കോവിഡ് രണ്ടാം പ്രഭാവത്തെ ചെറുക്കാന്‍ പ്രഖ്യാപിച്ച ലോക്ഡൗണില്‍ കേരളമൊട്ടാകെ മികച്ച സേവനങ്ങളേകി 1054 കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തനം തുടരുന്നു. ഈ ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ ദിവസേന ശരാശരി 80,000ത്തിലേറെ പേര്‍ക്കുള്ള ഊണുകളാണ് കേരളത്തിലെ എല്ലാ ജനകീയ ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്കായി തയാറാക്കി നല്‍കുന്നത്. കേരളത്തിലെ പഞ്ചായത്തുകളിലും (874) മുനിസിപ്പാലിറ്റി/കോര്‍പ്പറേഷനുകളിലുമായി (180) പ്രവര്‍ത്തിക്കുന്ന 1054 ജനകീയ ഹോട്ടലുകള്‍ സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ അനുഗ്രഹമായി മാറുന്നു.
2020-21 സാമ്പത്തികവര്‍ഷത്തേക്കുള്ള പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1000 ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഈ പദ്ധതി ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞു. 2021 മാര്‍ച്ച് 31ന് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 1007 ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചിരുന്നു. നിലവില്‍ 1054 ഹോട്ടലുകളാണുള്ളത്.
കോവിഡിന്റെ രണ്ടാം പ്രഭാവത്തെ ചെറുക്കാനുള്ള ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് ഓരോ ദിവസവും 1.50 ലക്ഷത്തോളം പേരാണ് 20 രൂപയുടെ ഉച്ചയൂണ് കഴിച്ചിരുന്നത്. ഈ 1054 ജനകീയ ഹോട്ടലുകളുടെയും പേര് വിവരങ്ങള്‍, ഹോട്ടലുകളില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനായി ബന്ധപ്പെടേണ്ട നമ്പരുകള്‍, ഒാരോ ദിവസവും നല്‍കുന്ന ഊണിന്റെയും സൗജന്യമായി നല്‍കുന്ന ഊണിന്റെയും വിശദാംശങ്ങള്‍ തുടങ്ങിയ https://kudumbashree.org/pages/826 എന്ന ലിങ്കില്‍ ലഭ്യമാണ്.
- 239 views