സംയോജനത്തിന്റെ ഉദാത്ത മാതൃകയായി ചെല്ലാനം ബഡ്‌സ് സ്‌കൂള്‍

Posted on Friday, July 5, 2019

എറണാകുളം ജില്ലയിലെ ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ ഇപ്പോള്‍ ഏറെ സന്തുഷ്ടരാണ്. ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും പ്രകൃതി ദൃശ്യങ്ങളുടെയും ചിത്രങ്ങള്‍ നിറഞ്ഞ ചുമരുകളും അടുക്കും ചിട്ടയുമുള്ള വൃത്തിയേറിയ മുറികളുമെല്ലാമുള്ള നല്ലൊരു കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവര്‍ത്തനം മാറിയതാണ് അവരെ സന്തോഷിപ്പിക്കുന്നത്. തീരദേശ ജനവാസ മേഖലയിലയിലുള്ള കെട്ടിടത്തിലായിരുന്നു സ്‌കൂള്‍ അതുവരെ പ്രവര്‍ത്തിച്ചിരുന്നത്. അവിടെ പുതിയൊരു കെട്ടിടം പണിയാന്‍ അതിനാല്‍ തന്നെ തടസ്സങ്ങളും ഏറെയായിരുന്നു. സ്‌കൂളിന്റെ ദുരിതസ്ഥിതിയെക്കുറിച്ച് നിരവധി തവണ പരാതികള്‍ ഉയര്‍ന്നുവന്നെങ്കിലും ഈ ഒരു നിയമ പ്രശ്‌നം മൂലം അതിനൊരു പരിഹാരം കാണാന്‍ കഴിയാതെയും വന്നു.

  ഇതിനിടയിലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം മറ്റൊരു പുതിയ വാടക കെട്ടിടത്തിലേക്ക് മാറ്റുന്നത്. കുടുംബശ്രീ ഏറണാകുളം ജില്ലാമിഷനില്‍ സാമൂഹ്യ വികസന വിഭാഗത്തിന്റെയും ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ (ഡിഡിയുജികെവൈ) എന്ന നൈപുണ്യ പരിശീലന പദ്ധതിയുടെയും ചുമതല വഹിക്കുന്ന ബ്ലോക്ക് കോര്‍ഡിനേറ്ററായ ഡാനി വര്‍ഗീസ് സംയോജന ആശയത്തെക്കുറിച്ച് ആലോചിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തതോടെ കുട്ടികളുടെ സന്തോഷം ഇരട്ടിയായി. വാടക കെട്ടിടം മോടിപിടിപ്പിക്കുന്നതിനായി ഡിഡിയുജികെവൈ പ്രൊജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സികളിലൊന്നായ പാലാരിവട്ടത്തെ കൈറ്റ്‌സ് സോഫ്ട്‌വെയേഴ്‌സിന്റെ സഹായം തേടുകയായിരുന്നു ഡാനി. ഇവിടെ അനിമേഷന്‍ കോഴ്‌സ് പഠിക്കുന്ന അബ്ദുള്‍ ജുബാബ്, അരുണ്‍, നാരായണന്‍ കുട്ടി, ലിനു ഫിലിപ്പ്, ഫ്രാന്‍സിസ്, സിജോയ്, മുഹമ്മദ് ഷിനാസ്, കെ.എ. അല്‍ദുബ് എന്നിവര്‍ ചേര്‍ന്ന് ഈ കെട്ടിടത്തിന്റെ ചുവരുകള്‍ ചിത്രങ്ങളാല്‍ അതിമനോഹരമാക്കി, അതും വെറും രണ്ട് ദിവസങ്ങള്‍ കൊണ്ട്. ഇതിനാവശ്യമായ പെയിന്റും ബ്രഷും പോലുള്ള അവശ്യവസ്തുക്കള്‍ അടുത്തുള്ള കടകളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പിലൂടെയും കണ്ടെത്തി. അങ്ങനെ രണ്ട് പദ്ധതികളുടെ ഫലപ്രദമായ സംയോജനത്തിന് പുതിയൊരു മാതൃക രചിക്കാനും ചെല്ലാനം ബഡ്‌സ് സ്‌കൂള്‍ - കൈറ്റ്‌സ് സംയോജനത്തിന് കഴിഞ്ഞു.

 

Content highlight
വാടക കെട്ടിടം മോടിപിടിപ്പിക്കുന്നതിനായി ഡിഡിയുജികെവൈ പ്രൊജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സികളിലൊന്നായ പാലാരിവട്ടത്തെ കൈറ്റ്‌സ് സോഫ്ട്‌വെയേഴ്‌സിന്റെ സഹായം തേടുകയായിരുന്നു ഡാനി.