നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിക്കായി കര്‍മ്മ പദ്ധതി ആസൂത്രണം - കുടുംബശ്രീ മാസ്റ്റര്‍ പരിശീലകര്‍ക്കുള്ള ദ്വിദിന സംസ്ഥാനതല പരിശീലനം സമാപിച്ചു

Posted on Friday, September 23, 2022

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി(അര്‍ബന്‍ പോവര്‍ട്ടി റിഡക്ഷന്‍ പ്ളാന്‍-യു.പി.ആര്‍.പി) പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 151 മാസ്റ്റര്‍ പരിശീലകര്‍ക്കായി 19,20 തീയതികളില്‍ സംസ്ഥാനതല പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശീലനം. 93 നഗരസഭകളില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍, സി.ഡി.എസ് ഉപസമിതി കണ്‍വീനര്‍മാര്‍ എന്നിവരില്‍ നിന്നുമാണ് മാസ്റ്റര്‍ പരിശീലകരെ തിരഞ്ഞെടുത്തത്. ഇവര്‍ വഴി എല്ലാ നഗര സി.ഡി.എസുകളിലെയും ഭരണ സമിതി അംഗങ്ങള്‍ക്കും വാര്‍ഡുകളില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാര്‍ക്കും പരിശീലനം നല്‍കും.  

 നിലവില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയിലെ 'സാമൂഹ്യ സംഘാടനവും സ്ഥാപന വികസനവും' എന്ന ഘടകത്തിന്‍റെ ഭാഗമായി ആവിഷ്ക്കരിച്ച പുതിയ പരിപാടിയാണ് നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി. കേരളത്തിലെ നഗരപ്രദേശങ്ങളില്‍ സമഗ്ര വികസനം സാധ്യമാക്കാന്‍ ഉപകരിക്കുന്ന വിധത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനങ്ങളുടെ നേതൃത്വത്തിലായിരിക്കും ഇത്.

 കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനായി ആദ്യഘട്ടത്തില്‍ അയല്‍ക്കൂട്ടതല ചര്‍ച്ച നടത്തി ഉപജീവനം, സാമൂഹ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം, പൊതു വിഭവങ്ങള്‍, സേവനങ്ങള്‍, ഓരോ വ്യക്തിക്കും ലഭ്യമാകേണ്ട അവകാശങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി ഡിമാന്‍ഡ് പ്ളാന്‍ രൂപീകരിക്കും. പിന്നീട് ഈ ഡിമാന്‍ഡ് പ്ളാന്‍ വാര്‍ഡ്തലത്തിലും സി.ഡി.എസ്തലത്തിലും ക്രോഡീകരിച്ച് പൊതുവിഭവങ്ങള്‍, സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍  കൂടി ചേര്‍ത്ത് അന്തിമ പ്ളാന്‍ തയ്യാറാക്കും. നിലവില്‍ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വാര്‍ഷിക കര്‍മപദ്ധതികള്‍ തയ്യാറാക്കുന്നത് പ്രത്യേക മാര്‍ഗരേഖ പ്രകാരമാണ്. വര്‍ക്കിങ്ങ് ഗ്രൂപ്പുകള്‍ കരട് പ്രോജക്ടുകള്‍ തയ്യാറാക്കുമ്പോള്‍ സി.ഡി.എസ്തല നഗരദാരിദ്ര്യ ലഘൂകരണ പ്ളാനിലെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കണമെന്ന് മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്. ഇതു കൂടി കണക്കിലെടുത്തു തയ്യാറാക്കുന്ന പ്ളാനുകള്‍ നവംബര്‍ ഒന്നിന് നഗരസഭകള്‍ക്ക് കൈമാറുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

പ്രദേശിക തലത്തില്‍ ഉയരുന്ന വിവിധ ആവശ്യങ്ങളെയും സാധ്യതകളെയും കണ്ടെത്തി അവയെ ഏകോപിപ്പിച്ചു കൊണ്ടായിരിക്കും നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി പൂര്‍ത്തിയാക്കുക. പദ്ധതി നടപ്പാക്കുന്നതോടെ നഗരമേഖലയില്‍ സര്‍വതല സ്പര്‍ശിയായ വികസനം കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.


കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം പ്രോഗ്രാം ഓഫീസര്‍ എസ്.ജഹാംഗീര്‍, സ്റ്റേറ്റ് മിഷന്‍ മാനേജര്‍മാരായ ബീന.ഇ, പൃഥ്വിരാജ്, സുധീര്‍ കെ.ബി, നിഷാന്ത് ജി.എസ്, സിറ്റി മിഷന്‍ മാനേജര്‍മാരായ വിബിത ബാബു, ദീപ പ്രഭാകര്‍, മുനീര്‍ എം.പി, ഷാം കൃഷ്ണ, കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസഷന്‍ പരിശീലക ഗ്രൂപ്പ് അംഗങ്ങളായ മായ ശശിധരന്‍, ബിന്ദു സനോജ് എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.

 

up

 

Content highlight
kudumbashree condicts training for master trainers for UPRP