ്ങളിലേക്ക് ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തുന്നത്. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ത്രിതല സംഘടനാ സംവിധാനത്തിലെ 729 അയൽക്കൂട്ടങ്ങൾ, 133 ഊരുസമിതികൾ, നാല് പഞ്ചായത്ത് സമിതികൾ എന്നിവയുടെ ഭാരവാഹികളെ കണ്ടെത്താനുളള തെരഞ്ഞെടുപ്പും ഇതേ ദിവസങ്ങളിൽ നടക്കും.

അയൽക്കൂട്ടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2022 ജനുവരി ഏഴു മുതൽ 13 വരെയും എ.ഡി.എസുകളിലേക്ക് ജനുവരി 16 മുതൽ 21 വരെയും നടത്തും. സി.ഡി.എസ് തെരഞ്ഞെടുപ്പ്  2022 ജനുവരി 25നാണ്. ഇതുപ്രകാരം ഓരോ അയൽക്കൂട്ടത്തിനും അഞ്ചംഗ ഭാരവാഹികൾ വീതം സംസ്ഥാനമൊട്ടാകെ 14,72,180 പേരെയും  ഓരോ എ.ഡി.എസിനും 11 അംഗഭാരവാഹികൾ വീതം  2,14,379 പേരെയും ഓരോ സി.ഡി.എസിനും ഒന്നു വീതം 1065 സി.ഡി.എസ് ചെയർപേഴ്സൺമാരെയും തിരഞ്ഞെടുക്കും. പുതിയ ഭരണാധികാരികൾ ജനുവരി 26ന്  ചുമതലയേൽക്കും.
 
അതത് ജില്ലകളിലെ ജില്ലാ കളക്ടർമാർക്കാണ് തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല. എല്ലാ സി.ഡി.എസുകളിലും ഒരു വരണാധികാരിയും അസിസ്റ്റന്റ് വരണാധികാരിയും തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കും. ഇതിനായി 14 ജില്ലകളിലും വരണാധികാരികളെ തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ജില്ലാ മിഷൻ കോർഡിനേറ്റർമാർ, അസിസ്റ്റന്റ് കോർഡിനേറ്റർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ബ്ളോക്ക് കോർഡിനേറ്റർമാർ, സിറ്റി മിഷൻ മാനേജർമാർ, പതിനാല് സംസ്ഥാനതല റിസോഴ്സ് പേഴ്സൺമാർ, അഞ്ഞൂറിലേറെ ജില്ലാതല റിസോഴ്സ് പേഴ്സൺമാർ, സി.ഡി.എസ് ഭരണാധികാരികൾ, സി.ഡി.എസ് മെമ്പർ സെക്രട്ടറിമാർ, ഉപഭരണാധികാരികൾ എന്നിവർക്കുള്ള പരിശീലനവും പൂർത്തിയായി.

Content highlight
kudumbashree election from january 7 to 25