ഡി.ഡി.യു-ജി.കെ.വൈ, യുവകേരളം പദ്ധതികളിലൂടെ സൗജന്യ നൈപുണ്യ പരിശീലനം നേടാന്‍ ഉടന്‍ അപേക്ഷിക്കാം

Posted on Wednesday, July 20, 2022
സോഫ്ട്വെയര്‍ ഡെവലപ്പര്‍, മെഡിക്കല്‍ റെക്കോഡ്സ് അസിസ്റ്റന്റ്, ഫീല്‍ഡ് എഞ്ചിനീയര്‍, പ്രൊഡക്ട് ഡിസൈന്‍ എഞ്ചിനീയര്‍... ഇങ്ങനെ നിരവധി കോഴ്സുകളില്‍ സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം നേടാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു - ജി.കെ.വൈ), യുവകേരളം പദ്ധതികള്‍ മുഖേനയാണ് ഈ നൈപുണ്യ പരിശീലനം നല്‍കുക.

  ഗ്രാമ പ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളിലെ യുവതീയുവാക്കള്‍ക്കായി നടപ്പാക്കുന്ന ഡി.ഡി.യു - ജി.കെ.വൈ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയാണ്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മിതി ലക്ഷ്യമിട്ടുള്ള റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് യുവകേരളം. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും യുവതീയുവാക്കള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാനാകും.

  18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പരിശീലനം നേടാനാകും. സ്ത്രീകള്‍, പ്രാക്തന ഗോത്ര വിഭാഗക്കാര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, വൈകല്യമുള്ളവര്‍, മനുഷ്യക്കടത്തിന് ഇരയായവര്‍, എച്ച്.ഐ.വി ബാധിതര്‍ തുടങ്ങിയവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട് (45 വയസ്സുവരെ).  പരിശീലനവും പഠനോപകരണങ്ങളും യൂണിഫോമും പൂര്‍ണ്ണമായും സൗജന്യമായി നല്‍കും. റെസിഡന്‍ഷ്യല്‍ കോഴ്‌സുകളില്‍ താമസവും ഭക്ഷണവും സൗജന്യമാണ്.

  ലഭ്യമായ കോഴ്സുകള്‍, കോഴ്സ് ദൈര്‍ഘ്യം, യോഗ്യത, പരിശീലന ഏജന്‍സികള്‍, കോഴ്സുകള്‍ ആരംഭിക്കുന്ന ദിനം, കോഴ്സ് മൊബിലൈസറുടെയും ജില്ലാ പ്രോഗ്രാം മാനേജര്‍മാരുടെയും പേരും ബന്ധപ്പെടാനുള്ള നമ്പരും ഉള്‍പ്പെടെ പൂര്‍ണ്ണ വിവരങ്ങള്‍ അറിയാന്‍ - www.kudumbashree.org/courses

Content highlight
Apply now to get free skill training through DDUGKY-Yuvakeralam Programmeml