കേരളീയ സമൂഹത്തിന് സന്തോഷത്തിന്റെ മുഖച്ഛായ നല്കാന് 'ഹാപ്പിനെസ്സ് സെന്ററുകളുമായി കുടുംബശ്രീ. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയഗ്രാമീണ ഉപജീവന ദൗത്യം(എന്‍.ആര്.എല്‍.എം) എഫ്.എന്‍.എച്ച്.ഡബ്ലിയു പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഹാപ്പിനെസ് സെന്ററുകള്‍ക്ക് തുടക്കമാകുന്നത്. പദ്ധതിയുടെ രീതിശാസ്ത്രം, മാര്‍ഗരേഖ എന്നിവ തയ്യാറാക്കുന്നതിന്റെ ആശയരൂപീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഹോട്ടല്‍ ഗ്രാന്‍ഡ് ചൈത്രത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയ്ക്ക് ഇന്നലെ തുടക്കമായി.
'ഹാപ്പി കേരളം' എന്ന ആശയത്തെ മുന്‍നിര്‍ത്തി രൂപീകരിച്ച പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ 168 മാതൃകാ സി.ഡി.എസുകളില്‍ ഹാപ്പിനെസ്സ് സെന്ററുകള്‍ ആരംഭിക്കുക. സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമഗ്രമായ ക്ഷേമവും ഉന്നമനവും ഉറപ്പു വരുത്തിക്കൊണ്ട് ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. ഹാപ്പിനെസ് ഇന്‍ഡക്സില്‍ മികച്ച നേട്ടം കൈവരിക്കുന്നതോടൊപ്പം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നതിനും ഉദ്ദേശിക്കുന്നു.
തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, കല, സാഹിത്യം, സ്പോര്‍ട്സ്, മാനസികാരോഗ്യം, പോഷകാഹാരം, ശുചിത്വം, ജനാധിപത്യ മൂല്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഒരു വ്യക്തിയോ കുടുംബമോ നേരിടുന്ന അപര്യാപ്തതകള്‍ പരിഹരിച്ചുകൊണ്ട് അവരെ സന്തോഷകരമായ ജീവിതത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പദ്ധതിക്കായി ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ആദ്യപടിയായി പദ്ധതിക്കായി തിരഞ്ഞെടുത്ത മാതൃകാ സി.ഡി.എസുകളില്‍ സര്‍വേ നടത്തി ഓരോ കുടുംബത്തിന്റെയും സന്തോഷ സൂചികയുടെ നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ സൂക്ഷ്മതല പദ്ധതി തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തിനിണങ്ങുന്ന സന്തോഷ സൂചിക തയ്യാറാക്കുക. ഇത് വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ വിലയിരുത്തിയ ശേഷമാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുക. കുടുംബ്രശ്രീയുടെ വിവിധ പദ്ധതികളുമായി ഏകോപിപ്പിച്ചു കൊണ്ടായിരിക്കും പ്രവര്‍ത്തനങ്ങള്‍. ഇത് നിശ്ചിത ഇടവേളകളില്‍ കൃത്യമായി വിലയരുത്തുന്നതിനുള്ള സംവിധാനവും ഒരുക്കും.
ഓരോ കുടുംബത്തെയും സന്തോഷ കേന്ദ്രങ്ങളാക്കുന്നതിനാവശ്യമായ പിന്തുണകള്‍ നല്‍കുന്നതിനായി സി.ഡി.എസില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹാപ്പിനെസ് സെന്ററുകളും പ്രവര്‍ത്തിക്കും. നിലവില്‍ അയല്‍ക്കൂട്ട വനിതകളുടെയും ബാലസഭാംഗങ്ങളുടെയും സര്‍ഗവാസനകള്‍ വളര്‍ത്തുന്നത് ലക്ഷ്യമിട്ട് വാര്‍ഡ്തലത്തില്‍ പ്രവര്‍ത്തിക്കുന്ന 'എന്നിടവും ഇതിന്റെ ഭാഗമാകും. കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍, വയോജനങ്ങള്‍ തുടങ്ങി സമൂഹത്തിലെ ഓരോ വ്യക്തിക്കും സഹായകരമാകുന്ന രീതിയിലായിരിക്കും പദ്ധതി നടത്തിപ്പ്.
ഫലപ്രദമായ പദ്ധതി നടത്തിപ്പിന് 168 മാതൃകാ സി.ഡി.എസിലും എഫ്.എന്‍.എച്ച്.ഡബ്ലിയു റിസോഴ്സ് പേഴ്സണെ നിയമിക്കും. പ്രാദേശികതലത്തില്‍ അതത് തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട വിവിധ കമ്മിറ്റികളും രൂപീകരിക്കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ജില്ലാ റിസോഴ്സ് ഗ്രൂപ്പുകള്‍, എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങള്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. ഇത് ജൂലൈയില്‍ പൂര്‍ത്തിയാക്കും. കൂടാതെ വിവിധ വകുപ്പുകളുമായും സ്ഥാപനങ്ങളുമായും സംയോജനവും ഉറപ്പു വരുത്തും.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത് ആമുഖപ്രഭാഷണം നടത്തി. ഡോ.അബ്ബാസ് അലി ടി.കെ, ഡോ.റസീന പദ്മം എം.എസ്, ഡോ. എസ്. ശാന്തി, ഡോ.പീജാ രാജന്, ഡോ. ഉണ്ണിമോള്, ഡോ.ശ്രീലേഖ ടി.ജെ, ഡോ. രമേഷ് കെ, ഡോ. സി. സ്വരാജ്, ഡോ.പി സത്യനേശന്, സതീഷ് കുമാര്‍ കെ., രാജീവ് ആര്, റാഫി പി, സുനിത എന്നിവര്‍ ശില്പശാലയില് വിവിധ ആശയങ്ങള്‍ അവതരിപ്പിച്ചു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ കൃഷ്ണകുമാരി ആര്. സ്വാഗതവും കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ പ്രീത നന്ദിയും പറഞ്ഞു. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷന് ഭാരവാഹികള്‍ പങ്കെടുത്തു.
- 236 views