പിഎംഎവൈ: 5000 കുടുംബങ്ങള്‍ക്ക് വായ്പ നല്‍കാന്‍ കുടുംബശ്രീയും ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ ധാരണ

Posted on Saturday, June 22, 2019

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജനയുടെ (പിഎംഎവൈ) ഭാഗമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (സിഎല്‍എസ്എസ്) അനുസരിച്ച് 2020 മാര്‍ച്ചിനുള്ളില്‍ 5000 കുടുംബങ്ങള്‍ക്ക് ബാങ്ക് വായ്പ്പ നല്‍കുന്നതിന് കുടുംബശ്രീയും പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ ധാരണയിലെത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറും ബാങ്ക് ഓഫ് ഇന്ത്യ കേരള സോണല്‍ മാനേജര്‍ വി. മഹേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നേരത്തേ ആക്സിസ് ബാങ്കുമായും സിഎല്‍എസ്എസിനു വേണ്ടി കുടുംബശ്രീ കരാറിലെത്തിയിരുന്നു. കേരളത്തിലെ 93 നഗരസഭകളില്‍ നിന്നുള്ള  9436 കുടുംബങ്ങള്‍ക്ക് ഇതനുസരിച്ച് വായ്പ്പ നല്‍കി കഴിഞ്ഞു. പിഎംഎവൈ(നഗരം)യുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.

  2022 ഓടെ നഗരപ്രദേശത്ത് ഏവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പിഎംഎവൈ. ഇതിന്‍റെ ഭാഗമായി നഗരപ്രദേശത്തെ ഭവനരഹിതരര്‍ക്ക് ഭവനം വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോ നിലവിലുള്ള വീടുകള്‍ താമസ യോഗ്യമാക്കുന്നതിനോ കുറഞ്ഞ പലിശനിരക്കില്‍ ബാങ്കുകള്‍ മുഖേന വായ്പ്പ നല്‍ കുന്ന പദ്ധതിയാണ് സിഎല്‍എസ്എസ്.

  കേരളത്തിലെ ഏതെങ്കിലും നഗരത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരതാമസക്കാരായവര്‍ക്കും കുടുംബത്തിലെ അംഗങ്ങളുടെ ആരുടെ പേരിലും ഇന്ത്യയിലൊരിടത്തും സ്ഥായിയായ വാസയോ ഗ്യമായ വീടുകളില്ലാത്തവര്‍ക്കുമേ സിഎല്‍എസ്എസിന് അപേക്ഷിക്കാനാകൂ. ഈ സബ്സിഡി സ്കീം അനുസരിച്ച് 3 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള (സാമ്പത്തികമായി പിന്നോക്ക വിഭാഗം) കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വരെ പലിശ സബ്സിഡിയോട് കൂടി വായ്പ്പ ലഭിക്കും. 6.5 ശതമാനമാണ് പലിശ സബ്സിഡി. 3 മുതല്‍ 6 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങ ള്‍ക്കും (താഴ്ന്ന വരുമാന വിഭാഗം) ഇതേ നിരക്കില്‍ വായ്പ്പ ലഭിക്കും. 6 മുതല്‍ 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ഇടത്തര വരുമാന വിഭാഗക്കാര്‍ക്ക് 9 ലക്ഷം രൂപവരെയുള്ള വായ്പ്പാ തുക യ്ക്ക് പലിശ സബ്സിഡി ലഭിക്കും. 4 ശതമാനമാണിത്. 12 മുതല്‍ 18 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള രണ്ടാംതലം ഇടത്തരക്കാര്‍ക്ക് പലിശ സബ്സിഡി ലഭിക്കുന്ന പരമാവധി വായ്പ്പാതുക 12 ലക്ഷമാണ്. 3 ശതമാനമാണ് പലിശ സബ്സിഡി. എല്ലാ വായ്പ്പകളുടെയും തിരിച്ചടവിനുള്ള കാലാവധി 20 വര്‍ഷവും.
 
  ചടങ്ങില്‍ കുടുംബശ്രീ പിഎംഎവൈ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ രോഷ്നി പിള്ള, എം ഭാവന,പ്രദീപ് എന്നിവരും ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം ഏരിയ മാനേജര്‍ ആര്‍. രാജേഷ് എന്നിവരും പങ്കെടുത്തു.

Bank of India and kudumbashree MoU

 

 

Content highlight
കേരളത്തിലെ ഏതെങ്കിലും നഗരത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരതാമസക്കാരായവര്‍ക്കും കുടുംബത്തിലെ അംഗങ്ങളുടെ ആരുടെ പേരിലും ഇന്ത്യയിലൊരിടത്തും സ്ഥായിയായ വാസയോ ഗ്യമായ വീടുകളില്ലാത്തവര്‍ക്കുമേ സിഎല്‍എസ്എസിന് അപേക്ഷിക്കാനാകൂ.