ആര്യാട് ബ്ലോക്കില്‍ ഇനി ലഭിക്കും 'കുടുംബശ്രീ' ബ്രാന്‍ഡ് മുട്ടയും പാലും

Posted on Tuesday, April 19, 2022

ആലപ്പുഴ ജില്ലയിലെ ആര്യാട് ബ്ലോക്കിലെ ഒരു കൂട്ടം യുവസംരംഭകര്‍ പാലും നാടന്‍ മുട്ടയും 'കുടുംബശ്രീ' ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ആലപ്പുഴ നിയോജക മണ്ഡലം എം.എല്‍.എ പി.പി. ചിത്തരഞ്ചന്‍ വിപണനോദ്ഘ്ടാനം നിര്‍വഹിച്ചു. ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

  മൃഗസംരക്ഷണ മേഖലയില്‍ ഇന്റന്‍സീവ് ബ്ലോക്കായി 2021-22ല്‍ കുടുംബശ്രീ തെരഞ്ഞെടുത്ത് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന  സംസ്ഥാനത്തെ 28 ബ്ലോക്കുകളില്‍ ഒന്നാണ് ആര്യാട്. ഇവിടെയുള്ള കുടുംബശ്രീ കുടുംബാഗങ്ങളായ സ്ത്രീ പുരുഷന്മാര്‍ ഉള്‍പ്പെടെയുള്ള യുവ സംരംഭകര്‍ക്ക്  നല്‍കിയ ലൈവ്‌സ്റ്റോക്ക് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് പ്രോജക്ട് (എല്‍.ഇ.ഡി.പി) പരിശീലനത്തിന് ശേഷമാണ് ഇങ്ങനെയൊരു സംരംഭം ആരംഭിച്ചത്. 19 പേരാണ് ഈ സംരംഭത്തിന്റെ ഭാഗമായുള്ളത്. ആര്യാട് പഞ്ചായത്ത് പരിധിയിലാണ് ഇപ്പോള്‍ ഈ ഉത്പന്നങ്ങള്‍ ലഭിക്കുക. സി.ഡി.എസില്‍ ആവശ്യം അറിയിക്കാം. പാലും മുട്ടയും ഉത്പാദിപ്പിക്കുന്ന അയല്‍ക്കൂട്ടാംഗങ്ങളില്‍ നിന്ന് ഈ ഉത്പന്നങ്ങള്‍ നേരിട്ട് വാങ്ങി ഇടനിലക്കാരില്ലാതെ അവശ്യക്കാരിലേക്ക് കുടുംബശ്രീ ബ്രാന്‍ഡില്‍ നേരിട്ട് എത്തിക്കുകയാണ് ചെയ്യുക. ചില്ലുകുപ്പിയിലാണ് പാല്‍ എത്തിച്ച് നല്‍കുക. മുട്ട ട്രേയിലും.

  ആലപ്പുഴ കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു, സംരംഭകര്‍ക്കുള്ള സി.ഇ.എഫ് (കമ്മ്യൂണിറ്റി എന്റര്‍പ്രൈസ് ഫണ്ട്) വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ പി. പി. സംഗീത, സ്വപ്ന ഷാബു, ബിജുമോന്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. റിയാസ്, മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ. ജുമൈലത്ത്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മാരായ എം. എസ് സന്തോഷ്, കെ.പി. ഉല്ലാസ്, ഉദയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവന്‍, സി.ഡി.എസ്  ചെയര്‍പേഴ്‌സണ്‍മാരായ അമ്പിളിദാസ്, ഷനൂജ ബിജു, സ്മിത ബൈജു, ജി. ലത. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സുരമ്യ, ഏക്‌സാഥ് പരിശീലന ഏജന്‍സി പ്രസിഡന്റ് ജലജകുമാരി എന്നിവര്‍ സംസാരിച്ചു. മെമ്പര്‍ സെക്രട്ടറി  പി. ഷിബു  സ്വാഗതവും കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സേവ്യര്‍ നന്ദിയും പറഞ്ഞു.
 

Content highlight
Young Entrepreneurs from Aryad Block of Alappuzha district launches fresh milk and egg in Kudumbashree brandml