കണ്ടുപഠിക്കാം തിരുനെല്ലിയിലെ ഈ മുകുളങ്ങളെ

Posted on Monday, June 12, 2023
പരിസ്ഥിതി ദിനത്തില് ഒരു വൃക്ഷത്തൈ നടുക മാത്രമല്ല അതിന് വേണ്ട വിധത്തിലുള്ള പരിചരണം നല്കി ഒരു മരമാക്കി വളര്ത്തിയെടുത്ത് ആ മരത്തിന്റെ തണല് ആസ്വദിക്കുന്നത് തന്നെ വേറിട്ടൊരു അനുഭവമാണ്. അതിനോടൊപ്പം മരത്തിന്റെ പിറന്നാള് കൂടി ആഘോഷിച്ചാലോ...
2022ലെ പരിസ്ഥിതി ദിനത്തില് നട്ട അഞ്ച് മരങ്ങളുടെ ഒന്നാം പിറന്നാള് ആഘോഷമാക്കിയിരിക്കുകയാണ് വയനാട് ജില്ലയിലെ തിരുനെല്ലിയിലുള്ള ബഡ്‌സ് സ്‌കൂളായ പാരഡൈസ് സ്‌പെഷ്യല് സ്‌കൂളിലെ വിദ്യാര്ത്ഥികള്.
 
'തണല് മരത്തിന്റെ ഒന്നാം പിറന്നാള്' എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണനാണ് കേക്ക് മുറിച്ച് വിദ്യാര്ത്ഥികള്ക്ക് വിതരണം ചെയ്തത്. 38 കുട്ടികളാണ് ഈ സ്‌കൂളില് പഠിക്കുന്നത്. ഇതില് 75 ശതമാനം കുട്ടികളും പട്ടികവര്ഗ്ഗ മേഖലയില് നിന്നുള്ളവരാണ്. രണ്ട് വീതം അധ്യാപകരും സഹായികളുമാണ് സ്‌കൂളിലുള്ളത്.
 
വിദ്യാര്ത്ഥികള്ക്ക് വേണ്ടി സ്‌കൂളില് മികച്ച രീതിയില് അഗ്രി തെറാപ്പി പദ്ധതിയും നടപ്പിലാക്കി വരുന്നു. ഈ വര്ഷത്തില് മാത്രം 180 കിലോഗ്രാം തക്കാളി, 78 കിലോഗ്രാം വഴുതനങ്ങ, ഒന്നര ലോഡ് ചീര, 46 കിലോഗ്രാം പച്ചമുളക്, ഒപ്പം കോളിഫ്‌ളവറും കാബേജും വിളവെടുത്തു കഴിഞ്ഞു ഇവിടുത്തെ മിടുക്കര്. കപ്പയും വാഴയും മത്തനും കുമ്പളവും കൃഷി ചെയ്തിട്ടുമുണ്ട്.
Content highlight
Thirunelly BUDS school students set an example by planting trees and conserving it