കുടുംബശ്രീയ്ക്ക് അസര്‍ബെയ്ജാന്റെ ആദരം

Posted on Thursday, July 4, 2019

കുടുംബശ്രീയ്ക്ക് അസര്‍ബെയ്ജാന്‍ ഗവണ്‍മെന്റിന്റെ ആദരം. അസര്‍ബെയ്ജാനില്‍ കുടുംബശ്രീ മാതൃകയിലുള്ള സംവിധാനം രൂപീകരിച്ച് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നല്‍കിയ സഹായവും പിന്തുണയും പരിഗണിച്ചാണിത്. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് വനിതാ വികസനവും സംരംഭ സംഘങ്ങളും രൂപീകരിക്കുന്നതിനുള്ള ദ അസര്‍ബയ്ജാന്‍ റൂറല്‍ വുമണ്‍സ് അസോസിയേഷന്‍ സര്‍ക്കാര്‍ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ഈ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ പങ്കിനെക്കുറിച്ചും പരാമര്‍ശമുണ്ടായത്.

  കേരളത്തിന് പുറത്തേക്ക് കുടുംബശ്രീ മാതൃക എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്റെ (എന്‍ആര്‍ഒ) നേതൃത്വത്തിലാണ് അസര്‍ബെയ്ജാനില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രാജ്യത്ത് സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മാതൃക പകര്‍ത്താന്‍ താത്പര്യപ്പെട്ട് 2017 ഒക്ടോബറിലാണ് അസര്‍ബെയ്ജാന്‍ കുടുംബശ്രീയെ സമീ പിച്ചത്. അതിന് ശേഷം കുടുംബശ്രീയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം അടക്കമുള്ളവര്‍ 2018 മാര്‍ച്ചി ല്‍ അസര്‍ബെയ്ജാനില്‍ സന്ദര്‍ശനം നടത്തുകയും ആദ്യ ഘട്ട പരിശീലനം നല്‍കുകയും ചെയ്തി രുന്നു. അതിന് തുടര്‍ച്ചയായി സെപ്റ്റംബറിലും രണ്ടാം ഘട്ട പരിശീലനം നല്‍കി.

  അസര്‍ബെയ്ജാന്‍ റൂറല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊജക്ടിനോട് (അസ്‌റിപ്) അനുബന്ധിച്ച് അയല്‍ക്കൂട്ട മാതൃകയില്‍ വനിതാ സംഘങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പരിശീലനമാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്. ലഘുസമ്പാദ്യ പ്രവര്‍ത്തനങ്ങള്‍, കണക്കുകള്‍ രേഖപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങളിലും അസ്‌റിപ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഈ ഉദ്യോഗസ്ഥര്‍ക്കൊപ്പം കുടുംബശ്രീ ഉദ്യോഗസ്ഥര്‍ അസര്‍ബെയ്ജാനിലെ വിവിധ കേന്ദ്രങ്ങളിലെത്തി വിശദമായ പഠന ക്ലാസ്സുകളും നല്‍കിയിരുന്നു. ആദ്യ ഘട്ട പരിശീലനത്തിന്റെ അടിസ്ഥാനത്തില്‍ അസര്‍ബെയ്ജാനില്‍ വനിതാ സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തു.

  ലഘുസമ്പാദ്യ വിഭാഗത്തില്‍ വായ്പകള്‍ നല്‍കുന്നതിലും ഉപജീവന മാര്‍ഗ്ഗ വികസന വിഭാഗത്തില്‍ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംഘങ്ങള്‍ രൂപീകരിക്കുന്നതിലും കേന്ദ്രീകരിച്ചാണ് രണ്ടാം ഘട്ടത്തില്‍ പരിശീലനം നല്‍കിയത്. ഇതിനായി കുടുംബശ്രീ സൂക്ഷ്മ സംരംഭക കണ്‍സള്‍ട്ടന്റ്മാര്‍ക്ക് പരിശീലനം നല്‍കുന്ന ട്രീ സൊസൈറ്റിയില്‍ നിന്നുള്ള രണ്ട് പ്രതിനിധികളും രണ്ടാം ഘട്ട പരിശീലനത്തില്‍ പങ്കെടുത്തു.

  ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരുന്ന സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യങ്ങള്‍ക്ക് (എസ്ആര്‍എല്‍എം) പിന്തുണയേകുന്നതിനായി 2012ലാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലം കുടുംബശ്രീയ്ക്ക് നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈ സേഷന്‍ (എന്‍ആര്‍ഒ) പദവി നല്‍കുന്നത്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സാമൂഹ്യ സംഘടനാ സംവിധാനങ്ങളും സംയോജിപ്പിക്കുന്നതിനുള്ള (പിആര്‍ഐ-സിബിഐ) പ്രവര്‍ത്തനങ്ങളും ഉപജീവന മാര്‍ഗ്ഗങ്ങള്‍ക്കായുള്ള സംരംഭ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് കുടുംബശ്രീ എന്‍ആര്‍ഒ പ്രധാനമായും നടപ്പിലാക്കുന്നത്.

 

Content highlight
അസര്‍ബെയ്ജാന്‍ റൂറല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊജക്ടിനോട് (അസ്‌റിപ്) അനുബന്ധിച്ച് അയല്‍ക്കൂട്ട മാതൃകയില്‍ വനിതാ സംഘങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പരിശീലനമാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്.