പയ്യന്നൂരില്‍ കുടുംബശ്രീ വനിതാ സെക്യൂരിറ്റി ടീം

Posted on Wednesday, February 12, 2020

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരസഭയില്‍ സംരംഭ മേഖലയില്‍ ഒരു നൂതന ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. കേരളത്തില്‍ ആദ്യമായി വനിതാ സെക്യൂരിറ്റി ടീം നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ പയ്യന്നൂരില്‍ രൂപീകരിച്ചു. സെക്യൂരിറ്റിയായി ജോലി ചെയ്യാനുള്ള ധാരാളം അവസരങ്ങള്‍ സ്ത്രീകള്‍ക്കുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരത്തിലൊരു വനിതാ സെക്യൂരിറ്റി ടീം രൂപീകരിക്കുന്നതിന് പയ്യന്നൂര്‍ നഗരസഭയിലെ എന്‍യുഎല്‍എം (ദേശീയ നഗര ഉപജീവന ദൗത്യം) പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു ആശയം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

വനിതാ സെക്യൂരിറ്റി ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള തൊഴിലവസരങ്ങളുണ്ടാകുമ്പോള്‍ ആ ജോലി ചെയ്യാന്‍ താത്പര്യമുള്ള സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 50ഓളം സ്ത്രീകള്‍ അപേക്ഷിച്ചതില്‍ 35 പേരെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം നല്‍കി. ഇതില്‍ 28 പേര്‍ക്ക് പ്രത്യേക യൂണിഫോം ഉള്‍പ്പെടെ തയാറാക്കി നല്‍കി വനിതാ സെക്യൂരിറ്റി ടീമെന്ന നിലയില്‍ സജ്ജരാക്കി. ഓഡിറ്റോറിയം, വ്യാപാര സ്ഥാപനങ്ങള്‍, കല്യാണങ്ങള്‍, മേളകള്‍, മറ്റ് ചടങ്ങുകള്‍ എന്നിവയില്‍ പൊതുജനങ്ങളെ നിയന്ത്രിക്കാന്‍ വനിതാ സെക്യൂരിറ്റികളെ ആവശ്യമുള്ള സാഹചര്യങ്ങളില്‍ സംരംഭ മാതൃകയില്‍, പ്രതിഫലം വാങ്ങി ഇവരുടെ സേവനം ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം.

  പ്രവര്‍ത്തനം ആരംഭിച്ച് ഒരാഴ്ച്ചയ്ക്കിടയില്‍ മൂന്ന് ശ്രദ്ധേയമായ അവസരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചു. ഇനി പയ്യന്നൂര്‍ നഗരത്തില്‍ മാത്രമല്ല, കണ്ണൂര്‍ ജില്ലയിലാകെ നടക്കുന്ന ചടങ്ങുകളിലും മറ്റും സെക്യൂരിറ്റി എന്ന നിലയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രമായോ അല്ലെങ്കില്‍ സ്ഥാപനങ്ങളിലും മറ്റും വനിതാ സെക്യൂരിറ്റി എന്ന തസ്തികയില്‍ തുടര്‍ച്ചയായോ പകല്‍ സമയങ്ങളില്‍ പ്രവര്‍ത്തിക്കാനായി ടീം സജ്ജമാണ്. അവസരങ്ങളുള്ള കൂടുതല്‍ നഗരങ്ങളിലും പ്രദേശങ്ങളിലും ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി ഇത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ കുടുംബശ്രീ ലക്ഷ്യമിടുന്നു. കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയാണ് ദേശീയ നഗര ഉപജീവന ദൗത്യം.

 

Content highlight
വനിതാ സെക്യൂരിറ്റി ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള തൊഴിലവസരങ്ങളുണ്ടാകുമ്പോള്‍ ആ ജോലി ചെയ്യാന്‍ താത്പര്യമുള്ള സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.