'സുസ്ഥിരം'- സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം കുടുംബശ്രീയിലൂടെ: ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Thursday, October 6, 2022

'സുസ്ഥിരം'-സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം കുടുംബശ്രീയിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ആശയ രൂപീകരണത്തിന്‍റെ ഭാഗമായി കുടുംബശ്രീയും കിലയും സംയുക്തമായി ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു.  സമൂഹത്തിന്‍റെ ഏറ്റവും താഴെതട്ടിലുള്ളവരുടെ ജീവിതത്തില്‍ സര്‍വതല സ്പര്‍ശിയായ വികസനം ലഭ്യമാക്കുകയാണ് പ്രാദേശികവല്‍ക്കരണത്തിന്‍റെ മുഖ്യ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ആവിഷ്ക്കരിക്കുക. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 തീയതികളില്‍ തിരുവനന്തപുരം ഗ്രാന്‍ഡ് ചൈത്രം ഹോട്ടലിലായിരുന്നു ശില്‍പ്പശാല.

സുസ്ഥിര വികസന ലക്ഷ്യങ്ങളെ പത്ത് വ്യത്യസ്ത വിഷയാടിസ്ഥാനത്തില്‍ കേന്ദ്രീകരിച്ചുകൊണ്ട് കുടുംബശ്രീ സംവിധാനം വഴി ഇവ നേടിയെടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. ദാരിദ്ര്യരഹിതവും ഉയര്‍ന്ന ഉപജീവന മാര്‍ഗങ്ങള്‍ ഉള്ളതുമായ ഗ്രാമ നഗരങ്ങള്‍, ആരോഗ്യ, ശിശു സൗഹൃദ, ജലസമൃദ്ധ ഗ്രാമ നഗരങ്ങള്‍, ശുചിത്വവും ഹരിതാഭവുമായ ഗ്രാമ നഗരങ്ങള്‍, സ്വയംപര്യാപ്തവും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതുമായ ഗ്രാമ നഗരങ്ങള്‍, സാമൂഹിക സുരക്ഷിത ഗ്രാമനഗരങ്ങള്‍, സദ്ഭരണം, ലിംഗസമത്വ വികസനം, ഗുണമേډയുള്ള വിദ്യാഭ്യാസം എന്നിവയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പത്തു വിഷയങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് നിശ്ചയിക്കുന്ന ലക്ഷ്യങ്ങള്‍ ഏറ്റവും താഴെതട്ടിലുള്ള അയല്‍ക്കൂട്ടങ്ങള്‍ തന്നെ നേടിയെടുക്കുന്ന രീതിയില്‍ അയല്‍ക്കൂട്ട സംവിധാനത്തിന്‍റെ കാര്യശേഷി വര്‍ധിപ്പിക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങള്‍, ഇതിനായി കുടുംബശ്രീ സംഘടനാ സംവിധാനത്തിലും പ്രവര്‍ത്തന രീതിയിലും മിഷന്‍ സംവിധാനത്തിലും വരേണ്ട മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച് ശില്‍പശാലയില്‍ ചര്‍ച്ച നടത്തി പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി.  

മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്,  കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, ഗ്രാമീണ പഠനകേന്ദ്രം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍.ജഗജീവന്‍, പ്ലാനിംഗ്ബോര്‍ഡ് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ കെ.എന്‍ വിമല്‍കുമാര്‍, സി. നന്ദകുമാര്‍, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് എന്നിവര്‍ ശില്‍പ്പശാലയില്‍ സംസാരിച്ചു.

സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ വിപിന്‍ വില്‍ഫ്രഡ്, വിദ്യാ നായര്‍ എന്നിവര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി. കുടുംബശ്രീ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കൃഷ്ണപ്രിയ സ്വാഗതം പറഞ്ഞു. അക്കൗണ്ട്സ് ഓഫീസര്‍ സുരേഷ്കുമാര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍, ട്രെയിനിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍ നന്ദി പറഞ്ഞു.

SDG

 

Content highlight
Kudumbashree and Kila jointly conducted two day workshop on sustainable development goals