നഗരപ്രദേശങ്ങളിലെ കുടുംബശ്രീ സി.ഡി.എസുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാന്‍ ചലനം രണ്ടാംഘട്ട പരിശീലനത്തിന് തുടക്കം

Posted on Wednesday, October 18, 2023

കേരളത്തിലെ 129 നഗരങ്ങളിലെയും കുടുംബശ്രീ സി.ഡി.എസുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാര്‍, ഉപസമിതി ഭാരവാഹികള്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായുള്ള 'ചലനം' ചതുര്‍ദിന മാര്‍ഗ്ഗദര്‍ശന/ നേതൃത്വ പരിശീലന ക്യാമ്പിന്‍റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമായി. പൈലറ്റ് അടിസ്ഥാനത്തില്‍ നടത്തുന്ന ക്യാമ്പിന്‍റെ ഉദ്ഘാടനം കൊല്ലം ജില്ലയിലെ പെരിങ്ങാനത്ത് മാര്‍ത്തോമാ ധ്യാനതീരം സെന്‍ററില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് നിര്‍വഹിച്ചു. പരിശീലനം 20 വരെ നീളും.

 നഗര സി.ഡി.എസുകളിലെ സംഘടനാ സംവിധാനം കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനതലത്തില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ചലനം ആദ്യഘട്ട പരിശീലനം നല്‍കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ജില്ലാതലത്തിലുള്ള ഈ രണ്ടാംഘട്ട പരിശീലനം. സംസ്ഥാനതലത്തില്‍ നിന്ന് നേരിട്ട് കൊല്ലത്ത് നടത്തുന്ന ഈ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ശേഷിക്കുന്ന 13 ജില്ലകളിലും ഡിസംബര്‍ 15നകം ജില്ലാതലത്തില്‍ ചലനം രണ്ടാംഘട്ടം നടത്തും.  

  കൊല്ലം ജില്ലയിലെ ആറ് നഗര സി.ഡി.എസുകളില്‍ നിന്നായി 36 സി.ഡി.എസ് ഭാരവാഹികള്‍ (ഈ നഗരസഭകളിലെ ഉപസമിതി കണ്‍വീനരമാര്‍ -സാമൂഹിക വികസനം, അടിസ്ഥാന സൗകര്യ വികസനം, ഉപജീവനം, വാര്‍ഡ്സഭ - തൊഴിലുറപ്പ്, മൈക്രോ ഫിനാന്‍സ്),  കൊല്ലം ജില്ലയിലെ സിറ്റിമിഷന്‍ മാനേജര്‍മാര്‍, എല്ലാ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ സിറ്റി മിഷന്‍ മാനേജര്‍മാര്‍, ചലനം പരിശീലന കോര്‍ ടീമംഗങ്ങള്‍, കുടുംബശ്രീ സംസ്ഥാന മിഷനിലെ എന്‍ യു എല്‍ എം ടീം അംഗങ്ങള്‍, കൊല്ലം ജില്ലാ മിഷനിലെ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ എണ്‍പതോളം പേരാണ് ഈ ചതുര്‍ദിന പൈലറ്റ് പരിശീലനത്തിന്‍റെ ഭാഗമായിട്ടുള്ളത്.


  ജില്ലാ മിഷനുകളുടെ നേരിട്ടുള്ള ഇടപെടല്‍, കുടുംബശ്രീ ഉദ്യോഗസ്ഥരുടെ പിന്തുണ, നഗരസഭകളുമായുള്ള മികച്ച ബന്ധവും സംയോജനവും ഉറപ്പാക്കല്‍, അവരവരുടെ വിഷയ മേഖലകളില്‍ പ്രാവീണ്യം ഉറപ്പാക്കല്‍, ഉപസമിതികളുടെയും വിലയിരുത്തല്‍ സമിതികളുടെയും മെച്ചപ്പെട്ട പ്രവര്‍ത്തനം, അയല്‍ക്കൂട്ടതലം വരെ ഉപസമിതികള്‍ ചലിപ്പിക്കല്‍, നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി (അര്‍ബന്‍ പോവര്‍ട്ടി റിഡക്ഷന്‍ പ്ലാന്‍- യു.പി.ആര്‍.പി) കാര്യക്ഷമമായി തയാറാക്കുക വഴി സംഘടനാ സംവിധാനം ചലിപ്പിക്കുകയും നഗരസഭാ പ്ലാനുമായി ബന്ധിപ്പിക്കുകയും ചെയ്യുക,  കുടുംബശ്രീ കമ്മ്യൂണിറ്റി റിസോഴ്സ് ടീമുകളുടെ സേവനം പ്രയോജനപ്പെടുത്തല്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ക്കാണ് ചലനം രണ്ടാം ഘട്ടം ഊന്നല്‍ നല്‍കുന്നത്.

കൊല്ലം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍  വിമല്‍ ചന്ദ്രന്‍. ആര്‍ സ്വാഗതമാശംസിച്ച ഉദ്ഘാടന ചടങ്ങില്‍ അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ആതിര, അനീസ, ഉമേഷ്, സംസ്ഥാന മിഷന്‍ പ്രോഗ്രാം മാനേജര്‍മാരായ ബീന,  നിഷാന്ത് എന്നിവര്‍  പങ്കെടുത്തു.

 

Content highlight
chalanam second stage starts