വയോജനങ്ങളുടെ കരുതലിനായി കുടുംബശ്രീയുടെ ഗ്രാന്‍ഡ് കെയര്‍ പദ്ധതി

Posted on Tuesday, June 16, 2020


                     
തിരുവനന്തപുരം: കൊറോണയ്ക്കെതിരേയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ വയോജനങ്ങള്‍ ഏറെ കരുതലോടെയിരിക്കണമെന്ന സന്ദേശം  കേരളത്തിലെ 80 ലക്ഷം കുടുംബങ്ങളിലേക്കും എത്തിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇന്നു(15-5-2020) മുതല്‍ സംസ്ഥാനത്ത് ഗ്രാന്‍ഡ് കെയര്‍ പദ്ധതി നടപ്പാക്കുന്നു. വിവിധതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച  ബൃഹത്തായ ബോധവല്‍ക്കരണ പരിപാടിയാണിത്.  കോവിഡ് 19 സമൂഹവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വദേശികളായവരും വിദേശത്തു നിന്നെത്തുന്നവരുമായ  വയോജനങ്ങളുടെ കരുതലും സുരക്ഷയും മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആരോഗ്യ-വനിതാ ശിശു വികസന-  സാമൂഹ്യനീതി-തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുമായുള്ള സഹകരണവും ഉറപ്പു വരുത്തിയിട്ടുണ്ട്. പരമാവധി ആളുകളിലേക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ നിരന്തരം എത്തിക്കുക എന്നതു ലക്ഷ്യമിട്ടു കൊണ്ട് ഒരു ദീര്‍ഘകാല പദ്ധതിയായി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

സംസ്ഥാനത്തെ 80 ലക്ഷം കുടുംബങ്ങളിലേക്കും അതോടൊപ്പം സമൂഹത്തിന്‍റെ വിവിധ മേഖലകളിലേക്കും പദ്ധതിയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എത്തിക്കുകയും അതുവഴി വയോജന സുരക്ഷയ്ക്ക് കരുത്ത് പകരുന്ന വിധം സമൂഹ മനോഭാവത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഗ്രാന്‍ഡ് കെയര്‍ പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനം പൂര്‍ണമായും ഉപയോഗിച്ചു കൊണ്ടാകും പദ്ധതി  പ്രവര്‍ത്തനങ്ങള്‍.  

വയോജനങ്ങള്‍ക്ക് പൊതുവേ പലവിധ അസുഖങ്ങള്‍ ഉളളതിനാലും രോഗപ്രതിരോധശേഷി കുറവായതിനാലും കൊറോണ വൈറസ് വ്യാപനം മൂലം ഏറ്റവും കൂടുതല്‍ ഭീഷണിയുണ്ടാകുന്നതും, രോഗബാധിതരായാല്‍ ഏറ്റവും കൂടുതല്‍ അപകടകരമായ അവസ്ഥ നേരിടേണ്ടി വരുന്നവരും ഇവര്‍ക്കാണ്. അതിനാല്‍ ഇവിടെയുള്ള വയോജനങ്ങളും വിദേശത്തു നിന്നെത്തുന്ന വയോജനങ്ങളും മറ്റുളളവരുമായുള്ള സമ്പര്‍ക്കം  ഒഴിവാക്കി കോവിഡ് 19 പ്രോട്ടോകോള്‍ പാലിക്കണമെന്നും വിദേശത്തു നിന്നും വരുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഗൃഹനിരീക്ഷണത്തില്‍ കഴിയണമെന്നുമുള്ള സന്ദേശങ്ങള്‍ സംസ്ഥാനമെമ്പാടും എത്തിക്കുന്നതിനായി വിവിധതലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് ഗ്രാന്‍ഡ് കെയര്‍ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്.  

നിലവില്‍ ഹോട്ട്സ്പോട്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വയോജനങ്ങള്‍ തിരിച്ചെത്തുമ്പോള്‍ ഇവര്‍ കൃത്യമായി ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും ഇവര്‍ക്കൊപ്പം പൊതുസമൂഹത്തിലെ വയോജനങ്ങള്‍ക്കും പ്രത്യേക കരുതലും സുരക്ഷയും ഒരുക്കേണ്ടതും അനിവാര്യമായ സാഹചര്യത്തിലാണ് ഗ്രാന്‍ഡ് കെയര്‍ പദ്ധതി നടപ്പാക്കുന്നത്.  കേരളത്തിലേക്ക് വരുന്ന വയോധികരില്‍ ഹോം ക്വാറന്‍റെയ്നില്‍ കഴിയുന്നവര്‍  കരുതലോടെയിരിക്കണമെന്നുള്ള സന്ദേശം കുടുംബശ്രീ  റിസോഴ്സ് പേഴ്സണ്‍മാര്‍ മുഖേന ഇവരിലേക്ക് എത്തിക്കും.

കൂടാതെ ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍, തീരദേശ മേഖലയില്‍ കഴിയുന്നവര്‍, സംരക്ഷിക്കാന്‍ ആരുമില്ലാതെ കഴിയുന്നവര്‍ എന്നിങ്ങനെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അരക്ഷിതാവസ്ഥയില്‍ കഴിയുന്നവരുമായ വയോധികര്‍ക്കും ആവശ്യമായ കരുതലൊരുക്കുന്നതിനും പദ്ധതിയില്‍ ലക്ഷ്യമിടുന്നു. ഇതിന്‍റെ ഭാഗമായി പട്ടികവര്‍ഗ അനിമേറ്റര്‍മാരുടെയും  തീരദേശ വൊളണ്ടിയര്‍മാരുടെയും സഹകരണത്തോടെ ഇവര്‍ക്കായി ഒരു പ്രത്യേക ക്യാമ്പെയ്നും നടത്തുന്നുണ്ട്. കുടുംബശ്രീയുടെ കീഴില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രീകൃത കോള്‍ സെന്‍ററുകള്‍ വഴി ഈ മേഖലയിലെ വയോജനങ്ങളെ  ഫോണില്‍ വിളിച്ച് കരുതലോടെയിരിക്കണമെന്ന സന്ദേശം ഇവരിലേക്കെത്തിക്കും. അതോടൊപ്പം അവര്‍ക്കാവശ്യമായ മാനസിക പിന്തുണയും ഉറപ്പു വരുത്തും.  പരിശീലനം നേടിയ 20 റിസോഴ്സ് പേഴ്സണ്‍മാര്‍ക്കായിരിക്കും ഇതിന്‍റെ ചുമതല. വയോജനങ്ങള്‍ പുറത്തു നിന്നുള്ളവരുമായി  സമ്പര്‍ക്കം ഒഴിവാക്കുന്നതിനും അവര്‍ക്ക് കരുതലൊരുക്കുന്നതിനും ആവശ്യമായ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്ന ഒരു ബൃഹദ്ക്യാമ്പെയ്നും സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി  സമൂഹമാധ്യമങ്ങളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും.

ക്യാമ്പെയ്നുമായി ബന്ധപ്പെട്ട ലോഗോയുടെ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന് നല്‍കി നിര്‍വഹിച്ചു. ലോഗോ പ്രകാശന ചടങ്ങില്‍ ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, കെ.എസ്.ഐ.ഡി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉമേഷ്.എന്‍.എസ്.കെ, കുടുംബശ്രീ  മാര്‍ക്കറ്റിങ്ങ് മാനേജര്‍(കേരള ചിക്കന്‍ പ്രോജക്ട്), കിരണ്‍.എം.സുഗതന്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതിക്കായി ലോഗോ ഡിസൈന്‍ ചെയ്തത്  സ്കെച്ച് മീഡിയ യാണ്. ഫേസ്ബുക്ക് വഴി സംഘടിപ്പിച്ച മത്സരത്തില്‍ നിന്നാണ് സ്കെച്ച് മീഡിയ തിരഞ്ഞെടുത്തത

Content highlight
ക്യാമ്പെയ്നുമായി ബന്ധപ്പെട്ട ലോഗോയുടെ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന് നല്‍കി നിര്‍വഹിച്ചു.