50.20 കോടി രൂപയുടെ വില്‍പ്പന ; പൊതുജനങ്ങള്‍ക്കിടയില്‍ ഹിറ്റായി കുടുംബശ്രീ ‘കേരള ചിക്കന്‍’

Posted on Wednesday, October 27, 2021

ഗുണമേന്മയുള്ള കോഴിയിറച്ചിയുടെ വിപണനം ന്യായമായ വിലയ്ക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘കേരള ചിക്കന്‍’. മൃഗസംരക്ഷണ വകുപ്പുമായി സംയോജിച്ച് കുടുംബശ്രീ നടപ്പിലാക്കുന്ന കുടുംബശ്രീ ‘കേരള ചിക്കന്‍’ പദ്ധതി മുഖേന നാളിതുവരെ 50.20 കോടി രൂപയുടെ വിറ്റുവരവ് കൈവരിച്ചു. ഒരു ദിവസം ഏകദേശം 20 ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുവരെ 25 ലക്ഷത്തിലേറെ ഇറച്ചിക്കോഴികളെ വിറ്റഴിച്ചു.

നിലവില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ‘കേരള ചിക്കന്‍’ പദ്ധതിയുടെ ഭാഗമായി 248 ഫാമുകളും 82 വിപണന കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ആറ് ജില്ലകളിലായാണ് ഫാമുകളും വിപണന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. ഫാമുകളില്‍ നിന്നും വളര്‍ച്ചയെത്തിയ ബ്രോയിലര്‍ ചിക്കന്‍ വിപണന കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നു. ഈ ഫാമുകളും വിപണന കേന്ദ്രങ്ങളും വഴി 330 കുടുംബങ്ങള്‍ക്ക് ഉപജീവന അവസരവും ലഭിക്കുന്നു.

മൃഗസംരക്ഷണ വകുപ്പ് സമഗ്ര മേല്‍നോട്ടം നടത്തുന്ന ഈ പദ്ധതിയുടെ ഭാഗമായി, ഇന്റഗ്രേഷന്‍ ഫാമിങ് വഴി ഇറച്ചിക്കോഴി വിപണിയിലെത്തിക്കല്‍, പ്രോസസിങ് യൂണിറ്റ് ആരംഭിച്ച് പ്രവര്‍ത്തിപ്പിക്കല്‍ എന്നീ രണ്ട് പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ ചെയ്യുന്നത്. 2017 നവംബറില്‍ ആരംഭിച്ച ഈ പദ്ധതിയുടെ നടപ്പാക്കലിനായി കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് (കെ.ബി.എഫ്.പി.സി.എല്‍) എന്ന കമ്പനിയും കുടുംബശ്രീ ആരംഭിച്ചിരുന്നു.

തുടക്ക ഘട്ടത്തില്‍ കോഴി വളര്‍ത്തുന്നതിനുള്ള ഫാമുകള്‍ ആരംഭിക്കുകയും ഈ ഫാമുകളില്‍ നിന്നുള്ള ബ്രോയിലര്‍ ചിക്കന്‍ വിപണിയിലെത്തിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് കുടുംബശ്രീ നടത്തിയത്. പിന്നീട് 2020 ജൂണ്‍ മാസം മുതല്‍ കേരള ചിക്കന്റെ മാത്രം പ്രത്യേകമായ ബ്രാന്‍ഡഡ് വിപണന കേന്ദ്രങ്ങളും ആരംഭിച്ചു തുടങ്ങി. ഈ കേന്ദ്രങ്ങള്‍ മുഖേന ‘കേരള ചിക്കന്‍’ എന്ന ബ്രാന്‍ഡില്‍ ബ്രോയിലര്‍ ചിക്കന്‍ പൊതുവിപണിയില്‍ ലഭ്യമാക്കിത്തുടങ്ങുകയും ചെയ്തു.

 

kcപാലക്കാട്, മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ എന്നീ നാല് ജില്ലകളിലും രണ്ടാം ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കും. ശേഷിച്ച നാല് ജില്ലകളിലേക്കും കുടുംബശ്രീയുടെ ‘കേരള ചിക്കന്‍’ പദ്ധതി പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ശ്രമിക്കുന്നു.

Content highlight
'Kerala Chicken' a big hit among the public: Sales of Rs 50.20 crores recorded