സേവന മേഖലയില്‍ മുന്നേറാന്‍ കുടുംബശ്രീ മള്‍ട്ടി ടാസ്ക് ടീമുകള്‍

Posted on Friday, August 2, 2019

*  ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍ നിര്‍മാണതിന് കരുത്തേകാന്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുടുംബശ്രീയുടെ മള്‍ട്ടി ടാസ്ക് ടീമുകള്‍ വരുന്നു. ഇലക്ട്രിക്കല്‍ വര്‍ക്ക്, ഇലക്ട്രോണിക്സ് റിപ്പയറിങ്ങ്, പ്ളമ്പിങ്ങ്, മേസണ്‍റി എന്നീ മേഖലകളിലാണ് കുടുംബശ്രീ മുഖേന പരിശീലനം നേടിയ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന മള്‍ട്ടി ടാസ്ക് ടീമുകളുടെ സേവനം ലഭ്യമാകുക. ഇവരുടെ സംസ്ഥാനതല സംഗമം കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജൂലൈ 26ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു.

നിലവില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ നാല്‍പ്പത്തിരണ്ടിയിരത്തിലധികം പേരാണ് എറൈസ്  പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ പ്ളമ്പിങ്ങ്, ഇലക്ട്രിക്കല്‍  വര്‍ക്ക്, ഇലക്ട്രോണിക്സ് റിപ്പയറിങ്ങില്‍ പരിശീലനം നേടി കഴിഞ്ഞു. ഇവരെ ഉള്‍പ്പെടുത്തി ഇപ്പോള്‍ സംസ്ഥാനത്താകെٹ78 മള്‍ട്ടി ടാസ്ക് ടീമുകളാണ് രൂപീകരിച്ചിട്ടുള്ളത്.  ഇവര്‍ക്ക് പ്രത്യേക യൂണിഫോം നല്‍കി. രജിസ്റ്റര്‍ ചെയ്ത മള്‍ട്ടി ടാസ്ക് ടീമുകള്‍ക്ക് റിപ്പയറിങ്ങിനായി ടൂള്‍കിറ്റും വാഹനം വാങ്ങാന്‍ പലിശ സബ്സിഡിയുമടക്കം വായ്പയും നല്‍കാന്‍ കുടുംബശ്രീ ഉദ്ദേശിക്കുന്നുണ്ട്. തൊഴില്‍ മേഖലയില്‍ കൂടുതല്‍ വൈദഗ്ധ്യം നേടുന്നതിനായി 400 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തുടര്‍പരിശീലനവും അടുത്ത ഘട്ടത്തില്‍ ഇവര്‍ക്കായി കുടുംബശ്രീ ലഭ്യമാക്കും. ഇതിനായി കേരളത്തിലെ 16 ഗവ.ഐ.ടി.ഐ സ്ഥാപനങ്ങളുമായി ധാരണയായിട്ടുണ്ട്.   ഇപ്രകാരം രൂപീകരിക്കുന്ന മള്‍ട്ടി ടാസ്ക് ടീമുകള്‍ക്ക് അക്രഡിറ്റേഷന്‍ ലഭ്യമാക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു. കുടുംബശ്രീയുടെ കീഴില്‍ രൂപീകരിക്കുന്ന  മള്‍ട്ടി ടാസ്ക് 'ടീം അംഗങ്ങളെ എറൈസ് ടെക്നീഷ്യന്‍' എന്ന പേരിലാകും അറിയപ്പെടുക. ഈ വര്‍ഷം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടീമെങ്കിലും രൂപീകരിക്കുക എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം.

പ്രളയത്തിനു ശേഷം കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ ഉപജീവന സര്‍വേയിലൂടെ ഈ മേഖലകളില്‍ കൂടുതല്‍ അവസരങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 50000 പേര്‍ക്ക് പരിശീലനം നല്‍കി സ്വയംതൊഴില്‍ സംരംഭങ്ങള്‍ രൂപീകരിക്കുന്ന എറൈസ് പദ്ധതി കുടുംബശ്രീ ആരംഭിച്ചത്. പ്രളയക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി മെച്ചപ്പെട്ട ഉപജീവന പദ്ധതികളൊരുക്കുന്നതിന്‍റെ ഭാഗമായാണിത്. ആളുകളുടെ ആവശ്യാനുസരണം വീടുകളില്‍ പോയി റിപ്പയര്‍ ചെയ്തു കൊടുത്തുകൊണ്ട് മികച്ച രീതിയിലുള്ള വരുമാനം നേടാന്‍ കഴിയുന്നവരായി മള്‍ട്ടി ടാസ്ക് ടീം അംഗങ്ങളെ സജ്ജമാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.  
   
എറൈസ് സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയിലൂടെ പരമാവധി ആളുകള്‍ക്ക് പരിശീലനം നല്‍കി അവര്‍ക്ക് മികച്ച തൊഴിലും  സുസ്ഥിര വരുമാനവും ലഭ്യമാക്കുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് പറഞ്ഞു.ഇതു കൂടാതെ നിര്‍മാണമേഖലയില്‍ ഉണ്ടാകുന്ന തൊഴിലവസരങ്ങളും ഇവര്‍ക്കായി പ്രയോജനപ്പെടുത്താന്‍ പദ്ധതിയുണ്ട്.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന എന്‍.എസ് സ്വാഗതം ആശംസിച്ചു.  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ആമുഖ പ്രഭാഷണം നടത്തി. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഷിബു എന്‍.പി, സുചിത്ര എന്നിവര്‍ ക്ളാസ് നയിച്ചു. ടീം അംഗങ്ങള്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ ഈ മേഖലയില്‍ തങ്ങളുടെ അനുഭവങ്ങള്‍പങ്കു വച്ചു. മള്‍ട്ടി ടാസ്ക് ടീമിലെ മുന്നൂറിലേറെ അംഗങ്ങള്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
 

multi task team

 എറൈസ് ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയ മള്‍ട്ടി ടാസ്ക് ടീം അംഗങ്ങള്‍   

 

 

Content highlight
കുടുംബശ്രീയുടെ കീഴില്‍ രൂപീകരിക്കുന്ന മള്‍ട്ടി ടാസ്ക് 'ടീം അംഗങ്ങളെ എറൈസ് ടെക്നീഷ്യന്‍' എന്ന പേരിലാകും അറിയപ്പെടുക