സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷം: കുടുംബശ്രീ നിര്‍മിക്കുന്നത് അമ്പത് ലക്ഷം ദേശീയ പതാകകള്‍

Posted on Thursday, August 4, 2022
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ആഗസ്റ്റ് പതിമൂന്ന് മുതല്‍ പതിനഞ്ചു വരെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും. ഇതിനാവശ്യമായ അമ്പത് ലക്ഷം പതാകകള്‍ നിര്‍മിച്ചു വിതരണം ചെയ്യുന്നത് കുടുംബശ്രീയാണ്. ആഗസ്റ്റ് പന്ത്രണ്ടിനകം എല്ലാ സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാകയെത്തിക്കുന്നതിനാണ് നിര്‍ദേശം. ഇതു പ്രകാരം കുടുംബശ്രീക്ക് കീഴിലുള്ള 700ഓളം തയ്യല്‍ യൂണിറ്റുകളിലെ നാലായിരത്തോളം അംഗങ്ങള്‍ പതാക നിര്‍മാണം ആരംഭിച്ചു.


നാഷണല്‍ ഫ്‌ളാഗ് കോഡ് പ്രകാരം 3:2 എന്ന നിയമാനുസൃത അളവിലാണ് പതാകയുടെ നിര്‍മാണം. ഏഴ് വ്യത്യസ്ത അളവുകളിലാണ് പതാകകള്‍ നിര്‍മിക്കുന്നത്. 20 മുതല്‍ 120 രൂപ വരെയാണ് വില. സ്‌കൂളുകള്‍ക്കാവശ്യമായ പതാകയുടെ എണ്ണം സ്‌കൂള്‍ അധികൃതര്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകയുടെ എണ്ണവും കൂടി കണക്കാക്കി ആകെ വേണ്ടിവരുന്ന പതാകകളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ അറിയിക്കും.  ഈ ആവശ്യകത അനുസരിച്ച് തയാറാക്കിയ പതാകകള്‍ കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യും. കൂടാതെ സംസ്ഥാനത്തെ 45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലും ദേശീയ പതാക ഉയര്‍ത്തും.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തി വരുന്ന 'ആസാദി കാ അമൃത് മഹോത്സവി'നോടനുബന്ധിച്ച് ദേശീയ പതാകയ്ക്ക് ആദരവ് നല്‍കുന്നതിനോടൊപ്പം പൗരന്‍മാര്‍ക്ക് ദേശീയ പതാകയോട് വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിന് പ്രചോദനം നല്‍കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഹര്‍ ഘര്‍ തിരംഗ' യുടെ ഭാഗമായാണ് പതാക ഉയര്‍ത്തല്‍.

 

 

Content highlight
75th Anniversary Celebrations of Indian Independence : Kudumbashree to manufacture 50 lakh National Flagsen