ഡി.ഡി.യു-ജി.കെ.വൈ: 15 വിദ്യാർത്ഥികൾക്ക് ചെന്നൈ എയർപോർട്ടിൽ ജോലി

Posted on Saturday, March 5, 2022

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ) സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി വഴി  പരിശീലനം പൂർത്തിയാക്കിയ 15 വിദ്യാർത്ഥികൾക്ക്  ചെന്നൈ എയർപോർട്ടിൽ ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ് ആയി നിയമനം. 15000  രൂപയാണ് പ്രതിമാസ ശമ്പളം. ഇതോടൊപ്പം ഇൻസെന്റീവും ലഭിക്കും.

ക്യാബിൻ ക്രൂ, ഗ്രൗണ്ട് ഹാൻഡ്ലിങ്ങ് എന്നിവ ഉൾപ്പെടെ ആറു മാസത്തെ എയർലൈൻ ടിക്കറ്റിങ്ങ് കോഴ്സിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ നിയമനം ലഭിച്ചത്.  പദ്ധതിയുടെ കീഴിലുളള പരിശീലക ഏജൻസിയായ സീമെഡ് മുഖേനയായിരുന്നു പരിശീലനം.

പദ്ധതിയുടെ ഭാഗമായി ഇതുവരെ വിവിധ തൊഴിൽ മേഖലകളിൽ വിജയകരമായി പരിശീലനം  പൂർത്തിയാക്കിയ  45555 പേർക്ക് തൊഴിൽ നേടാൻ കഴിഞ്ഞു. കൂടാതെ 475 പേർക്ക് വിദേശത്തും തൊഴിൽ ലഭ്യമാക്കി. നൂതനവും തൊഴിൽ സാധ്യതയുള്ളതുമായ നൂറ്റി ഇരുപതിലേറെ കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്. വിവിധ കോഴ്സുകളിൽ ചേർന്നു പഠിക്കുന്ന ഫീസ്, പദ്ധതി ഗുണഭോക്താക്കൾക്ക് പഠനോപകരണങ്ങൾ, യൂണിഫോം, താമസം എന്നിവ ഉൾപ്പെടെ സൗജന്യമാണ്.

 
Content highlight
DDUGKY trainees got placement in chennai airport